ലോക രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അതിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള സംസ്ഥാനം നമ്മുടെ കേരളമാണ്. ഭക്ഷണ രീതികളിലെ തകരാറുകളും ജീവിതശൈലിയിലെ മാറ്റങ്ങളും മലയാളികളിൽ ഭൂരിഭാഗം ആൾക്കാരെയും പ്രമേഹരോഗികളാക്കി മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ പ്രമേഹം ബാധിച്ച രോഗികൾ ആശ്രയിക്കുന്നത് ശരീരത്തിൽ ഇൻസുലിൻ കുത്തിവയ്ക്കുക എന്ന മാർഗമാണ്. പ്രമേഹ രോഗത്തിന് പല തട്ടുകൾ ഉള്ളതായിട്ടാണ് ഡോക്ടർമാർ കണക്കാക്കുന്നത്. വളരെ ഉയർന്ന തോതിൽ പ്രമേഹം ബാധിച്ചു നിൽക്കുന്ന രോഗികൾക്കാണ് ഇൻസുലിൻ ദിവസേന കുത്തിവയ്ക്കേണ്ടി വരുന്നത്. ഇത്തരത്തിൽ ഇൻസുലിൻ കുത്തിവയ്ക്കുമ്പോൾ അനുഭവപ്പെടുന്ന വേദനയും കുത്തിവയ്ക്കുന്ന ശരീര ഭാഗത്തുണ്ടാകുന്ന പാടുകളുമെല്ലാം ഒഴിവാക്കുന്നതിന് പരിഹാരമായി- അമേരിക്കയിലെ ഗവേഷകരാണ് പുതിയ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്.
ലോകത്തെമ്പാടുമുള്ള പ്രമേഹരോഗികൾക്ക് വലിയ ഒരു ആശ്വാസമായിട്ടാണ് ഈ മരുന്ന് എത്തുന്നത്. ഇന്ത്യയിൽ ഈ മരുന്ന് ഉടൻ തന്നെ വിപണിയിൽ എത്തുമെന്നാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഈ മരുന്ന് വിപണനം നടത്തുന്നതിന് കേന്ദ്ര ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി കഴിഞ്ഞു. പുതിയതായി കണ്ടുപിടിച്ചിട്ടുള്ള മരുന്നിൻറെ പേര് അഫ്രയ്ഡ എന്നാണ്.
പ്രമേഹരോഗികൾക്ക് ഇൻസുലിൻ കുത്തിവയ്ക്കുന്നതിന് പകരമായി പുതിയതായി കണ്ടു പിടിച്ചിട്ടുള്ള ഇൻഹൈലർ ആയി ഉപയോഗിക്കാവുന്ന ഈ മരുന്ന് വലിയ ആശ്വാസമാണ്. ഈ മരുന്ന് വായിലൂടെ വലിച്ചെടുക്കാവുന്ന ഒന്നാണെന്നാണ് ഇത് സംബന്ധിച്ച കുറിപ്പിൽ പറയുന്നത്. ഇൻസുലിൻ വായിലൂടെ വലിച്ചെടുത്ത് കഴിയുമ്പോൾ മരുന്ന് ഉള്ളിൽ എത്തി ഫലം ഉണ്ടാക്കുന്നു എന്ന രീതിയാണ് പുതിയ മരുന്നിന്റെ പ്രയോഗത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. കഴിഞ്ഞ 20 വർഷത്തിലധികമായി അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളിലെയും ഔഷധ ഗവേഷകരും സ്ഥാപനങ്ങളും ഇൻസുലിൻ കുത്തിവയ്ക്കുന്നതിന് പകരം ഒരു സംവിധാനം കണ്ടുപിടിക്കുന്നതിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഏതായാലും ഇപ്പോൾ അമേരിക്കയിലെ മാൻ കൈൻഡ് കോർപ്പറേഷൻ ആണ് ഇൻസുലിൻ രൂപത്തിലുള്ള അഫ്രയ്ഡ കണ്ടുപിടിച്ചത്.
ഇപ്പോൾ എല്ലാ പരീക്ഷണങ്ങളിലും വിജയം കണ്ടെത്തി വിപണിയിലേക്ക് ഇറക്കുന്നതിന് തയ്യാറായിരിക്കുകയാണ്. ഇന്ത്യയിൽ ഈ മരുന്ന് വിതരണത്തിനും വിൽപ്പനയ്ക്കുമുള്ള അവകാശം സിപ്ല കമ്പനിയാണ് നേടിയിട്ടുള്ളത്. രാജ്യത്ത് അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇൻസുലിൻ കുത്തിവെപ്പിന് പകരമുള്ള അഫ്രയ്ഡ വിപണിയിൽ എത്തും എന്ന് സിപ്ല കമ്പനി അധികൃതർ അറിയിച്ചിരിക്കുകയാണ്. ഈ മരുന്ന് ലഭ്യമാകുന്നതോടുകൂടി പരമ്പരാഗത ചികിത്സാമാർഗമായ ഇൻസുലിൻ കുത്തിവെപ്പ് പൂർണമായും ഒഴിവാക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻസുലിൻ കുത്തിവെപ്പിന് പകരമായി വരുന്ന ഇൻഹൈലർ ഇൻസുലിൻ മരുന്ന് വിപണിയിൽ എത്തിക്കുന്നതിന് എല്ലാത്തരത്തിലുമുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായി വിതരണ കമ്പനിക്കാർ അറിയിക്കുന്നുണ്ടെങ്കിലും- ഈ മരുന്നിന്റെ ഇന്ത്യയിലെ വില സംബന്ധിച്ചു ഇതുവരെ കണക്കുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. കുത്തിവെപ്പിന് ഉപയോഗിക്കുന്ന ഇൻസുലിനും സിറിഞ്ചും മറ്റും വാങ്ങുമ്പോൾ ഉള്ള വിലക്ക് തന്നെ ഇൻസുലിൻ ഇൻഹെയ്ലർ ലഭ്യമാകും എന്ന രീതിയിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. കേരളത്തിൽ മൊത്തം ജനസംഖ്യയിൽ 20% ആൾക്കാർ പ്രമേഹരോഗികളാണെന്നാണ് കണക്കുകൾ. ഇത്തരത്തിൽ പ്രമേഹ ബാധിതരായ കേരളീയരെ സംബന്ധിച്ചിടത്തോളം ഈ പുതിയ മരുന്ന് വലിയ ആശ്വാസമാകും എന്ന കാര്യത്തിൽ സംശയമില്ല. പ്രമേഹത്തിന്റെ കൂടിയ രോഗാവസ്ഥയിലാണ് ഇൻസുലിൻ കുത്തിവെപ്പിന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. സ്വമേധയാ കുത്തിവയ്ക്കുന്നതിന് ഉള്ള ഭയവും വേദനയും പലപ്പോഴും ഇൻസുലിൻ കുത്തിവെക്കുന്നതിന് രോഗികളെ മടുപ്പിക്കാറുണ്ട്. വായിലൂടെ വലിച്ചു എടുത്ത് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്ന പുതിയ ഇൻഹെയ്ലർ രീതി ഈ കൂട്ടർക്ക് വലിയ സൗകര്യമായി മാറും എന്നതാണ് പുതിയ കണ്ടുപിടുത്തത്തിന്റെ ഗുണം.