ജനങ്ങൾക്ക് മുന്നിലേക്ക് പിരിവും പറഞ്ഞുകൊണ്ട് ഇറങ്ങിച്ചെല്ലാൻ ഒരു മടിയും ഇല്ലാത്ത പാർട്ടിയാണ് കേരളത്തിലെ സിപിഎം. ഉൽപ്പന്ന പിരിവ്, ബക്കറ്റ് പിരിവ്, രസീത് പിരിവ്, നിർബന്ധ പിരിവ്, ലെവി തുടങ്ങി പലതരം പേരുകളിലാണ് സിപിഎമ്മിന്റെ പിരിവ് കർമ്മങ്ങൾ നടക്കുക. ആഴ്ചയിൽ ഒരുവട്ടമെങ്കിലും, ജനങ്ങളുടെ മുമ്പിൽ ചെന്ന് കൈ നീട്ടിയില്ലെങ്കിൽ പാർട്ടി പ്രവർത്തനം മുന്നോട്ടു പോകില്ല എന്ന വിശ്വാസക്കാരാണ് സിപിഎമ്മിന്റെ പ്രവർത്തകരും നേതാക്കളും. സംഭാവന ചോദിച്ച് എവിടെയെങ്കിലും ചെന്നാൽ കൊടുത്തില്ലെങ്കിൽ അത്യാവശ്യ വിരട്ടൽ നടത്തി ഉദ്ദേശിച്ചത് മേടിച്ചെടുക്കാൻ സിപിഎമ്മുകാർക്ക് അറിയാം. ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ട്, ആർക്കും ഒരു രൂപയും കൊടുക്കാതെ വാശി കാണിക്കുന്ന ആൾക്കാർ പോലും സിപിഎം സഖാക്കൾ കയറിവരുമ്പോൾ, ഒരു കുറവും ഇല്ലാതെ ആവശ്യമുള്ള സംഭാവന തുക കൊടുക്കുന്നു എന്നത് പുതിയ കാര്യമല്ല.
കേരളത്തിലെ സിപിഎം എന്ന പാർട്ടി സമ്മേളന ബഹളങ്ങളിൽ തുടരുകയാണ്. പാർട്ടിയുടെ പല ഘടകങ്ങളുടെ സമ്മേളനങ്ങൾ നടത്തി, ഒടുവിൽ സംസ്ഥാന സമ്മേളനങ്ങളും ഏറ്റവും ഒടുവിൽ ദേശീയതലത്തിൽ നടത്തുന്ന പാർട്ടി കോൺഗ്രസുമാണ് പാർട്ടി പ്രവർത്തന പരിപാടികൾ. നാലുവർഷത്തിലൊരിക്കലാണ് ഈ പറയുന്ന പാർട്ടി സമ്മേളനങ്ങൾ നടക്കാറുള്ളത്. കേരളത്തിൽ ബ്രാഞ്ച് ലോക്കൽ ഏരിയ സമ്മേളനങ്ങൾ പൂർത്തീകരിച്ച്, സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ജില്ലാ സമ്മേളനങ്ങൾ പൂർത്തീകരിച്ചാൽ, സംസ്ഥാന സമ്മേളനം നടക്കും. ഇക്കുറി കൊല്ലത്താണ് സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുക. ഈ സമ്മേളനം ആഡംബരമായി നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഒരു ലക്ഷം പാർട്ടി പ്രവർത്തകരെ അണിനിരത്തി, വമ്പൻ പ്രകടനവും ആലോചിച്ചിട്ടുള്ളതായി റിപ്പോർട്ടുണ്ട്. 1500ലധികം പ്രതിനിധികൾ ദിവസങ്ങളോളം കൊല്ലത്ത് തന്നെ പരിപാടികളിൽ പങ്കെടുക്കും. സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമായിരിക്കും പുതിയ- പാർട്ടി സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുക
അങ്ങനെ വലിയതോതിൽ പ്ലാൻ ചെയ്തിട്ടുള്ള സിപിഎമ്മിന്റെ 24മത് പാർട്ടി കോൺഗ്രസ് നടക്കുന്നത്, തമിഴ്നാട്ടിലെ മധുരയിലാണ്. ഈ പരിപാടി വലിയ ആഘോഷമാക്കുന്നതിന് തീരുമാനിച്ചു കഴിഞ്ഞു. ദേശീയതലത്തിലുള്ള നേതാക്കളും പ്രതിനിധികളും വിവിധ ജില്ലകളിലെ പാർട്ടി ഭാരവാഹികളുമടക്കം രണ്ടായിരത്തോളം പ്രതിനിധികൾ, അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നാണറിയുന്നത്. ഇതിന് കോടിക്കണക്കിന് രൂപയുടെ ചിലവുണ്ടാകും എന്നും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി കോൺഗ്രസിൻറെ വിജയകരമായ നടത്തിപ്പിനു വേണ്ടി, കഴിഞ്ഞ ഒക്ടോബർ 22 ആം തീയതി മധുരയിൽ വലിയ സ്വാഗത സംഘ രൂപീകരണ സമ്മേളനം നടത്തിയിരുന്നു. ഏപ്രിൽ 2 മുതൽ 6 ഒരു ദിവസങ്ങളിലാണ് പാർട്ടി കോൺഗ്രസ് നടക്കുക. തമിഴ്നാട്ടിൽ അഞ്ചാമത്തെ തവണയാണ് സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടക്കുന്നത്.
സിപിഎമ്മിന്റെ ദേശീയ സമ്മേളനമാണ് മധുരയിൽ തീരുമാനിച്ചിട്ടുള്ളത്. ഇവിടെ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം, ദേശീയ പാർട്ടി ആണെങ്കിലും സിപിഎമ്മിന് ഭരണം ഉള്ളത് കേരളത്തിൽ മാത്രമാണ്. അതുകൊണ്ടുതന്നെ പാർട്ടി കോൺഗ്രസിൻറെ ഭാരിച്ച സാമ്പത്തിക ചെലവുകൾ സ്വരൂപിക്കുന്നതിന്, കേരള സംസ്ഥാന കമ്മിറ്റിയെയും മുഖ്യമന്ത്രിയെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്നും പാർട്ടി കോൺഗ്രസ് നടത്തിപ്പിനായി 100 കോടി രൂപ പിരിച്ചെടുക്കണം എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഭരണത്തിൽ ഇരിക്കുന്ന സാഹചര്യത്തിൽ, കേരളത്തിലെ വൻകിട വ്യവസായികളും സമ്പന്നരും ആയ ആൾക്കാരിൽ നിന്നും, സമ്മേളന ചെലവിലേക്ക് വലിയ തുകകൾ ചോദിച്ചു വാങ്ങുക എന്നതാണ് ഇപ്പോൾ ആലോചിച്ചിട്ടുള്ള കാര്യം. ഇതിന് പുറമേ സംസ്ഥാന സമ്മേളനം കഴിഞ്ഞശേഷം, മാർച്ച് മാസത്തിൽ കേരളമൊട്ടാകെയായി പാർട്ടിയുടെ മുഴുവൻ പ്രവർത്തകരെയും രംഗത്തിറക്കി, വീടുകൾ കയറി ഇറങ്ങിയുള്ള ബക്കറ്റ് പിരിവുകൾ അല്ലെങ്കിൽ, സംഭാവന പിരിക്കൽ എന്നിവ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഈ തരത്തിൽ, കേരളത്തിൽ മാത്രം കുറഞ്ഞത് 25 കോടി രൂപയെങ്കിലും ശേഖരിക്കുക എന്നതാണ് നേതൃത്വം ആലോചിക്കുന്നത്.
വലിയ തരത്തിലുള്ള സമ്മേളന പരിപാടികൾ പാർട്ടി ആലോചിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ചുകാലമായി സർക്കാരിൻറെ ജനങ്ങളെ മറന്നു കൊണ്ടുള്ള ഭരണ രീതികൾ, വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങൾ, മുൻകാലങ്ങളിൽ ഉണ്ടാകാത്ത വലിയ സാമ്പത്തിക ബുദ്ധിമുട്ടും ജീവിത ദുരിതവും അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ, പാർട്ടി സമ്മേളനങ്ങളുടെ പേരിൽ പലതവണ ജനങ്ങൾക്കുമുന്നിലേക്ക് പിരിവിനിറങ്ങിയാൽ, വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതെല്ലാം തിരിച്ചടിയായി മാറുമെന്ന് ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന ഇടങ്ങളിൽ പരാതികൾ ഉയരുന്നുണ്ട്. എന്നാൽ ഇതെല്ലാം വെറും മുടന്തൻ ന്യായങ്ങൾ എന്ന് പറഞ്ഞുകൊണ്ട് നേതാക്കൾ തള്ളിക്കളയുകയാണ്. പാർട്ടിയെ ഇപ്പോഴും ജനങ്ങൾ പ്രതീക്ഷയോടെ കാണുന്നുണ്ടെന്നും അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സഹായം ചോദിച്ചാൽ, അവർ മടിക്കാതെ തരും എന്ന രീതിയിലുള്ള ആഹ്വാനങ്ങളാണ് ജില്ലാ സമ്മേളനങ്ങളിൽ സംസ്ഥാന നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. കേരളത്തിലെ ജനങ്ങൾ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുമ്പോൾ , അവർക്കിടയിൽ നിന്നും 100 കോടി രൂപ പിരിച്ചെടുത്ത്, പാർട്ടി കോൺഗ്രസ് എന്ന പേരിൽ ആഡംബര സമ്മേളനം നടത്തുന്ന സിപിഎമ്മിന്റെ പ്രവർത്തന ശൈലിയോട് പാവങ്ങൾ പോലും എതിർപ്പിലാണ്.