ഭരണം പിടിച്ചെടുക്കാനും അധികാരത്തിലേറുവാനും കോൺഗ്രസ് പാർട്ടിക്കും കേരളത്തിലെ യുഡിഎഫിനും ഏറ്റവും അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നതായി രാഷ്ട്രീയ നിരീക്ഷകരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അനുകൂലമായ സാഹചര്യത്തെ മുതലെടുക്കാൻ കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ നേതാക്കൾ തയ്യാറല്ല എന്ന് പരസ്യമായി വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ ഇടതുപക്ഷ മുന്നണി സർക്കാരിനെതിരായ വലിയ ജനരോഷമാണ് ഉയർന്നുവന്നത്. അതിൻറെ പ്രകടമായ ലക്ഷണങ്ങളാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്.
കേരളത്തിൽ 20 മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽ ഒഴികെ എല്ലായിടങ്ങളിലും സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സ്ഥാനാർത്ഥികൾ ഭയങ്കര തോൽവിയാണ് ഏറ്റുവാങ്ങിയത്. സർക്കാരിൻറെ ജനദ്രോഹ നടപടികളാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് സിപിഎമ്മിന്റെ നേതാക്കളടക്കം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും സർക്കാരിനെതിരായ വികാരം കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിൽ അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുമ്പോൾ അത് മുതലെടുക്കാൻ കഴിയേണ്ടത് കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനുമാണ്. നിർഭാഗ്യവശാൽ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ നേതാക്കൾ ഗ്രൂപ്പ് കളികളും തമ്മിലടികളും ഒരു മടിയും ഇല്ലാതെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതിന്റെ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും, തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നാൽ ആര് മുഖ്യമന്ത്രി- എന്നതുമൊക്കെയാണ് കോൺഗ്രസ് നേതാക്കൾക്കിടയിലെ ഇപ്പോഴത്തെ പാർട്ടി പ്രവർത്തനം. തെരഞ്ഞെടുപ്പ് വരികയും ആ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്വം മറന്നുകൊണ്ട് അധികാരം കിട്ടിയാൽ ഞാൻ ആകണം മുഖ്യമന്ത്രി എന്നുള്ള സ്വാർത്ഥ ചിന്ത കൊണ്ട് മാത്രം നേതാക്കൾ ഇപ്പോൾ തമ്മിലടിക്കുകയാണ്. ഭൂരിപക്ഷം കിട്ടുമോ എന്നത് ദൈവത്തിനു മാത്രം അറിയാവുന്ന ഒരു കാര്യമാണ്.
രണ്ടു കൊല്ലത്തിൽ അധികമായി കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകകത്ത് ഭാരവാഹികളുടെ പുനസംഘടന നടന്നിട്ടില്ല. ഇപ്പോൾ നടത്തും ഇപ്പോൾ നടത്തുമെന്നൊക്കെ പലവട്ടം കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും പറയുന്നതല്ലാതെ പുനഃസംഘടന ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തയ്യാറാക്കുന്നതിന് വേണ്ടി നടത്തേണ്ട പരിപാടികൾ എന്തൊക്കെ എന്ന് ആലോചിക്കുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം പാർട്ടിയുടെ ഉന്നത അധികാര സമിതിയായ രാഷ്ട്രീയകാര്യ സമിതിയുടെ യോഗം വിളിച്ചിരുന്നു. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, ഈ യോഗം പൊളിക്കാൻ മുതിർന്ന ചില നേതാക്കൾ തന്ത്രപരമായി കളിച്ചു എന്നാണ് പറയപ്പെടുന്നത്. ഈ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം കേരളത്തിൻറെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി
തിരുവനന്തപുരത്ത് എത്തിയിരുന്നു. യോഗ ദിവസം രാവിലെയാണ് യോഗം മാറ്റിവെച്ചതായി അവർ അറിഞ്ഞത്. വിവരമറിഞ്ഞ അവർ നേതാക്കളെ ചീത്ത വിളിച്ചുകൊണ്ട് ആരെയും കാണാൻ പോലും തയ്യാറാകാതെ ഡൽഹിക്ക് മടങ്ങിയെന്നാണ് പറയപ്പെടുന്നത്. ഈ യോഗം പൊളിക്കാൻ പ്രതിപക്ഷ നേതാവ് സതീശനും മറ്റൊരു നേതാവും ഒരുമിച്ച് നീക്കം നടത്തി എന്നും പറയുന്നുണ്ട്. ഏതായാലും യോഗം നടക്കാതെ വന്നുയെന്നത് പാർട്ടിയുടെ ഇപ്പോഴത്തെ വലിയ പ്രതിസന്ധിയുടെ തെളിവായിട്ടാണ് മാധ്യമപ്രവർത്തകരുടെ വിലയിരുത്തലുകൾ.
കുറച്ചുനാളായി ഐക്യം ഉണ്ടാക്കും എന്ന് പറയുന്ന കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രഹസ്യമായി ഗ്രൂപ്പ് വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. കെ മുരളീധരൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ സതീശൻ എന്നീ നാല് നേതാക്കളാണ് ഇപ്പോൾ പാർട്ടിയെ സ്വന്തം കൈപ്പിടിയിൽ കൊണ്ടുവരാനുള്ള രഹസ്യ ഗ്രൂപ്പ് യോഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം യോഗങ്ങൾ പാടില്ലായെന്ന് പാർട്ടി കേന്ദ്ര നേതൃത്വം പലവട്ടം പറഞ്ഞുവെങ്കിലും ഒരു നേതാവും പിന്നോട്ട് പോകുന്നില്ല എന്നതാണ് വാസ്തവം.
കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിലനിൽക്കുകയാണ്. പിണറായി വിജയനും സർക്കാരും വലിയതോതിലുള്ള ആരോപണങ്ങളും അഴിമതികളും നേരിട്ടുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് സിപിഎം എന്ന സർക്കാരിനെ നയിക്കുന്ന വലിയ പാർട്ടിയുടെ ജില്ലാ ഘടകങ്ങളിൽ വിഭാഗീയത അടക്കമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നത്. ആലപ്പുഴ എന്ന സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ പോലും ഭിന്നത രൂക്ഷമാണ്. അവിടെ ചിലയിടങ്ങളിൽ സിപിഎമ്മിന്റെ അനുഭാവികൾ സംഘം ചേർന്നുകൊണ്ട് പാർട്ടിയിൽ നിന്നും രാജിവെച്ച് മറ്റു പാർട്ടിയിലേക്ക് പോകുന്ന സ്ഥിതി വരെയുണ്ടായി. ഇതെല്ലാം നടക്കുമ്പോൾ പോലും, കോൺഗ്രസ് പാർട്ടിക്ക് വലിയ വിജയസാധ്യത നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ ഒരു നേതാവും അനുകൂല നിലപാടുമായി മുന്നോട്ടു വരാതെ ഇരിക്കുന്നത്.
ഇപ്പോഴത്തെ ഗതികെട്ട അവസ്ഥയിലാണ് കോൺഗ്രസ് പാർട്ടിയും യുഡിഎഫും ഇനിയും മുന്നോട്ടുപോകുന്നതെങ്കിൽ, നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തോൽവിയായിരിക്കും കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാവുക. ഇപ്പോൾ സമ്പൂർണ്ണമായി തകർന്നു കിടക്കുന്ന ഇടതുപക്ഷ മുന്നണി ഈ സൗകര്യം മുതലെടുത്തുകൊണ്ട് കരുത്താർജിക്കുന്ന സ്ഥിതിയും ഉണ്ടായേക്കാം. ഇത്തരം വസ്തുതാപരമായ ഒരു കാര്യവും വിലയിരുത്താതെയാണ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കളായ കോൺഗ്രസ് നേതാക്കൾ മുന്നോട്ടുപോകുന്നത്. ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്, അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ പത്തുവർഷമായി കോൺഗ്രസ് പാർട്ടി പ്രതിപക്ഷത്ത് കിടക്കുകയാണ്. ഇനിയും ഒരഅഞ്ചു വർഷക്കാലം കൂടി അധികാരത്തിൽ നിന്നും പുറത്തു പോകുന്ന സ്ഥിതി ഉണ്ടായാൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് പാർട്ടി നാമാവശേഷമായതുപോലെ കേരളത്തിലും തൂത്തെറിയപ്പെടുന്ന സ്ഥിതി ഉണ്ടായേക്കാം. ഇത് തിരിച്ചറിയേണ്ടത് പാർട്ടിയെ നയിക്കുന്ന കേരളത്തിലെ നേതാക്കൾ തന്നെയാണ്.