ഇടുക്കിയിൽ ചെങ്കൊടിക്കാരുടെ തമ്മിലടി

മണി ആശാന്റെ കൊലവിളിയിൽ കൊമ്പ് കോർക്കുന്നു

ടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്ന രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് സിപിഎമ്മും സിപിഐഎം. ഇടുക്കി ജില്ലയിൽ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ തമ്മിൽ യോജിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞങ്ങളാണ് വലിയ ചേട്ടന്മാർ എന്ന് ജനങ്ങളെ കാണിക്കാൻ രണ്ടു പാർട്ടിക്കാരും മത്സരിക്കുകയാണ്. ഇടുക്കിയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിൻറെ നായകനാണ് എം എം മണി എം എൽ എ. സ്വന്തം നാക്കിന് ഒരു നിയന്ത്രണവും ഇല്ലാത്ത കേമനാണ് മണി ആശാൻ. ആശാൻറെ ഗിരി പ്രസംഗങ്ങൾ പലതും ലോകപ്രശസ്തമാണ്. ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ വെട്ടിയിട്ടുണ്ട് കുത്തിയിട്ടുണ്ട് വെടിവെച്ചിട്ടുണ്ട് കൊന്നിട്ടുണ്ട് എന്നൊക്കെ പറയുവാനും, ആരെയൊക്കെയാണ് എപ്പോഴൊക്കെയാണ് കൊന്നൊതുക്കിയത് എന്ന് പറയുവാനും ഒരു മടിയും ഇല്ലാത്ത ആളാണ് സാക്ഷാൽ മണി ആശാൻ.

ഇടുക്കിയിലെ സിപിഎം നേതാക്കൾ ഭരിക്കുന്ന കട്ടപ്പന റൂറൽ ഡെവലപ്മെൻറ് ബാങ്കിൽ, അധ്വാനിച്ചുണ്ടാക്കിയ പണം നിക്ഷേപിക്കുകയും വീട്ടിലെ ആവശ്യത്തിനുവേണ്ടി നിക്ഷേപത്തുക തിരികെ ചോദിക്കുകയും ചെയ്തപ്പോൾ, നിക്ഷേപകനെ അധിക്ഷേപിക്കുകയും പണം കൊടുക്കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗതികെട്ട നിക്ഷേപകൻ ആത്മഹത്യ ചെയ്തു. സാബു തോമസ് എന്ന യുവാവാണ് ഇത്തരത്തിൽ ബാങ്കിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതും മരണത്തിന് കീഴടങ്ങിയതും. സംഭവത്തിൽ നാട്ടുകാർ ഒറ്റക്കെട്ടായി വലിയ പ്രതിഷേധം ഉയർത്തിയപ്പോൾ, അതിനെയെല്ലാം തള്ളിക്കളയുവാനും ബാങ്ക് ഭരണസമിതിക്കാർക്ക് പിന്തുണ പറയുവാനുമാണ് സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ തയ്യാറായത്. ഇത്തരത്തിൽ തർക്കങ്ങൾ തുടരുന്നതിനിടയിലാണ്, കട്ടപ്പനയിൽ സിപിഎം നടത്തിയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സാക്ഷാൽ മണിയാശാൻ, ആത്മഹത്യ ചെയ്ത സാബു തോമസിനെ ആക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗം നടത്തിയത്. നിക്ഷേപത്തുക തിരികെ കിട്ടാതെ കുടുംബം പ്രതിസന്ധിയിൽ ആയപ്പോൾ മരണത്തിൽ അഭയം തേടിയ സാബൂ തോമസിന് വട്ടായിരുന്നു എന്നാണ് മണിയാശാൻ പ്രസംഗിച്ചു വെച്ചത്. ഇത് വലിയ വിവാദമായി. മണി ആശാൻറെ പ്രസംഗം അനവസരത്തിൽ ഉള്ളതാണെന്നും മര്യാദയില്ലാത്ത വാക്കുകളാണ് പ്രയോഗിച്ചത് എന്നും, ഇടുക്കിയിലെ സിപിഐ ജില്ലാ സെക്രട്ടറി ശിവരാമൻ പ്രസ്താവിച്ചത് സിപിഎം നേതാക്കൾക്ക് പിടിച്ചില്ല. ശിവരാമനാണ് തലയ്ക്ക് സ്ഥിരതയില്ലാത്തത് എന്ന് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രസ്താവനയുമായി രംഗത്ത് വന്നു. ഇതോടെ ജില്ലയിലെ സിപിഎം സിപിഐ നേതാക്കൾ തമ്മിലുള്ള പരസ്യമായ ചീത്തവിളികളുടെ അരങ്ങുകൾ ഉയർന്നുവരികയും ചെയ്തു.

കട്ടപ്പന സഹകരണ ബാങ്കിൻറെ ഭരണസമിതിക്കാർ നിക്ഷേപകൻ ആത്മഹത്യ ചെയ്തു കഴിഞ്ഞിട്ട് പോലും അയാളോട് ഒരു നീതിയും പുലർത്തിയില്ല എന്നും, അയാളുടെ കുടുംബത്തിന് ഒപ്പം നിൽക്കേണ്ടതിന് പകരം ആത്മഹത്യ ചെയ്ത ആളെ അപമാനിക്കത്തക്ക വിധത്തിലുള്ള പ്രസ്താവനകൾ നടത്തിയത് തികഞ്ഞ വിവരക്കേടാണ് എന്നാണ് സിപിഐയുടെ ജില്ലാ നേതാക്കളുടെ അഭിപ്രായം. സിപിഐ നേതാക്കൾ ഈ കാര്യം തുറന്നു പറഞ്ഞത് ഇടതു പാർട്ടികളിലെ വലിയേട്ടൻ ആയ സിപിഎമ്മിന്റെ നേതാക്കൾക്ക് ഒട്ടും രസിച്ചില്ല. സിപിഐക്കാർ അങ്ങനെ മാന്യന്മാരും മിടുക്കന്മാരും ആകേണ്ട എന്ന് കരുതിക്കൊണ്ടാണ് സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗങ്ങൾ നടത്തിയ എം എം മണിയെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നത്. മാത്രവുമല്ല ആത്മഹത്യ ചെയ്ത നിക്ഷേപകൻ പണം നിക്ഷേപിച്ച ബാങ്കിൻറെ ഭരണസമിതിക്കാർ, ആ പാവത്തിനെ ആത്മഹത്യയിലേക്ക് തള്ളി വിടുകയായിരുന്നു എന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങൾ ഉയർത്തിയപ്പോൾ അതുപോലും തള്ളിക്കളയാനാണ് സിപിഎം നേതാക്കൾ ശ്രമിച്ചത്.

ഇടുക്കിയിൽ സിപിഎം എന്ന പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത നേതാവായി നിൽക്കുന്ന ആളാണ് എം എൽ എ യും പാർട്ടിയുടെ മുൻ ജില്ലാ സെക്രട്ടറിയും ഒക്കെയായ എം എം മണി. കൊലവിളി പ്രസംഗങ്ങൾ അടക്കം യാതൊരു മടിയും കൂടാതെ നടത്തുന്ന മണിയാശാൻ, ഇടുക്കിയിലെ പാവപ്പെട്ട തൊഴിലാളികളുടെ ഇഷ്ടപ്പെട്ട നേതാവാണ്. മണിയാശാൻറെ ഒരു നിയന്ത്രണവും ഇല്ലാത്ത വാക്കുകൾ വലിയ കയ്യടിയോടെയാണ് സാധാരണ സഖാക്കന്മാർ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ മണിയാശാൻറെ വരവുണ്ട് എന്നറിഞ്ഞാൽ സിപിഎം പ്രവർത്തകർ ഒഴുകിയെത്തുക പതിവാണ്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള പ്രാദേശിക സമ്മേളനങ്ങൾ നടന്നു കഴിഞ്ഞു. ഈ സമ്മേളനങ്ങളിൽ വലിയ വിഭാഗീയതയും ചേരിതിരിവുകളും ഒക്കെ ഉണ്ടായി നിൽക്കുന്നതിനിടയിലാണ് സാബു തോമസ് എന്ന യുവാവ് ബാങ്കിൽ നിന്നും പണം കിട്ടാതെ വന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്തത്. ഇതെല്ലാം നടന്നതിനിടയിലാണ് ഇപ്പോൾ സിപിഐ എന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള പ്രാദേശിക സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും കടന്നുവരുന്നത്. രണ്ട് പാർട്ടികളുടെയും സമ്മേളനങ്ങളിൽ സാബു തോമസ് എന്ന നിക്ഷേപകന്റെ ആത്മഹത്യയും, കട്ടപ്പന റൂറൽ ഡെവലപ്മെൻറ് ബാങ്ക് ഭരണസമിതിയുടെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും ചർച്ചയായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇടുക്കി ജില്ലയിൽ ഇടതുപക്ഷ മുന്നണി നയിക്കുന്ന പ്രധാന പാർട്ടികളായ സിപിഎമ്മും സിപിഐയും കടുത്ത വൈരാഗ്യത്തിലേക്കും വാക്ക് പോരാട്ടങ്ങളിലേക്കും എത്തിയിരിക്കുന്നത്. ഒരു വർഷത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇടുക്കി ജില്ലയിൽ ഇടതുപക്ഷ മുന്നണിക്ക് ക്ഷീണം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേക്കാണ് അവിടെ ഇടത് വലത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സിപിഐ എന്ന രണ്ടാമത്തെ പാർട്ടിയെ ഒരു കാരണവശാലും അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന രീതിയാണ് സിപിഎം തുടരുന്നത്. എന്നാൽ ജില്ലയിൽ മൊത്തത്തിലുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ എണ്ണം പരിശോധിച്ചാൽ കൂടുതലും സിപിഐ എന്ന തങ്ങളുടെ പാർട്ടിയിലാണ് ഉള്ളത് എന്നും, ഇടുക്കിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ശക്തിമത്തായ സംഘടന സിപിഐ ആണ് എന്നും സിപിഐയുടെ നേതാക്കൾ വാദിക്കുന്നുണ്ട്.