മലയാള സിനിമ തകർന്നടിയുന്നു

ആകാശത്തിരിക്കുന്ന സൂപ്പർ താരങ്ങൾ മണ്ണിലേക്ക് ഇറങ്ങണം

ലയാള സിനിമ സമ്പൂർണ്ണമായ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടന തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഈ തകർച്ചയ്ക്ക് പലകാരണങ്ങൾ ഉണ്ട്. എന്നാൽ മുഖ്യമായ കാരണം, മലയാളത്തിലെ സൂപ്പർ താരങ്ങൾ അടക്കം ഓരോ സിനിമ കഴിയുമ്പോഴും വർദ്ധിപ്പിക്കുന്ന പ്രതിഫലത്തുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടന പരാതിപ്പെടുന്നു. ഒരു കാര്യം വ്യക്തമാണ്. മലയാള സിനിമ- ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. മലയാള സിനിമ രംഗത്ത് നടക്കുന്ന സ്ത്രീ പീഡന വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം പ്രമുഖ താരങ്ങൾ പലരും പീഡന കേസുകളിൽ പ്രതിയായതും അറസ്റ്റു വരെ ഉണ്ടായതും മലയാള സിനിമ മേഖലയെ പിടിച്ചു കുലുക്കിയിരുന്നു. ഇതിനു പുറമേയാണ്, 2024 ൽ സിനിമാ മേഖലയ്ക്ക് ഉണ്ടായ വലിയ തിരിച്ചടിയുടെ കഥകളും പുറത്തുവന്നിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ 199 ഓളം മലയാള സിനിമകളിൽ കാര്യമായ ലാഭം നേടുവാൻ കഴിഞ്ഞത് 12 ഓളം സിനിമകൾക്ക് മാത്രമാണ്. 15 ഓളം സിനിമകൾ നഷ്ടമില്ലാതെ പിടിച്ചു നിന്നതായിട്ടും കണക്കുകളിൽ വ്യക്തമാകുന്നു. ആയിരം കോടിയോളം രൂപയുടെ മുതൽമുടക്കിൽ ആണ് 199 മലയാള ചിത്രങ്ങൾ പൂർത്തീകരിച്ച് പ്രദർശനത്തിന് എത്തിയത്. ഇതിൽ 700 കോടി രൂപയും നഷ്ടപ്പെട്ട കണക്കിലാണ് ഇപ്പോൾ മലയാള സിനിമ എത്തിനിൽക്കുന്നത്.

ഞങ്ങൾ ഇതിനു മുമ്പ് പുറത്തുവിട്ട ഒരു വീഡിയോയിൽ, മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഫലത്തിന്റെ അന്യായങ്ങൾ പറഞ്ഞിരുന്നതാണ്. മെഗാസ്റ്റാറുകൾ എന്ന പട്ടികയിൽ പെടുന്ന മമ്മൂട്ടിയും മോഹൻലാലും ആണ് യാതൊരു നീതീകരണവും ഇല്ലാത്ത വിധത്തിൽ പുതിയ പുതിയ പടങ്ങൾ വരുമ്പോൾ പ്രതിഫലത്തുക വലിയതോതിൽ ഉയർത്തി വാങ്ങിയെടുക്കുന്നത്. രണ്ടാംനിര താരങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ജൂനിയർ ആർട്ടിസ്റ്റുകൾ ആയി കടന്നുവന്ന്, ഏതെങ്കിലും ഒരു ചിത്രം സാമ്പത്തിക വിജയം നേടിക്കഴിഞ്ഞാൽ അഞ്ചു ലക്ഷത്തിന്റെ പ്രതിഫലത്തുക, ദിവസങ്ങൾക്കുള്ളിൽ 50 ലക്ഷം ആക്കി ചോദിക്കുന്ന താരങ്ങളും മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ട്. താരങ്ങൾ മാത്രമല്ല സംവിധായകരും ക്യാമറാമാൻമാരും ഇതേ സ്വഭാവം തുടർന്നുവരുന്നുണ്ട്. വൻ ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുന്നതിന് പ്രൊഡ്യൂസർമാർ രംഗത്ത് വന്നാൽ യാതൊരു കണക്കും ഇല്ലാതെ വലിയ തുകകൾ പ്രതിഫലമായി ചോദിക്കുന്ന രീതി തുടരുകയാണ്. 50 കോടിയും നൂറുകോടിയും വരെ മുതൽ മുടക്കി മലയാള ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. വമ്പൻ താരനിരയും വലിയ റേറ്റുള്ള സംവിധായകരും ഒക്കെ ചേർന്ന് കോടിക്കണക്കിന് രൂപയുടെ സെറ്റ് ഒരുക്കി ചിത്രീകരണം നടത്തുന്ന രീതിയും മലയാള സിനിമ ലോകത്ത് പടർന്നു കഴിഞ്ഞു. ഇത്തരത്തിൽ 50 കോടിയിലധികം മുതൽമുടക്ക് വരുന്ന ചിത്രങ്ങൾ നിർമ്മിച്ച് തീയറ്ററിൽ എത്തുമ്പോൾ ചിലവ് തുക പോലും കളക്ഷനായി ലഭിക്കാതെ നിർമ്മാതാക്കൾ പ്രതിസന്ധിയിൽ ആകുന്ന അവസ്ഥ തുടരുകയാണ്.

പുതിയ തലമുറ സിനിമക്കാർ എന്ന പേരിൽ രംഗത്തുവരുന്ന ചിലർ സ്വന്തം കഴിവുകൊണ്ട് മികച്ച സിനിമ എടുക്കുന്നുണ്ട്. പുതുമുഖ താരങ്ങളെ അണിനിരത്തി ഇത്തരത്തിൽ എടുത്ത ഒരു സിനിമ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. 15 കോടിയോളം രൂപ മുതൽമുടക്കി നിർമ്മാണം പൂർത്തിയാക്കി. തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം 200 കോടിയോളം രൂപ കളക്ട് ചെയ്തു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ കണക്ക് വ്യാജമാണെന്നും വരുമാനം ഉയർത്തിക്കാട്ടി ആദായ നികുതി തട്ടിപ്പ് നടത്തുകയാണ് നിർമ്മാതാക്കൾ ചെയ്തത് എന്നും ഉള്ള ആരോപണങ്ങൾ ഉയരുകയും ഈ വിഷയത്തിൽ അന്വേഷണം നടക്കുകയാണ്.

ഏതായാലും മലയാള സിനിമ ഓരോ ദിവസം കഴിയുന്തോറും പ്രതിസന്ധികളിലേക്ക് വീഴുകയാണ്. 15000 ത്തോളം ആൾക്കാർ മലയാള സിനിമ മേഖലയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ട്. നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവരും തിയേറ്ററുകളിൽ ജോലി ചെയ്യുന്നവരും ഈ പട്ടികയിൽ പെടുന്നുണ്ട്. സിനിമ പ്രതിസന്ധിയിൽ ആവുകയും നിർമ്മാണത്തിന് സാധ്യത കുറയുകയും ചെയ്താൽ ഈ പറയുന്ന തൊഴിലാളികളും മറ്റും വലിയ പ്രതിസന്ധിയിലേക്ക് വീഴും. സിനിമയെ ആശ്രയിച്ചുകൊണ്ട് ജീവിക്കുന്ന ഇവരുടെ കുടുംബങ്ങളും വിഷമത്തിൽ ആകുന്ന സ്ഥിതി ഉണ്ടാകും.

ഇത് മാത്രമല്ല, സിനിമ എന്നത് സമൂഹവുമായി അടുത്ത് ബന്ധപ്പെട്ടു നിൽക്കുന്ന ഒരു കലാരൂപമാണ്. സിനിമ വലിയതോതിൽ പ്രേക്ഷകരെയും സമൂഹത്തെയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. നല്ല കഥയും നല്ല രീതിയിലുള്ള അവതരണവും ഉണ്ടായാൽ, തിയേറ്ററുകളിൽ എത്തി സിനിമ കാണുവാൻ പ്രേക്ഷകർ ഇപ്പോഴും തയ്യാറാകുന്നുണ്ട് എന്നത് സിനിമ മേഖലയിലെ പ്രവർത്തകർ തിരിച്ചറിയേണ്ട കാര്യമാണ്. മലയാള സിനിമയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുവാൻ സംസ്ഥാന സർക്കാരും കാര്യമായ ഇടപെടൽ നടത്തണം എന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.