മോദിയെ കണ്ട് മയങ്ങി വീണ മെത്രാന്മാർ

സഭാ മേധാവികളെ വലയിൽ വീഴിച്ചത് കേന്ദ്രമന്ത്രി

ന്ത്യയിലെ ബിഷപ്പുമാരും മെത്രാന്മാരും ഒക്കെ പങ്കെടുത്ത ക്രിസ്തുമസ് ആഘോഷ പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും പ്രസംഗിച്ചതും, വലിയ വിവാദമായി മാറുകയാണ്. ക്രിസ്തുമത വിശ്വാസികളെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രധാനമന്ത്രിയുടെ പാർട്ടിക്കാർ അക്രമിച്ചുകൊണ്ടിരിക്കുമ്പോൾ, ഡൽഹിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, ക്രിസ്തുമസ് ആഘോഷത്തിൽ പങ്കു ചേർക്കാനും, കാത്തലിക് ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വം നടത്തിയ നീക്കം വലിയ പ്രതിഷേധവും എതിർപ്പും ഉണ്ടാക്കിയിരിക്കുന്നു. വിവിധ ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാരിൽ ചിലർ, ഈ പരിപാടിയെ രൂക്ഷമായി വിമർശിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ഡൽഹിയിൽ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി പുൽക്കൂട് വന്ദിച്ചപ്പോൾ, കേരളത്തിൽ ബിജെപിയുടെ സംഘപരിവാർ സംഘടനകൾ പുൽക്കൂട് തകർത്തു എന്നകാര്യം മറക്കരുത് എന്നും, വിമർശനവുമായി രംഗത്തുവന്ന മതമേധാവികൾ പറയുന്നുണ്ട്. ക്രിസ്തീയ സഭാ മേധാവികൾക്കു മുമ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വെറും നാടകം കളിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു. ഇന്ത്യയിലെ വിവിധ ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാരാണ് ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തത്. കേരളത്തിൽ നിന്നും ബിഷപ്പുമാരായ ആൻഡ്രൂസ് താഴത്ത് കർദിനാൾ ആലഞ്ചേരി, കർദിനാൾ ജോർജ് കൂവക്കാട് മാർ ബസേലിയോസ്, ക്ലിനിക് ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ തുടങ്ങിയവർ ഈ ക്രിസ്തുമസ് ആഘോഷ പരിപാടിയിൽ നരേന്ദ്രമോദിക്കൊപ്പം പങ്കെടുത്തിരുന്നു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടയിൽ ഈ ബിഷപ്പുമാരും മറ്റും നിരവധിതവണ കൈയ്യടിച്ച് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച കാഴ്ചയും കാണുകയുണ്ടായി.

കേരളത്തിലെ ബിജെപിയുടെ ക്രിസ്തുമതത്തിൽ നിന്നുള്ള നേതാവും, ഇപ്പോൾ കേന്ദ്രമന്ത്രിയും ആയ ജോർജുകുര്യൻ ആണ് ഈ ക്രിസ്തുമസ് ആഘോഷ പരിപാടികൾക്ക് അണിയറയിൽ നീക്കങ്ങൾ നടത്തിയത്. കേരളത്തിലെ ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ക്രിസ്തുമത വിശ്വാസികളെയും മതമേധാവികളെയും പാർട്ടിയുമായി അടുപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്, മന്ത്രി ജോർജ് കുര്യൻ ക്രിസ്തുമസ് ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തത്. ആഘോഷ പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി, വലിയ സ്നേഹവും ബഹുമാനവും ഉപദേശങ്ങളും ബിഷപ്പുമാർക്ക് നൽകുകയുണ്ടായി. ക്രിസ്തുമത മേധാവികളുമായിട്ടും വിശ്വാസികളുമായിട്ടും നല്ല ബന്ധമാണ് ഉള്ളത് എന്ന് പറഞ്ഞ പ്രധാനമന്ത്രി, യേശുക്രിസ്തുവിന്റെ മഹത്തായ സന്ദേശം പറയുകയും ചെയ്തു. സ്നേഹവും സാഹോദര്യവും സൗഹൃദവും ആണ് ക്രിസ്തുവിൻറെ മഹത്തായ വചനങ്ങൾ എന്ന് പ്രസംഗത്തിൽ മോദി വ്യക്തമാക്കി. മോദി ഒരു കുറവും ഇല്ലാതെ ക്രിസ്തുമത വിശ്വാസികളുടെ പേരിൽ കണ്ണീരൊഴുക്കി. എന്നാൽ അതേസമയം കേരളത്തിൽ നടന്നത്, മോദിയുടെ പാർട്ടിയിലെ വിശ്വഹിന്ദു പരിഷത്തുകാരും ആർ എസ് എസ് കാരും ക്രിസ്തുമത വിശ്വാസികളെ ദ്രോഹിക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു. നരേന്ദ്രമോദി ക്രിസ്തുമത പ്രേമം പറയുമ്പോൾ, അതേസമയത്തുതന്നെ പാലക്കാട് ജില്ലയിലെ തത്തമംഗലം ജി ബി യു പി സ്കൂൾ ക്രിസ്തുമസ് ആഘോഷത്തിനായി തയ്യാറാക്കിയ പുൽക്കൂട്, ഇരുട്ടിൽ ബിജെപി അനുകൂലികൾ തകർക്കുകയാണ് ചെയ്തത്. ഇത് മാത്രമല്ല, നല്ലേപ്പള്ളി ഗവൺമെൻറ് യുപി സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്നുകൊണ്ട് ക്രിസ്തുമസ് ആഘോഷം നടത്തിയതിന്റെ പേരിൽ, വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഈ വിഷയം പോലീസ് കേസ് ആയപ്പോൾ, വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ ആവുകയും ചെയ്തു. കേരളത്തിലും ജനങ്ങളെ പറ്റിക്കാൻ ബിജെപി നാടകംകളി നടത്തിവരികയാണ്. കേരളത്തിലെ ബിജെപി, ബിഷപ്പ്മാരുടെ ആസ്ഥാനങ്ങളിലും ക്രിസ്തുമത വിശ്വാസികളുടെ ഭവനങ്ങളിലും സന്ദർശനം നടത്തി, കേക്ക് വിതരണവും ആശംസകളും നേരുന്നതിനിടയിലാണ്, പാലക്കാട് നല്ല പള്ളിയിലും വിശ്വഹിന്ദു പരിഷത്ത് – ആർ എസ് എസ് പ്രവർത്തകർ അക്രമങ്ങൾ നടത്തിയത്.

കേരളത്തിലെ ബിജെപി നേതൃത്വം, ക്രിസ്തുമത മേധാവികളെയും വിശ്വാസികളെയും പാർട്ടിക്കൊപ്പം അണിനിരത്താനായി പല തന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുന്നു. അതിനിടയിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തനങ്ങൾ വഴി പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഏറെ ഖേദകരമായ മറ്റൊരു കാര്യം, ക്രിസ്തീയ സഭകളുടെ പല വിഭാഗങ്ങളിൽപ്പെടുന്ന ആൾക്കാർ, ഡൽഹിയിൽ ക്രിസ്തുമസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതിൽത്തന്നെ എതിർപ്പ് ഉയർത്തിയിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്ത ബിഷപ്പുമാരും, മെത്രാന്മാരും പ്രധാനമന്ത്രി വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട് എന്നും, എല്ലാ കാര്യങ്ങളും അദ്ദേഹത്തെ ധരിപ്പിക്കാൻ ആഘോഷ പരിപാടി വഴി കഴിഞ്ഞു, എന്നും പറയുമ്പോൾ, സഭയിലെ പുരോഹിതന്മാരും വിശ്വാസികളും തിരിച്ചു ചോദിക്കുന്ന പല ചോദ്യങ്ങളും, ചടങ്ങിൽ പങ്കെടുത്ത മതമേധാവികളെ വിഷമത്തിൽ ആക്കുന്നുണ്ട്. ഒന്നര കൊല്ലത്തിൽ അധികമായി, മണിപ്പൂരിൽ ക്രിസ്തുമത വിശ്വാസികൾ അടക്കമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങൾ, ആർ എസ് എസ് സംഘപരിവാർ ശക്തികളുടെ നിരന്തര അക്രമങ്ങളെ നേരിടുകയാണ്. പള്ളികളും മറ്റു സ്ഥാപനങ്ങളും തല്ലി തകർക്കുന്നു. അനാവശ്യമായി അക്രമങ്ങൾ നടത്തുന്നു. സംഭവത്തിൽ ഒന്നര കൊല്ലത്തിനിടയിൽ 200 ഓളം ആൾക്കാർ കൊല്ലപ്പെട്ടിട്ടും, പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ല. പലതവണ മതമേധാവികൾ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട്, വിഷയങ്ങൾ ധരിപ്പിച്ചിട്ടും ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറാക്കുന്നത്, വിശ്വാസികളെ വഞ്ചിക്കുന്ന മതമേധാവികളുടെ ഏർപ്പാടായി മാറി എന്നാണ് ഉയരുന്ന ആരോപണം. ഏതായാലും കേരളത്തിൽ എങ്കിലും ക്രിസ്തീയ സഭ മേധാവികളെയും വിശ്വാസികളെയും എങ്ങനെയെങ്കിലും ബിജെപി എന്ന പാർട്ടിയുമായി അടുപ്പിക്കുക, എന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ നടത്തിയ ക്രിസ്മസ് ആഘോഷ പരിപാടി, ബിജെപിയ്ക്ക് കൂടുതൽ ദോഷമാണ് ഉണ്ടാക്കുവാൻ പോകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.