അരിയില്ലെങ്കിൽ എന്താ ദാ വരുന്നു മദ്യഷാപ്പുകൾ

78 പുതിയ ഔട്ട്ലെറ്റുകളുമായി ബീവറേജസ് കോർപ്പറേഷൻ

ട്ടിണി പാവങ്ങൾക്ക് വിശപ്പു മാറ്റാൻ അരിയും മറ്റു സാധനങ്ങളും റേഷൻ കടകളിലും മറ്റു സർക്കാർ വക ഷോപ്പുകളിലും ഇല്ലാതായിട്ട് നാളുകൾ ഏറെയായി. ഇതിനിടയിലാണ് പല കാരണങ്ങളുടെ പേരിൽ റേഷൻ കടകൾ മുടങ്ങുന്ന സ്ഥിതിയും. റേഷൻ വ്യാപാരികൾ കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന തലത്തിൽ സമരം നടത്തുകയും,പിന്നീട് മന്ത്രി നൽകിയ ഉറപ്പിൽ സമരം പിൻവലിക്കുകയും ചെയ്തത്. സർക്കാർ വക ന്യായവില ഷോപ്പുകൾ ആയ സപ്ലൈകോയുടെ മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും മാസങ്ങളായി നിത്യോപയോഗ സാധനങ്ങൾ പലതും കാലിയാണ്. സർക്കാർ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പണം അനുവദിക്കാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്തു വന്നിരുന്ന ഏജൻസികൾക്ക് 500 കോടിയോളം രൂപ കടമാണ് എന്നാണ് പറയപ്പെടുന്നത്. ഇതെല്ലാം കാരണം കേരളത്തിലെ സാധാരണക്കാരും പട്ടിണിക്കാരും വിശപ്പടക്കാൻ പോലും വഴിയില്ലാതെ അലയുമ്പോഴാണ് വിശപ്പ് മാറിയില്ലെങ്കിലും പാവങ്ങൾ നിത്യേന രണ്ടെണ്ണം വീശി സുഖമായി ഉറങ്ങട്ടെ എന്നു കരുതി സർക്കാർ വക മദ്യ വിതരണശാലകൾ പുതിയതായി 78 എണ്ണം തുറക്കുന്നതിന് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്.

സർക്കാർ നടത്തുന്ന മദ്യ വില്പനയുടെ അവകാശികളാണ് സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ. കോർപ്പറേഷന്റെ കീഴിൽ സംസ്ഥാനത്ത് 300 ഓളം ചില്ലറ വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഇതിനു പുറമേയാണ് പുതിയ78 മദ്യ വില്പന ശാലകൾ തുറക്കാൻ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇതിൽ 68 എണ്ണം ബീവറേജസ് കോർപ്പറേഷൻ വക ഔട്ട്ലെറ്റുകളും 10 എണ്ണം കൺസ്യൂമർ ഫെഡറേഷൻ വില്പനശാലകളുമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മുൻകൈ എടുത്താണ് കേരളത്തിലെ മദ്യ വില്പന ശാലകൾ എണ്ണം കുറയ്ക്കുന്നതിന് തീരുമാനിച്ചത്. ഒരോ വർഷവും ബീവറേജസ് കോർപ്പറേഷൻ 10% ഔട്ട്ലെറ്റുകൾ വീതം അടച്ചുപൂട്ടുക എന്നതായിരുന്നു ഉമ്മൻചാണ്ടി സർക്കാരിൻറെ തീരുമാനം. ഇതിന് അനുസരിച്ച് അടച്ചുപൂട്ടപ്പെട്ട സ്ഥലങ്ങളിലെ മദ്യ വില്പന ശാലകളാണ് ഇപ്പോൾ പിണറായി സർക്കാർ തുറക്കുന്നത്.
മദ്യ വിതരണം പരമാവധി കുറച്ചുകൊണ്ട് മദ്യഉപയോഗത്തിൽ നിന്നും ആൾക്കാരെ പിന്തിരിപ്പിക്കുന്നതിനും മദ്യ നിരോധനം വഴിയല്ലാതെ ഉപദേശങ്ങൾ വഴി മദ്യപാനികളെ ഈ ശീലത്തിൽ നിന്നും മാറ്റുന്നതിന് പ്രഖ്യാപിത നയം നടത്തിയ സർക്കാരാണ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ. മദ്യ നിരോധനം അല്ല മറിച്ച് നിയന്ത്രണമാണ് എന്ന തത്വം പറഞ്ഞുകൊണ്ടാണ് ഇപ്പോൾ എക്സൈസ് മന്ത്രി അടക്കം വീരവാദം മുഴക്കുന്നത്. മദ്യപാനികളെ അതിൽ നിന്നും അകറ്റുന്നതിന് ബോധവൽക്കരണമാണ് ആവശ്യം എന്നാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമെല്ലാം പറയുന്നത്. ഇടത് സർക്കാരിൻറെ നയം ഒരിക്കലും മദ്യപാനം പ്രോത്സാഹിപ്പിക്കൽ അല്ല എന്ന ഉപദേശവും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കൺവീനറും തുടരെ തുടരെ പറയുന്നുമുണ്ട്. ഇതെല്ലാം ജനങ്ങളോട് പറയുമ്പോൾ തന്നെയാണ് പുതിയതായി മദ്യ വില്പന ശാലകൾ തുറക്കുന്നതിനുള്ള സർക്കാർ ഉത്തരവുകൾ പുറത്തുവരുന്നത്.

യുഡിഎഫിന്റെ ഉമ്മൻചാണ്ടി സർക്കാർ അടച്ചുപൂട്ടിച്ച ബീവറേജസ് സ്കോർപറേഷൻ വക-175 ഔട്ട്ലെറ്റുകൾ കൂടി ഉടൻ തുറക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വില്പനശാലകൾ പ്രവർത്തിച്ചിരുന്ന സ്ഥലത്തുള്ള ജനങ്ങളുടെ പ്രതിഷേധം മൂലവും മറ്റു പല കാരണങ്ങളുടെ പേരിലും അടച്ചു പൂട്ടേണ്ടി വന്ന വില്പനശാലകൾക്ക് പകരമായി പുതിയ സ്ഥലം കണ്ടെത്തി അവയെല്ലാം തുറന്നു പ്രവർത്തിക്കുന്നതിനാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്. ഇതിനിടയിൽ ബീവറേജസ് കോർപ്പറേഷന്റെ വില്പനശാലകൾ തുറക്കുന്നത് നിലവിൽ ബാറുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അകലത്തിൽ ആയിരിക്കണം എന്ന് നിർദ്ദേശിച്ചു കൊണ്ട് ബാർ ഉടമകളുടെ സംഘടന എക്സൈസ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചതായും വാർത്തകളുണ്ട്. ഏതായാലും മദ്യനിരോധനം എപ്പോഴും ഉറക്കെ പറയുകയും പരമാവധി മദ്യ വില്പനശാലകൾ തുറക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇടതുപക്ഷ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റശേഷം 250ലധികം ബാറുകൾക്ക് പുതിയതായി പ്രവർത്തന അനുമതി നൽകിയതായിട്ടും വാർത്തകൾ വന്നിരുന്നു.

സംസ്ഥാന സർക്കാർ കഴിഞ്ഞ കുറേക്കാലമായി സാമ്പത്തികമായി ഏറ്റവും നേട്ടം ഉണ്ടാക്കുന്നത് രണ്ട് ഇനങ്ങളിൽ നിന്നുമാണ്. ഒന്നാമതായി മദ്യ വില്പനയും രണ്ടാമത്തെത് കേരള ഭാഗ്യക്കുറിയും. ഈ രണ്ട് മേഖലകളിൽ നിന്നും വർഷംതോറും നാൽപതിനായിരം കോടിയോളം രൂപ സർക്കാരിന് വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ റവന്യൂ വരുമാനത്തിൽ വലിയ പ്രാധാന്യമുള്ള ഈ രണ്ടു വിഭാഗങ്ങളും കൂടുതൽ കൂടുതൽ ലാഭകരമാക്കി മുന്നോട്ടുപോകുന്നതിനുള്ള തീരുമാനങ്ങളുമായിട്ടാണ് ധനകാര്യ മന്ത്രിയും നിലപാട് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിൽ മദ്യ വില്പനശാലകളുടെ കാര്യത്തിലും ഭാഗ്യക്കുറിയുടെ കാര്യത്തിലും വലിയ തോതിലുള്ള വിപുലീകരണം ഉണ്ടാകാനാണ് സാധ്യത.

കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനുള്ള പ്രവർത്തന ഫണ്ട് സ്വരൂപിക്കാനുള്ള നടപടികളും ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകുന്നത്-ബാർ ഉടമകളും സ്വർണ്ണ കച്ചവടക്കാരും ടെക്സ്റ്റൈൽസ് വ്യാപാരികളും ഒക്കെയാണ്. ഇതിൽ മുന്നിൽ നിൽക്കുന്ന ബാർ ഉടമകളെ പരമാവധി അടുപ്പിച്ചു നിർത്തുന്നതിനുള്ള എല്ലാ തന്ത്രങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രിയും ധനകാര്യ മന്ത്രിയും സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഇതിൻറെ മുഖ്യമായ തന്ത്രം പുതിയ ബാറുകൾക്ക് അനുമതി നൽകി-ഉടമകളിൽ നിന്നും വൻ തുക സ്വീകരിക്കുക എന്നത് തന്നെ ആയിരിക്കും. ഇങ്ങനെ വരുന്ന സാഹചര്യത്തിൽ നിലവിൽ ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ കൂടുതൽ തുറന്നില്ല എങ്കിലും കൂടുതൽ ബാറുകൾ കേരളത്തിൽ തുറക്കുന്നതിനുള്ള സാധ്യതകൾ എല്ലാം കാണുന്നു എന്നതാണ് വാസ്തവം.