സംഘപരിവാർ നേതാക്കൾക്ക് അടി കൊടുത്ത് ആർ എസ് എസ് മേധാവി

അയോധ്യ രാമക്ഷേത്ര വിഷയം പോലെ, പുതിയത് ആരും തട്ടിക്കൂട്ടരുത്

ഹിന്ദുമതവിശ്വാസികൾക്കിടയിൽ കാലങ്ങളായി പ്രവർത്തിച്ചുവരുന്ന, വിശ്വഹിന്ദു പരിഷത്ത് പോലെയുള്ള സംഘടനകളുടെ നേതാക്കൾക്ക്, രൂക്ഷമായ ഭാഷയിൽ താക്കീത് നൽകി ആർ എസ് എസ് മേധാവി മോഹൻ ഭഗവത് രംഗത്ത് വന്നു. വർഷങ്ങൾക്കു മുൻപ് അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ചും, ബാബറി മസ്ജിദ് സംബന്ധിച്ചും ഉണ്ടായ തർക്കങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. അയോധ്യയിലെ രാമക്ഷേത്രം എന്നത് ഒരു വികാരമായിരുന്നു. അതുകൊണ്ടാണ് ആ രാമക്ഷേത്രത്തിന്റെ പേരിൽ വലിയ പ്രശ്നങ്ങൾ ഉയർന്നുവന്നത്. ആ വിഷയങ്ങളെല്ലാം സർക്കാരിന്റെയും കോടതിയുടെയും ഇടപെടൽ വഴി, സമാധാനപരമായി പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ, അയോധ്യയിലെ രാമക്ഷേത്ര തർക്കം പോലെ, രാജ്യത്ത് മറ്റു സ്ഥലങ്ങളിൽ ആരെങ്കിലും തർക്കം ഉയർത്തി രംഗത്ത് വരുന്നത്, അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല എന്ന്, ആർ എസ് എസ് മേധാവി മോഹൻ ഭഗവത് വ്യക്തമാക്കി. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹൈന്ദവ സംഘടനകളും, കാലത്തിന് യോജിക്കാത്തതരത്തിലുള്ള സാമൂഹിക വിഷയങ്ങൾ ഉയർത്തുന്നതും, മതപരമായ ഭിന്നിപ്പുകൾക്ക് വഴിയൊരുക്കുന്നതും അവസാനിപ്പിക്കണമെന്നും ഭഗവത് പ്രസ്താവിച്ചു.

വളരെ ദൈർഘ്യമേറിയ ചരിത്രവും സംസ്കാരവും നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഭാരതം. വ്യത്യസ്തങ്ങളായ മതവിശ്വാസികൾ, കാലങ്ങളായി രാജ്യത്ത് സൗഹൃദത്തോടെ കഴിഞ്ഞു വരുന്നുണ്ട്. ഇവിടെ ഭൂരിപക്ഷം അല്ലെങ്കിൽ ന്യൂനപക്ഷം എന്നുള്ള വേർതിരിവുകൾ ഒഴിവാക്കേണ്ട കാലം കഴിഞ്ഞു. ഭൂരിപക്ഷവും ന്യൂനപക്ഷവും അല്ല, മനുഷ്യരാണ് എല്ലാവരും എന്ന ചിന്തയിലേക്ക് ഭാരതത്തിലെ ഓരോ പൗരനും ഇനിയെങ്കിലും എത്തിച്ചേരണം. പഴയകാലങ്ങളിൽ വന്ന തെറ്റുകൾ പാഠങ്ങളാക്കി മാറ്റി, തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുകയാണ്, പുതിയ സമൂഹം ചെയ്യേണ്ടത്. മതവിശ്വാസികളെ സാഹോദര്യത്തിൽ നിന്നും, കലഹത്തിലേക്ക് മാറ്റുന്ന ഒരു പ്രവർത്തനവും നമുക്ക് നല്ലതല്ല. മാറ്റങ്ങൾക്ക് വിധേയരാകുവാൻ ഹൈന്ദവ സമൂഹം ഇനിയെങ്കിലും തയ്യാറാകണം.

ഹൈന്ദവ വിശ്വാസികളുടെ പേരിൽ പ്രവർത്തിച്ചുവരുന്ന സംഘടനകൾ, നമ്മുടെ സംസ്കാരവും പാരമ്പര്യവും മറക്കരുത്. മനുഷ്യർ തമ്മിൽ സ്നേഹിച്ചു കഴിയുന്ന സ്ഥിതിയാണ്- നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടത്. രാജ്യത്തിൻറെ രാഷ്ട്രീയ സ്വാധീനം കൈക്കലാക്കുവാനും, അധികാരത്തിൽ കയറുവാനും, മതത്തെയും മതവിശ്വാസത്തെയും ഉപകരണം ആക്കി മാറ്റുന്നത് ആരും അംഗീകരിക്കരുത്. രാജ്യത്തെവിടെയെങ്കിലും മുളച്ചു പൊന്തുന്ന, ക്ഷേത്ര സംബന്ധിയായും മതസംബന്ധിയായ ഉണ്ടാകുന്ന ചെറിയ വിഷയങ്ങളെ, സംഘടനാപരമായ ശക്തിയിൽ തടഞ്ഞുനിർത്തിക്കൊണ്ട്, രാജ്യ വ്യാപകമായ പ്രശ്നമാക്കി വളർത്തിയാൽ, അത് സമാധാനം ആഗ്രഹിക്കുന്ന ഹൈന്ദവ വിശ്വാസികളുടെവരെ മനസ്സിൽ മുറിവ് ഉണ്ടാക്കുന്നതാണ് യെന്ന് ബിജെപിയും, പാർട്ടിയുടെ പിന്നിൽ ശക്തിയായി നിൽക്കുന്ന ഹൈന്ദവ സംഘടനകളും തിരിച്ചറിയണം. ആർഎസ്എസ് പരമാധികാരിയായ മോഹൻ ഭഗവത്, ഇതിനുമുമ്പും ദേശീയ താൽപര്യത്തെ ഉയർത്തിക്കാട്ടി, ഹൈന്ദവ സംഘടനകൾ ആയി പ്രവർത്തിക്കുന്ന, വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനയെ നയിക്കുന്നവരെ വിമർശിച്ചിട്ടുണ്ട്. ഹിന്ദുമത തത്വങ്ങളും ആശയങ്ങളും, വിശ്വാസപ്രമാണങ്ങളും, മനുഷ്യരുടെ നന്മയിൽ മാത്രം ലക്ഷ്യം വയ്ക്കുന്നതാണ്. മനുഷ്യർ തമ്മിൽ പരസ്പരം കലഹിക്കുക എന്നത് ഹൈന്ദവ തത്വങ്ങൾക്ക് വിരുദ്ധമായ ഒന്നാണ്. ഏത് മത വിശ്വാസിക്കും അവരുടേതായ ആചാര അനുഷ്ഠാനങ്ങൾ, നിലനിർത്തി പോകുന്നതിന് മാതൃകയായി പ്രവർത്തിക്കേണ്ടത്, ഭൂരിപക്ഷ മതവിഭാഗം എന്ന് അഭിമാനിക്കുന്ന ഹിന്ദുക്കളുടെ തന്നെ കർത്തവ്യമാണ്. അതുകൊണ്ടുതന്നെ ഹിന്ദു സമൂഹത്തിന്റെ തണലിൽ വളരുന്ന എല്ലാ സംഘടനകളെയും നയിക്കുന്നവർ ഈ തത്വം കൂടി തിരിച്ചറിയണം എന്നും മോഹൻ ഭഗവത് ഓർമിപ്പിച്ചു.