കേരളത്തിൽ മുടങ്ങിക്കിടന്ന, കോൺഗ്രസ് പാർട്ടി നേതൃത്വ പുനസംഘടന അടുത്തമാസം തന്നെ നടക്കും എന്ന രീതിയിലുള്ള നീക്കങ്ങൾ സുധാകരൻ നടത്തിയിരിക്കുന്നു. ഒരുതരത്തിലും പുനസംഘടനയ്ക്ക് ഇടംകോലിടാൻ നേതാക്കൾക്ക് അവസരം കൊടുക്കാത്ത തന്ത്രങ്ങൾ പയറ്റിക്കൊണ്ടാണ്, സുധാകരൻ ഇപ്പോൾ കളത്തിൽ ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ എന്നല്ല ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവായ എ കെ ആൻറണിയുമായി, സുധാകരൻ രഹസ്യ ചർച്ച നടത്തിക്കഴിഞ്ഞു. 3 കൊല്ലക്കാലമായി പാർട്ടി പുനഃസംഘടന എന്ന കാര്യം നടപ്പിൽ വരുത്താൻ, താൻ നടത്തിയ ശ്രമങ്ങളെ ഗ്രൂപ്പ് കളിയുടെ പേരിൽ, നേതാക്കൾ തടസ്സപ്പെടുത്തിയത് സുധാകരൻ തെളിവ് സഹിതം ആൻറണിയെ ബോധ്യപ്പെടുത്തി. ഇനിയെങ്കിലും പാർട്ടി ഭാരവാഹികളെ പുതിയതായി തെരഞ്ഞെടുത്തു കൊണ്ട്, പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയില്ലായെങ്കിൽ, നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, അതിനുശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി പാർട്ടിക്ക് ഉണ്ടാകുമെന്ന സുധാകരന്റെ അഭിപ്രായം ആന്റണി അതേപടി ശരിവെച്ചതോടുകൂടിയാണ്, വലിയ ആത്മവിശ്വാസത്തോടുകൂടി സുധാകരൻ പുനസംഘടനാ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.
കേരളത്തിൽ കോൺഗ്രസിനകത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഒളിഞ്ഞും തെളിഞ്ഞും സ്വന്തം ഗ്രൂപ്പ് ശക്തിപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ കാര്യമായി ഫലം കണ്ടത് മുതിർന്ന പല നേതാക്കളിലും അസ്വസ്ഥത ഉണ്ടാക്കികഴിഞ്ഞു. സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ചില യുവ നേതാക്കളുടെ കൂട്ടായ്മ മുതിർന്ന നേതാക്കൾക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. അത് മാത്രമല്ല പാർട്ടിയിലെ ഏതുകാര്യവും, മുതിർന്ന നേതാക്കളുമായി ആലോചിക്കാതെ സതീശൻ തീരുമാനിക്കുന്നു എന്നതിൽ, മുതിർന്ന നേതാക്കൾക്ക് ശക്തമായ എതിർപ്പുണ്ട്. പാർട്ടിയുടെ കേരളത്തിലെ ഉന്നത പദവികളിൽ ഇരുന്ന മുതിർന്ന നേതാക്കളാണ്, സതീശന്റെ നീക്കങ്ങളെ എതിർക്കുന്നത്. മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ നാൽവർ സംഘം, സതീശന്റെ അധികാരപരമായ പ്രവർത്തന ശൈലിയിൽ ശക്തമായി പ്രതിഷേധിക്കുന്നവരാണ്. ഈ പറയുന്ന നേതാക്കൾ സ്വന്തം ഗ്രൂപ്പുകൾ മറന്ന് ഇപ്പോൾ കെപിസിസി പ്രസിഡണ്ട് സുധാകരന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു, എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡൻറ് പദവിയിൽ ഇരുന്ന, ഈ നാല് നേതാക്കളും സഹകരിച്ചാൽ, കെ സുധാകരന് ഹൈക്കമാന്റിന്റെ അനുമതിയോടുകൂടി കേരളത്തിലെ പാർട്ടി പുനസംഘടന നടത്തുവാൻ കഴിയും. ഇതിനിടയിൽ വളരെ വിദഗ്ധമായി മറഞ്ഞിരുന്നുകൊണ്ട് തന്ത്രങ്ങൾ മെനയുന്ന മറ്റൊരു നേതാവുമുണ്ട്. ഇപ്പോൾ ദേശീയതലത്തിൽ പാർട്ടിയുടെ സംഘടനാ കാര്യങ്ങൾ നോക്കുന്ന, കെ സി വേണുഗോപാൽ ആണ് ഈ തന്ത്രങ്ങൾക്ക് ശക്തി പകരുന്നത്. കെ സുധാകരൻ വേണുഗോപാലുമായി ഒരുമിച്ച് നിന്നുകൊണ്ട്, സതീശൻ അടക്കമുള്ള എതിർ ഗ്രൂപ്പുകളെ നിർവീര്യമാക്കുക എന്ന തന്ത്രമാണ് ഇപ്പോൾ ആവിഷ്കരിച്ചിട്ടുള്ളത്. സുധാകരന്റെ ഈ തന്ത്രങ്ങൾക്ക് ഒപ്പം നിൽക്കാൻ, ചെന്നിത്തലയടക്കമുള്ള മുതിർന്നവരും തയ്യാറായാൽ സുധാകരൻ പാർട്ടിയെ, ഉദ്ദേശിക്കുന്ന ഇടത്ത് കെട്ടും എന്ന കാര്യത്തിൽ തർക്കമില്ല. പ്രത്യേകിച്ചും സോണിയാഗാന്ധിയും രാഹുൽഗാന്ധിയും അടക്കമുള്ള എല്ലാദേശീയ നേതാക്കളും ഇപ്പോഴും ബഹുമാനത്തോടെ കാണുന്ന ആൻറണിയുടെ പിന്തുണ കൂടി സുധാകരന് ഉണ്ടായാൽ, എതിർവിഭാഗത്തിൻ്റെ എല്ലാ അമ്പുകളും ഒടിഞ്ഞു മുറിയുന്ന സ്ഥിതിയുണ്ടാകും.
പ്രതിപക്ഷനേതാവിന്റെ കസേര തട്ടിയെടുത്തതിൽ, വി ഡി സതീശനോട് ഏറെക്കാലമായി അടങ്ങാത്ത വിരോധമുള്ള നേതാവാണ് ചെന്നിത്തല. അതുകൊണ്ടുതന്നെ സതീശന് എതിരായ രാഷ്ട്രീയ നീക്കങ്ങളിൽ ആരുടെ ഒപ്പം നിൽക്കുവാനും ചെന്നിത്തല തയ്യാറാകുന്നു. മുരളീധരന്റെ സ്ഥിതിയും മറിച്ചല്ല, വടകരയിൽ എംപി ആയിരുന്ന മുരളിയെ ഒരു കാരണവുമില്ലാതെ തൃശ്ശൂരിൽ മത്സരിപ്പിച്ച് തോൽപ്പിച്ചതിന്റെ പിന്നിൽ, സതീശന്റെ തന്ത്രങ്ങളാണ് നടന്നത് എന്ന് പരാതി ഉള്ള ആളാണ് മുരളീധരൻ. അതുകൊണ്ടുതന്നെ സതീശനെ അടിക്കാൻ കിട്ടുന്ന ഏതു വഴിയും എടുത്ത് പ്രയോഗിക്കാൻ മുരളീധരൻ മടിക്കില്ല.
ഏതായാലും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത്, നിലവിലെ പാർട്ടി പ്രസിഡണ്ടായ സുധാകരൻ വീണ്ടും ശക്തിയാർജ്ജിക്കുകയാണ്. തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്, സുധാകരൻ ശത്രുവായ നേതാക്കളെ വെട്ടുവീഴ്ത്താൻ ഒരുങ്ങുന്നത്. കെപിസിസി പ്രസിഡണ്ട് പദവിയിൽ സുധാകരൻ തുടർന്നുകൊണ്ട്, മറ്റു ഭാരവാഹികളുടെ നിയമനം നടത്തുക എന്നതാണ്. ഇപ്പോൾ ഏകദേശം ധാരണ ഉണ്ടായിട്ടുള്ളത്, നിലവിൽ കെപിസിസി ഭാരവാഹി പട്ടിക 150ലധികം നേതാക്കളുടെ ജംബോ കമ്മിറ്റി ആയിരുന്നു. ഇത് പിരിച്ചുവിട്ട ശേഷം, സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡണ്ടിനെ കൂടാതെ മൂന്ന് വർക്കിംഗ് പ്രസിഡണ്ടുമാരും, രണ്ട് വൈസ് പ്രസിഡന്റുമാരും ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന ട്രഷറാറായും, പുനസംഘടന 30 അംഗങ്ങളിൽ താഴെയുള്ള ഭാരവാഹികളിൽ ഒതുക്കുക എന്ന ധാരണയാണ് സുധാകരൻ ഉണ്ടാക്കിയിട്ടുള്ളത്. ഇതുകൂടാതെ, ഇപ്പോൾ പ്രവർത്തനം ശോഷിച്ചു കിടക്കുന്ന, കോൺഗ്രസ് പാർട്ടിയുടെ എട്ട് ഡിസിസി പ്രസിഡന്റുമാരെ മാറ്റി, പുതിയ ആൾക്കാരെ നിയമിക്കുന്നതിനും ധാരണയുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. കേരളത്തിൽ കോൺഗ്രസിനകത്തുള്ള ഗ്രൂപ്പ് മാനേജർമാർ, സ്വന്തം താല്പര്യത്തിന് വേണ്ടി മുടക്കിയിട്ടിരുന്ന പാർട്ടി പുനസംഘടന എന്ന ഏർപ്പാട്, ഏറ്റവും മുതിർന്ന നേതാക്കളുടെയും ഹൈക്കമാന്റിന്റെയും സമ്മതത്തോടുകൂടി നടപ്പിൽ വരുത്തുക എന്ന, സുധാകരന്റെ ഏറെക്കാലമായുള്ള ആഗ്രഹം നടക്കുവാൻ സാധ്യത തെളിഞ്ഞതായിട്ടാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.