ഏണി ചിഹ്നം ഒടിയുമോ

ലീഗ് നേതൃത്വത്തിൽ ഭിന്നത രൂക്ഷം

പിളരുംതോറും വളരുന്ന കേരള കോൺഗ്രസിനെ പോലെ ആയിരുന്നില്ല, കേരളത്തിലെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി. പാണക്കാട് കുടുംബം അച്ചുതണ്ടായി അംഗീകരിച്ചുകൊണ്ട്, പാർട്ടി നയിച്ചിരുന്ന നേതാക്കളും പ്രവർത്തകരും ആയിരുന്നു ലീഗ് എന്ന പാർട്ടിയുടെ ശക്തി. എന്നാൽ ഇപ്പോൾ സ്ഥിതിയൊക്കെ മാറിയിരിക്കുന്നു. പാണക്കാട്തങ്ങളെ മുഖത്തുനോക്കി ചോദ്യം ചെയ്യുന്ന പാർട്ടി നേതാക്കൾ ഇപ്പോൾ ഉണ്ടായിരിക്കുന്നു. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയപാർട്ടി ആണെങ്കിലും, പ്രബലമായ ഒരു മത വിഭാഗത്തിന്റെ തണലിലാണ് ആ പാർട്ടി വളർന്നതും നിലനിന്നതും. പാർട്ടി എന്നതിലുപരിയായി, മുസ്ലിം മത വിഭാഗത്തിനിടയിൽ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് പ്രവർത്തിച്ചിരുന്ന, വലിയ സ്വാധീനമുള്ള ചില മതസംഘടനകളുടെ പിൻബലവും മുസ്ലിം ലീഗിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എപ്പോഴും ആ പാർട്ടിക്ക് സ്വന്തം ശക്തി കേന്ദ്രങ്ങൾ ഉറപ്പിച്ചു നിർത്താൻ കഴിഞ്ഞിരുന്നു. കുറച്ചുകാലമായി പാർട്ടിയുടെ ഇത്തരത്തിലുള്ള ഐക്യത്തിൽ ഉറച്ച പ്രവർത്തന ശൈലിക്ക് വിള്ളൽ വീണിരുന്നു. ദേശീയതലത്തിലും സംസ്ഥാനത്തിലും പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർന്നു വരുമ്പോൾ, തന്ത്രപരമായ നിലപാടുകൾ ധൈര്യത്തോടെ പുറത്തു പറഞ്ഞിരുന്ന നേതാക്കൾ മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ, പഴയകാല ശൈലിക്ക് ബലമായിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടിയെ നയിക്കുന്ന കാര്യത്തിൽ, ചോദ്യം ചെയ്യപ്പെടാത്ത ഒരു നേതാവ് ഇല്ലാതായിരിക്കുന്നു എന്നതാണ്. അതി രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് ഇപ്പോൾ ആ പാർട്ടിയെ വീഴ്ത്തിയിരിക്കുന്നത്.

മുസ്ലിം മതവിശ്വാസികൾക്കിടയിൽ വലിയ സ്വാധീനമുള്ള മത സംഘടനയാണ് സമസ്ത. ഈ സംഘടനയുടെ പ്രവർത്തനവും ഒറ്റക്കെട്ടായി ഉള്ളതായിരുന്നു. ആ സംഘടനയിലും പലതരത്തിലുള്ള വിവാദങ്ങൾ തലപൊക്കുകയും, നേതാക്കൾ പരസ്പരം പോരടിക്കുകയും ചെയ്യുന്ന സ്ഥിതി അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു. ഒരു തെരഞ്ഞെടുപ്പ് ഉണ്ടായാൽ, അതിൽ തോൽവിയും ജയവും നിശ്ചയിക്കാൻ കഴിയുന്ന വോട്ട് ശക്തി ഉള്ള ഒരു മതസംഘടനയായിരുന്നു സമസ്ത. സംഘടനയിലെ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, മുസ്ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ വരെ, നേരിട്ട് മധ്യസ്ഥനായി ഇടപെട്ടു എങ്കിലും അത് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയില്ലായെന്ന്. മാത്രമല്ല പ്രതിസന്ധികൾ കൂടുതൽ വ്യാപകമാവുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായി. സമസ്തയിലെ ഭാരവാഹികൾ തമ്മിലുള്ള പോര് ഇപ്പോഴും ശക്തമായി തുടരുകയാണ്. സമസ്തയിൽ ഉണ്ടായിട്ടുള്ള ചേരിതിരിവുകൾ ഏറ്റവും ശക്തമായ രീതിയിൽ ബാധിക്കുന്നത് മുസ്ലിംലീഗ് പാർട്ടിയെ ആയിരിക്കും എന്നതാണ് ഗൗരവമുള്ള വിഷയം.

സമസ്ത നേതൃത്വത്തിലെ പ്രശ്നങ്ങൾ തുടർന്നുവരുന്ന സ്ഥിതിവിശേഷത്തിലാണ്, മുനമ്പം വഖഫ് ഭൂമി വിവാദം കടന്നുവന്നത്. എറണാകുളം ജില്ലയിലെ മുനമ്പം പഞ്ചായത്തിൽ താമസിക്കുന്ന, നിരവധി കുടുംബങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം വഖഫ് ബോർഡിൻറെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്നും, താമസക്കാർ അവിടെ നിന്നും ഒഴിയണമെന്നും കാണിച്ചുകൊണ്ട്, നോട്ടീസ് നൽകിയതോടു കൂടിയാണ് ജനങ്ങൾ സംയുക്തമായി സമര രംഗത്തേക്ക് ഇറങ്ങിയത്. കാലങ്ങളായി വീട് വച്ചു കഴിയുന്ന, നിരവധി കുടുംബങ്ങൾ ഒഴിഞ്ഞു പോകണമെന്നാണ് നിർദ്ദേശം. അവിടെ ഉള്ള ഭൂരിഭാഗം കുടുംബങ്ങളും ലത്തീൻ സമുദായ വിഭാഗത്തിൽപ്പെട്ടവർ ആയതുകൊണ്ട് ഇത്തരമൊരു നിർദ്ദേശം ആ വിഭാഗത്തെ വലിയ പ്രതിഷേധത്തിൽ എത്തിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു വലിയ സമുദായത്തിന് ദോഷം ഉണ്ടാകുമ്പോൾ, ഒപ്പം നിന്നില്ലായെങ്കിൽ രാഷ്ട്രീയപാർട്ടികൾക്ക് ക്ഷീണം ഉണ്ടാകുമെന്ന് കരുതിയതോടുകൂടി, ചില പാട്ടുകൾ സമരവേദിയിൽ പിന്തുണയുമായി എത്തി. എന്നാൽ വഖഫ് ബോർഡും, അതിൻറെ അധീനതയിലുള്ള സ്ഥാപനങ്ങളും, സ്വത്തുമെല്ലാം മുസ്ലിം മത വിഭാഗത്തിന്റെ ഒരു ഭാഗം ആയതിനാൽ, ഈ സംഭവത്തിൽ എതിർത്തും അനുകൂലിച്ചും നിലപാടെടുക്കാൻ കഴിയാത്ത ഗതികെട്ട അവസ്ഥയിലേക്ക്, മുസ്ലീം ലീഗ് പാർട്ടി നേതൃത്വം എത്തുകയാണ് ഉണ്ടായത്. ഇത്തരത്തിൽ പാർട്ടി നേതാക്കൾ മൗനം തുടർന്നപ്പോൾ, മുനമ്പം വിഷയംകൈകാര്യം ചെയ്യുന്നതിൽ ലീഗ് നേതൃത്വം പരാജയപ്പെട്ടു എന്നും, വഖഫ് ബോർഡിൻറെ നീക്കങ്ങൾക്ക് അനുകൂലമായ നിലപാട് പാർട്ടി നേതൃത്വം എടുക്കാത്തത് തെറ്റാണ് എന്ന രീതിയിൽ വലിയ വിമർശനങ്ങളും ഉണ്ടായതോടുകൂടി, നേതാക്കൾ രണ്ടു തട്ടിലേക്ക് പക്ഷം തിരിയുന്ന സ്ഥിതിയാണ് രൂപപ്പെട്ടത്. ഇപ്പോഴും ഈ പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുന്ന നേതൃത്വത്തിന്, ഒരുതരത്തിലും ഒരു നിലപാട് എടുത്ത് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്.

മുസ്ലിം ലീഗ് എന്ന പാർട്ടി, ഐക്യ ജനാധിപത്യ മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടിയാണ്.
യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസ് പാർട്ടിയുടെ നേതാവും പ്രതിപക്ഷനേതാവും ആയ വി ഡി സതീശൻ മുനമ്പം സമരവേദിയിൽ എത്തി, സമരത്തിന് പിന്തുണ പറയുകയും ചെയ്തതോടുകൂടി മുസ്ലിം ലീഗ് നേതൃത്വം വലിയ വിഷമത്തിൽ ആയി. ഇതിനിടയിലാണ് പാർട്ടി നേതാക്കളിൽ ശക്തനായ കെ എം ഷാജി, കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പരസ്യമായി രംഗത്ത് വന്നത്. ഷാജിയുടെ അഭിപ്രായത്തെ തടയുവാൻ പി കെ കുഞ്ഞാലിക്കുട്ടി ശ്രമം നടത്തിയെങ്കിലും, മറ്റു മുതിർന്ന നേതാക്കൾ അതിനോട് യോജിക്കാതെ വന്നപ്പോൾ കുഞ്ഞാലിക്കുട്ടിയും പ്രതിസന്ധിയിലായി.

ഇപ്പോൾ ഏറ്റവും ഒടുവിൽ പാർട്ടിയുടെ കേരള നേതൃത്വം ഏതാണ്ട് പൂർണമായും സ്തംഭിച്ചു നിൽക്കുന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. പാർട്ടിയുടെ ഉന്നതതല യോഗം പോലും ചേരുവാൻ കഴിയാത്ത സ്ഥിതിയാണ്, ഇപ്പോൾ കേരളത്തിലെ മുസ്ലിം ലീഗ് പാർട്ടിയിൽ നിലനിൽക്കുന്നത്. പാർട്ടിയുടെ നേതാക്കളായ കുഞ്ഞാലിക്കുട്ടി, മുഹമ്മദ് ബഷീർ, കെ പി എ മജീദ് സമദാനി, ഇബ്രാഹിം കുഞ്ഞ്, പി എം എ സലാം, സി ടി അഹമ്മദാലി, മായിൻ ഹാജി, അബ്ദുൽ റഹ്മാൻ രണ്ടത്താണി, എം കെ മുനീർ, കെ എം ഷാജി തുടങ്ങിയ ആൾക്കാർ പരസ്പരം ഏറ്റുമുട്ടിക്കൊണ്ട് രണ്ടു തട്ടിലായി നിലയുറപ്പിച്ച് മുന്നോട്ട് പോവുകയാണ്. ഇത്തരം പ്രതിസന്ധികൾ മുസ്ലിം ലീഗ് പാർട്ടിയിൽ കടന്നുവരുമ്പോൾ നിമിഷങ്ങൾ കൊണ്ട് പ്രശ്നങ്ങൾ പരിഹരിച്ച്, പാർട്ടിയിൽ ഐക്യം നിലനിർത്താൻ രംഗത്ത് വരാറുള്ളത് പാണക്കാട് തങ്ങൾമാർ ആയിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഒരു സ്ഥിതി ഇല്ല എന്നതാണ് വാസ്തവം. പാണക്കാട് തങ്ങൾമാരിൽ ഒരാൾ, പാർട്ടിയുടെ പരമാധികാരി ആയിരിക്കുന്ന ചരിത്രമാണ് ലീഗ് പാർട്ടിക്ക് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. ഇപ്പോഴും പാർട്ടി പ്രസിഡൻറ് പാണക്കാട് തങ്ങൾ ആണെങ്കിലും, അദ്ദേഹത്തിൻറെ ആജ്ഞാ ശക്തിയിൽ ഇടിവുണ്ടായി എന്നാണ് മനസ്സിലാകുന്നത്. പാർട്ടി പ്രസിഡണ്ടായ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിട്ടും, പാർട്ടിയിൽ യോജിപ്പ് ഉണ്ടാക്കാൻ കഴിയുന്നില്ല എന്നത്, പാർട്ടിയുടെ ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന മുനമ്പം വിഷയവും, സമസ്ത നേതൃത്വത്തിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടില്ലായെങ്കിൽ, മുസ്ലിം ലീഗ് എന്ന ശക്തമായ പാർട്ടിയുടെ അടിത്തറ ഇളകുന്ന സ്ഥിതിയാകും ഉണ്ടാവുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.