പണത്തിൻറെ കൊഴുപ്പു കൊണ്ട് സർവ്വ പ്രതാപിയായി വാണിരുന്ന സ്വർണ മുതലാളി സാക്ഷാൽ ബോബി ചെമ്മണ്ണൂർ ജയിലിനകത്ത് ഗോതമ്പുണ്ടയും കഴിച്ചു കിടക്കുകയാണ്.
ഒരു മനുഷ്യനെ പണം എത്ര ധിക്കാരിയും അഹങ്കാരിയും ആക്കും എന്നതിൻറെ തെളിവാണ് ബോബി ചെമ്മണ്ണൂർ എന്ന കഥാപാത്രത്തിലൂടെ മലയാളി തിരിച്ചറിയുന്നത്. സിനിമാനടിയായ ഹണി റോസ് ലൈംഗിക അധിക്ഷേപത്തിന്റെ പേരിൽ നൽകിയ പോലീസ് പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബോബി ചെമ്മണ്ണൂർ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജയിലിൽ എത്തിയിരിക്കുകയാണ്. ബോബി ചെമ്മണ്ണൂർ എന്ന കേരളത്തിലെ വൻകിട മുതലാളിയുടെ പ്രാകൃതവും നിന്ദ്യവുമായ പ്രവർത്തനങ്ങൾ കേരളം ആകെ ചർച്ച ചെയ്യുകയാണ്. ഈ കൂട്ടത്തിലാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയും ആയ ജി സുധാകരൻ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നത്. ബോബി ചെമ്മണ്ണൂർ പ്രാകൃതനും കാടനും ധിക്കാരിയും അഹങ്കാരിയും ഒക്കെയാണ് എന്നും അവനെയൊക്കെ വഴിയിൽ ഇട്ട് തല്ലേണ്ട കാലം കഴിഞ്ഞു എന്നുമൊക്കെയാണ് സുധാകരൻ പ്രസ്താവിച്ചിരിക്കുന്നത്. ഏതായാലും കേരളത്തിലെ ജനങ്ങളുടെ വലിയ തോതിലുള്ള വിരോധം ഏറ്റുവാങ്ങിയ ബോച്ചെ എന്ന ബോബി ചെമ്മണ്ണൂറിന്റെ വഴിവിട്ട പ്രവർത്തനങ്ങളെയാണ് സുധാകരൻ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുന്നത്.
ബോബി ചെമ്മണ്ണൂർ എങ്ങനെയൊക്കെയോ കോടീശ്വരനായി മാറിയതാണ്. അയാൾ കുറേ ശിങ്കിടികളെയും ഗുണ്ടകളെയും ചുറ്റുംനിർത്തി ആർക്കുനേരെയും എന്ത് തെണ്ടിത്തരവും കാണിച്ചു കളയാമെന്ന് അഹങ്കരിക്കുകയായിരുന്നു. ഏതായാലും ഒരു നടി അതിന് പകരം വീട്ടാൻ ധൈര്യം കാണിച്ചത് നന്നായി. യഥാർത്ഥത്തിൽ പത്ത് പതിനഞ്ച് കൊല്ലമായി എല്ലാ തോന്ന്യാസവും കാണിച്ചുകൊണ്ട് ഇയാൾ മലയാളിയെ വിഡ്ഢിയാക്കുകയാണ് ചെയ്തിരുന്നത്. ഇയാൾ കോടീശ്വരൻ ആയതു പോലും നേരായ വഴിയിലൂടെ പണം സമ്പാദിച്ചല്ല എന്ന് പറയപ്പെടുന്നുണ്ട്. ഇയാളുടെ സംസ്കാരം ഇല്ലാത്ത പ്രവർത്തനങ്ങൾ പലതവണ നമ്മൾ കണ്ടിട്ടുള്ളതാണ്. യഥാർത്ഥത്തിൽ ഇയാളുടെ തോന്നിയവാസങ്ങൾക്ക് ഇരയാകുന്ന പെണ്ണുങ്ങൾ നേരത്തെ തന്നെ അയാളുടെ കരണത്ത് അടിച്ചിരുന്നെങ്കിൽ പണ്ടേ ഇയാൾ ഇതെല്ലാം അവസാനിപ്പിക്കുമായിരുന്നു. ഇപ്പോൾ ഏതായാലും തക്ക തിരിച്ചടി അയാൾക്ക് കിട്ടിക്കഴിഞ്ഞു എന്നും സുധാകരൻ പറഞ്ഞു.
സ്വർണ്ണ മുതലാളി എന്നൊക്കെ പറഞ്ഞു വിലസുന്ന ഈ മഹാന് ധൈര്യമുണ്ടെങ്കിൽ ആലപ്പുഴയിൽ വന്ന് അയാളുടെ സംസ്കാരം കെട്ട പ്രവർത്തനം ഒന്ന് നടത്തട്ടെ. ഞങ്ങൾ ആലപ്പുഴക്കാർ കാണിച്ചു കൊടുക്കാം എന്താണ് അതിൻറെ ഫലം എന്ന്. കണക്കിന് കൊടുത്ത് വന്ന വഴിക്ക് തന്നെ അയാളെ ഓടിക്കാൻ ഞങ്ങൾ ആലപ്പുഴക്കാർക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞുവെച്ചു. വലിയ തോതിൽ ജനങ്ങൾ ഒത്തുകൂടുന്ന പല പരിപാടികളിലും മുതലാളി ചമഞ്ഞ് സ്റ്റേജിൽ കയറുന്ന ബോബി ചെമ്മണ്ണൂർ കാണിച്ചു കൂട്ടിയിട്ടുള്ള തെമ്മാടിത്തരങ്ങൾ പലതും വീഡിയോകളായി പുറത്തു വന്നിട്ടുള്ളതാണ്. സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെല്ലാം ഇത്തരം പല സംഭവങ്ങളും കണ്ടിട്ടുള്ളതുമാണ്. എന്നാൽ മാന്യതയുടെ പേരിൽ കഴിഞ്ഞ കാലമത്രയും ഇരകളായ പലരും ഇതൊന്നും പുറത്തു പറഞ്ഞില്ല എന്നതാണ് വാസ്തവം. ഇപ്പോൾ എല്ലാ പരിധികളും വിട്ട് ഗതികെട്ടപ്പോഴാണ് സിനിമാ നടി ഇയാൾക്കെതിരെ കേസുമായി കടന്നുവന്നത്.
പലതരത്തിലുള്ള അഭ്യാസങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൽ കാണിച്ചുകൊണ്ട് അതെല്ലാം തൻറെ മഹത്തായ സിദ്ധികളാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. പണത്തിന്റെ അഹങ്കാരം കൊണ്ട് കാശുകൊടുത്ത് സമൂഹമാധ്യമങ്ങളിൽ അനുയായികളെയും സ്വന്തക്കാരെയും നിറച്ചു കൊണ്ടാണ് ഈ ആക്ഷേപ കർമ്മങ്ങളിൽ അയാൾ വീര പുരുഷനായി നിലനിന്നത്. ഇപ്പോൾ പരാതിയുമായി കടന്നുവന്ന ഹണി റോസ് എന്ന നടിയെയും സ്വന്തം സമൂഹമാധ്യമ പടകളുടെ ഇടപെടലിലൂടെ ആക്രമിക്കുന്നതിനാണ് ബോബി ചെമ്മണ്ണൂർ തയ്യാറായത്. വ്യാപകമായ ആക്ഷേപങ്ങളും പരിഹാസവും സമൂഹമാധ്യമങ്ങളിൽ നിറച്ചുകൊണ്ട് നടിയെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനമാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇതിന്റെയെല്ലാം തെളിവുകൾ പോലീസിന് ലഭിച്ചു കഴിഞ്ഞു. അറിയുന്ന രീതിയിൽ പരിശോധിച്ചാൽ ഇപ്പോൾ അകത്തായ ബോബി ചെമ്മണ്ണൂറിന് പുറമേ ഇയാളുടെ ഇഷ്ടക്കാരായി നിലനിന്നിരുന്ന സമൂഹമാധ്യമ പോരാളികളിൽ പലരും അകത്താകും എന്നാണ് അറിയുന്നത്.
സ്വത്തിന്റെയും പണത്തിന്റെയും അഹങ്കാരത്താൽ സമൂഹത്തെയെല്ലാം അധിക്ഷേപിച്ചുകൊണ്ട് ഞാനാണ് മഹാരാജാവ് എന്ന രീതിയിൽ പരസ്യമായി എന്ത് വൃത്തികേടും കാണിക്കാൻ മടിക്കാതെ വിലസി നടന്ന ബോബി ചെമ്മണ്ണൂറിന്റെ എല്ലാ പ്രതാപവും ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ള നാളുകളിൽ കൂടുതൽ കൂടുതൽ കേസുകളിൽ കുടുങ്ങി വീണ്ടും വീണ്ടും അകത്താക്കാനുള്ള സാധ്യതകളും പുറത്തുവരുന്നുണ്ട്. ബോബി ചെമ്മണ്ണൂർ പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളും നടത്തിയതായിട്ടുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രവാസി മലയാളിയെ ജയിലിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള മോചന ദ്രവ്യമായി ബോബി ചെമ്മണ്ണൂർ ശേഖരിച്ച കോടിക്കണക്കിന് രൂപ അടിച്ചു മാറ്റിയതിന്റെ പരാതിയും ഇപ്പോൾ പോലീസിന് മുമ്പിൽ എത്തിയിട്ടുണ്ട്. ഇനിയും ഇയാളുടെ തട്ടിപ്പുകൾക്ക് ഇരയായവർ രംഗത്ത് വരും എന്ന വാർത്തയും കേൾക്കുന്നുണ്ട്. ഇപ്പോൾ നടിയുടെ പരാതിയിൽ ജയിലിൽ ആയതോടുകൂടി പരാതിക്കാരും ഇരകളും ആയവർക്ക് വലിയ ആത്മധൈര്യം കിട്ടിക്കഴിഞ്ഞു. സമ്പന്നനായ ബോബി ചെമ്മണ്ണൂരിന് എതിരായി ശബ്ദിച്ചാൽ- ഗുണ്ടകൾ വഴി ജീവിതം ഇല്ലാതാകും എന്ന ഭയത്താലാണ് പലരും മിണ്ടാതെ ഇരുന്നത്. ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ഒരു കാര്യം മനസ്സിലായി. നിയമവും കോടതിയും എല്ലാം സമ്പന്നന്മാർക്കും ഉയരത്തിലാണ് എന്ന സത്യാവസ്ഥ. അതുകൊണ്ടുതന്നെയാണ് ബോബി ചെമ്മണ്ണൂറിന്റെ ക്രൂരകൃത്യങ്ങൾക്ക് ഇരയായവർക്ക് ഇപ്പോൾ പരാതിപ്പെടാൻ ഉള്ള ആത്മധൈര്യം ഉണ്ടായിരിക്കുന്നത്.