നാണമില്ലേ ഇടതു സംഘടനാ നേതാക്കളെ.

നാണമില്ലേ ഇടതു സംഘടനാ നേതാക്കളെ.

ണ്ണൂർ ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ എന്താണ് യഥാർത്ഥ വസ്തുത എന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല. നവീൻ ബാബു എന്ന ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വന്തം ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണുകയാണ് ഉണ്ടായത്. ആത്മഹത്യ ചെയ്ത ദിവസം പകൽ നവീൻ ബാബുവിന് സംഘടനയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ കടന്നുചെന്ന് സിപിഎമ്മിന്റെ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പറയുന്നു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ പേരിൽ അഴിമതി ആരോപണം മുഖത്തുനോക്കി പറയുകയും അതിൻറെ തെളിവുകളുമായി താൻ വരും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രസംഗം ജനങ്ങൾ കണ്ടതാണ്. സിപിഎം മഹിളാ നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യക്തിപരമായ അധിക്ഷേപം താങ്ങുവാൻ കഴിയാതെ നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു എന്ന വാർത്തകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ഓരോ ദിവസവും കഴിയുന്തോറും പുറത്തുവരുന്ന വാർത്തകൾ നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ മറ്റു പലതും ഉണ്ടെന്നും മറ്റുപലർക്കും പങ്കുണ്ടെന്ന് ഇതൊന്നുമല്ല ആത്മഹത്യ തന്നെയാണോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നും ഒക്കെ പ്രചരിക്കുകയാണ്. വസ്തുത എന്താണെങ്കിലും ആത്മഹത്യ വിവരം പുറത്തുവന്നശേഷം അദ്ദേഹം പ്രവർത്തിച്ചിരുന്ന ഇടതുപക്ഷ സംഘടനയുടെ നേതാക്കളെല്ലാം നവീൻ ബാബുവിന്റെ കുടുംബത്തോട് ചേർന്ന് നിന്നുകൊണ്ട് നീങ്ങുന്നകാഴ്ചയാണ് കണ്ടത്. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ തികഞ്ഞ സത്യസന്ധനും ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥനും ആയിരുന്നു എന്തും സിപിഎം സംഘടന നേതാക്കൾ പറഞ്ഞിരുന്നു.

കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്തശേഷം രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ആദ്യഘട്ടത്തിൽ സംഭവത്തിലെ യഥാർത്ഥ വസ്തുത പുറത്തുവരണം എന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും പറഞ്ഞിരുന്ന സിപിഎമ്മിന്റെ സർവീസ് സംഘടന നേതാക്കൾ ഇപ്പോൾ ഒളിവിലാണ് എന്നാണ് പറയുന്നത്. മരണപ്പെട്ട നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ചേർന്നു നിന്നുകൊണ്ട് വലിയ പ്രതിഷേധ ശബ്ദം ഉയർത്തിയ കേരള ഗവൺമെൻറ് ഓഫീസേഴ്സ് അസോസിയേഷൻ എന്ന സിപിഎമ്മിന്റെ സംഘടനയുടെ നേതാക്കളെ പോലും പാർട്ടി നേതൃത്വം വിലക്കിയതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ. മരണപ്പെട്ട നവീൻ ബാബു അംഗമായി പ്രവർത്തിച്ചിരുന്ന സർവീസ് സംഘടനയാണ് ഇത്.നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് പ്രേരകമായത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യയുടെ ആരോപണമായിരുന്നു എന്നും ഈ ആരോപണങ്ങളെല്ലാം വ്യാജമായിരുന്നു എന്നും വാർത്തകൾ വന്നതോടുകൂടി ദിവ്യ അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം തേടി നിൽക്കുകയാണ്. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് പ്രതിചേർത്തിട്ടുള്ള ദിവ്യ എന്ന നേതാവിനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും അവിടുത്തെ പോലീസ് തയ്യാറായിട്ടില്ല. കേസ് അന്വേഷിക്കുന്നത് വെറും ഒരു സബ് ഇൻസ്പെക്ടര്‍ ആണ് എന്നതും ഈ കേസിലെ രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണ്.

ഇവിടെ നവീൻ ബാബുവിന്റെ പേരിൽ കണ്ണീരൊഴുക്കിയ സർവീസ് സംഘടന നേതാക്കളോടാണ് ജനം പലതും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒരു കാര്യം വ്യക്തമാണ് കേരളത്തിലെ അധ്യാപക സംഘടനകൾ അടക്കം സർവീസ് സംഘടനകളിൽ 75 ശതമാനം അംഗങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സംഘടനകൾക്ക് വലിയ കരുത്തും ഉണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ശേഷം ഈ സംഘടനകൾ എല്ലാം വലിയതോതിൽ കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യതിരുന്നു. നവീൻ ബാബു എന്ന ഉദ്യോഗസ്ഥന്റെ മഹത്വങ്ങൾ വലിയ തോതിൽ വിളിച്ചു കൂവാനും ഇവർ മടിച്ചില്ല.നവീൻ ബാബുവിന്റെ ആത്മഹത്യാ സംഭവം പുറത്തുവന്ന സമയം മുതൽ കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളും മറ്റുള്ളവരും ആത്മഹത്യയ്ക്ക് ഇടവരുത്തിയ സിപിഎം നേതാവ് ദിവ്യയുടെ പ്രസംഗത്തിന് ന്യായം കണ്ടെത്തുന്ന ശൈലിയാണ് സ്വീകരിച്ചത് .ദിവ്യ യാത്രയയപ്പ് യോഗത്തിൽ നടത്തിയ പ്രസംഗം അഴിമതിയെ എതിർക്കുന്നതിനും സദുദ്ദേശപരവും ആയിരുന്നു എന്നാണ് സിപിഎം നേതാക്കൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സർവീസ് ലോകത്ത് നിന്ന് മാത്രമല്ല നവീൻ ബാബുവിന്റെ നാട്ടിലെ സിപിഎം നേതാക്കളിൽ നിന്നുവരെ നവീൻ ബാബുവിനെ പറ്റി നല്ല അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ സിപിഎം നേതാക്കൾ പതുക്കെ പിന്നോട്ട് പോവുകയാണ് ഉണ്ടായത്. ഈ വസ്തുത നിലനിൽക്കുമ്പോഴും സ്വന്തം സഖാവായ ദിവ്യയെ സംരക്ഷിക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങളാണ് സിപിഎം നേതാക്കൾ തുടർന്നത്.

ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കം ഈ കാര്യത്തിൽ ഇടപെടുകയും നവീൻ ബാബുവിനെ പിന്തുണച്ചു കൊണ്ടും അവരുടെ കുടുംബത്തോട് യോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടും ഇനി ആരും പ്രസ്താവന ഇറക്കരുത് എന്ന രീതിയിൽ സിപിഎം സർവീസ് സംഘടന നേതാക്കളെ താക്കീത് ചെയ്തിരിക്കുകയാണ്. പ്രസ്താവന പാടില്ല എന്ന് മാത്രമല്ല സർക്കാർ നവീൻ ബാബു വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള അന്വേഷണ നടപടികൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഈ വിഷയം കോടതിക്കു മുന്നിൽ നിൽക്കുന്നതിനാൽ ആരും അഭിപ്രായപ്രകടനത്തിന് മുന്നോട്ട് വരരുത് എന്നും പാർട്ടി നിർദ്ദേശിച്ചിരിക്കുകയാണ്.ഇതിനേക്കാൾ ഏറെ ഖേദകരമായ മറ്റൊരു കാര്യം. കേരളത്തിലെ പ്രതിപക്ഷ സർവീസ് സംഘടനകളുടെ നിലപാട് ആണ്. കേരളത്തിലെ ജനങ്ങൾ ഇപ്പോഴും വലിയ പ്രാധാന്യത്തോടു കൂടെ കാണുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച വിഷയം ഏറ്റെടുക്കാനോ അതിൻറെ പേരിൽ ഒരു പ്രതിഷേധ പ്രകടനം നടത്തുവാൻ പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ഒരു സർവീസ് സംഘടനയും ഇതുവരെ തയ്യാറായില്ല.’പ്രതിപക്ഷ സർവീസ് സംഘടനകൾ ആണ് നവീൻ ബാബു വിഷയം ഉയർത്തിക്കൊണ്ട് ജനങ്ങളുടെ വികാരം ഉൾക്കൊള്ളേണ്ടത്. കാര്യമായ രീതിയിൽ നവീൻ ബാബുവിന്റെ ആത്മഹത്യ കേസ് ഉയർത്തിക്കൊണ്ടു വരുവാൻ കോൺഗ്രസിനും ഘടകകക്ഷികൾക്കും കഴിഞ്ഞിരുന്നെങ്കിൽ സംസ്ഥാന സർക്കാരും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം എന്ന പാർട്ടിയും വലിയ തോതിൽ വിഷമ സന്ധിയിൽ പെടുമായിരുന്നു. കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ നേതാക്കളുടെ ബലഹീനത ഈ വിഷയത്തിൽ മാത്രമല്ല മറ്റു പല കാര്യങ്ങളിലും ചർച്ചയായി മാറിയിട്ടുള്ളതാണ്. പ്രതിപക്ഷ നേതാവായ ആൾ പോലും മുഖ്യമന്ത്രി പിണറായി വിജയന് ഓശാന പാടുന്ന പ്രകൃതക്കാരനാണ് എന്ന ആക്ഷേപവും കേരളത്തിൽ ഏറെ നാളായി ഉയർന്നുകൊണ്ടിരിക്കുന്നതാണ്.