കേരളത്തിലെ സമുന്നതനായ നേതാവായിരുന്ന, കെ എം മാണി സംഘടിപ്പിച്ച പാർട്ടിയാണ്, കേരള കോൺഗ്രസ്. ആ പാർട്ടി പലതായി പിളർന്നപ്പോൾ, അതിൽ ഒരെണ്ണവുമായി കെഎം മാണിയുടെ മകൻ ജോസ് കെ മാണി മുന്നോട്ടുപോയി. കോൺഗ്രസ് നയിക്കുന്ന യുഡിഎഫിൽ നാലു പതിറ്റാണ്ടിലധികം ഉറച്ചുനിന്നിരുന്ന മാണി, കേരള കോൺഗ്രസ് മുന്നണി വിട്ടു, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, മുന്നണിയിൽ ചേരുകയാണുണ്ടായത്. തെരഞ്ഞെടുപ്പിൽ 5 എംഎൽഎമാരെകിട്ടുകയും ഒരാൾ മന്ത്രിയാവുകയും ചെയ്തതോടുകൂടി, മാണി കേരള വലിയ ശക്തിയായി മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ, പാർട്ടിക്ക് ലഭിച്ച കോട്ടയം സീറ്റിൽ തോൽവി ഉണ്ടായതോടുകൂടി, മാണി കേരള കോൺഗ്രസിൽ വലിയ ഭിന്നതയുണ്ടായി. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി പാർട്ടി ചെയർമാൻ ജോസ് കെ മാണിക് എതിരേതിരിയുന്ന സ്ഥിതിയും ഉണ്ടായി. കോട്ടയം സീറ്റിൽ മത്സരിച്ച തോമസ് ചാഴിക്കാടൻ തോറ്റപ്പോൾ, അതിന് കാരണമായി പറഞ്ഞത്, മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് എംപി ആയിരുന്ന ചാഴിക്കാടനെതിരെ പരസ്യമായി ആക്ഷേപത്തിന് തയ്യാറായതുകൊണ്ടാണ്, എന്ന വിലയിരുത്തലും പാർട്ടി യോഗത്തിൽ ഉണ്ടായി. അങ്ങനെ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം, മാണി കേരള കോൺഗ്രസ് നേതാക്കന്മാർ തമ്മിലുള്ള കടുത്ത വൈരാഗ്യം മൂലം പ്രതിസന്ധിയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ കർഷക ജനങ്ങളുടെ പിന്തുണയിലാണ്, കേരള കോൺഗ്രസ് പാർട്ടികൾ നിലനിൽക്കുന്നത്. ഇതിൽ കർഷക പിന്തുണ കൂടുതലുള്ളത്, മാണി കേരള കോൺഗ്രസിനാണ്. അതുകൊണ്ടുതന്നെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സർക്കാർ തയ്യാറായില്ലായെങ്കിൽ സർക്കാരിനെതിരെ സമരം നടത്താൻ പാർട്ടി ബാധ്യസ്ഥരാണ്. ഇപ്പോൾ പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാർ നിരന്തരം കർഷകരെ ദ്രോഹിക്കുകയാണ് എന്നും, കർഷകരെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുമുഉള്ള ആക്ഷേപങ്ങളാണ്, കോട്ടയത്ത് ചേരുന്ന ഏത് പാർട്ടി യോഗത്തിലും ഉയരുന്നത്. മാത്രവുമല്ല, ഇടതുപക്ഷ മുന്നണിയിൽ ഘടകകക്ഷി ആയി തുടർന്നാൽ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയില്ലെന്നും മുതിർന്ന നേതാക്കൾ അഭിപ്രായം പറയുന്നുണ്ട്.
കർഷകർക്ക് സർക്കാർ നൽകേണ്ട എല്ലാ സഹായ വിതരണവും, സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിക്കിടക്കുകയാണ്. ഇതിനിടയിലാണ് നിലവിലുള്ള വനനിയമം ഭേദഗതി ചെയ്യുന്നതിന്, സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. ഈ ഭേദഗതി മലയോര മേഖലയിലെ മുഴുവൻ ആൾക്കാരെയും ദുരിതത്തിൽ ആക്കുമെന്നും, പാർട്ടിനേതാക്കൾ പറയുന്നുണ്ട്. മലയോര ജില്ലകളിൽ, വന്യജീവികളും മനുഷ്യരുമായുള്ള സംഘർഷവും ജീവഹാനിയും തുടർന്നുകൊണ്ടിരിക്കുമ്പോൾ, അതിന് പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കാതെ, കർഷകരുടെ ജീവിതത്തെ അപകടത്തിൽ ആക്കുന്ന ഭേദഗതി നിയമം എന്തിനുവേണ്ടി, എന്ന് ചോദിച്ചു രോഷം കൊള്ളുകയാണ് നേതാക്കൾ.
ഇപ്പോൾ ഇടതുപക്ഷ മുന്നണിയുടെ കൂടെ നിൽക്കുന്ന, മാണി കേരള കോൺഗ്രസ് മുന്നണി ബന്ധം ഉപേക്ഷിച്ച്, യു ഡി എഫിലേക്ക് തിരികെ പോകണം എന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ്, യോഗങ്ങളിൽ മുതിർന്ന നേതാക്കൾ ഉയർത്തുന്നത്. എന്നാൽ നേതാക്കളുടെ ഈ അഭിപ്രായങ്ങളെ, ജോസ് കെ മാണി തള്ളിക്കളയുകയാണ്. ഇതിൻറെ കാരണം സ്വന്തം കാര്യം മാത്രം നോക്കുന്ന, പാർട്ടി ചെയർമാൻറെ സ്വഭാവം കൊണ്ടാണെന്ന് ആക്ഷേപിക്കുന്ന നേതാക്കളുമുണ്ട്. സ്വന്തം രാജ്യസഭാ അംഗത്വം നഷ്ടപ്പെട്ടപ്പോൾ, മുഖ്യമന്ത്രി മുൻകൈ എടുത്താണ്, സിപിഎമ്മിന്റെ കയ്യിലിരുന്ന രാജ്യസഭാ സീറ്റ്, ജോസ് കെ മാണിക്ക് നൽകിയത്. ഇത് മുഖ്യമന്ത്രിക്ക് ജോസ് കെ മാണിയോടുള്ള പ്രത്യേക താൽപര്യം കൊണ്ടാണെന്ന് നേതാക്കൾക്ക് അറിയാം. മുഖ്യമന്ത്രിയെ പിണക്കുന്നതിന് താല്പര്യമില്ലാത്ത ആളാണ് പാർട്ടി ചെയർമാൻ എന്നും, നേതാക്കൾ തിരിച്ചറിയുന്നുണ്ട്. മാത്രവുമല്ല പുതിയതായി രാജ്യസഭയിൽ എത്തിയ ജോസ് കെ മാണിക്ക്, ഇനിയും അഞ്ചുവർഷക്കാലം ആ പദവിയിൽ തുടരുവാൻ കഴിയുന്നതുകൊണ്ട്, സ്ഥാനമാനങ്ങൾ ഇല്ല എന്ന് ഭയപ്പെടേണ്ട കാര്യവും ഇല്ല. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും അതിനുശേഷം ഉണ്ടാകുന്ന, നിയമസഭാ തെരഞ്ഞെടുപ്പും നേരിട്ടാൽ, പാർട്ടിയുടെ ഒരു സ്ഥാനാർഥി പോലും ഒരിടത്തും ജയിച്ചു വരില്ല എന്ന്, മുതിർന്ന നേതാക്കൾ മനസ്സിലാക്കുന്നുണ്ട്. ഇത്തരം ഒരു സ്ഥിതി വന്നാൽ, പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടാവില്ല. മറ്റു നേതാക്കൾക്കാണ് പെരുവഴിയിൽ ആകുന്ന ഗതികേട് വരിക. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ്, മുന്നണി മാറ്റത്തിനു വേണ്ടി മുതിർന്ന നേതാക്കൾ ശബ്ദമുയർത്തുന്നത്.
ഇപ്പോൾ പാർട്ടിക്കകത്തു നടക്കുന്ന, നേതാക്കന്മാർ തമ്മിലുള്ള വഴക്കും, ചെയർമാന്റെ സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാടും, വലിയ പ്രതിസന്ധിയിലേക്ക് പാർട്ടിയെ കൊണ്ടുചെന്നെത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ്, മുന്നണി മാറ്റ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണമെന്ന്, പാർട്ടി ഉന്നതാധികാര സമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടും ചെയർമാൻ മൗനം പുലർത്തുകയാണ്. ഈ സ്ഥിതി തുടർന്നാൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ്, കേരളത്തിലെ മാണി കേരള കോൺഗ്രസ്, വീണ്ടും ഒരു പിളർപ്പിലേക്ക് എത്തുമെന്ന രീതിയിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഏതായാലും ജോസ് കെ മാണി, സ്വന്തം പാർട്ടിയിൽ ദുർബലനായിക്കൊണ്ടിരിക്കുന്നു എന്നതാണ്, ഇപ്പോഴത്തെ അവസ്ഥ. നേതാക്കളുടെ മുന്നണി മാറ്റത്തിനുള്ള നിർദ്ദേശം, തീരുമാനമെടുക്കാതെ ചെയർമാൻ നീട്ടി കൊണ്ടുപോയാൽ, പാർട്ടിയെ ഇനിയും പിളർത്താൻ, മുതിർന്ന നേതാക്കൾ തയ്യാറാകും എന്നാണ്, കോട്ടയത്ത് മാധ്യമപ്രവർത്തകർ പുറത്ത് പറയുന്ന കാര്യം.