രാജ്യം ഒട്ടാകെ പരിശോധിച്ചാൽ വലിയ വലിയ വളർച്ചയിൽ അല്ലെങ്കിലും ക്ഷീണം ഇല്ലാതെ മുന്നോട്ടുപോകുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ ഈ രാഷ്ട്രീയ പാർട്ടിയുടെ കേരളത്തിലെ അവസ്ഥ വളരെ ദയനീയമാണ്. രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും നാണക്കേട് ഉണ്ടാക്കുന്ന രീതികളൊക്കെയാണ് ഈ പാർട്ടിയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇടതു വലത് മുന്നണികളാണ് തെരഞ്ഞെടുപ്പ് വിജയങ്ങൾ മാറിമാറി നേടിയെടുക്കുക. ഇതിനിടയിൽ ഒരു ഇടം കണ്ടെത്താനുള്ള പരിസരം പോലും നടത്തുവാൻ കഴിയാത്ത രീതിയിൽ ബിജെപിയുടെ കേരളത്തിലെ നേതാക്കൾ നിത്യവും തമ്മിലടിക്കുകയും പരസ്പരം ചെളിവാരി എറിയുകയും ചെയ്യുന്ന സ്ഥിതിയാണ് കാണുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിൽ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പ് എന്ന് പറഞ്ഞിരുന്ന ബിജെപിയുടെ സ്ഥാനാർഥി വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. അവിടെ മുനിസിപ്പാലിറ്റി ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നത് ബിജെപി ആണ്.
ഈ പാർട്ടിക്ക് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വലിയതോതിൽ പ്രവർത്തകർ ഉള്ള ഒരു സ്ഥലമാണ് പാലക്കാട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് ബിജെപിയിലെ പാലക്കാട്കാരനായ മുതിർന്ന നേതാവ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്. ഇതും പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കി. മാത്രവുമല്ല, പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് കോടികൾ അടിച്ചുമാറ്റി എന്നും, അത് മറ്റാരോ നേതാക്കന്മാർ പങ്കിട്ടെടുത്തു എന്നും ഒക്കെയുള്ള അഴിമതിക്കഥകൾ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പരസ്യമായി പറയാൻ തയ്യാറായതും ബിജെപിയുടെ മുതിർന്ന നേതാക്കൾ തന്നെ ആയിരുന്നു. ഇതെല്ലാം തുടരുമ്പോൾ സ്വാഭാവികമായും പാർട്ടിയുടെ അനുഭാവികളും പ്രവർത്തകരും നിരാശരാകും എന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും കേരളത്തിലെ ബിജെപി എന്ന പാർട്ടിയുടെ ഇപ്പോഴത്തെ പോക്ക് ഒരുതരത്തിലും നല്ല രീതിയിൽ അല്ല, എന്ന ബോധ്യമായ പാർട്ടിയുടെ കേന്ദ്ര നേതൃത്വം സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെ വിരൽ ചൂണ്ടിക്കഴിഞ്ഞു ഈ ആഴ്ചയിൽ ചേരുവാൻ തീരുമാനിച്ചിരുന്ന പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം നടത്തരുത് എന്ന് പാർട്ടിയുടെ ദേശീയ പ്രസിഡൻറ് സംസ്ഥാന പ്രസിഡണ്ടിന് നിർദ്ദേശം നൽകിയതായി അറിയുന്നു.
കേരളത്തിലെ പാർട്ടിയുടെ നേതാക്കന്മാർ യോഗം ചേരാൻ ഇരുന്നാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയം സ്വാഭാവികമായും ചർച്ചയിൽ വരും എന്നും അതേ തുടർന്ന് പരസ്പരമുള്ള ചെളിവാരി എറിയലും ആക്ഷേപങ്ങളും രൂക്ഷമാകും എന്നും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ട്. പാർട്ടിയുടെ വഴക്കുകൾ തെരുവിലേക്ക് എത്തുന്ന ദുരിത പൂർണമായ അവസ്ഥ ഒഴിവാക്കുവാൻ വേണ്ടിയാണ് സംസ്ഥാന ഭാരവാഹി യോഗം കേന്ദ്ര നേതൃത്വം റദ്ദാക്കിയത്. ഭാരവാഹി യോഗം ഏഴ് എട്ട് തീയതികളിൽ നടക്കും എന്നായിരുന്നു സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻ അറിയിച്ചിരുന്നത്.
സംസ്ഥാനത്ത് നിലനിൽക്കുന്ന പാർട്ടിയിലെ അസ്വാരസ്യങ്ങൾ എല്ലാ പരിധികളും കടന്നു തെരുവിൽ തമ്മിലടിക്കുന്ന സ്ഥിതിയിലേക്ക് എത്തിയതായി കേന്ദ്ര നേതൃത്വത്തിന് ബോധ്യം വന്നിട്ടുണ്ട്. ഇനിയുള്ള കേരളത്തിലെ പാർട്ടിയുടെ മുന്നോട്ട് പോക്ക് ആർ എസ് എസ് നേതൃത്വത്തിന്റെ കൂടി പങ്കാളിത്തത്തോടെ മാത്രമായിരിക്കണം എന്ന ഒരു നിർദ്ദേശമാണ് ദേശീയ നേതൃത്വം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി ആർ എസ് എസ് സംസ്ഥാന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ കേരളത്തിലേക്ക് വരുന്നുണ്ട്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി ആദ്യഘട്ടത്തിൽ ചർച്ച നടത്തി അവരുടെ പരാതികളും പരിഭവങ്ങളും പരിഹരിച്ച ശേഷം ബിജെപി പാർട്ടി സംവിധാനവുമായി സഹകരിപ്പിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്.
പ്രകാശ് ജാവഡേക്കർ നടത്തുന്ന ആർ എസ് എസ് നേതാക്കളുമായുള്ള ചർച്ചകളിൽ പുതിയ സംസ്ഥാന പ്രസിഡണ്ടും പുതിയ ഭാരവാഹികൾ ഉണ്ടാകലും മുഖ്യ അജണ്ടയായി മുന്നോട്ടുവയ്ക്കും എന്നാണ് അറിയുന്നത്. നിലവിൽ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ യഥാർത്ഥത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ ആണെന്നും പലതരത്തിലുള്ള ആരോപണങ്ങളും വരിഞ്ഞു മുറുക്കിയ അവസ്ഥയിലാണ് എന്നും കേന്ദ്ര നേതൃത്വത്തിനും ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം നേതാവ് ഡൽഹിയിൽ എത്തിയാൽ അമിത് ഷായും പാർട്ടി പ്രസിഡൻറ് ജെ.പി നദ്ദയും ആയി ചർച്ചകൾ നടത്തുകയും കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന രൂക്ഷമായ പ്രതിസന്ധികൾ പരിഹരിച്ച് പുതിയ നേതൃത്വം പ്രഖ്യാപിച്ചുകൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ നീക്കങ്ങൾ നടത്തുകയും ചെയ്യുക ആയിരിക്കും ഉണ്ടാവുക എന്നാണ് അറിയുന്നത്. ഇത്തരത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ സംസ്ഥാന പ്രസിഡണ്ടായ സുരേന്ദ്രന് പ്രസിഡണ്ട് പദവി നഷ്ടമാകും. ഇടക്കാല ആശ്വാസം എന്ന നിലയിൽ പാർട്ടിയുടെ ദേശീയ ഭാരവാഹിത്വത്തിൽ സുരേന്ദ്രന് പരിഗണിക്കാൻ സാധ്യതയുണ്ട്.
കേരളത്തിൽ യഥാർത്ഥത്തിൽ ഇപ്പോൾ നാല് നേതാക്കന്മാരുടെ നാലു ഗ്രൂപ്പുകൾ എന്ന നിലയിലാണ് ബിജെപി എന്ന പാർട്ടി പ്രവർത്തിച്ചു പോകുന്നത്. ഓരോ ഗ്രൂപ്പിനും സംസ്ഥാനത്തെ മുതിർന്ന നേതാക്കന്മാരാണ് നേതൃത്വം കൊടുക്കുന്നത്. നിലവിലെ പ്രസിഡൻറ് സുരേന്ദ്രനെ പിന്തുണച്ചിരുന്ന മുൻ സംസ്ഥാന പ്രസിഡണ്ട്മാരായ രണ്ടുപേർ ഇപ്പോൾ സുരേന്ദ്രനെ കയ്യൊഴിഞ്ഞു എന്നാണ് അറിയുന്നത്. സുരേന്ദ്രൻ എന്ന സംസ്ഥാന പ്രസിഡന്റിനെ അടുപ്പിച്ച് നിർത്തിയാൽ അദ്ദേഹം നടത്തിയതായി പറയുന്ന സാമ്പത്തിക ക്രമക്കേടുകളിൽ തങ്ങളുടെ പേരുകളും കൂട്ടിച്ചേർക്കപ്പെടും എന്ന ഭയത്താലാണ് ഈ നേതാക്കൾ സുരേന്ദ്രൻ ബന്ധം ഉപേക്ഷിച്ചിട്ടുള്ളത്. ഏതായാലും കേരളത്തിൽ ബിജെപി എന്ന പാർട്ടി ഇന്നത്തെ നിലയിൽ പ്രവർത്തിച്ചു പോകുന്നതിനോട് പാർട്ടിയുടെ കേന്ദ്ര നേതാക്കന്മാർക്ക് ഒരു തൃപ്തിയും ഇല്ല എന്നതാണ് വാസ്തവം. പാർട്ടിക്ക് വലിയ സ്വാധീനം ഉണ്ടാക്കുവാൻ കഴിയുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ അത് പ്രാവർത്തികമാക്കാൻ കഴിയാതെ വരുന്നത് കേരളത്തിലെ നേതാക്കന്മാരുടെ തമ്മിലടിയും അനൈക്യവും ആണെന്ന് കേന്ദ്ര നേതാക്കൾക്ക് ഉറപ്പുണ്ട്. വളരെ മുതിർന്ന പാർട്ടി നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ തുടങ്ങിയ ചുരുക്കം ചില നേതാക്കന്മാർ മാത്രമാണ് ഇത്തരത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങളിൽ നിന്നും മാറി പാർട്ടി എങ്ങനെയെങ്കിലും കേരളത്തിൽ ശക്തമാകണം എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒതുങ്ങി കഴിയുന്നത്. എന്നാൽ ഈ മുതിർന്ന നേതാക്കന്മാരെ ഒഴിവാക്കുന്നതിനും ഒതുക്കുന്നതിനും ഒറ്റക്കെട്ടായി നിന്ന നേതാക്കളാണ് ഇപ്പോൾ സുരേന്ദ്രൻ അടക്കമുള്ള ഔദ്യോഗിക നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.