സിപിഎം ശൈലിക്കെതിരെ നേതാവ് ജി സുധാകരൻ

പാവപ്പെട്ട സഖാക്കൾ എങ്ങനെ ജീവിക്കുന്നു എന്ന് ആരും തിരക്കുന്നില്ല

കേരളത്തിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ശക്തമായ പാർട്ടി സിപിഎം ആണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജന്മം നൽകിയ പ്രദേശങ്ങളിൽ ഒന്നാണ് ആലപ്പുഴ. കമ്മ്യൂണിസ്റ്റ് സഖാക്കൾ ക്രൂരമായ മർദ്ദനത്തിനും മരണത്തിനും ഇരയായ പുന്നപ്ര വയലാർ സമരത്തിൻറെ ഓർമ്മകളിലാണ് ഇപ്പോഴും ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ജീവിക്കുന്നത്. സഖാക്കളുടെ ധീര പോരാട്ടത്തിന്റെ ഓർമ്മകളാണ് ആലപ്പുഴയിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ശക്തി പകർന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുത്ത സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന ഒരു നേതാവാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പലരുടെയും പേരുകൾക്കൊപ്പം അഴിമതിയുടെയും അന്യായത്തിന്റെയും പരാതികൾ ചേർത്തുവയ്ക്കപ്പെട്ടുവെങ്കിലും- സ്വന്തം പേരിന് ഒരു കളങ്കവും ഉണ്ടാകാതെ ഇത്രയും കാലം രാഷ്ട്രീയത്തെ കൊണ്ട് നടന്ന ആളാണ് സുധാകരൻ. മറ്റൊരു സവിശേഷത കൂടി സുധാകരൻ എന്ന സിപിഎം നേതാവിനുണ്ട്. മന്ത്രിയായി നാട് ഭരിക്കുമ്പോൾ അധികാരം ഇല്ലാതെ വെറും രാഷ്ട്രീയക്കാരനായി ഇരിക്കുമ്പോഴും തെറ്റും ശരിയും തിരിച്ചറിയുവാനും- തെറ്റ് കണ്ടാൽ അത് ചങ്കൂറ്റത്തോടെ വിളിച്ചു പറയുവാനും ധൈര്യം കാണിച്ചിട്ടുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് സുധാകരൻ.
സ്വന്തം സർക്കാർ കഴിഞ്ഞ 9 വർഷത്തോളമായി കേരളം ഭരിച്ചുകൊണ്ടിരിക്കുമ്പോൾ- ഭരണത്തിൽ ഉണ്ടാകുന്ന പാളിച്ചകളെ മറച്ചു പിടിക്കാതെ തുറന്നു പറയാനും സുധാകരൻ ധൈര്യം കാണിച്ചു. ഇതിൻറെ പേരിൽ ആലപ്പുഴ ജില്ലയിലെയും സംസ്ഥാനത്തെയും സിപിഎമ്മിന്റെ ചില നേതാക്കൾ സുധാകരൻ എന്ന ജനകീയ നേതാവിനെ ഒതുക്കാൻ ശ്രമിച്ചു എങ്കിലും അതൊന്നും സുധാകരനെ തളർത്തിയില്ല. മാത്രവുമല്ല സത്യം സത്യമായി വിളിച്ചു പറയുന്നതിന് ഇഷ്ടപ്പെടുന്ന സാധാരണ സഖാക്കൾ ഓരോ ദിവസം കഴിയുന്തോറും സുധാകരനെ പുകഴ്ത്തി പറയുന്ന സ്ഥിതിയുമുണ്ടായി. ഇപ്പോൾ ഏറ്റവും ഒടുവിൽ കേരളത്തിലെ തന്റെ പാർട്ടിയായ സിപിഎമ്മിന്റെ നിലവിലെ ശൈലിയും പ്രവർത്തനരീതിയും ശരിയല്ലായെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ്- സുധാകരൻ തെറ്റ് തിരുത്തുന്നതിനുള്ള ഉപദേശം പോലെ രംഗത്ത് വന്നിരിക്കുന്നത്. ഏതൊരു രാഷ്ട്രീയ പാർട്ടിയെയും നയിക്കുന്ന നേതാക്കൾ സ്വന്തം പാർട്ടിയിൽ- ഒന്നും ആഗ്രഹിക്കാതെ ആയുഷ്കാലമത്രയും പ്രവർത്തിച്ച ആൾക്കാർ-വാർദ്ധക്യത്തിൽ എങ്ങനെയാണ് കഴിയുന്നതെന്ന് അന്വേഷിക്കണമെന്നാണ് സുധാകരൻ സ്വന്തം പാർട്ടി നേതാക്കളെ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞുവെച്ചത്. ഏത് രാഷ്ട്രീയ പാർട്ടിയിലും സർക്കാർ ഉദ്യോഗസ്ഥന്മാർക്കിടയിൽ നടപ്പാക്കുന്നത് പോലെ റിട്ടയർമെൻറ് കർശനമായി നടപ്പിൽ വരുത്തണമെന്നും സുധാകരൻ നിർദ്ദേശിച്ചു. ആലപ്പുഴയിൽ റിട്ടയർ ആയ ബാങ്ക് ജീവനക്കാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് സുധാകരൻ ഈ കാര്യങ്ങൾ പറഞ്ഞത്.

കേരളത്തിലെ സിപിഎം- ഇന്ന് നടത്തുന്ന രീതിയിലുള്ള പ്രവർത്തന ശൈലിയുമായി മുന്നോട്ടു പോയാൽ ഏറെ വൈകാതെ പാർട്ടിയിൽ പ്രവർത്തകരും അണികളും ഇല്ലാത്ത സ്ഥിതി വരുമെന്ന് അദ്ദേഹം പറഞ്ഞുവച്ചു. താൻ കഴിഞ്ഞ 62 വർഷമായി രാഷ്ട്രീയക്കാരനായി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ മന്ത്രിയാവുകയും എം എൽ എ ആവുകയുമൊക്കെ ചെയ്തതിന്റെ പേരിൽ കിട്ടുന്ന പെൻഷൻ കൊണ്ട് എനിക്ക് ജീവിക്കുവാൻ കഴിയും. രോഗ ചികിത്സയ്ക്ക് ആനുകൂല്യവും എനിക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് എൻറെ ജീവിതത്തിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ പാർട്ടിയെ വളർത്തുവാൻ വേണ്ടി ഇപ്പോഴും തളരാതെ പ്രവർത്തിക്കുന്ന വാർദ്ധക്യത്തിൽ എത്തിയ ലക്ഷക്കണക്കിന് വരുന്ന സഖാക്കളുടെ കാര്യം പാർട്ടി നേതാക്കൾ ചിന്തിക്കണം. സാമ്പത്തികമായി ഇപ്പോഴും ദാരിദ്ര്യ അവസ്ഥയിൽ കഴിയുന്ന പാവപ്പെട്ട സഖാക്കൾക്ക് പണിയെടുക്കാൻ കഴിയാത്ത പ്രായത്തിൽ എത്തുമ്പോൾ ആരാണ് തുണയായി ഉള്ളതെന്ന് സുധാകരൻ തുറന്നു ചോദിച്ചു. പാർട്ടിയിൽ പലകാര്യങ്ങളിലും ഇപ്പോഴും വലിയ തോതിൽ സാമ്പത്തിക പിരിവുകളും ശേഖരണവും നടത്തുന്നുണ്ട്. അതേപോലെതന്നെ പാർട്ടിക്കു വേണ്ടി ആയുഷ്കാലം മുഴുവൻ പണിയെടുത്ത് തളർന്ന സഖാക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും പാർട്ടി ഏറ്റെടുക്കണം. അതല്ലായെങ്കിൽ വരുന്ന തലമുറ പാർട്ടിയിൽ നിന്നും പൂർണമായും അകലുന്ന സ്ഥിതിയിലേക്ക് പോകുമെന്നും സുധാകരൻ നേതാക്കളെ ഓർമിപ്പിച്ചു.

തിരുവനന്തപുരത്ത് പാർട്ടിയുടെ സമ്മേളനം നടത്തിയപ്പോൾ വലിയ ഗതാഗത തിരക്കുള്ള റോഡ് അടച്ചു കെട്ടിയതിനെയും സുധാകരൻ കർശനമായ ഭാഷയിൽ വിമർശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ എല്ലാകാലത്തും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ശൈലിയാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. വലിയ ഗതാഗത തിരക്കുള്ള റോഡ് പൂർണ്ണമായും അടച്ചു കെട്ടി- പാർട്ടി സമ്മേളനം നടത്തുക എന്നത് ഒട്ടും ന്യായീകരിക്കാവുന്ന കാര്യമല്ല. ഇത്തരം പ്രവർത്തനങ്ങൾ തുടരുമ്പോൾ സാധാരണ ജനങ്ങൾ പോലും സിപിഎം എന്ന പാർട്ടിയെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന കാര്യം- ഇത്തരത്തിലുള്ള അന്യായ പ്രവർത്തനങ്ങൾ നടത്തുന്ന നേതാക്കൾ തിരിച്ചറിയണമെന്നും സുധാകരൻ ഓർമ്മപ്പെടുത്തി. കഴിഞ്ഞ കുറച്ചുകാലമായി ആലപ്പുഴയിലെ ഏറ്റവും ജനകീയനായ സിപിഎം നേതാവ് സുധാകരൻ- പാർട്ടിയുടെ നേതാക്കന്മാരുടെ പോക്കുകൾക്കെതിരെയും- പാർട്ടി നയങ്ങൾക്കെതിരെയും വലിയ വിമർശനങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. പാർട്ടിയുടെ ആലപ്പുഴയിലെ ചില നേതാക്കൾ സുധാകരനെതിരായി പലതരത്തിലുള്ള നീക്കങ്ങളും നടത്തിയെങ്കിലും- സുധാകരൻ അതൊന്നും മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്വന്തം ജന്മ നാട്ടിലെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സുധാകരനെ ക്ഷണിക്കാതിരുന്നത് വലിയ വിമർശനം ഉയർത്തിയിരുന്നു. സുധാകരൻ ആ പാർട്ടി നടപടി വിമർശിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസിൻറെ ദേശീയ നേതാവും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ സുധാകരനെ വീട്ടിൽ ചെന്ന് കണ്ട് സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. ഇതും ആലപ്പുഴയിലെ സിപിഎം നേതാക്കൾക്ക് ദേഷ്യത്തിന് വഴിയൊരുക്കി. എന്നാൽ സ്വന്തം നാട്ടിലെ ഒരു എംപി തന്റെ വീട്ടിൽ വരുന്നതിൽ ഒരു തെറ്റുമില്ലായെന്നും- പാർട്ടിയുടെയും കൊടിയുടെയും നിറം നോക്കിയല്ല തൻറെ വീട്ടിലേക്ക് ആരെയെങ്കിലും കയറ്റുന്നതെന്നും പ്രതികരിച്ചുകൊണ്ടാണ് സുധാകരൻ ആലപ്പുഴയിലെ സിപിഎം നേതാക്കൾക്ക് മറുപടി നൽകിയത്.
ഏതായാലും ആലപ്പുഴ ജില്ല കണ്ണൂർ പോലെ തന്നെ സിപിഎമ്മിന്റെ ഒരു കോട്ടയാണ്. ആ കോട്ടയിൽ എന്തൊക്കെയോ പാർട്ടിക്കകത്ത് ചീഞ്ഞുനാറുന്നു എന്നത് വാസ്തവമാണ്. അമ്പലപ്പുഴയിലും ഹരിപ്പാടും സിപിഎമ്മിന്റെ ഭാരവാഹിത്വമുള്ള ആൾക്കാർ വരെ പാർട്ടി വിട്ടുകൊണ്ട് മറ്റു പാർട്ടികളിൽ ചേർന്ന സംഭവം പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെതന്നെയാണ് പാർട്ടി നേതാക്കളുമായി അകലം പാലിച്ചു കൊണ്ടുള്ള സുധാകരന്റെ നീക്കങ്ങളും. പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും പരസ്യമായുള്ള വിമർശനങ്ങളും ആരെയും ഭയപ്പെടാതെയും വകവയ്ക്കാതെയും ധൈര്യത്തോടെ സുധാകരൻ വിമർശനവുമായി മുന്നോട്ടുപോകുന്നത് നേരിടുവാൻ കഴിയാത്ത ഗതികേടിലാണ് ആലപ്പുഴയിലെ സിപിഎം നേതാക്കൾ.