കേരളത്തെ സംബന്ധിച്ചിടത്തോളം ജനസംഖ്യയിലെ നല്ലൊരു പങ്ക് അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്യുന്ന ആൾക്കാരാണ്. ഇവരൊക്കെ നാട്ടിലേക്കും വീട്ടിലേക്കും മടങ്ങിയെത്തുന്ന അവസരമാണ് ക്രിസ്തുമസ് നവവത്സര ആഘോഷ സമയം. ഈ പ്രത്യേകത മുതലെടുക്കാൻ കേരളത്തിൽ നിന്നും സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസ് ഉടമകളും, അതുപോലെതന്നെ കേരള സർക്കാരിൻറെ ട്രാൻസ്പോർട്ട് കോർപ്പറേഷനും ഒരു മടിയും കാണിക്കുന്നില്ല എന്നത് വലിയ പരാതിയാണ് ഉയർത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ നിന്നും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന വാഹന ഉടമകളാണ് 300 ഇരട്ടിയോളം ചാർജ് ഈടാക്കാൻ രംഗത്ത് വന്നിരിക്കുന്നത്. ഈ ചാർജ് വർദ്ധനയുടെ കാര്യത്തിൽ നമ്മുടെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതരും മടിക്കുന്നില്ല എന്നതാണ് ഖേദകരമായ കാര്യം.
ഉത്സവ സീസൺ ആകുമ്പോഴേക്കും മുൻകൂട്ടി തന്നെ, മലയാളികൾ ട്രെയിനുകളിൽ സീറ്റുകൾ റിസർവ് ചെയ്യുക പതിവാണ്. രണ്ടും മൂന്നും മാസം മുമ്പ് തന്നെ സ്വന്തം നാട്ടിലേക്ക് മലയാളികൾ ടിക്കറ്റുകൾ ബുക്ക് ചെയ്യും. കഴിഞ്ഞ ഒരു മാസമായി കേരളത്തിലേക്ക് സർവീസ് നടത്തുന്ന ഒരു ട്രെയിനിലും സീറ്റ് ലഭ്യമല്ല. എല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടു എന്നതാണ് സ്ഥിതി. അങ്ങനെ ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതെ വരുമ്പോൾ സ്വാഭാവികമായും അന്തർ സംസ്ഥാന ബസുകളെ ആശ്രയിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല. ഈ അവസരമാണ് ബസ് ഉടമസ്ഥർ മുതലെടുക്കുന്നത്.
ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന, എയർകണ്ടീഷൻ ബസുകളിൽ നിലവിൽ ടിക്കറ്റ് ചാർജ് 400 രൂപ മുതൽ 950 രൂപ വരെയായിരുന്നു. ഇതാണ് സീസൺ പ്രമാണിച്ച് 5000 രൂപയായി ബസ്സുടമകൾ വർധിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ബസ് ഉടമകൾ മാത്രമല്ല സർക്കാരിൻറെ ട്രാൻസ്പോർട്ട് കോർപ്പറേഷനും ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തിൽ അധികം വർദ്ധനവ് ഇപ്പോൾ നടപ്പിൽ വരുത്തിയിരിക്കുകയാണ്. ബംഗളൂർ -ട്രിവാൻഡ്രം 1350 രൂപയിൽ നിന്നും ഇപ്പോൾ 2020 ആക്കിയാണ് കൂട്ടിയിരിക്കുന്നത്. 700 രൂപ ടിക്കറ്റ് ചാർജ് ഈടാക്കിയിരുന്ന വോൾവോ ബസ്സിൽ ഇപ്പോൾ നിരക്ക് 2591 രൂപയാണ്.
ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന ബസുകൾ സർവീസ് നടത്തുന്ന, കോഴിക്കോട് നിന്നും യാത്ര തിരിക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വകാര്യ ബസുകളും ഭീമമായ നിരക്ക് വർദ്ധന യാത്രക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ട്രെയിൻ ടിക്കറ്റുകൾ ഒരുതരത്തിലും ലഭ്യമല്ലാത്തതിനാൽ, ബസ് ഉടമകളുടെ ഏത് നിരക്കും നൽകിക്കൊണ്ട് ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ്, കേരളത്തിന് പുറത്തുള്ള മലയാളികൾ. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടുന്ന ബസ്സിന്, ടിക്കറ്റ് നിരക്ക് 900 രൂപ മുതൽ 1250 വരെ ആയിരുന്നത്, ഇപ്പോൾ 2500 രൂപ മുതൽ 3000 രൂപ വരെയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള ബസുകളുടെ ടിക്കറ്റ് നിരക്ക് 1200 രൂപ മുതൽ 1500 രൂപ വരെ ആയിരുന്നത്, 3300 മുതൽ 3800 രൂപ വരെയായി വർദ്ധിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നിരക്കിന്റെയും സ്ഥിതി ഇതാണ്, 2000 രൂപയ്ക്ക് താഴെ ആയിരുന്ന സാധാരണ ടിക്കറ്റ് നിരക്ക് ഇപ്പോൾ 3500 നും 4500 നും ഇടയിലേക്ക് ഉയർന്നിരിക്കുന്നു. കൊച്ചിയിൽ നിന്നും ചെന്നൈയിലേക്കുള്ള ബസ്സുകളുടെ യാത്രാനിരക്ക് 2000 രൂപയ്ക്ക് താഴെ ആയിരുന്നത് ഇപ്പോൾ 4000 മുതൽ 5000 രൂപ വരെയായി സ്വകാര്യ ബസ്സുടമകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവാസി മലയാളികൾ അവധിയെടുത്ത് സ്വന്തം നാട്ടിലേക്ക് എത്തുന്നത് വർഷത്തിൽ രണ്ട് അവസരങ്ങളിൽ ആണ്. ഒന്നാമതായി ഓണക്കാലവും രണ്ടാമത് ക്രിസ്തുമസ് നവവത്സര കാലവും. ഈ രണ്ട് അവസരങ്ങളിലും വളരെ വിദഗ്ധമായി, യാത്രക്കാരായി എത്തുന്ന മലയാളികളെ ചൂഷണം ചെയ്യുന്നതിന് വാഹന ഉടമകൾ പതിവായി ശ്രമം നടത്തുകയാണ്. ഇതിനെതിരെ പല അവസരങ്ങളിലും പ്രതിഷേധ സ്വരങ്ങൾ ഉയരുകയും, സർക്കാർ നടപടിക്ക് ആവശ്യം ഉയരുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഒരിക്കൽ പോലും അധികാരികൾ ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല എന്നതാണ് വാസ്തവം. സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷൻ അന്യസംസ്ഥാന സർവീസുകൾ നടത്തുന്ന ബസുകളിൽ ഉയർന്ന നിരക്ക് പ്രാബല്യത്തിൽ വരുത്തുന്നതുകൊണ്ട്, സ്വകാര്യ ബസ് ഉടമകൾ എന്ത് അനീതി കാണിച്ചാലും അതിനെ എതിർക്കാൻ സർക്കാരും തയ്യാറാകാറില്ല.
യാത്രക്കാരെ കുത്തിപ്പിഴിയുന്ന സ്വകാര്യ ബസ്സുടമകളുടെ ഈ അഹങ്കാരത്തിന് പിന്നിൽ മറ്റു ചില കഥകളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്ക് അനുമതി തേടിയെത്തുന്ന, സ്വകാര്യ ബസ് ഉടമകളും ട്രാൻസ്പോർട്ട് വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിൽ നടത്തുന്ന അഴിമതിയുടെയും മാസപ്പടിയുടെയും കരുത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഓരോ സ്വകാര്യ ബസ് ഉടമകളും ഉത്സവ സീസണിൽ ഓരോ ട്രിപ്പിനും നിശ്ചിത തുക കണക്കാക്കി, ട്രാൻസ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകി വരുന്നുണ്ട് എന്നാണ് അറിയുന്നത്. ഇതിനെ തടയുവാൻ കഴിയുക സംസ്ഥാന ഗതാഗത വകുപ്പിനാണ്, എന്നാൽ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്മാർ മൗനമായി അനുമതി കൊടുക്കുകയും അഴിമതി നടത്തുകയും ചെയ്യുന്ന കാര്യം അറിയാവുന്ന ഒരു മേലുദ്യോഗസ്ഥനും ബസ്സുടമകൾക്കെതിരെ തിരിയാൻ തയ്യാറാവുന്നില്ലായെന്നതാണ് ഇതെൻറെ പിന്നിലെ കഥകൾ എന്ന് അറിയപ്പെടുന്നത്. നന്ദി, നമസ്കാരം