മണിയാശാൻ മിണ്ടിപ്പോകരുതെന്ന് സഖാക്കൾ

മണിയടി എനിക്കിട്ട് വേണ്ടെന്ന് മണി ആശാൻ

സിപിഎം പാർട്ടിയുടെ ഇടുക്കിയിലെ ഏറ്റവും വലിയ നേതാവും എം എൽ എ യും മുൻമന്ത്രിയും ഒക്കെയായ എം എം മണി- ആൾ ഒരു രസികനാണ്. സ്വന്തം നാക്കിന് ഒരു കൺട്രോളും ഇല്ലാത്ത മണിയാശാൻ മൈക്കിനു മുന്നിൽ ചെന്നാൽ പിന്നെ എന്തൊക്കെയാണ് തട്ടിവിടുക എന്നത് ആർക്കും അറിയില്ല. എംഎൽഎ ആണ്, നേതാവാണ്, മുൻ മന്ത്രിയാണ്, എന്നതൊന്നും മണിയാശാന് ഒരു പ്രശ്നമല്ല. പറയേണ്ടത് നല്ല ഒന്നാന്തരം തട്ടുപൊളിപ്പൻ ഭാഷയിൽ തട്ടി വിടുക എന്നതാണ് മണിയാശാൻറെ ശൈലി. പറയുന്ന വാക്കുകൾ ആർക്കെങ്കിലുമൊക്കെ നേരെ ചെന്ന് കൊള്ളുമോ എന്നൊന്നും ആശാന് പ്രശ്നമല്ല. പരിധിവിട്ട വാക്കുകൾ പ്രയോഗിച്ചാൽ കോടതിയിൽ കയറിയേണ്ടി വരുമോ എന്നതും ആശാൻറെ മുന്നിൽ പ്രശ്നമുള്ള കാര്യമല്ല. ഈ തന്റേടത്തിലാണ്- ഞങ്ങൾ ആൾക്കാരെ കൊന്നിട്ടുണ്ട് എന്നും ഒരുത്തനെ തല്ലിക്കൊന്നു ഒരുത്തനെ വെട്ടിക്കൊന്നു മറ്റൊരുത്തനെ വെടിവെച്ചുകൊന്നു എന്നുമൊക്കെ വിളിച്ചു പറയാൻ മണി ആശാന് കഴിഞ്ഞത്. എന്നാൽ ഇപ്പോൾ സ്വന്തം നാടായ ഇടുക്കിയിൽ മണിയാശാൻറെ നാവ് അടപ്പിക്കാൻ സ്വന്തം പാർട്ടിക്കാർ തന്നെ രംഗത്ത് വന്നത് വലിയ തമാശയാണ് ഉണ്ടാക്കിയത്.

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ ഇടുക്കിയിലും അതേപോലെ ജില്ലാ സമ്മേളനം നടന്നു. പാർട്ടിയുടെ ബ്രാഞ്ച് ലോക്കൽ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ജില്ലാ സമ്മേളനം നടന്നത്. ഈ സമ്മേളനത്തിൽ ചില സഖാക്കൾ മൈക്കിനു മുന്നിൽ നിന്ന് മണിയാശാനെ നോക്കി ചില ഡയലോഗുകൾ തട്ടിവിട്ടു. മുതിർന്ന നേതാവായ മണിയാശാൻ ഒരു കൺട്രോളും ഇല്ലാതെ പറയുന്ന പ്രസ്താവനകൾ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്നു-എന്നും അത്തരം പ്രയോഗങ്ങൾ നടത്തുന്നത് ആവർത്തിക്കരുത്- എന്നൊക്കെയാണ് ജില്ലാ നേതാക്കളിൽ ചിലർ പരാതിയായി പറഞ്ഞത്. ജനങ്ങൾക്കിടയിൽ മണിയാശാൻറെ പ്രസംഗങ്ങൾ പാർട്ടിയെ മോശമായി കാണുന്നതിന് ഇവിടെ ഉണ്ടാക്കുന്നു-എന്ന ന്യായീകരണമാണ് വിമർശിച്ച സഖാവ് പറഞ്ഞുവെച്ചത്. മണിയാശാൻറെ പേരിലുള്ള കുറ്റപ്പെടുത്തൽ മാത്രമായിരുന്നില്ല ജില്ലാ സമ്മേളനത്തിൽ നടന്നത്. ഇടുക്കിയിലടക്കം പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളെ സേവിക്കുന്നതിന് പകരം ഉപദ്രവിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, ഒരു വിഭാഗം പോലീസുകാർ നിയമപാലകർ എന്നതിന് പകരം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരായി മാറിയിരിക്കുന്നു-എന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തൽ വന്നിരുന്നു. പോലീസ് സേനയെ മാത്രമല്ല വനം മന്ത്രിയെയും ആ വകുപ്പിനെയും വലിയ തോതിൽ ചീത്ത വിളിക്കുന്ന പ്രസംഗങ്ങളും ഉണ്ടായി. വന്യ ജീവികളുടെ അക്രമങ്ങളും അതിലൂടെ മനുഷ്യർ മരിക്കുന്ന സംഭവങ്ങളും ആവർത്തിക്കുന്നത് വനം വകുപ്പിൻറെ കഴിവുകേടാണ് എന്ന് ചിലർ പരാതി പറയുന്നുണ്ടായിരുന്നു.

ഇതൊക്കെയാണെങ്കിലും രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനങ്ങളിൽ ഒന്നാന്തരം ഹീറോ ആയി മാറിയത്- എം എം മണി എന്ന മണിയാശാൻ ആയിരുന്നു. തൻറെ പ്രസംഗത്തെ ആക്ഷേപിച്ച സഖാക്കളുടെ അടുത്തേക്ക് ചെന്ന്- തോളിൽ കൈയിട്ട് നിൻറെ കയ്യിലിരുപ്പ് ശരിയല്ല കേട്ടോ- ആശാന്റെ അടുത്ത് കളിയൊന്നും വേണ്ട എന്ന് താക്കീത് ചെയ്യാനും മണിയാശാൻ തയ്യാറായപ്പോൾ- അതും ഒരു ഹാസ്യ നാടകം പോലെ ആയി മാറിയിരുന്നു. കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത സഖാക്കളെ ചിലപ്പോഴെങ്കിലും ഗൗരവത്തോടെ ചീത്ത വിളിക്കാനും മണിയാശാൻ മടി കാണിച്ചില്ല. ഏതായാലും സിപിഎമ്മിന്റെ 14 ജില്ല സമ്മേളനങ്ങളും നടന്നു-എങ്കിലും ഇടുക്കിയിലെ ജില്ലാ സമ്മേളനമാണ് എല്ലാ തരത്തിലും കൊഴുപ്പ് കൂട്ടിയതായി മാറിയത്. മണിയാശാൻറെ സാന്നിധ്യവും അദ്ദേഹത്തിൻറെ പ്രസംഗങ്ങളും പ്രയോഗങ്ങളും ഇടുക്കി സമ്മേളനത്തിന് പ്രത്യേക അലങ്കാരമായി മാറിയെന്നാണ് സഖാക്കൾ തന്നെ പറയുന്നത്.