മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കാൻ ഇനി മൂന്ന് ആഴ്ച മാത്രമേ ഉള്ളൂ. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാരാണ് ഒരു സീസണിൽ ശബരിമലയിലേക്ക് എത്തുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ ഓരോ ദിവസവും പമ്പയിൽ എത്തുകയും ചെയ്യും. സാധാരണ ശബരിമല മണ്ഡലകാല പൂജയ്ക്ക് മുൻപായി എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കുന്ന പതിവ് ഉണ്ടായിരുന്നു. ശുചീകരണവും അയ്യപ്പന്മാർക്ക് പന്തലും താമസത്തിനുള്ള കെട്ടിടങ്ങളും പ്രഭാത കർമ്മങ്ങൾ നിർവഹിക്കാനുള്ള കുളിമുറികളും കക്കൂസുകളും ഒക്കെ മുൻകൂട്ടി തന്നെ തയ്യാറാക്കി ഒരുക്കി നടത്തുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ നട തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിലും സന്നിധാനം മകരവിളക്ക് മണ്ഡലകാല തീർത്ഥാടനത്തിന് യാതൊരുവിധ ഒരുക്കവും നടത്തിയിട്ടില്ല എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ പമ്പ നദിക്കരയിൽ ഉണ്ടായിരുന്ന ഭക്തന്മാരുടെ വിരിവെപ്പ് ഷെഡുകൾ എല്ലാം ഒലിച്ചു പോയിരുന്നു. ഇതിന് പകരമായി 5000 പേർക്ക് ഇരിക്കുവാൻ കഴിയുന്ന പന്തൽ നിർമ്മിക്കും എന്നൊക്കെ ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു എങ്കിലും ഇതൊന്നും നടന്നിട്ടില്ല. പന്തൽ നിർമ്മിക്കുന്നതിനുള്ള തൂണ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ഭക്തരെ സംബന്ധിച്ചിടത്തോളം പമ്പ നദിയിൽ സ്നാനം നടത്തി വിരിവച്ച് അന്നദാനവും നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് യാത്ര തുടങ്ങുന്നത്. അയ്യപ്പഭക്തന്മാരെ വല്ലാതെ വിഷമിപ്പിക്കുന്ന രീതിയിൽ പമ്പാനദിയുടെ കരം മുഴുവൻ മണൽ കുന്ന് കണക്കെ കൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്യാൻ പോലും ദേവസ്വം ബോർഡ് ഒരു നടപടിയും എടുത്തിട്ടില്ല.കഴിഞ്ഞ ദിവസം തുലാമാസ പൂജയ്ക്ക് വേണ്ടി ശബരിമലയിൽ നട തുറന്നപ്പോൾ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഈ പൂജ തൊഴുവാൻ കിട്ടിയ ഭക്തന്മാർ എല്ലാതരത്തിലും വലിയ ബുദ്ധിമുട്ട് അനുഭവിച്ചതായിട്ടാണ് വാർത്തകൾ വന്നത്. പരിസരത്ത് നേരത്തെ തന്നെ സ്ഥാപിച്ചിട്ടുള്ള ശുചി മുറികളിൽ കേടുപാടുകൾ തീർത്ത ഉപയോഗ യോഗ്യമാക്കുന്നതിന് ഒരു നടപടിയും എടുത്തിട്ടില്ല എന്നും പരാതിയുണ്ട്.
പമ്പയിൽ നിന്നും കാൽനടയായി സന്നിധാനത്തേക്ക് അയ്യപ്പഭക്തന്മാർ നടന്നു നീങ്ങുന്ന വഴികളിലെല്ലാം ഇരുവശങ്ങളിലും കാടുകയറി കിടക്കുകയാണ്. ഇതെല്ലാം വെട്ടിതെളിക്കുന്ന പ്രവർത്തികൾ സാധാരണ എല്ലാ സീസണിലും ചെയ്യുക പതിവാണ് അതുപോലെതന്നെ ശബരിമലയിൽ ദർശനത്തിനായി വരുന്ന അയ്യപ്പഭക്തന്മാർക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സിക്കുന്ന ആശുപത്രികൾ കാടുകയറി കിടക്കുന്നു എന്നും പറയപ്പെടുന്നുണ്ട്. ഈ കെട്ടിടങ്ങളുടെ നവീകരണ പരിപാടികൾ സാധാരണ മണ്ഡലകാല നടതുറക്കലിന് എത്രയോ മുൻപേ പൂർത്തിയാക്കുക പതിവുള്ളതാണ്.മണ്ഡലകാല സീസൺ തുടങ്ങി കഴിഞ്ഞാൽ പമ്പയിൽ പാർക്കിംഗ് ഏരിയയിൽ ആയിരക്കണക്കിന് വാഹനങ്ങൾ അണിനിരക്കും. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ഏരിയ വിപുലപ്പെടുത്തും എന്ന് പറഞ്ഞ ദേവസ്വം ബോർഡ് അതിനായി ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. അതുപോലെതന്നെ ഭക്തന്മാർ അടിഞ്ഞുകൂടുന്ന നിലയ്ക്കലിൽ വാഹന പാർക്കിങ്ങിന് കൂടുതൽ സ്ഥലം കണ്ടെത്തി സജ്ജമാക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് മാസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നതാണ്. ഇതൊന്നും നടന്നിട്ടില്ല.ഇതിനേക്കാൾ എല്ലാം അയ്യപ്പഭക്തന്മാരെ ക്ലേശത്തിൽ ആക്കുന്ന സ്ഥിതിയാണ് ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ തകർന്നു കിടക്കുന്ന അവസ്ഥ. കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ശബരിമല സീസൺ ആരംഭിക്കുന്നതിന് മാസങ്ങൾക്കു മുൻപ് തന്നെ പിഡബ്ല്യുഡി റോഡ് നന്നാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ളതാണ്. ഈ പറയുന്ന ജില്ലകളിലെ അയ്യപ്പ ഭക്തന്മാർ യാത്ര ചെയ്യുന്ന പ്രധാന റോഡുകളിൽ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു എന്നാണ് റിപ്പോർട്ട്. അതുപോലെതന്നെ തീർത്ഥാടന പാതകളിൽ ശബരിമലയിലേക്കുള്ള ദിശാസൂചക ബോർഡുകൾ സ്ഥാപിക്കുക എല്ലാവർഷവും പതിവുണ്ടെങ്കിലും ഈ കൊല്ലം ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
നൂറുകണക്കിന് കോടി രൂപയുടെ വരുമാനം ഉണ്ടാക്കുന്ന ശബരിമല ഉത്സവകാലത്ത് തീർത്ഥാടകർക്ക് വേണ്ടി മുന്നൊരുക്കങ്ങൾ കാര്യമായ രീതിയിൽ നടത്തുവാൻ കഴിയാത്തത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അനാസ്ഥ തന്നെയാണ്. ദേവസ്വം വകുപ്പ് മന്ത്രിയും ദേവസ്വം ബോർഡ് പലതരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അയ്യപ്പഭക്തന്മാർക്ക് സുഗമമായ തീർത്ഥാടനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവർത്തിയും സീസൺ തുടങ്ങാറായിട്ടും നടന്നിട്ടില്ല എന്നത് വാസ്തവമാണ്. ഇത്തരത്തിൽ ശബരിമലയിലെ പ്രവർത്തനങ്ങളും മറ്റും തടയപ്പെടുന്നത് സർക്കാരിൻറെ സാമ്പത്തിക പരാധീനത കൊണ്ടാണ് എന്ന് പറയുന്നുണ്ട്. എന്നാൽ നൂറുകണക്കിന് കോടി രൂപയുടെ വരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിക്കുന്നത് ശബരിമല വഴിയാണ്. ഭക്തന്മാർ ശബരിമലയിൽ കാണിക്കുകയായും വഴിപാടായും നൽകുന്ന തുക ഉപയോഗിച്ചാൽ തന്നെ പമ്പയിൽ നിന്നും സന്നിധാനം വരെയുള്ള തീർത്ഥാടക പാതയിൽ വേണ്ട ഒരുക്കങ്ങൾ നടത്താൻ ഒരു ബുദ്ധിമുട്ടും ഇല്ല. അപ്പോൾ പിന്നെ ശബരിമലയുടെ കാര്യത്തിലും അയ്യപ്പഭക്തന്മാരുടെ കാര്യത്തിലും സർക്കാരിൽ നിന്നും അതുപോലെതന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും ഉണ്ടാകുന്ന അയഞ്ഞ സമീപനവും അവഗണനയും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല.