കണ്ണൂർ ജില്ലാ എഡിഎം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പാർട്ടിയുടെ മഹിളാ നേതാവുമായ പി പി ദിവ്യയെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തതിൽ പാർട്ടി സമ്മേളനങ്ങളിൽ രൂക്ഷമായ പ്രതിഷേധവും അമർഷവും ഉണ്ടായിരിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ആത്മഹത്യയ്ക്ക് പ്രേരകമായത് സിപിഎം നേതാവായ ദിവ്യ നടത്തിയ പ്രസംഗവും ആ പ്രസംഗത്തിലെ വ്യക്തിഹത്യയുമായിരുന്നു എന്ന് പറയുന്നുണ്ട്. ഇത്തരത്തിൽ ഒരു പോലീസ് റിപ്പോർട്ട് വന്ന ശേഷവും പ്രതിസ്ഥാനത്തു നിൽക്കുന്ന ദിവ്യയെ പാർട്ടി എന്തിന് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് സംസ്ഥാനം ഒട്ടാകെ നടക്കുന്ന സിപിഎമ്മിന്റെ പ്രാദേശിക സമിതികളുടെ സമ്മേളനങ്ങളിൽ ഉയരുന്നത്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന അവസരത്തിൽ പാർട്ടി അണികളിൽ പ്രതിഷേധം ഉണ്ടാക്കുന്ന ഒരു സമീപനം പാർട്ടിയുടെ നേതൃത്വം സ്വീകരിച്ചു പോകുന്നത് വലിയ ദോഷം ഉണ്ടാക്കും എന്ന വിലയിരുത്തലും ഉണ്ട്. സിപിഎമ്മിന്റെ ശക്തമായ കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂർ ജില്ലയിലെ ലോക്കൽ സമ്മേളനങ്ങളിലാണ് രൂക്ഷമായ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പാർട്ടിയുടെ മഹിളാ വിഭാഗത്തിൻറെ സംസ്ഥാന നേതാക്കളിൽ ഒരാളായ ദിവ്യ നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതിസ്ഥാനത്തു നിൽക്കുമ്പോൾ എന്തിന് അവരെ സംരക്ഷിക്കുന്നു എന്നും പാർട്ടിയിൽ നിന്നും അവരെ പുറത്താക്കാൻ മടിക്കുന്നത് എന്തുകൊണ്ട് എന്നുമുള്ള ചോദ്യമാണ് സാധാരണ സഖാക്കൾ ഉയർത്തി കൊണ്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുംഎൽഡിഫ് സ്ഥാനാർത്ഥികളെ ഈ ആത്മഹത്യ കേസുകൾ ബാധിക്കും എന്നും സമ്മേളനങ്ങളിൽ അഭിപ്രായം ഉയരുന്നുണ്ട്.
ഏതായാലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം കൊണ്ട് വലിയ തോൽവി ഏറ്റുവാങ്ങി നിൽക്കുന്ന ഇടതുമുന്നണിയെ നയിക്കുന്ന സിപിഎം എന്ന പാർട്ടിക്ക് കണ്ണൂരിലെ എഡിഎമ്മിന്റെ ആത്മഹത്യ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ലോക്കൽ കമ്മിറ്റി യോഗങ്ങളിലാണ് കണ്ണൂർ വിഷയം വലിയ വിവാദത്തിലേക്ക് എത്തിയിരിക്കുന്നത്.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ദേശീയ മഹിളാ അസോസിയേഷൻ ഭാരവാഹികമായ ദിവ്യ എന്നയാൾ എഡിഎമ്മിന്റെ ആത്മഹത്യയുടെ പേരിൽ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിൽ ഒരു റിപ്പോർട്ടാണ് പോലീസും കൈമാറിയിരിക്കുന്നത്. ഇതിൻറെ പേരിൽ മുൻകൂർ ജാമ്യം തേടിക്കൊണ്ട് ദിവ്യ കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ഈ ജാമ്യ ഹർജിയിൽ ഒന്നര ആഴ്ചയായിട്ടും കോടതി തീരുമാനം എടുത്തിട്ടില്ല. ഇത്തരം ഒരു അന്തരീക്ഷത്തിൽ പ്രതിസ്ഥാനത്തുള്ള ദിവ്യയെ വേണമെങ്കിൽ പോലീസിന് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യൽ നടത്തുകയും ചെയ്യാം. എന്നാൽ ദിവ്യയെ കാണാനില്ല എന്ന മുടന്തൻ ന്യായം പറഞ്ഞുകൊണ്ട് പോലീസ് ദിവ്യയ്ക്ക് സഹായകരമായ നിലപാട് എടുത്തിരിക്കുകയാണ്. ഇത്തരത്തിൽ ഒരു നിലപാട് ഉണ്ടാകുവാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായതായി വാർത്തകൾ വന്നതും ലോക്കൽ കമ്മിറ്റികളിൽ പങ്കെടുക്കുന്ന സഖാക്കളെ രോഷം കൊള്ളിച്ചിട്ടുണ്ട്.
എ ഡി എം നവീൻ ബാബുവും അദ്ദേഹത്തിൻറെ കുടുംബ അംഗങ്ങളും എല്ലാം സിപിഎം അനുഭാവികളാണ്. നവീൻ ബാബു തന്നെ പ്രവർത്തിച്ചിരുന്നത് ഇടതുപക്ഷ സർവീസ് സംഘടനയുടെ ആൾ എന്ന നിലയിലാണ്. നവീൻ ബാബുവിന്റെ കുടുംബം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ സിപിഎമ്മിന്റെ മുഴുവൻ നേതാക്കളും അതുപോലെതന്നെ സിപിഎം അനുകൂല സർവീസ് സംഘടനകളുടെ നേതാക്കളും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തും വരെ ശ്രമങ്ങൾ നടത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു അംഗം എന്ന നിലയിലും പാർട്ടിയിലെ മുഴുവൻ സംഘടന നേതാക്കളും അനുകൂലമായി സംസാരിക്കുന്ന സംഭവം എന്ന നിലയിലും നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സിപിഎം മഹിളാ നേതാവ് ദിവ്യ എന്നയാളെ ഇപ്പോഴും പാർട്ടിയുടെ ശിക്ഷാനടപടികൾ പോലും നടത്താതെ സംരക്ഷിക്കുന്നത് എന്തിന് എന്ന് ചോദ്യമാണ് ഇപ്പോഴും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. ദിവ്യക്കെതിരെ പാർട്ടിയുടെ നടപടി അടിയന്തിരമായി ഉണ്ടായില്ല എങ്കിൽ പാർട്ടിക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും നിലവിൽ നടന്നുവരുന്ന ഉപതിരഞ്ഞെടുപ്പുകളെ അത് ബാധിക്കും എന്നും ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിൽ അഭിപ്രായം ഉയരുന്നുണ്ട്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ മാത്രമല്ല ഈ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് മറ്റു ചില സിപിഎം പ്രവർത്തകരും പ്രതിസ്ഥാനത്തേക്ക് കടന്നു വന്നിട്ടുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ശേഷം യഥാർത്ഥ വസ്തുതകൾ മറച്ചുവയ്ക്കുവാനും തടയിടുവാനും വേണ്ടി ദിവ്യയുടെ നേതൃത്വത്തിൽ വ്യാജ രേഖകൾ കൃത്രിമമായി സമർപ്പിച്ചത് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു കഴിഞ്ഞു. പ്രശാന്തൻ എന്ന് പറയുന്ന ഈ കേസിലെ മറ്റൊരു പ്രതിസ്ഥാനത്തുള്ള ആളിനെ സംരക്ഷിക്കാനും പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ശ്രമിക്കുന്നു എന്ന പരാതിയും ഉണ്ട്. മറ്റുചിലരും ദിവ്യയുടെ കുറ്റകൃത്യങ്ങളെ തടയിടാൻ വേണ്ടി അണിയറയിൽ നീക്കങ്ങൾ നടത്തുന്നതായിട്ടുള്ള വാർത്തകളും പുറത്തുവരുന്നത് പാർട്ടിക്ക് ഉത്തരം മുട്ടുന്ന സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്.സിപിഎം എന്ന കേരളത്തിലെ രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു സമയത്താണ് നവീൻ ബാബുവിന്റെ ആത്മഹത്യാ കേസും സിപിഎം നേതാക്കൾ പ്രതിസ്ഥാനത്തേക്ക് വന്നിരിക്കുന്നതും . സിപിഎമ്മിന്റെ പ്രവർത്തനശൈലി അനുസരിച്ച് നാലുവർഷത്തിലൊരിക്കൽ പാർട്ടിയുടെ വിവിധ തട്ടുകളിലെ യോഗങ്ങൾ നടക്കും. ആദ്യം ബ്രാഞ്ച് കമ്മിറ്റികളിലും അതുകഴിഞ്ഞാൽ ലോക്കൽ കമ്മിറ്റികളിലും അതിനുശേഷം ഏരിയ കമ്മിറ്റികളിലും യോഗങ്ങളും. ചർച്ചകളും വിമർശനങ്ങളും ഒക്കെ നടത്തിയ ശേഷം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്ന രീതിയാണ് പാർട്ടിക്ക് ഉള്ളത്. ഇത്തരത്തിലുള്ള സമ്മേളനങ്ങൾ ആണ് ഇപ്പോൾ സംസ്ഥാനത്ത് പാർട്ടിയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രത്യേക അന്തരീക്ഷത്തിൽ യാതൊരു ന്യായീകരണവും നിരത്തി ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ കഴിയാത്ത വളരെ പൈശാചികമായ ഒരു കുറ്റകൃത്യത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ മഹിളാ നേതാവും മറ്റുചിലരും മാറിയിരിക്കുന്നത് പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഉത്തരം മുട്ടിക്കുന്നുണ്ട്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരിക്കലും ഉണ്ടാകാത്ത വമ്പൻ പരാജയം ഏറ്റുവാങ്ങി സർക്കാരിന് പോലും മുന്നോട്ടുനീങ്ങാൻ കഴിയാത്ത സ്ഥിതി നിലനിൽക്കുന്നതിനിടയിലാണ് കേരളത്തിലെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടുള്ള കണ്ണൂരിലെ എഡിഎമ്മിന്റെ ആത്മഹത്യാ വാർത്ത പുറത്തുവന്നത്. കാരണമായി പറയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവിയിലിരുന്ന പി പി ദിവ്യയുടെ ധിക്കാരപരമായ പ്രസംഗങ്ങളും കോപത്തോടുകൂടിയുള്ള വേദിയിൽ നിന്നുമുള്ള ഇറങ്ങിപ്പോകും എല്ലാം ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിച്ചത് കേരളത്തിലെ മുഴുവൻ ജനങ്ങളും നേരിൽ കണ്ടതാണ്. തുടർന്നാണ് സംഭവത്തിൽ പോലീസ് കേസ് ഉണ്ടാകുന്നതും പോലീസിന്റെ റിപ്പോർട്ടിൽ പ്രേരണ കുറ്റത്തിൽ പ്രതിചേർക്കപ്പെട്ട രീതിയിലേക്ക് ദിവ്യയും മറ്റു ചില സഖാക്കളും മാറുകയും ചെയ്തത്. പൊതുസമൂഹത്തിനു മുന്നിൽ ഒരു ന്യായം പറഞ്ഞു നിലനിൽക്കാൻ പറ്റാത്ത ഗതികേടിലാണ് ഇപ്പോൾ കേരളത്തിലെ സിപിഎം പ്രവർത്തകർ എത്തിനിൽക്കുന്നത്. യഥാർത്ഥത്തിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ പോലും കഴിയാത്ത ഗതികേടിലാണ് സിപിഎമ്മിന്റെ പ്രവർത്തകരും സഖാക്കളും. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ സിപിഎം വറചട്ടിയിൽ നിന്നും എരി തീയിലേക്ക് വീണിരിക്കുന്ന അവസ്ഥ വന്നിരിക്കുന്നു എന്ന് പറയുന്നത്.