കെ മുരളീധരനെ വെട്ടി വീഴ്ത്തുന്ന കോൺഗ്രസ് നേതാക്കൾ.

കെ മുരളീധരനെ വെട്ടി വീഴ്ത്തുന്ന കോൺഗ്രസ് നേതാക്കൾ.

കരുണാകരന്റെ മകൻ എന്നതിനപ്പുറം കെ മുരളീധരൻ മറ്റു പലതും ആണ്. മുൻ കെ പി സി സി പ്രസിഡന്റും, മുൻ മന്ത്രി, നിയമസഭ ലോകസഭ അംഗം തുടങ്ങിയ പല പദവികളിലും പ്രവർത്തിച്ചിട്ടുള്ള ആളാണ് അദ്ദേഹം. കേരളത്തിലെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ മാറ്റങ്ങൾ വന്നതോടുകൂടി മുരളീധരനെ മുഖ്യ ശത്രുവായി കാണുന്ന ഒരു സമീപനം ഉണ്ടായിട്ടുണ്ട്. മുരളീധരന് എല്ലാ കാലത്തും ലഭിച്ചിരുന്ന ജനകീയ പിന്തുണ തന്നെയാണ് മറ്റു നേതാക്കളുടെ എതിർപ്പിന്റെ മുഖ്യ കാരണം. ഇപ്പോൾ പ്രതിപക്ഷ നേതാവായ വി ഡി സതീശനും, കെപിസിസിയുടെ പ്രസിഡണ്ടും, അതുപോലെതന്നെ മുൻപ്രതിപക്ഷ നേതാവും എല്ലാം ചേർന്ന് മുരളീധരനെ എങ്ങനെയും വെട്ടി വീഴ്ത്തണം എന്ന നിലപാടുമായി മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് സതീശൻ കാണിച്ച അനാവശ്യ രാഷ്ട്രീയ ഇടപെടൽ വഴിയാണ് വടകരയിൽ എംപി ആയിരുന്ന മുരളീധരനെ അവിടെ നിന്ന് മാറ്റി തൃശ്ശൂരിൽ മത്സരിപ്പിച്ച് തോൽവിയുടെ കൈപ്പുനീർ കുടിപ്പിച്ചത്. അവിടുന്ന് ഇങ്ങോട്ട് വീണ്ടും വീണ്ടും സതീശൻ സുധാകരൻ കൂട്ടുകെട്ട് മുരളീധരനെതിരായ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പാലക്കാട് നിയമസഭ ഉപ തിരഞ്ഞെടുപ്പിൽ അവിടെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ അഭ്യർത്ഥന തള്ളിക്കളഞ്ഞുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ സതീശനും അവിടെ എംഎൽഎയായിരുന്ന ഷാഫി പറമ്പിലും ചേർന്ന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഈ തന്ത്രം പയറ്റിയത് യഥാർത്ഥത്തിൽ മുരളീധരനെ ഒതുക്കുന്നതിന് വേണ്ടിയായിരുന്നു എന്നതാണ് വാസ്തവം.

ഇപ്പോൾ ഏതായാലും പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പാർട്ടി നേതൃത്വത്തിന് നൽകിയിരുന്ന കത്ത് പുറത്തുവന്നിരിക്കുന്നു. ഡിസിസി പ്രസിഡൻറ് തങ്കപ്പൻ ഒപ്പുവെച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കത്ത് പാർട്ടി നേതൃത്വത്തിന് കഴിഞ്ഞ പത്താം തീയതി കൈമാറിയതാണ്. ഈ കത്തും ഡിസിസിയുടെ ശുപാർശയും വെറുതെ തള്ളിക്കളഞ്ഞു കൊണ്ടാണ് രാഹുൽമാൻ കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ഡിസിസി അയച്ച കത്തിൽ പാലക്കാടിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിൽ ബിജെപി എന്ന പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ബിജെപിയെ തടയുന്നതിനും ഇടതുപക്ഷ വോട്ടുകൾ പോലും നേടിയെടുക്കുന്നതിനും മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലത് എന്ന് കത്തിൽ പറയുന്നുണ്ട്. ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ മറ്റു പാർട്ടിക്കാരുടെ വോട്ടുകൾ നേടിയെടുക്കുന്നതിന് മുരളീധരൻ തന്നെയാണ് മികച്ച സ്ഥാനാർഥി എന്നുകൂടി ഈ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഏതു സ്ഥാനാർഥി വന്നാലും വിജയിപ്പിക്കുന്നതിന് പ്രവർത്തിക്കേണ്ടത് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ്. ആ കമ്മിറ്റിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കത്താണ് യാതൊരു പരിഗണനയും നൽകാതെ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും ചേർന്നുകൊണ്ട് തള്ളിക്കളഞ്ഞിരിക്കുന്നത്.മുരളീധരൻ എന്ന ജനസ്വാധീനമുള്ള നേതാവിനെ അകാരണമായി തഴഞ്ഞതിൽ ഉള്ള പ്രതിഷേധം പാലക്കാട് കോൺഗ്രസ് പ്രവർത്തകരിൽ ഉണ്ട്. പ്രവർത്തകരുടെ ഈ വികാരം വോട്ടെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ദോഷം ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പാലക്കാട് സ്ഥാനാർത്ഥിയായി തീരുമാനിക്കുന്ന ആൾ ആ ജില്ലക്കാരൻ ആയിരിക്കണം എന്ന ആഗ്രഹവും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. അതും അവഗണിച്ചിരിക്കുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ. വലിയ വാശിയേറിയ മത്സരം നടക്കുന്ന ആ പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാണ് എന്ന് പറയാൻ ആർക്കും കഴിയാത്ത സ്ഥിതി ഉണ്ട്.

പാർട്ടിയെ രണ്ടുമൂന്നു നേതാക്കൾ ചേർന്ന് ഹൈജാക്ക് ചെയ്തത് കൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് എന്ന പരാതി കെ മുരളീധരന് ഉണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തന്റെ പേര് കൂടി വലിച്ചിഴയ്ക്കുകയും ഒടുവിൽ തള്ളിക്കളയുകയും ചെയ്ത നേതാക്കളുടെ പ്രവർത്തിയിൽ മുരളീധരന് കടുത്ത പ്രതിഷേധം ഉണ്ട്. അതുകൊണ്ടുതന്നെ പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കില്ല എന്ന് മുരളീധരൻ പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞു. ഇതേ സമയം പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിൽ പൂർണ്ണ സമയവും പ്രവർത്തിക്കുന്നതിന് താൻ പോകുമെന്ന് കൂടി മുരളീധരൻ പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നും മനസ്സിലാകുന്നത് പാലക്കാട് സ്ഥാനാർത്ഥിയെ തീരുമാനിച്ച രീതിയിൽ മുരളീധരന് പ്രതിഷേധമുണ്ടെന്ന് തന്നെയാണ്.ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ തുടരുന്ന പക്ഷം പാലക്കാട് നിയമസഭ മണ്ഡലത്തിലും അതുപോലെതന്നെ ചേലക്കര മണ്ഡലത്തിലും യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിൻറെ കാര്യത്തിൽ സംശയം ഉയർത്തുകയാണ് രാഷ്ട്രീയ നിരീക്ഷകർ. വലിയ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ജയസാധ്യതയുള്ള മുരളീധരനെ പാർട്ടി തഴഞ്ഞതിൽ തിരിച്ചടി ഉണ്ടാകും എന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ഏതായാലും മുരളീധരനെ പോലെ മുതിർന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വലിയ തോതിൽ സ്വാധീനമുള്ള നേതാവിനെ ഒതുക്കുവാൻ വേണ്ടി പ്രതിപക്ഷ നേതാവ് കളിക്കുന്ന കളികൾ പാർട്ടിക്ക് തന്നെ വലിയ തിരിച്ചടി ഉണ്ടാക്കും എന്നത് ഈ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വ്യക്തമാകും.