കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായ എ കെ ആൻറണി കഴിഞ്ഞ ദിവസം നേതാക്കൾക്കും പ്രവർത്തകർക്കും ഭഗവത്ഗീത പോലെ ഒരു ഉപദേശം നൽകി. നേതാക്കളോട് പറഞ്ഞത് മുഖ്യമന്ത്രികസേരക്ക് വേണ്ടി ഇപ്പോൾ പിടിക്കേണ്ട എന്നും വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ്. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് നടന്ന മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് ആയതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ്, ഗാന്ധിജിയെക്കാൾ ഉയരത്തിൽ നിന്നുകൊണ്ട് ആൻറണി അണികളെ ഉപദേശിച്ചത്. ഈ ഉപദേശം കേട്ടിരുന്ന നേതാക്കൾ ആരും കേൾക്കാതെ പരസ്പരം ചെവിയിൽ പറയുന്ന കാര്യങ്ങളാണ് പിന്നീട് ചർച്ചയായി മാറിയത്. പത്തുവർഷം മുൻപ് വരെ ഏതെങ്കിലും ഒരു വലിയ കസേര ഇല്ലെങ്കിൽ ഉറക്കം വരാത്ത നേതാവായിരുന്നു സാക്ഷാൽ ആൻറണി. ഏറ്റവും ഒടുവിൽ കോൺഗ്രസ് ദേശീയതലത്തിൽ അധികാരം നഷ്ടപ്പെട്ട് ഗതികേടിൽ ആയപ്പോഴും കേരളത്തിൽ നിന്നും രാജ്യസഭ സീറ്റ് വാങ്ങിച്ചെടുത്ത് അതിൻറെ സുഖസൗകര്യങ്ങൾ അനുഭവിച്ചിരുന്ന നേതാവായിരുന്നു ആൻറണി. ഇപ്പോൾ ഏതാണ്ട് 84 വയസ്സിൽ എത്തിയപ്പോൾ ഇനി ഒന്നിനും കഴിയില്ല എന്ന വിശ്വാസം കൊണ്ടാണ് ആൻറണി മറ്റുള്ളവരെ ഉപദേശിച്ചു കളയാം എന്ന് തീരുമാനിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് നേതാക്കൾ പരിഹസിച്ചത്. കോൺഗ്രസ് നേതൃനിരയിൽ നിന്നുകൊണ്ട് കേരളത്തിൽ കിട്ടാവുന്ന എല്ലാ ഉയർന്ന പദവിയും സ്വന്തമാക്കിയ ആൻറണി ഡൽഹിയിലെത്തി അവിടെയും ഒന്നാമനും രണ്ടാമനും ഒക്കെയായി വിലസിയിരുന്നു. ഇത്തരത്തിൽ കോൺഗ്രസ് പാർട്ടിയുടെ തണലിൽ എല്ലാം നേടിയെടുത്ത ആൻറണി എന്ന നേതാവിന് സ്വന്തം കുടുംബത്തിൽ മക്കളായി വളർന്നവരെ കോൺഗ്രസിന്റെ മുഖ്യ ശത്രുവായ ബിജെപിയിൽ കൂടി കയറുന്നതിന് തടയിടാൻ പോലും കഴിഞ്ഞിരുന്നില്ല. ആൻറണിയുടെ മകനായ അനിൽ ആൻറണി ബിജെപി എന്ന പാർട്ടിയുടെ ദേശീയ നേതാവാണ്. മകൻ കോൺഗ്രസിന്റെ ശത്രുപാളയത്തിൽ എത്തിയപ്പോൾ അതാണ് നല്ലത് എന്ന് പറഞ്ഞുകൊണ്ട് മകനെ പ്രോത്സാഹിപ്പിച്ചതാണ് ആൻറണിയുടെ ഭാര്യ ചെയ്ത മഹാ ത്യാഗം. ഇത്തരം രാഷ്ട്രീയ അന്തരീക്ഷം സ്വന്തം കുടുംബത്തിൽ ഇപ്പോഴും നിലനിൽക്കുമ്പോഴാണ് ഒന്നും അറിയാത്ത പരിശുദ്ധാത്മാവിനെ പോലെ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ആന്റണി എന്ന മഹാ നേതാവ് ഉപദേശിച്ചിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായിരുന്നു കോൺഗ്രസ് വളർത്തിയെടുത്ത സാക്ഷാൽ ഉമ്മൻചാണ്ടി. യഥാർത്ഥത്തിൽ നാലു പതിറ്റാണ്ടിലധികം കേരളത്തിലെ കോൺഗ്രസിനെ കൊണ്ട് നടന്നത് ഉമ്മൻചാണ്ടി ആയിരുന്നു. ആ സമയങ്ങളിലെല്ലാം ആദർശത്തിന്റെ തൊപ്പി വെച്ച് ശരീരം അനങ്ങാതെ ഉപദേശ വേഷം കെട്ടി അവസരം കിട്ടിയപ്പോഴെല്ലാം വലിയ പദവികൾ തട്ടിയെടുക്കുന്ന ശീലക്കാരൻ ആയിരുന്നു- സാക്ഷാൽ ആൻറണി. അധ്വാനം മുഴുവനും ഉമ്മൻചാണ്ടിക്കും ഫലം എടുക്കൽ ആൻറണിക്കും എന്നതായിരുന്നു കേരളത്തിലെ കോൺഗ്രസിൻറെ സ്ഥിതി. കേരളത്തിൽ കോൺഗ്രസ് പാർട്ടിയിൽ ആന്റണിക്ക് രാഷ്ട്രീയ ശത്രുവായി ഉണ്ടായിരുന്നത് സാക്ഷാൽ ലീഡർ കരുണാകരൻ ആയിരുന്നു. ആ കരുണാകരനെ ഒതുക്കുന്നതിന് ഉമ്മൻചാണ്ടി വഴി എല്ലാ അടവുകളും പയറ്റിയത് ആന്റണി ആയിരുന്നു. കരുണാകരൻ ഓടിനടന്ന് ഒപ്പം ആളെക്കൂട്ടി കോൺഗ്രസ് പാർട്ടിയിലെ ഐ ഗ്രൂപ്പ് വളർത്തിയെടുത്തപ്പോൾ അതിനെ തകർക്കുവാൻ ഉമ്മൻചാണ്ടിയെ ആണ് ആൻറണി ആയുധമായി ഉപയോഗിച്ചത്. അത്രയ്ക്ക് സ്നേഹവും വിധേയത്വവും കാണിച്ചിരുന്ന ഉമ്മൻചാണ്ടിക്ക് ലഭിക്കേണ്ടിയിരുന്ന പല പദവികളും ആരുമറിയാതെ തട്ടിത്തെറിപ്പിച്ച് സ്വന്തമാക്കി രാഷ്ട്രീയത്തിൽ കുതിച്ചു ചാടുവാൻ ആന്റണിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കേരളത്തിലെ ജനങ്ങളും കോൺഗ്രസ് പാർട്ടിയും- ഉമ്മൻചാണ്ടി യുഡിഎഫിന്റെ മുഖ്യമന്ത്രിയാകട്ടെ എന്ന് ആഗ്രഹിച്ച അവസരത്തിൽ പോലും, ആ രാഷ്ട്രീയ സാഹചര്യത്തെ കപട നീക്കങ്ങളിലൂടെ അട്ടിമറിച്ച് മുഖ്യമന്ത്രി കസേര തട്ടിയെടുക്കാൻ ആന്റണിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഇത്തരം കഥകൾ എല്ലാം തുറന്നു പറഞ്ഞിട്ടുള്ളത് ആന്റണിയുടെവരെ മുതിർന്ന നേതാവായിരുന്ന സാക്ഷാൽ വയലാർ രവി ആയിരുന്നു.
എ കെ ആൻറണി എന്ന കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയ വളർച്ചയ്ക്കിടയിൽ അദ്ദേഹം നടത്തിയിട്ടുള്ള സ്വാർത്ഥ താല്പര്യത്തോടുകൂടിയ എല്ലാ ഇടപാടുകളും അതുപോലെതന്നെ തനിക്ക് ലഭിക്കാവുന്ന ഏതെങ്കിലും പദവി മറ്റൊരാളുടെ കയ്യിലേക്ക് പോകുന്നു എന്ന് ബോധ്യപ്പെട്ടാൽ അതിനു രഹസ്യനീക്കം നടത്തി പാരവെച്ച് തകർക്കുവാനും എ കെ ആൻറണി പണ്ടുമുതൽ തന്നെ മിടുക്കനായിരുന്നു- എന്നതാണ് വാസ്തവം. ഒരണ സമരകാലത്ത് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ് നേതാവായ പ്രൊഫസർ ജി ബാലചന്ദ്രൻ ഈ കഥകളെല്ലാം അദ്ദേഹത്തിൻറെ ഒരു പുസ്തകത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന രീതിയിൽ- ഒന്നിലും ഇടപെടാതെ ഒതുങ്ങി മാറി എല്ലാം സ്വന്തമാക്കുക എന്ന കുതന്ത്രമാണ് എ കെ ആൻറണി എന്ന നേതാവിന്റെ സ്വഭാവ സവിശേഷത. ഇത് തിരിച്ചറിഞ്ഞിട്ടുള്ള കോൺഗ്രസിന്റെ നിരവധി മുതിർന്ന നേതാക്കൾ ഇത്തരം കഥകൾ പരസ്യമായി തന്നെ പല അവസരത്തിലും പറഞ്ഞിട്ടുണ്ട്. ഓരോ ഘട്ടത്തിലും കോൺഗ്രസ് പാർട്ടിയുടെയും അതല്ലെങ്കിൽ സംസ്ഥാന കേന്ദ്ര സർക്കാർ തലപ്പത്ത് സ്ഥാനമുറപ്പിച്ചുകൊണ്ട് മുന്നേറുമ്പോൾ അതിനായി ആൻറണി നടത്തിയിട്ടുള്ള തരികിട പണികൾ പുറത്തു പറയാൻ മറ്റുള്ളവർ ഭയപ്പെട്ടിരുന്നു. കാരണം രഹസ്യമായും പരസ്യമായും ആദർശ മഹാന്റെ പരിവേഷം ചാർത്തി ഓരോ കാലത്തും വലിയ പദവികൾ സ്വന്തമാക്കിയ ആന്റണി തൻറെ സ്ഥാനമാനങ്ങളെ ചോദ്യം ചെയ്യുന്ന ആരെങ്കിലും പാർട്ടിയിൽ ഉയർന്നു വന്നാൽ അയാളെ ആരും അറിയാത്ത വിധത്തിൽ ഇല്ലായ്മ ചെയ്യാൻ മടിക്കാത്ത സ്വഭാവക്കാരനും ആയിരുന്നു.
ഇപ്പോൾ വാർദ്ധക്യത്തിന്റെ തടവിൽ എത്തിയ ആന്റണി ഇനി അടുത്തതായി ഒന്നും തനിക്ക് ലഭിക്കാനില്ല എന്ന ഉറപ്പിലാണ് എന്നാലിനി വേദ ഉപദേശിയുടെ റോൾ എടുക്കാം എന്ന തീരുമാനത്തിൽ എത്തിയിട്ടുള്ളത്. സ്വന്തം മകൻ മറുവശത്ത് ഇരുന്നുകൊണ്ട് ആന്റണി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ചീത്ത വിളിക്കുമ്പോൾ- അതിനു മുന്നിൽ കണ്ണും കാതും അടച്ചു ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവിക്കുന്ന ആൻറണിയുടെ കാപട്യം- കേരളത്തിലെ പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയുന്നുണ്ട് എന്ന കാര്യം അറിയാത്തത് സാക്ഷാൽ ആൻറണി മാത്രമാണ്.