മലയാളത്തിലെ പുത്തൻ സിനിമാ സംസ്കാരത്തെ, രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട്, സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയും ആയ ജി സുധാകരൻ. പുതുതലമുറ സിനിമകൾ, സമൂഹത്തെ തെറ്റായ വഴികളിലേക്ക് വീഴിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. ആലപ്പുഴ തകഴിയിലെ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴാണ്, ചെറുപ്പക്കാർക്ക് കൂടുതൽ പ്രാതിനിധ്യമുള്ള പുതു തലമുറ സിനിമകളുടെ, തലതിരിഞ്ഞ പോക്കിനെക്കുറിച്ച് സുധാകരൻ അഭിപ്രായം പറഞ്ഞത്. മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ഒന്നും ഇപ്പോഴത്തെ സിനിമകളിൽ കാണാനില്ല. മാത്രവുമല്ല മനുഷ്യൻറെ ദുശീലങ്ങളായി പണ്ടുമുതൽ കരുതിയിരുന്ന എല്ലാം, ഒരു പരിധിയും ഇല്ലാതെ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. പല പുതിയ സിനിമകളും തുടങ്ങുന്നത് തന്നെ, കുറെ ചെറുപ്പക്കാർ വട്ടം കൂടിയിരുന്ന് വെള്ളമടിക്കുന്ന സീനോടുകൂടിയാണ്. ഇതെല്ലാം കണ്ടിരിക്കുന്ന ചെറുപ്പക്കാരും അല്പം വെള്ളമടിക്കാൻ തുടങ്ങും, അവരെ പോലീസ് പിടിക്കുകയും ശിക്ഷിക്കുകയും ചെയ്യും, എന്നാൽ സിനിമയിൽ, ഈ വെള്ളമടി രംഗം വലിയ കാര്യം എന്ന നിലയിൽ അഭിനയിച്ചുവെക്കുന്ന നടന്മാർക്കെതിരെ ഒരു നടപടിയും ഉണ്ടാകാറില്ല.
ഇപ്പോൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മലയാള സിനിമയും, നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നതല്ല. നമുക്ക് നമ്മുടേതായ സംസ്കാരവും പാരമ്പര്യവും ഉണ്ട്. ഇതെല്ലാം കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനും, സൗഹൃദം ശക്തിപ്പെടുത്തുന്നതിനും, സമാധാനം നിലനിർത്തുന്നതിനും വേണ്ടി നമ്മുടെ പൂർവികർ കാണിച്ചു തന്നിട്ടുള്ളതാണ്. ഇന്ന് പുതിയ തലമുറ സിനിമക്കാർ ഇതെല്ലാം മറന്നു കൊണ്ട്, പുതിയ സിനിമാലോകം ഉണ്ടാക്കുകയാണ്. തുടരെത്തുടരെ അക്രമങ്ങളും, അടിയും പിടിയും കൊലയും വരെ, ഒരു ക്ഷാമവും ഇല്ലാതെ സിനിമകളിൽ കാണിക്കുകയാണ്. പുതിയ ഒരു സിനിമയിലും കുടുംബകഥയും കുടുംബബന്ധങ്ങളും പറയുന്നില്ല. കുറെ ചെറുപ്പക്കാരും അവരുടെ കൂട്ടുകാരും മാത്രം നിറഞ്ഞുനിൽക്കുകയാണ്. മാതാപിതാക്കളും സഹോദരങ്ങളും എന്ന കുടുംബ സങ്കല്പത്തെ പുതിയ സിനിമക്കാർ, പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതെല്ലാം നമ്മുടെ മഹത്തായ സംസ്കാരത്തെ നശിപ്പിക്കാൻ മാത്രമാണ് സഹായിക്കുന്നത്, എന്നും സുധാകരൻ വ്യക്തമാക്കി.
വിദേശ ഭാഷാ ചിത്രങ്ങളിൽ, നമ്മുടെ മലയാളത്തിൽ ഇപ്പോൾ കാണുന്നതുപോലെ, വെള്ളമടിയും പുകവലിയും ലഹരി ഉപയോഗവും മയക്കുമരുന്നും നിറഞ്ഞു നിൽക്കുന്നുണ്ടോ, എന്ന കാര്യം സിനിമക്കാരും പ്രേക്ഷകരും പരിശോധിക്കേണ്ടതുണ്ട്. മാത്രവുമല്ല, ഇപ്പോൾ മലയാള സിനിമ ലോകം എത്തിനിൽക്കുന്നത്, വലിയ പ്രതിസന്ധിയുടെ മുന്നിലാണ്. ഈ വർഷം ഇതുവരെ 200ലധികം മലയാള സിനിമകൾ പുറത്തുവന്നു എന്നാണ് പറയുന്നത്. ഇതിൽ 15ൽ പരം സിനിമകൾ മാത്രമാണ് സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയത്. വലിയ വിജയം അവകാശപ്പെടാൻ കഴിയുന്നത്, വെറും നാലോ അഞ്ചോ സിനിമകൾക്കു മാത്രമാണെന്നും, സുധാകരൻ വെളിപ്പെടുത്തി. ഇത്തരത്തിൽ ഒരു അനുഭവം മലയാള സിനിമയിൽ ഉണ്ടാകുന്നത്, പുതിയതായി ഇറങ്ങുന്ന സിനിമകൾ മൂല്യ തകർച്ച ഉള്ളവയായതുകൊണ്ടും, പ്രേക്ഷകരെ ഒരുവിധത്തിലും തൃപ്തിപ്പെടുത്താത്തത് ആയതുകൊണ്ടുമാണ് എന്ന കാര്യം, സിനിമാ രംഗത്തുള്ളവർ ശ്രദ്ധിച്ചില്ലെങ്കിൽ, മലയാള സിനിമ തകരുന്ന സ്ഥിതി ഉണ്ടാകും. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം, നിരവധി സിനിമാതാരങ്ങൾ പോലീസ് കേസിൽ അകപ്പെട്ടിരിക്കുകയാണ്. ഇതും മലയാള സിനിമയെ ദോഷമായി ബാധിച്ചിട്ടുണ്ട്. താരങ്ങളുടെ സംഘടനയായ അമ്മ പോലും ഇപ്പോൾ നിശ്ചലമായി കിടക്കുന്നത് ശ്രദ്ധിക്കണമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും മലയാളത്തിലെ, പുതിയ തലമുറ സിനിമകൾ, വെറും വെള്ളമടി സിനിമകൾ മാത്രമായി മാറി, എന്നത് എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണെന്നും, എല്ലാകാലത്തും സിനിമ എന്ന കലാരൂപം, സമൂഹവുമായി അടുപ്പത്തിൽ നിന്നഒന്നായിരുന്നു എന്ന കാര്യവും, പുതിയ തലമുറ സിനിമക്കാർ തിരിച്ചറിയണം എന്നും അദ്ദേഹം പറയുകയുണ്ടായി.