കണ്ണീരു കാണാതെ കലോത്സവം

കുട്ടികളെ പിഴിഞ്ഞെടുത്തത് ഒരു കോടിയോളം രൂപ

രാഴ്ച നീളുന്ന സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് പൊടിപൊടിക്കുകയാണ്. പത്രങ്ങളും ചാനലുകളും കലോത്സവ പരിപാടികളിൽ ഓടി നടന്നു മത്സരിക്കുകയാണ്. ലോകത്തിലെ തന്നെ ഒരു അത്ഭുതമാണ് യഥാർത്ഥത്തിൽ കേരളത്തിൽ നടക്കുന്ന കൗമാര കലോത്സവമായ സ്കൂൾ കലോത്സവം. 15,000ത്തിലധികം വിദ്യാർഥികളാണ് ഈ കലോത്സവ വേദിയിൽ സ്വന്തം കഴിവുകൾ മാറ്റുരയ്ക്കുന്നതിന് എത്തിച്ചേർന്നിരിക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കലോത്സവ മത്സരങ്ങൾ 24 വേദികളിൽ ആയിട്ടാണ് നടക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുന്ന പതിനയ്യായിരത്തിലധികം കുട്ടികൾക്ക് പുറമേ അവരുടെ രക്ഷിതാക്കൾ, അധ്യാപകർ, ജഡ്ജിമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ഏതാണ്ട് അരലക്ഷത്തോളം ആൾക്കാർ തലസ്ഥാന നഗരിയിൽ ഒഴുകിയെത്തുന്ന പരിപാടിയാണ് സ്കൂൾ കലാമേള.

സംസ്ഥാന തലത്തിലുള്ള കലോത്സവത്തിലേക്ക് എത്തുന്നതിന് മുമ്പ് പല തട്ടുകളിലായി വിദ്യാർഥികളുടെ മത്സരങ്ങൾ അരങ്ങേറിയിരുന്നു. ജില്ലകൾതോറും ആദ്യഘട്ടം എന്ന നിലയിൽ, വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലും അതുകഴിഞ്ഞപ്പോൾ റവന്യൂ ജില്ലാ അടിസ്ഥാനത്തിലും മത്സരങ്ങൾ ഉണ്ടായിരുന്നു ഈ മത്സരങ്ങളിൽ വിജയികളായി മാറുന്ന ഒന്നാം സ്ഥാനക്കാർ ആണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കുന്നത്. ജില്ലാതലങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത വിജയി നിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി അപ്പീൽ സമർപ്പിച്ച വിദ്യാർത്ഥികളിൽ നിന്നും- വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപയോളം ആണ് ഫീസായി ഈടാക്കിയത്. മാത്രവുമല്ല നിലവിലുണ്ടായിരുന്ന അപ്പീൽ ഫീസുകൾ ഇരട്ടിയിലധികം വർദ്ധിപ്പിച്ച് വിദ്യാർഥികളെ പിഴിയുന്ന ഏർപ്പാടും വിദ്യാഭ്യാസ വകുപ്പ് ഈ വർഷം നടപ്പിൽ വരുത്തി.

റവന്യൂ ജില്ലാ കലോത്സവങ്ങൾ സമാപിച്ചു കഴിഞ്ഞപ്പോൾ 14 ജില്ലകളിൽ നിന്നുമായി ഏതാണ്ട് 1566 അപ്പീലുകളാണ് സംസ്ഥാന കലോത്സവ സമിതിക്ക് മുന്നിൽ വന്നത്. ഇത്തരത്തിൽ വിദ്യാർഥികൾ അപ്പീൽ ഫീസായി നൽകിയത് 78 ലക്ഷത്തിലധികം രൂപ ആയിരുന്നുവെന്ന് കലോത്സവ കമ്മിറ്റി തന്നെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ 1566 വിദ്യാർത്ഥികൾ അപ്പീൽ സമർപ്പിച്ചതിൽ 248 വിദ്യാർത്ഥികൾക്ക് മാത്രമാണ് അപ്പീൽ അനുമതി ലഭിച്ചത് എന്നതും പ്രത്യേക കാര്യമാണ്. ഇത്തരത്തിൽ അപ്പീൽ അനുവദിച്ച് മത്സര അനുമതി ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് അപ്പീൽ ഫീസ് തിരികെ നൽകുക. മറ്റു കുട്ടികളുടെ അപ്പീൽ ഫീസുകൾ കമ്മിറ്റി സ്വന്തമാക്കുന്ന ഏർപ്പാടാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ അപ്പീൽ അനുമതി കിട്ടിയ വിദ്യാർത്ഥികൾ പോലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന് പതിനായിരം രൂപ വീതം നിരതദ്രവ്യം ആയി കെട്ടേണ്ടതും ഉണ്ട്. ഈ ഇനത്തിലും വലിയ തുക കലോത്സവ കമ്മിറ്റിക്ക് ലഭിക്കും. നിലവിലെ കണക്ക് അനുസരിച്ച് 25 ലക്ഷത്തോളം രൂപ ഈ ഇനത്തിൽ കലോത്സവ കമ്മിറ്റിക്ക് കിട്ടും.

നിലവിൽ ഉണ്ടായിരുന്ന കണക്കുകൾ പ്രകാരം ഉപജില്ല മത്സരങ്ങളിലെ അപ്പീൽ ഫീസ് 500 രൂപ ആയിരുന്നത് ഇപ്പോൾ ആയിരം രൂപയായി വർദ്ധിപ്പിച്ചു. റവന്യൂ ജില്ലയിൽ മത്സരിച്ച കുട്ടികൾ അപ്പീൽ നൽകിയാൽ ആയിരം രൂപ ആയിരുന്ന ഫീസ് 2000 ആക്കി നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തു ഈ ഇനത്തിലും വലിയ തുകയാണ് കലോത്സവ കമ്മിറ്റിക്ക് ലഭിക്കുക.

ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോഴും സ്കൂൾ കലോത്സവം സമ്പൂർണ്ണമായി സർക്കാർ ധന വിനിയോഗത്തിലൂടെ നടത്തുവാൻ പണം ഇല്ലാത്ത ദാരിദ്ര്യം പറയുകയാണ് വിദ്യാഭ്യാസ മന്ത്രിയും വകുപ്പ് മേധാവികളും. ആണ്ടിൽ ഒരിക്കൽ നടക്കുന്ന- കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു കലോത്സവത്തിന് ഒന്നോ രണ്ടോ കോടി രൂപ അനുവദിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല എങ്കിൽ അത് വലിയ ശോചനീയമായ ഒരു കാര്യമാണ്. ലോകത്തിൽ തന്നെ പങ്കാളിത്തം കൊണ്ട് അത്ഭുതമായി മാറിയിട്ടുള്ള കൗമാരക്കാരുടെ ഈ കലോത്സവത്തിന്റെ പ്രൗഢമായ നടത്തിപ്പിന് പോലും പണം കണ്ടെത്തുവാൻ സർക്കാരിന് കഴിയുന്നില്ല എങ്കിൽ അത് നാണക്കേട് തന്നെയാണ്. സ്കൂളിൽ പഠിക്കുന്ന കൊച്ചു കുട്ടികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതിനുള്ള അംഗീകാരം നേടുന്നതിനും ഒരുക്കുന്ന ഈ അവസരം ഭംഗിയായി നടത്തുവാൻ ഉള്ള ബാധ്യത സർക്കാരിന് തന്നെയാണ്

സർക്കാർ ഗൗരവമായി കാണാത്ത മറ്റു ചില കാര്യങ്ങളും സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഉണ്ട്. കലോത്സവത്തിൽ മത്സരത്തിന് എത്തുന്ന വിദ്യാർത്ഥികളെ അതിനു വേണ്ട പരിശീലനം നൽകി മിടുക്കരാക്കി എടുക്കുന്നതിന് രക്ഷിതാക്കൾ വലിയ തുക ചെലവഴിക്കുന്നുണ്ട്. ഗുരുക്കന്മാർക്ക് വർഷങ്ങളോളം ഫീസ് കൊടുത്തു കൊണ്ടാണ് മക്കളുടെ പരിശീലനത്തിന് വഴിയൊരുക്കുന്നത്. ഇതിന് പുറമെയാണ് മത്സരം നടക്കുന്ന വേദികളിൽ എത്തിച്ചേരുന്നതിനും അതുപോലെതന്നെ മത്സര ആവശ്യത്തിലേക്ക് ഉപയോഗിക്കേണ്ട വേഷഭൂഷാദികൾ വാങ്ങുന്നതിനും ഒക്കെ രക്ഷിതാക്കൾ പണം കണ്ടെത്തേണ്ട സ്ഥിതി ഉണ്ടാകുന്നത്. സാമ്പത്തികമായി താഴെ തലത്തിൽ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും മക്കളുടെ കലാവാസനയെ വളർത്തിയെടുക്കാൻ മോഹിക്കുന്ന രക്ഷിതാക്കൾ കടംവാങ്ങിയും മറ്റും മത്സര രംഗത്ത് എത്തുമ്പോൾ, ആ കുട്ടികളുടെ അപ്പീൽ ഫീസായി തുക വാങ്ങാൻ വരെ സർക്കാർ സംവിധാനം തയ്യാറാക്കുന്നു എന്നത് പ്രതിഷേധാർഹമായ കാര്യം തന്നെയാണ്.