നിലവിലെ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ തിരഞ്ഞെടുപ്പ് രീതി നടപ്പിൽ വരുത്തുന്നതിന് വേണ്ടി, കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ല് നിയമമായി മാറുന്നതിന് ഒരു സാധ്യതയും ഇല്ലായെന്ന് വിലയിരുത്തപ്പെടുന്നു. വലിയ രഹസ്യ അജണ്ടകൾ നിറച്ചുകൊണ്ടുള്ള ഒരു ഭരണഘടനാഭേദഗതിയാണ്, ബിജെപി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഭരണഘടന ഭേദഗതി ചെയ്യണമെങ്കിൽ, പാർലമെന്റിൽ ഭരണപക്ഷത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടാകണം. കേവല ഭൂരിപക്ഷം മാത്രമാണ്, ഇപ്പോൾ നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാരിനുള്ളത്. ഈ ഭൂരിപക്ഷം കൊണ്ട് ഭരണഘടന ഭേദഗതി ചെയ്ത്, പുതിയ നിയമം നടപ്പിൽ വരുത്തുവാൻ കഴിയില്ല. മാത്രവുമല്ല, ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്രത്തിലെ, ഭരണപക്ഷ മുന്നണിയിലെ പ്രധാന ഘടക കക്ഷികളും, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ബിജെപി നേതൃത്വത്തിന്റെ നിർദേശങ്ങളോട് യോജിക്കുന്ന സ്ഥിതിയല്ല ഉണ്ടായിട്ടുള്ളത്. ലോകസഭയിൽ ഭരണഘടന ഭേദഗതിക്കായുള്ള ബില്ല് അവതരിപ്പിച്ച് കേവല ഭൂരിപക്ഷം നേടിയെങ്കിലും, അവസാനഘട്ട വോട്ടെടുപ്പിൽ ഒരു കാരണവശാലും ഭരണകക്ഷിക്ക്, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടുകൂടി ഭേദഗതി നിയമം നടപ്പിൽ വരുത്തുവാൻ കഴിയില്ല എന്ന കാര്യം ഉറപ്പാണ്.
ഭരണഘടന ഭേദഗതി നിർദ്ദേശം ഉൾക്കൊള്ളുന്ന ബില്ല്, കഴിഞ്ഞ ദിവസം കേന്ദ്ര നിയമ വകുപ്പ് മന്ത്രി ലോകസഭയിൽ അവതരിപ്പിച്ചിരുന്നു. ഇതിന്മേൽ നടന്ന വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം മാത്രമാണ്, ഭരണപക്ഷത്തിന് നേടുവാൻ കഴിഞ്ഞിട്ടുള്ളത്. സഭയിൽ ഹാജർ ഉണ്ടായിരുന്ന 461 അംഗങ്ങളിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത് 263 അംഗങ്ങൾ മാത്രമാണ്. ബില്ല് നിയമമാക്കുന്നതിന് സഭയിൽ ഭരണപക്ഷത്തിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുവാൻ കഴിയണം, ഇതിന് കുറഞ്ഞത് 307 പേർ എങ്കിലും അനുകൂലമായി കോട്ട രേഖപ്പെടുത്തണം. ഇതിന് ഒരിക്കലും സാധ്യതയില്ല. മാത്രവുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയെടുത്ത് പാസാക്കുവാൻ ഉദ്ദേശിക്കുന്ന, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഭരണഘടനാഭേദഗതിയോട്, ബിജെപി മുന്നണിയിലെ പ്രധാന പാർട്ടികളും യോജിപ്പിലല്ലായെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ, ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ വന്നപ്പോഴാണ്, ചന്ദ്രബാബു നയിക്കുന്ന തെലുങ്കുദേശം പാർട്ടിയെയും ജെ ഡി യു എന്ന പാർട്ടിയെയും ഒപ്പം ചേർത്തുകൊണ്ട്, നരേന്ദ്രമോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റത്. ഈ രണ്ട് പ്രധാന ഘടക കക്ഷികളും, നിലവിൽ അവതരിപ്പിച്ച ഭരണഘടനാഭേദഗതിയോട് പൂർണമായും യോജിക്കുന്നില്ലായെന്നാണ് അറിയുന്നത്. ഇത് മാത്രമല്ല, ബിജെപിയുടെ ലോകസഭാ അംഗങ്ങളിൽ തന്നെ ചിലർക്ക്, ഭേദഗതി ബില്ലിനോട് അനുകൂല നിലപാട് അല്ല. ബില്ല് ലോകസഭയിൽ അവതരിപ്പിച്ച് വോട്ടിനിടുന്നതുകൊണ്ട്, ബിജെപിയുടെ എല്ലാ അംഗങ്ങളും സഭയിൽ ഹാജരാകണമെന്ന്, കർശനമായി മൂന്ന് തവണ ബിജെപി വിപ്പ് നൽകിയതാണ്. ഈ മൂന്ന് വിപ്പുകളും ലഭിച്ചുകൊണ്ടാണ് സഭയിൽ ബിജെപിയുടെ 20 അംഗങ്ങൾ ഹാജരാകാതെ ഒഴിഞ്ഞു മാറിയത്. ഇത് ബിജെപിയുടെ നേതൃത്വത്തെയും പ്രധാനമന്ത്രിയെയും വലിയ ആശങ്കയിൽ ആക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്, ഇന്ത്യൻ ഭരണഘടനയുടെയും ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായത്തെയും കഴുത്തുഞെരിച്ചു കൊല്ലുന്ന ഒന്നാണ് എന്ന രീതിയിലാണ്, വിമർശനം ഉയർന്നിരിക്കുന്നത്. ഭാവിയിൽ, ഒരു രാജ്യം ഒരു പാർട്ടി, അത് ബിജെപി മാത്രമാവുക, എന്ന ലക്ഷ്യമാണ് ഭരണഘടനാഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പുതിയ സമ്പ്രദായം ആവിഷ്കരിക്കുന്നതിനായി, സർക്കാർ കൊണ്ടുവന്നിട്ടുള്ള ഭരണഘടനാഭേദഗതിയെ, കോൺഗ്രസ് പാർട്ടിയും സഖ്യകക്ഷികളും അതിശക്തമായി എതിർത്തിരിക്കുകയാണ്. ബില്ല് പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും ദുരുദ്ദേശത്തോടുകൂടിയാണ് കൊണ്ടുവന്നിരിക്കുന്നതെന്ന്, സമാജ് വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ പാർട്ടികളുടെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു കഴിഞ്ഞു. പാർലമെൻറിൽ നിയമ ഭേദഗതിക്കുള്ള സർക്കാർ സംരംഭത്തെ, എതിർക്കുക തന്നെ ചെയ്യും എന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാമതും കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടുകൂടി, രാജ്യത്ത് ബിജെപിയും സംഘപരിവാർ ശക്തികളും, ഉദ്ദേശിക്കുന്ന എന്തും നടപ്പിൽ വരുത്തുവാൻ കഴിയും എന്ന ധിക്കാരപരമായ ലക്ഷ്യത്തോടെയാണ്, ബിജെപി നേതൃത്വം നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കാര്യം നടപ്പിലാക്കിയെടുക്കുവാൻ, ഇപ്പോഴത്തെ സ്ഥിതിയിൽ പ്രധാനമന്ത്രിക്ക് കഴിയില്ല. കാരണം, ഭരണഘടന ഭേദഗതി ചെയ്യുന്നതിന്, നിലവിലുള്ള നിയമപ്രകാരം പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുന്ന ഭരണപക്ഷത്തിന്, മൂന്നിൽ രണ്ട് ശതമാനം അംഗങ്ങളുടെയും ഭൂരിപക്ഷം ഉണ്ടായേ മതിയാകൂ. പാർലമെൻറിനകത്ത് തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന വോട്ടിംഗ് യന്ത്രം, കൃത്രിമമോ കാലുമാറ്റ ഏർപ്പാടുകളോ നടക്കില്ല എന്നുള്ളത് കൊണ്ട്, ഭരണപക്ഷത്തിന്റെ മോഹങ്ങൾ ഫലം കാണുക പ്രയാസമുള്ള കാര്യമാണ്.
വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയും, കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ള, ഭരണഘടനാഭേദഗതി ബില്ല് നിയമമാക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടാൽ, ബിജെപി മുന്നണിയിലെ ഇപ്പോഴുള്ള ഐക്യവും തകരുന്ന സ്ഥിതിയുണ്ടാകും. തെലുങ്കുദേശം ജെഡിയു തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ, ഭേദഗതി നിയമം പരാജയപ്പെടുന്ന അവസ്ഥയുടെ പേരിൽ, പ്രധാനമന്ത്രിക്കും ബിജെപി നേതൃത്വത്തിനും എതിരെ തിരിയുന്ന സാഹചര്യം ഉണ്ടാകും. ഇത്തരത്തിൽ രൂപപ്പെടുന്ന ഐക്യം ഇല്ലായ്മ ഒരുപക്ഷേ തെലുങ്കുദേശം ജെഡിയു പാർട്ടികൾ നൽകിവരുന്ന, സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന സ്ഥിതിയിലേക്കും എത്തിച്ചേർന്നേക്കാം. ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ, നരേന്ദ്രമോദിക്കും ബിജെപി സർക്കാരിനും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി വരും. കേന്ദ്രസർക്കാരിൻറെ പതനം ആയിരിക്കും ഭരണഘടന ഭേദഗതി ബില്ലിന്റെ അന്ത്യഫലം എന്ന കരുതുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്.