കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തലവനെ തീരുമാനിക്കുന്ന കാര്യത്തിൽ പലതവണ മാറിമാറിയുള്ള ആലോചനകൾ നടന്നു എങ്കിലും പലതരത്തിലുള്ള തർക്കങ്ങളുടെ പേരിൽ പുനസംഘടന നടക്കാതെ മുന്നോട്ട് പോവുകയാണ്. പാർട്ടിയിലെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന ആലോചനയും ആയിട്ടാണ് നേതൃത്വം ഹൈക്കമാന്റിനെ സമീപിച്ചിരുന്നത്. എന്നാൽ ആദ്യം നിലവിലെ കെപിസിസി പ്രസിഡൻറ് സുധാകരനെ മാറ്റി പുതിയ പ്രസിഡണ്ടിനെ നിയമിച്ച ശേഷം പുനസംഘടന നടത്തിയാൽ മതി എന്ന അഭിപ്രായം ശക്തമായതോടുകൂടിയാണ് പുനസംഘടന നീണ്ടു പോയത്. നിലവിലെ പ്രസിഡൻറ് സുധാകരനെ മാറ്റി പുതിയ പ്രസിഡണ്ടിനെ നിയമിക്കണമെന്നുള്ള ആവശ്യം മുതിർന്ന കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. നിലവിൽ പാർലമെൻറ് അംഗമായ സുധാകരന് പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിൽ കാര്യമായി പ്രവർത്തിക്കാൻ കഴിയുന്നില്ല-എന്ന വിലയിരുത്തലാണ് മാറ്റത്തിന്റെ ആവശ്യത്തിലേക്ക് എത്തിച്ചത്. സുധാകരന്റെ മോശമായ ആരോഗ്യ അവസ്ഥയും നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പ്രസിഡണ്ടിനെ മാറ്റുന്ന കാര്യത്തിൽ ഹൈക്കമാന്റ് ആലോചന നടത്തിയപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് പറഞ്ഞുകൊണ്ട് മാറ്റുന്ന കാര്യത്തിൽ എതിർപ്പുമായി സുധാകരൻ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് പാർട്ടി പ്രസിഡന്റിന്റെ കാര്യത്തിലുള്ള ആലോചനകൾ പ്രതിസന്ധിയിൽ ആയത്.
എന്നാൽ ഇപ്പോൾ മൊത്തത്തിൽ സ്ഥിതികൾ മാറിയിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തിനുള്ളിൽ പ്രധാനപ്പെട്ട രണ്ട് തെരഞ്ഞെടുപ്പുകൾ വരികയാണ്. ഈ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ശക്തിപ്പെടുത്തി നയിക്കാൻ കഴിയുന്ന ആളെ നിയോഗിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന ഉറപ്പ് ഹൈക്കമാന്റിന് ഉണ്ട്. മാത്രവുമല്ല ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായ വലിയ തോൽവിയിൽ പാർട്ടി വിഷമത്തിലാണ്. പല സംസ്ഥാനങ്ങളിലും പാർട്ടി നേതൃത്വം പ്രവർത്തനരഹിതമാണെന്ന വിലയിരുത്തൽ ഹൈക്കമാന്റിന് ഉണ്ട്. ഇത്തരത്തിലുള്ള സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിക്കുകയും സംസ്ഥാന കമ്മിറ്റികൾ പുനസംഘടിപ്പിക്കുകയും ചെയ്യുന്നതിനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് രണ്ട് ആഴ്ചക്കുള്ളിൽ കേരളത്തിൽ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്നതിനുള്ള അടിയന്തര നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കെപിസിസിക്ക് പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്ന കാര്യത്തിൽ കേരളത്തിൻറെ ചുമതലയുള്ള ദേശീയ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിൽ തങ്ങി നേതാക്കളുമായും മറ്റും പലതവണ ചർച്ചകൾ നടത്തിയിരുന്നു. ഒടുവിൽ മുതിർന്ന നേതാക്കളെ അടക്കം ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടുകൊണ്ട് അവരുടെ അഭിപ്രായം തേടുകയും ചെയ്തു. ഇത്തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ ഭൂരിഭാഗം നേതാക്കളും സുധാകരന് പകരം പ്രവർത്തനശേഷിയുള്ള പുതിയ നേതാവിനെ കെപിസിസിയുടെ അധ്യക്ഷൻ ആക്കണം എന്ന അഭിപ്രായമാണ് അറിയിച്ചത്. ഇതിൻറെ കൂടി ഉള്ളടക്കത്തോടെ ദീപാ ദാസ് മുൻഷി കോൺഗ്രസ് ഹൈക്കമാന്റിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പാർട്ടി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും ദീപാ ദാസ് ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഈ ചർച്ചകളിൽ പുതിയ കെപിസിസി പ്രസിഡണ്ടിൻ്റെ കാര്യത്തിൽ രണ്ട് പേരുകളാണ് നിർദ്ദേശിക്കപ്പെട്ടതെന്നാണ് അറിയുന്നത്. നിലവിൽ എം പി യും-ഏറ്റവും കൂടുതൽ കാലം കെപിസിസി ജനറൽ സെക്രട്ടറിയും-കേരളം മുഴുവൻ അണികളുമുള്ള നേതാവുമായ ബെന്നി ബഹനാന്റെ പേരാണ് മുൻപന്തിയിൽ ഉള്ളത്. എന്നാൽ പ്രസിഡൻറ് പദവിയിലേക്ക് സാമുദായിക പരിഗണന ഉണ്ടാകുന്ന പക്ഷം ഈഴവ സമുദായ അംഗമായ ആറ്റിങ്ങൽ എം.പി യും മുൻമന്ത്രിയുമായ അടൂർ പ്രകാശിന്റെ പേരിലും മുന്തിയ പരിഗണന ഉണ്ട്. പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്നു വന്നു എങ്കിലും ചർച്ചകൾക്ക് ഒടുവിൽ ദീപ ദാസ് മുൻഷി ഹൈക്കമാൻ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ ഈ രണ്ടു പേരുകളുമാണ് നിർദ്ദേശിച്ചിട്ടുള്ളത് എന്നാണ് അറിയുന്നത്. മാത്രവുമല്ല ഈ രണ്ടു നേതാക്കളുടെ പേരുകളുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് സതീശനും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുഭാവപൂർണ്ണമായ നിലപാട് എടുത്തു-എന്നും അറിയുന്നുണ്ട്. ഇതിനിടയിൽ ചില അവകാശവാദങ്ങളുമായി നിലവിലെ പ്രസിഡൻറ് സുധാകരൻ ഹൈക്കമാന്റിനെ സമീപിച്ചിട്ടുണ്ട്. തന്നെ മാറ്റി പുതിയ പ്രസിഡണ്ടിനെ നിയോഗിക്കുന്നെങ്കിൽ അത് സ്വാഭാവികമായിട്ടും താൻ പ്രതിനിധീകരിക്കുന്ന ഈഴവ സമുദായത്തിൽപ്പെട്ട നേതാവിനെ ആയിരിക്കണം എന്ന നിർദ്ദേശമാണ് സുധാകരൻ മുന്നോട്ട് വെച്ചിരിക്കുന്നത്.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തും സാമുദായിക സന്തുലിതാവസ്ഥ കൂടി പരിഗണിച്ചുകൊണ്ടാണ് കെപിസിസി പ്രസിഡൻറ് അതുപോലെ മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ആൾക്കാരെ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ ഒരു പരിഗണനയ്ക്ക് പ്രാധാന്യം ഉണ്ടായാൽ പ്രതിപക്ഷ നേതാവ് ഹിന്ദു വിഭാഗത്തിൽ പെട്ട ആളായതിനാൽ ക്രിസ്തീയ മതവിഭാഗത്തിൽപ്പെട്ട ആൾ പ്രസിഡൻറ് ആകുന്ന സ്ഥിതി ഉണ്ടായിരിക്കും. ഈ പരിഗണന വന്നാൽ ബെന്നി ബഹനാന് ആയിരിക്കും പ്രാധാന്യം ലഭിക്കുക.
ഏതായാലും കേരളത്തിലെ പുതിയ കെ പി സി സി പ്രസിഡന്റ് ഫെബ്രുവരി അവസാനിക്കുന്നതിന് മുമ്പ് ഉണ്ടാകണമെന്ന നിർബന്ധത്തിലാണ് കോൺഗ്രസ് ഹൈക്കമാന്റ് എത്തിനിൽക്കുന്നത്. ഇനിയും അധ്യക്ഷ പദവിയുടെ കാര്യത്തിൽ തർക്കം തുടരുകയും സംസ്ഥാനത്ത് പാർട്ടി പുനസംഘടന വൈകുകയും ചെയ്താൽ ഉടൻ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ദോഷം ഉണ്ടാകുമെന്ന് യുഡിഎഫിലെ ഘടക കക്ഷികൾക്കും അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം കേരളത്തിലേക്ക് പാർട്ടി പ്രസിഡന്റിനെ നിയമിക്കുന്ന തീരുമാനം കോൺഗ്രസ് ഹൈക്കമാന്റ് കൈക്കൊള്ളുമെന്നാണ് അറിയുന്നത്. ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായാൽ ബെന്നി ബഹനാനോ അതല്ലെങ്കിൽ അടൂർ പ്രകാശോ പുതിയ പാർട്ടി അധ്യക്ഷനായി വരുന്നതിനാണ് ഏറെ സാധ്യത.