നിലവിൽ മാതൃഭൂമിയുടെ സീനിയർ ജനറൽ മാനേജർ എച്ച്‌ആർ ജി.ആനന്ദ് പ്രതിസ്ഥാനത്താണ്. 17 വർഷത്തെ ജോലിക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിൽ മാതൃഭൂമിയുടെ പടിയിറങ്ങിയ അഞ്ജന ശശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രാജിയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിച്ച് പരാതിക്കാരി ഇന്ന് രംഗത്ത് എത്തിയതോടെ മാതൃഭൂമി മാനേജ്മെൻ്റും പ്രതിക്കൂട്ടിലാകുന്നു. കാബിനിൽ വിളിച്ചുവരുത്തി അശ്ലീല ആംഗ്യം കാണിക്കുകയും അതീവ മോശമായി സംസാരിക്കുകയും ചെയ്തുവെന്ന പരാതിയിൽ നടപടിയില്ലാതെ, മൂന്നു വർഷമാണ് മാതൃഭൂമി നീട്ടിക്കൊണ്ടുപോയത്. ഈ കാലയളവിലെല്ലാം പത്രത്തിന്റെ എംഡി അടക്കമുള്ളവർ പരാതി ഒഴിവാക്കാൻ ആവശ്യപ്പെട്ടു എന്നാണ് അഞ്ജന ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. അഞ്ജന ശശിയുടെ ഫേസ്ബുക് പേജിന്റെ പൂർണ്ണരൂപം നോക്കാം.
ഞാൻ മാതൃഭൂമിയിൽ നിന്ന് രാജിവെച്ചു. എന്തിന് രാജിവെച്ചു? സ്ഥാപനത്തിനുള്ളിൽ നിന്നുതന്നെ പോരാടാമായിരുന്നില്ലേ? എന്നൊക്കെ രാജി വിവരം അറിഞ്ഞപ്പോൾ പലരും ചോദിച്ചിരുന്നു. ഇത്തരത്തിൽ ഫോണിലും നേരിട്ടുമൊക്കെ ചോദിച്ചവരോട് എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നു എന്നത് പിന്നീട് വിശദമായി എഴുതാം എന്നും പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ആദ്യ പോസ്റ്റാണിത്.
മാതൃഭൂമി പത്രത്തിൽ നിന്നും കഴിഞ്ഞ 17 വർഷത്തെ സേവനത്തിനുശേഷം സെപ്റ്റംബർ 28 ന് ആണ് രാജി നൽകിയത്. ദ്വയാത്ഥ പ്രയോഗ വിദഗ്ദ്ധനായ, അശ്ലീല ആംഗ്യ ഭാഷയോട് അമിതമായ അഭിനിവേശമുള്ള, തീർത്തും സ്ത്രീവിരുദ്ധനായ ഒരു മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യം മൂന്ന് വർഷങ്ങൾക്ക് മുമ്പ് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്ന് തൊട്ട് രഹസ്യമായും പരസ്യമായും പ്രസ്തുത വ്യക്തി എനിക്കെതിരെ നടത്തിവന്ന പ്രതികാര നടപടികൾ എല്ലാ പരിധികളും ലംഘിച്ചപ്പോഴാണ്, രാജിവെച്ച് നിയമവ്യവസ്ഥയുടെ പിന്തുണയോടെ പോരാടാം എന്ന തീരുമാനത്തിലെത്തിയത്.
പരസ്യപ്രതികരണത്തിനുമുമ്പ് നിയമവഴിയിൽ ചെയ്തുതീർക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നെ അവഹേളിച്ച സീനിയർ ജനറൽ മാനേജറെ വെള്ളപൂശിക്കൊണ്ട് സ്ഥാപനം (ആ വ്യക്തി തന്നെ) തയ്യാറാക്കിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സഹിതം കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ, പ്രസ്ക്ലബ്ബ് സുഹൃത്തുക്കളോടൊപ്പംപോയി അയാൾക്കെതിരെ പരാതി നൽകുക എന്നതാണ് ആദ്യം ചെയ്തത്. മാതൃഭൂമിയിൽ ഒന്നോ രണ്ടോ മാസത്തിൽ സാധാരണ എല്ലാ ICC അന്വേഷണവും പൂർത്തിയാകാറുണ്ട്. എന്നാൽ എന്റെ പുന: പരാതിയിലുള്ള അന്വേഷണം മാത്രം മാസങ്ങൾ വലിച്ചുനീട്ടപ്പെട്ടിരുന്നതിനാൽ പരാതി പോലീസിലെത്തുമ്പോഴേക്കും സംഭവദിവസത്തിൽ നിന്ന് മൂന്നുവർഷം പിന്നിട്ടു.
ആയതിനാൽ IPC 509 പ്രകാരം കേസെടുക്കാനാകുമോ എന്ന് പോലീസ് ഒന്ന് ശങ്കിക്കുകയും നിയമോപദേശത്തിനായി പരാതി പബ്ലിക് പ്രോസിക്യൂട്ടറുടെ പരിഗണനക്ക് വിടുകയും ചെയ്തു. എന്നാൽ സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ സ്ഥാപന ഉടമയ്ക്ക് പരാതി നൽകിയത് തെളിവായി ഉള്ളതിനാൽ അത് പരിഗണിച്ച് കേസെടുക്കാം എന്ന നിയമോപദേശം പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് ലഭിച്ചതിനാൽ രതിഭാഷ വിദ്ഗ്ധനെതിരെ 0739/2024 നമ്പറിൽ FIR ചെയ്യപ്പെട്ടു. വലിയ സന്തോഷം!
രാജി വാർത്തയായപ്പോഴാണ് ടിയാനെക്കുറിച്ചുള്ള പരാതി പ്രളയങ്ങളും പിന്നാമ്പുറക്കഥകളും എന്നെ തേടിയെത്തിയത്. കമ്പനിയുടെ FM വിഭാഗത്തിലെ 15 ഓളം പേരുള്ള മീറ്റിഗിനിടയിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ഭാരം കൂടുതലാണെന്ന് പരാതി പറഞ്ഞ കുഞ്ഞുപ്രായമുള്ള RJ പെൺകുട്ടികളോട് “ജോലിഭാരം കൂടുന്നതിന് മാത്രമേ നിങ്ങൾക്ക് പ്രശ്നമുള്ളോ? രാത്രിയിലെ രതിഭാരം ഒരു പ്രശ്നമാവുന്നില്ലേ ??!!” എന്ന് വൃത്തികെട്ട ശരീരഭാഷയോടെ പറഞ്ഞതും അതുകേട്ട് അവർ കണ്ണുതള്ളിനിന്നതും ഞാനറിഞ്ഞ ഒരു സംഭവം.
കൊച്ചി യൂണിറ്റിലെ എഡിറ്റോറിയൽ മീറ്റിംഗിൽ പത്രക്കാരെ പേജിനേഷൻ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അന്ന് HR വിദഗ്ധനായിരുന്ന ടിയാൻ, (കേൾക്കുമ്പോൾ ചിരിവരുന്നുണ്ട് അല്ലേ!) “പേജു ചെയ്യേണ്ടത് ഇങ്ങനെയല്ല, ഒരു രതിസുഖം അനുഭവിക്കുന്ന പോലെ വേണം പേജിനേഷനിലേർപ്പെടാൻ” എന്നൊക്കെ സ്വതസിദ്ധമായ വഷളൻ ഭാവത്തോടെ വളരെ സീരിയസായി തട്ടിവിട്ടിട്ടുണ്ടത്രേ.. (അതും വളരെ സീനിയറായ എല്ലാവരും ബഹുമാനിക്കുന്ന ഒരു മുതിർന്ന പത്രപ്രവർത്തകർവരെ ഉൾപ്പെട്ട മീറ്റിംഗിൽ! )
ഇത്തരത്തിൽ ‘രതിഭാരം’ നാവിൽനിന്നിറക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ഈ ചാമി എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എന്നെ റൂമിൽ വിളിച്ചുവരുത്തി അവഹേളിച്ചതിനുള്ള പരാതി പണ്ടേക്കുപണ്ടേ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെടുമായിരുന്നു. എന്തായാലും ഇനിയും വിട്ടാൽ ശരിയാകില്ല എന്ന ഉറച്ച തീരുമാനത്തിൽ പോലീസിനൊപ്പം മാതൃഭൂമിയുടെ പടികൾ ഒരിക്കൽ കൂടി കയറി.
അന്ന് ആ മനുഷ്യൻ ഇരിക്കുകയും എന്നെ അവഹേളിക്കുകയും തിളച്ച് മറിയുകയും ചെയ്ത ആ പീഡന മുറി അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർക്ക് കാണിച്ചുകൊടുത്തു. പൊലീസ് ഉദ്യോഗ്സഥർ തങ്ങളുടെ ക്രൈം സീൻ നടപടികൾ പൂർത്തിയാക്കുമ്പോൾ, ഞാൻ അനുഭവിച്ച അവഹേളനത്തിന്റെ ഓർമ്മകൾ മനസ്സിലേക്ക് തിക്കിക്കയറി വന്നത് മറയ്ക്കാനായി പതിവുപോലെ ചിരിക്കുകയും ചുറ്റും കണ്ട ആളുകളോട് സംസാരിക്കുകയും ചെയ്തു.
തൊട്ടടുത്തൊരു ദിവസം തന്നെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി നടന്ന സംഭവങ്ങളെക്കുറിച്ചുള്ള 164 എ പ്രകാരമുള്ള രഹസ്യമൊഴി നൽകി. പിന്നീട് മാതൃഭൂമിയിൽ എന്റെ പരാതി അന്വേഷിച്ച ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ (ICC) ഘടനയെക്കുറിച്ചും റിപ്പോർട്ടിലെ പൊരുത്തക്കേടുകളെക്കുറിച്ചും ആരോപണവിധേയനെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള കമ്മറ്റിയുടെ വെള്ള പൂശലിനുമെതിരെയും നിയമ നടപടി സ്വീകരിക്കുക എന്നതായിരുന്നു അടുത്തപടി. തൊഴിൽവകുപ്പിലെ റീജിയണൽ ജോയിന്റ് കമ്മീഷണർക്ക് നിയമവിദഗ്ധരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ അപ്പീൽ സമർപ്പിച്ചു. അവിടെനിന്ന് ഹൈക്കോടതിയിലേക്ക് അപ്പീൽ റഫർ ചെയ്യാനാണ് സാധ്യതയെന്നതിനാൽ ബഹു. ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകളിലാണ് ഞാൻ.”
ഇതിനെക്കുറിച്ച് അഞ്ജന മഹാത്മാന്യൂസിനോടു പറഞ്ഞത് ഇങ്ങനെ: അസുഖബാധിതയായതിനാൽ രാത്രി ഷിഫ്റ്റിലെ ജോലിയിൽ നിന്നും മാതൃഭൂമി എന്നെ ഒഴിവാക്കിയിരുന്നു. എന്നാൽ എഡിറ്റർ മാറിയപ്പോൾ രാത്രി ഷിഫ്റ്റിലേക്ക് വീണ്ടും മാറ്റി. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എച്ച്‌ആർ ജനറൽ മാനേജർ വിളിപ്പിച്ചത് പ്രകാരമാണ് കാബിനിൽ പോയത്. രാത്രി ഷിഫ്റ്റിൽ നിന്നും ഒഴിവാക്കാൻ എച്ച്‌ആർ ജനറൽ മാനേജർ ആയ ജി.ആനന്ദ് തയ്യാറായില്ല. സംസാരം നടക്കുമ്പോൾ അദ്ദേഹം അശ്ലീല ആംഗ്യം കാണിക്കുകയും ലൈംഗികാർത്ഥത്തിലുള്ള പദപ്രയോഗം നടത്തുകയും ചെയ്തു. ഇതോടെ ഞെട്ടിപ്പോയ അഞ്ജന പുറത്തിറങ്ങി. അവിടെ വിഷമിച്ച് നിൽക്കുമ്പോൾ അത് കണ്ട ന്യൂസ് എഡിറ്റർ തന്നെയാണ് പരാതി നൽകാൻ നിർദ്ദേശിച്ചത്. പിറ്റേന്നുതന്നെ പരാതി നൽകിയിരുന്നു. ഈ പരാതിയാണ് മൂന്ന് വർഷം മാനേജ്മെന്റ് പിടിച്ചുവച്ചത്.മാതൃഭൂമിയിലെ ഉന്നതരുടെ ഇടപെടലിനെക്കുറിച്ചും അഞ്ജന പറയുന്നു:സ്ഥാപനത്തിന് മോശമായതിനാൽ ഈ പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ജോയിന്റ് മാനേജിംഗ് എഡിറ്റർ ആയ പി.വി.നിധീഷ് തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും പിന്നീട് വീണ്ടും രാത്രി ഷിഫ്റ്റിൽ ഉൾപ്പെടുത്തി പീഡനം തുടങ്ങുകയുമുണ്ടായി. അർഹമായ പ്രമോഷൻ അഞ്ജനയ്ക്ക് മാത്രം നൽകാതിരിക്കുകയും ചെയ്തു. അഞ്ജനയുടെ പരാതിയുടെ കാര്യം വീണ്ടും പറഞ്ഞപ്പോൾ ഇൻ്റേണൽ കമ്മറ്റി പരാതി പരിഗണിക്കുകയും എന്നാൽ പ്രതിക്ക് അനുകൂലമായി റിപ്പോർട്ട് നൽകുകയും ചെയ്തു. അഞ്ജനയുടെ പ്രമോഷൻ തടഞ്ഞുവച്ചതിനാൽ പരാതി കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് മാനേജ്മെന്റ് കൈക്കൊണ്ടത്. എല്ലാം അറിയുന്ന മാനേജ്മെന്റ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചപ്പോഴാണ് രാജി വയ്ക്കാൻ തീരുമാനിച്ചത്. പിന്നാലെ പോലീസിൽ പരാതി നൽകി.
കോഴിക്കോട് ടൗൺ പോലീസ് ഇക്കഴിഞ്ഞ ഒക്ടോബർ 14നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പിന്നാലെ അന്വേഷണസംഘം പരാതിക്കാരിയുമായി മാതൃഭൂമിയുടെ കോഴിക്കോട് ആസ്ഥാനത്തെത്തിയിരുന്നു. സംഭവം നടന്ന എച്ച്‌ആർ മാനേജറുടെ ക്യാബിനിൽ നിന്ന് കൃത്യസ്ഥല മഹസർ തയ്യാറാക്കുകയും തെളിവെടുക്കുകയും ചെയ്തു. അഞ്ജന ശശിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു. ആനന്ദിനെ പ്രതിചേർത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. താൻ മുന്നിട്ടിറങ്ങിയ ശേഷം ഇതേ പ്രതിക്കെതിരെ കൂടുതൽ സ്ത്രീകൾ വെളിപ്പെടുത്തൽ നടത്തുന്നുണ്ടെന്നും എല്ലാവർക്കും വേണ്ടിയാണ് തൻ്റെ പോരാട്ടമെന്നും അഞ്ജന പറയുന്നു.