ബ്രാഞ്ചുകൾ നിറയെ മുക്കുപണ്ടം;

NBFC അടച്ചു പൂട്ടലിലേക്ക്

പൂട്ടാൻ തയ്യാറെടുക്കുന്ന മധ്യകേരളത്തിലെ NBFC യുടെ ബ്രാഞ്ചുകളിൽ ഇരിക്കുന്ന പണയസ്വർണ്ണത്തിൻ്റെ നല്ലൊരു പങ്കും മുക്കുപണ്ടങ്ങളാണ്. കൊല്ലത്തെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും കിലോകണക്കിന് മുക്കുപണ്ടമാണ് ഇവർ വാങ്ങുന്നത്. കേന്ദ്ര ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഇവ വിവിധ ബ്രാഞ്ചുകളിൽ പണയമായി രജിസ്റ്ററിൽ രേഖപ്പെടുത്തും. H.O ഗോൾഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് തുറന്നുനോക്കുവാനോ പരിശോധിക്കുവാനോ ബ്രാഞ്ചിലെ ജീവനക്കാർക്ക് അനുവാദമില്ല. എല്ലാം പാക്ക് ചെയ്ത് സ്ഥാപനത്തിൻന്റെ ടാഗും മുദ്രയും വെച്ച് സീൽ ചെയ്‌ത കവറിലാണ് ഇവ ബ്രാഞ്ചുകളിൽ എത്തിക്കുന്നത്. ആരുടെയൊക്കെ പേരിലാണ് ഇവ പണയം വെക്കേണ്ടതെന്ന് ഹെഡ് ഓഫീസിൽ നിന്നും ഇ മെയിൽ വഴി നിർദ്ദേശം നൽകും. മുമ്പ് പണയം വെക്കാൻ വന്നവരുടെ രേഖകളാണ് ഇതിന് ഉപയോഗിക്കുന്നത്. പണയം വെക്കുന്നവർക്ക് പണം കറൻസിയായി നൽകും, അതുകൊണ്ടുതന്നെ ഹെഡ് ഓഫീസിൽ നിന്നും മുക്കുപണ്ടവുമായി വരുന്നവർക്ക് ഈ തുക കൈമാറും. ഇപ്പോൾ ഇരുപതിനായിരം രൂപ മാത്രമേ കറൻസിയായി നൽകുവാൻ പറ്റൂ, അതുകൊണ്ടുതന്നെ സ്വർണ്ണപ്പണയ ഇടപാടുകൾ കുത്തനെ കുറഞ്ഞു.മുക്കുപണ്ട പണയം വക്കാൻ പറ്റാതായി. ഇതോടെ വൻ നഷ്ടത്തിലാണ് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടിലേക്ക് നീങ്ങാൻ ഇതും ഒരു കാരണമാണ്.ഓരോ ബ്രാഞ്ചിലും കിലോ കണക്കിന്
മുക്കുപണ്ടം ഇപ്രകാരം പണയം വെക്കും. NCD യിലൂടെ കമ്പിനി സമാഹരിച്ച കോടികൾ NBFC കളുടെ നിയമാവലിയിൽ പറയുന്ന ബിസിനസ്സുകൾക്ക് മാത്രമേ
ഉപയോഗിക്കുവാൻ കഴിയൂ എന്നിരിക്കെ മുക്കുപണ്ട പണയ ഇടപാടുകളിലൂടെ ഈ തുക കമ്പിനിക്ക് പുറത്ത് എത്തിച്ച് മറ്റു ബിസിനസ്സുകളിൽ മുടക്കുകയാണ് ഇവർ ചെയ്യുന്നത്. ഓരോ വർഷവും കമ്പനി രജിസ്ട്രാർക്ക് റിട്ടേൺ സമർപ്പിക്കുമ്പോൾ കമ്പനിയുടെ ആസ്‌തി വൻ തോതിൽ ഉയർന്നിട്ടുണ്ടാകും. ആസ്‌തിയിലെ സിംഹഭാഗവും മുക്കുപണ്ടം ആണെന്ന്
ആരും അറിയുന്നില്ലല്ലോ. കടപ്പത്രം ഇറക്കുവാൻ അനുമതിക്കായി റിസർവ് ബാങ്കിനും കമ്പനി രജിസ്ട്രാർക്കും അപേക്ഷ നൽകുമ്പോഴും ഇതാണ് അവസ്ഥ. മുക്കുപണ്ടമാണ് ഇവിടെ കമ്പിനിയുടെ ആസ്‌തിയായി മാറുന്നത്. ചാർട്ടേഡ് അക്കൌണ്ടൻ്റിൻ്റെ ഓഡിറ്റ്
റിപ്പോർട്ട് ആധികാരിക രേഖയായി കണക്കാക്കുന്നതിനാൽ മറ്റ് സംശയങ്ങളോ പരിശോധനകളോ നിലവിലില്ല.തങ്ങളുടെ പണം സെക്യേഡ് ഡിബഞ്ചർ ആണെന്നും ഇത് ഒരിക്കലും നഷ്ടപ്പെടില്ലെന്നുമാണ് ബഹുഭൂരിപക്ഷം നിക്ഷേപകരും കരുതിയിരിക്കുന്നത്. കൂടാതെ റിസർവ് ബാങ്കിൻ്റെ പരിരക്ഷ ഉണ്ടെന്നും ചിലർ കരുതുന്നു. എന്നാൽ ഈ സ്ഥാപനത്തിലെ ഡിബഞ്ചറിന്റെ സെക്യൂരിറ്റി ഇവിടെയിരിക്കുന്ന മുക്കുപണ്ടമാണെന്ന് പലർക്കും അറിയില്ല. തന്നെയുമല്ല ഭാരതീയ റിസർവ് ബാങ്കിന്റെ ഒരു ഗ്യാരണ്ടിയും ഡിബഞ്ചറുകൾക്കില്ല. സമർപ്പിച്ച രേഖകൾ പ്രകാരം ഡിബഞ്ചറുകൾ ഇറക്കുവാൻ അനുമതി നൽകുന്നു എന്നുമാത്രം. NCD യിലൂടെ തുടർച്ചയായി നൂറുകണക്കിന് കോടികൾ സമാഹരിച്ചതാണ് ഇപ്പോൾ പൂട്ടിക്കെട്ടാൻ ഒരുങ്ങുന്ന കമ്പനി. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകൾ, നിരവധി ജീവനക്കാർ. വാർത്തകൾ പുറത്തായതോടെ പലരും നിക്ഷേപം പിൻവലിച്ച് തുടങ്ങി. തിരിമറികളിലൂടെ പണം കമ്പനിക്ക് പുറത്തെത്തിച്ച് നിക്ഷേപകരെ കബളിപ്പിച്ച് ബിനാമി പേരുകളിലും മറ്റും ബാർ ഹോട്ടൽ ബിസിനസിലേക്കും റിയൽ എസ്‌റ്റേറ്റ് ബിസിനസുകളിലേക്കും തിരിഞ്ഞിരിക്കുകയാണ് പതിറ്റാണ്ടുകളും പാരമ്പര്യം അവകാശപ്പെടുന്ന ഈ സ്ഥാപനം. ഇവരുടെ പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ മറ്റൊരു ചതിയുടെ കഥ കൂടിയുണ്ട്. ഒരു ചിട്ടിക്കമ്പനി തട്ടിപ്പിൻ്റെ കഥ…>>> തുടരും…. >>>