കേരളത്തിലെ സാധാരണക്കാരും പട്ടിണി പാവങ്ങളും ജീവിച്ചു പോകുന്നത് റേഷൻ ഭക്ഷ്യവസ്തുക്കളെ ആശ്രയിച്ചു കൊണ്ടാണ്. റേഷൻ വിതരണം ഒരു അത്യാവശ്യ ഘടകമാണ്. കേന്ദ്രസർക്കാരിൻറെ നിയമപ്രകാരം ഭക്ഷണം ഒരു പൗരന്റെ അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആരും പട്ടിണി കിടക്കാത്ത വിധത്തിൽ അത്യാവശ്യ ഭക്ഷ്യ വസ്തുക്കൾ റേഷൻ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് നിയമം നിർദ്ദേശിക്കുന്നുണ്ട്. സർക്കാർ ചട്ട പ്രകാരമാണെങ്കിൽ റേഷൻ വിതരണമെന്നത് ഒരു സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ്. അതൊരു കാരണവശാലും മുടങ്ങാതെ കൃത്യമായി നടത്തിക്കൊണ്ടു പോകേണ്ട ബാധ്യത സംസ്ഥാന സർക്കാരുകൾക്കുണ്ട്. എന്നാൽ കേരളത്തിൽ വരുന്ന ദിവസങ്ങളിൽ റേഷൻ വിതരണം ഏതാണ്ട് പൂർണമായും സ്തംഭിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നുവെന്നാണ് അറിയുന്നത്. റേഷൻ വിതരണം ചെയ്യുന്ന റേഷൻകട ഉടമകൾ സമരരംഗത്തേക്ക് ഇറങ്ങുകയാണ്. അതുപോലെ തന്നെ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന ആൾക്കാരുടെ സംഘടനയും സമരത്തിൽ എത്തുകയാണ്. ഇതിന് പുറമേ മറ്റു ചില പ്രതിസന്ധികളും ഫാഷൻ വിതരണ കാര്യങ്ങളിൽ ഉണ്ടായിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതെല്ലാം ഒരുമിച്ച് എത്തിയാൽ കേരളത്തിൽ പാവങ്ങളെ പട്ടിണി കിടക്കുന്ന സാഹചര്യമാവും ഉണ്ടാവുക.
സാധാരണക്കാരും പട്ടിണിക്കാരുമായ ഏതാണ്ട് ആറു ലക്ഷത്തിനും എട്ടു ലക്ഷത്തിനും ഇടയ്ക്കുള്ള കാർഡ് ഉടമകളെ ദുരിതത്തിലേക്ക് തള്ളിയിടുന്ന സാഹചര്യമാണ് റേഷൻ വിതരണ രംഗത്തുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് റേഷൻ കടകളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കഴിഞ്ഞ രണ്ടാഴ്ചയായി പണിമുടക്കിലാണ്. നാലുമാസത്തിലധികമായി സംഘടനയിലെ ആൾക്കാർക്ക് തുകയൊന്നും സർക്കാർ നൽകിയിട്ടില്ല. വലിയ കുടിശികയാണ് ഇവർക്ക് നൽകുവാൻ ഉള്ളത്. താൽക്കാലിക സഹായം എന്ന നിലയിൽ 100 കോടി രൂപയെങ്കിലും അനുവദിക്കണമെന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ധനകാര്യ മന്ത്രിയോട് അഭ്യർത്ഥിച്ചുവെങ്കിലും ഇതുവരെ തുകയൊന്നും അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കോൺട്രാക്ടർമാർ സമരത്തിൽ തുടരുകയാണ്.
ഇതിന് പുറമെയാണ് വരുന്ന ഇരുപത്തിയേഴാം തീയതി മുതൽ കേരളത്തിലെ മുഴുവൻ റേഷൻ വ്യാപാരികളും കട അടച്ച് അനിശ്ചിതകാല സമരം തുടങ്ങുന്നതിനുള്ള നോട്ടീസ് നൽകിയിരിക്കുന്നത്. റേഷൻ വ്യാപാരികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രബലമായ നാല് സംഘടനകൾ സംയുക്തമായി ചേർന്നുകൊണ്ട് രൂപീകരിച്ച സമരസമിതിയാണ് ഇപ്പോൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് റേഷൻ വിതരണം പ്രതിസന്ധിയിൽ ആക്കുന്ന മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് കാർഡ് ഉടമകൾക്ക് റേഷൻ സാധനങ്ങൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന് റേഷൻ കടകളിൽ ഉപയോഗിക്കുന്ന ഇ-പോസ് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലനം നടത്തുന്നതിനും കരാർ ഏറ്റിരുന്ന കമ്പനി ഇതിൽ നിന്നും പിന്മാറുന്നതായി സർക്കാരിനെ അറിയിച്ചിരിക്കുകയാണ്. ഈ സംവിധാനം നടത്തിയിരുന്ന കരാർ കമ്പനിയുമായി നിലവിൽ ഉണ്ടായിരുന്ന കരാർ പുതുക്കുന്നതിനുള്ള ഒരു നടപടിയും എടുക്കാതെ വന്നതാണ്. പുതിയ പ്രതിസന്ധി ഉണ്ടാക്കിയത് മാത്രവുമല്ല- ഈ സംവിധാനം കൈകാര്യം ചെയ്തിരുന്ന കമ്പനിക്ക് വലിയതോതിൽ കുടിശ്ശിക തുക നൽകാനുണ്ടെന്നും പറയപ്പെടുന്നു. ഇ – പോസ് മെഷീന്റെ പ്രവർത്തനവും സർവീസിൽ നിന്നും നടത്തിയിരുന്ന കമ്പനിയുടെ കരാർ ഈ ജനുവരി 31ന് അവസാനിക്കുകയാണ്. പുതിയ സംവിധാനവും പുതിയ കരാറും ഇനിയുള്ള ചുരുങ്ങിയ ദിവസത്തിനുള്ളിൽ എങ്ങനെ സജ്ജീകരിക്കും എന്നതിന് ഒരു മറുപടിയും ആരും പറയുന്നില്ല.
നാട്ടിൽ പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാർ സംവിധാനം വഴി അവർക്ക് നൽകിവരുന്ന സേവനങ്ങളിൽ ഏതു കാര്യത്തിൽ മുടക്കം ഉണ്ടായാലും ഒരിക്കലും മുടക്കം വരാതെ പ്രവർത്തിക്കേണ്ടതാണ്. പാവങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന റേഷൻ സംവിധാനം ഭരണഘടനാപരമായി തന്നെ സർക്കാരുകളുടെ ഒരു കടമയും ഉത്തരവാദിത്വവുമായി രേഖപ്പെടുത്തിയിട്ടുള്ള റേഷൻ സംവിധാനത്തിന് മുടക്കം ഉണ്ടാവുക എന്നത് ഒരുതരത്തിലും നീതീകരിക്കാൻ കഴിയുന്ന കാര്യമല്ല. മറ്റ് സർക്കാർ സംവിധാനങ്ങളിൽ ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നതിനായി ജനങ്ങൾ കാത്തിരുന്നുവെന്ന് വരും. വിശപ്പടക്കാനുള്ള ഭക്ഷ്യ വസ്തുക്കൾ കിട്ടാതെ വരുന്ന സാഹചര്യം ജനങ്ങളെ മരണത്തിലേക്ക് നയിക്കുന്നതാണ്.
കേരളത്തിൽ മാറിമാറി വന്നിട്ടുള്ള സർക്കാരുകൾ പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ സ്ഥിരമായി ലഭിക്കുന്നതിന് പല സംവിധാനങ്ങളും ഇതിനകം തന്നെ ഒരുക്കിയിട്ടുള്ളതാണ്. എന്നാൽ നിലവിലുള്ള സർക്കാരിൻറെ ഭരണകാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷനിലാണ് വലിയ പ്രതിസന്ധിയിൽ എത്തിനിൽക്കുന്നത്. പാവങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്ന മാവേലി സ്റ്റോറുകളും ത്രിവേണി സ്റ്റോറുകളും മറ്റു ചെറുകിട വില്പനശാലകളുമെല്ലാം കാര്യമായ ഭക്ഷ്യ വസ്തുക്കൾ സ്റ്റോക്ക് ഇല്ലാത്തതിന്റെ പേരിൽ ഏതാണ്ട് മരവിച്ചു കിടക്കുന്ന സ്ഥിതിയിലാണ്. ഇത്തരം സ്റ്റോറുകളിൽ മാസങ്ങളായി നിത്യോപയോഗ ഭക്ഷ്യ വസ്തുക്കൾ പലതും ലഭ്യമല്ല. സാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ സപ്ലയർമാർക്ക് 500 കോടിയിലധികം രൂപ കൊടുത്തു തീർക്കാൻ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ കാരണത്താലാണ് ഇത്തരം സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ഇല്ലാതായത്. ഈ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് കേരളമൊട്ടാകെ വ്യാപിച്ചതും പ്രവർത്തിക്കുന്നതും. സാധാരണ ജനങ്ങൾ വലിയതോതിൽ ആശ്രയിക്കുന്നതായ റേഷൻ സംഘടനകൾ അടച്ചുപൂട്ടുന്ന സ്ഥിതി വന്നുചേരുന്നത് പാവപ്പെട്ട ജനങ്ങളെ പട്ടിണിയിൽ കിടത്തി കൊല്ലുവാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പറയാതിരിക്കാൻ വയ്യ. പട്ടിണി പാവങ്ങളുടെയും തൊഴിലാളികളുടെയും സംരക്ഷകരാണെന്ന് പറഞ്ഞുകൊണ്ട്- വോട്ട് വാങ്ങി അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരിൻറെ ഭരണകാലത്ത് തന്നെ- ഇത്തരത്തിൽ പാവങ്ങൾ വിശപ്പടക്കാൻ വഴിയില്ലാതെ ദുരിതത്തിൽ ആകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല.