കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയിൽ നിന്നും സംഭാവനയായിട്ടും മാസപ്പടി ആയിട്ടും പലതരത്തിൽ നേതാക്കൾ കോടിക്കണക്കിന് രൂപ കൈപ്പറ്റിയതായി അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെതിരെയാണ് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽ നാടൻ ആരോപണവും കേസും ഒക്കെയായി വന്നത്. കരിമണൽ കമ്പനിയുടമ രജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച വാർഷിക റിട്ടേണിൽ നിന്നുമാണ് മാസപ്പടി, സംഭാവന തുടങ്ങിയ ഇനങ്ങളിൽ 170 കോടിയോളം രൂപ പലരും കൈപ്പറ്റിയതിൻറെ കണക്കുകൾ പുറത്തുവന്നത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിൽ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന എക്സാ ലോജിക് എന്ന കമ്പനിക്ക് കരാർ പ്രകാരം ഒന്നേമുക്കാൽ കോടി രൂപ മാസപ്പടിയായി നൽകിയതിന്റെ കണക്കുകളും പുറത്തുവന്നത്. ഇതിനെ തുടർന്ന് ആദായനികുതി വകുപ്പും രജിസ്ട്രാർ ഓഫ് കമ്പനീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വീണ വിജയനെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പലതരത്തിലുള്ള അന്വേഷണങ്ങൾ ആരംഭിച്ചത്.
പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് മറ്റൊരു പരാതിയുമായി ഡൽഹി ഹൈക്കോടതിയിൽ എത്തിയത്. രജിസ്റ്റർ ഓഫ് കമ്പനീസ് ആസ്ഥാനം ഡൽഹിയിൽ ആയതിനാലാണ് പരാതി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഈ പരാതിയിലും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയതിൻറെ പേരിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ഡൽഹി ഹൈക്കോടതിയിൽ അന്വേഷണ ഏജൻസികൾ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.- ഇതൊക്കെയാണെങ്കിലും വിവാദമായ കരിമണൽ കമ്പനി കോഴ കേസുകളിൽ ഗൗരവതരമായ യാതൊരു നടപടിയും ഉണ്ടാവില്ലായെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും കേരളം ഭരിക്കുന്ന ഇടതുപക്ഷ പാർട്ടികളുടെയും, പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിന്റെയും നേതാക്കൾ കരിമണൽ കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ പല ഇനങ്ങളിലായി കൈപ്പറ്റിയിട്ടുള്ളതായി അന്വേഷണ റിപ്പോർട്ടുകളിൽ പരാമർശം ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ കരിമണൽ കമ്പനി നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച കേസുകൾ ഒരിടത്തുമെത്താതെ അവസാനിക്കാനുള്ള സാധ്യതയാണുള്ളത് എന്ന റിപ്പോർട്ടുകളാണ് ഒടുവിൽ പുറത്തുവരുന്നത്.
കേരളത്തിലെ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ, സി പി എമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കൾ, അതുപോലെതന്നെ കോൺഗ്രസിന്റെ കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാരും തന്നെ കരിമണൽ കമ്പനിയിൽ നിന്നും പലതവണ വലിയ തുകകൾ കൈപ്പറ്റിയതായി കമ്പനിതന്നെ സമർപ്പിച്ച രേഖകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇത് മാത്രമല്ല, കരിമണൽ കമ്പനി നടത്തിക്കൊണ്ടിരുന്ന നിയമവിരുദ്ധമായ പല പ്രവർത്തനങ്ങളും പുറത്തു വരാതിരിക്കുന്നതിന് വേണ്ടി- മലയാളത്തിലെ ചില ചാനലുകളും പത്രങ്ങളും കരിമണൽ കമ്പനി ഉടമയിൽ നിന്നും വലിയ തുകകൾ കൈപ്പറ്റിയിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയപ്പെടുന്നുണ്ട്. കരിമണൽ കമ്പനി കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ നിന്നും കരിമണൽ വാരുന്നത് നിയമവിരുദ്ധമാണ് എന്ന വാർത്തകൾ പുറത്തു വരാതിരിക്കുന്നതിന് വേണ്ടി- മാധ്യമങ്ങൾക്ക് കമ്പനി ഉടമ ചോദിക്കുന്ന തുകകൾ നൽകിയിരുന്നു എന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടിയായി കൈപ്പറ്റിയ തുക- വീണയുടെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് കമ്പനിയുമായിട്ടുള്ള കരാർ പ്രകാരമായിരുന്നു എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീണാ വിജയന് എതിരായി കാര്യമായ എന്തെങ്കിലും അന്വേഷണമോ ശിക്ഷാനടപടികളോ ഉണ്ടാകുവാൻ ഒരു സാധ്യതയും ഇല്ല. കരിമണൽ കമ്പനിയുടെ സാമ്പത്തിക തട്ടിപ്പുകളിൽ പിന്നെ കണ്ടെത്താൻ കഴിയുന്നത്- രാഷ്ട്രീയ പാർട്ടി നേതാക്കൾ കൈപ്പറ്റിയ കോടിക്കണക്കിന് രൂപയുടെ സംഭാവന സംബന്ധിച്ചാണ്. എന്നാൽ കരിമണൽ കമ്പനി ഉടമ വളരെ വിദഗ്ധമായാണ് രാഷ്ട്രീയ പാർട്ടി നേതാക്കളെ കൈകാര്യം ചെയ്തിരുന്നത്. ഭരണകക്ഷി എന്നോ പ്രതിപക്ഷ പാർട്ടി എന്നോ വേർതിരിവ് കാണിക്കാതെ എല്ലാ നേതാക്കൾക്കും ആവശ്യപ്പെട്ട തുക അനുവദിച്ചു കൊടുക്കുന്നതിൽ കരിമണൽ കൊടുത്തു എന്നറിയപ്പെടുന്ന മുതലാളിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാർട്ടിയും നേതാക്കളും കരിമണൽ കമ്പനിയിൽ നിന്നും വലിയ തുകകൾ കൈപ്പറ്റിയിട്ടുണ്ട്.
രാഷ്ട്രീയപാർട്ടികളെക്കാൾ വിദഗ്ധമായി കരിമണൽ കമ്പനി ഉടമയെ ചൂഷണം ചെയ്തത് മത -സമുദായ സംഘടനകളുടെ നേതാക്കളും ട്രേഡ് യൂണിയൻ നേതാക്കളുമൊക്കെയാണ് കോൺഗ്രസിന്റെ ഐ എൻ ടി യു സി എന്ന തൊഴിലാളി സംഘടനാ നേതാക്കളും സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സി ഐ ടി യു നേതാക്കളും സിപിഐയുടെ ട്രേഡ് യൂണിയനായ എ ഐ ടി യു സി നേതാക്കളും വലിയ തുകകൾ ഈ കമ്പനിയിൽ നിന്നും സംഭാവനയായി പലതവണ കൈപ്പറ്റിയിട്ടുണ്ട്. കരിമണൽ കമ്പനിയിൽ നിന്നും വലിയതോതിൽ പലതവണയായി സംഭാവനതുക സ്വീകരിച്ചിട്ടുള്ളതിൽ മുന്നിൽ നിൽക്കുന്നത് മുസ്ലിം ലീഗിൻറെ നേതാക്കളുമാണ്. കേരള കോൺഗ്രസുകളുടെ നേതാക്കളും പിരിവിന്റെ കാര്യത്തിൽ കരിമണൽ കമ്പനിയെ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള രാഷ്ട്രീയമായതും അല്ലാത്തതുമായ സംഘടനകളുടെയും വ്യക്തികളുടെയും സംഭാവന വാങ്ങലുകൾ നിരവധി കണ്ടെത്തുന്നതിന്റെ സാഹചര്യത്തിൽ- കരിമണൽ കമ്പനിയുടെ പേരിലുള്ള കേസുകൾ സ്വാഭാവികമായും തേഞ്ഞ് മാഞ്ഞ് പോകുന്ന സ്ഥിതി വന്നുചേരാനാണ് സാധ്യതയെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ബിജെപിയുടെ നേതാക്കളും വലിയ തുക കരിമണൽ കമ്പനിയിൽ നിന്നും കൈപ്പറ്റിയിട്ടുള്ളതുകൊണ്ട് ഒടുവിൽ കേസിന്മേൽ കേന്ദ്രസർക്കാരിൻറെ ഇടപെടൽ ഉണ്ടാകുമെന്നും അതോടുകൂടി എല്ലാ അന്വേഷണങ്ങളും നടപടികളും മരവിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ പേരിലുള്ള പരാതികളും ഒരിടത്തും എത്താതെ അവസാനിക്കുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക.