കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് പി. സി ചാക്കോ. ചാക്കോ കയറിയിറങ്ങാത്ത പാർട്ടികൾ ചുരുക്കമാണ്. എവിടെ കയറി ചെന്നാലും ചെന്ന് പാടേ അവിടം കലക്കി കുടിക്കുന്ന കാര്യത്തിൽ എക്സ്പെർട്ടാണ് ചാക്കോ എന്ന നേതാവ്. കോൺഗ്രസിലൂടെ വളർന്ന് വലിയ നേതാവായി പിന്നീട് കോൺഗ്രസ് എസ് എന്ന സ്വന്തം പാർട്ടി ഉണ്ടാക്കി. അത് കൊണ്ടുനടന്ന് ഇടതുമുന്നണിയിൽ ചെന്നു കയറി ഒരിക്കൽ മന്ത്രിസ്ഥാനം വരെ നേടിയെടുത്തു. അതുകഴിഞ്ഞപ്പോൾ ഇടതുമുന്നണി മടുപ്പിലായി അവിടെ നിന്ന് സലാം പറഞ്ഞ് കോൺഗ്രസിലേക്ക് തിരിച്ചുവന്നു. അവിടെ കുറച്ചു കാലം എന്തായാലും ഉറച്ചുനിന്നു. അതിനും തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസിലേക്ക് തിരികെയെത്തിക്കഴിഞ്ഞ ശേഷം ഡൽഹിയിലേക്ക് കുടിയേറ്റം നടത്തിയ ചാക്കോ മുതിർന്ന കോൺഗ്രസ് നേതാക്കളെയെല്ലാം അവസരം പോലെ കാലുപിടിച്ച് ഓരോരോ പദവികൾ സംഘടിപ്പിച്ചെടുത്തു. ഓരോ തെരഞ്ഞെടുപ്പിലും കേരളത്തിലെ അർഹരായ പല കോൺഗ്രസ് നേതാക്കളെയും വെട്ടി വീഴ്ത്തി സീറ്റുകൾ നേടിയെടുക്കാനും പണം വാരിയെറിഞ്ഞ് വിജയം നേടിയെടുക്കാനും ചാക്കോ മിടുക്ക് കാണിച്ചു. അങ്ങനെ കോൺഗ്രസിൽ നിന്നുകൊണ്ട് പലവട്ടം ലോകസഭാ അംഗമായി ജയിച്ചു. ഏറ്റവും ഒടുവിൽ മൻമോഹൻ സിങ് നയിച്ച രണ്ടാം സർക്കാരിന്റെ കാലത്ത് ജെപിസി എന്ന ജോയിൻറ് പാർലമെൻററി കമ്മിറ്റിയുടെ തലവനായി കേന്ദ്ര മന്ത്രിയുടെ സുഖസൗകര്യങ്ങളോടെ അഞ്ചുകൊല്ലം രാജാവായി ജീവിച്ചു. അതിനുശേഷം കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തായപ്പോൾ രാഹുൽഗാന്ധിയെയും സോണിയ ഗാന്ധിയെയും വരെ ആക്ഷേപിച്ചുകൊണ്ട് കോൺഗ്രസ് വിട്ട് പുറത്തേക്ക് കടന്നു.
കോൺഗ്രസിൽ നിന്നും രാജിവച്ച ചാക്കോ പഴയകാല സുഹൃത്തായ ശരത് പവാറിൻ്റെ കാലുപിടിച്ച് അദ്ദേഹത്തിൻറെ പാർട്ടിയായ എൻ സി പി യുടെ കേരളത്തിലെ പ്രസിഡൻറ് പദവി തട്ടിയെടുത്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് നാലുവർഷം മുൻപാണ് പി സി ചാക്കോ ‘കേരളത്തിലെ എൻസിപിയുടെ പ്രസിഡണ്ടായി കടന്നുവന്നത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് പദവി സ്വന്തമാക്കിയതോടു കൂടി ചാക്കോയുടെ തനി സ്വഭാവങ്ങൾ പുറത്തുവരുന്ന സ്ഥിതി വന്നു. പണം എത്ര കിട്ടിയാലും ഒരിക്കലും ആർത്തി അടങ്ങാത്ത ഒരു നേതാവാണ് ചാക്കോ. എൻസിപിയുടെ സംസ്ഥാന പ്രസിഡണ്ടായി മാസങ്ങൾക്കുള്ളിൽ പാർട്ടിക്ക് ലഭിച്ച പി എസ് സി മെമ്പറുടെ നിയമന കാര്യത്തിൽ പാർട്ടിയിലെ മറ്റാരും അറിയാതെ അമ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങി നിയമനം നടത്തിയ സംഭവം പാർട്ടിയിൽ വലിയ വിവാദമായി മാറിയതാണ്. എന്നാൽ ഇത്ര വമ്പൻ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് പാർട്ടിയിൽ ചോദ്യങ്ങൾ ഉണ്ടായപ്പോൾ ചോദ്യം ചോദിച്ച നേതാക്കളെ പാർട്ടിക്ക് പുറത്താക്കാൻ ആണ് ചാക്കോ ശ്രമിച്ചത്.
ചാക്കോ എൻസിപിയുടെ കേരള പ്രസിഡൻറ് ആയപ്പോൾ അറിഞ്ഞും അറിയാതെയും കോൺഗ്രസ് വിട്ടിരുന്ന ചില മുതിർന്ന നേതാക്കളും അദ്ദേഹത്തോടൊപ്പം എൻസിപിയിൽ കടന്നുകൂടി. ഇത്തരത്തിൽ പാർട്ടിയിൽ വന്ന ആൾക്കാർക്ക് അവർ ചോദിച്ച സ്ഥാനമാനങ്ങൾ നൽകുന്നതിൽ ചാക്കോ താൽപര്യം കാണിക്കുകയും ചെയ്തു. ഇതോടുകൂടി പഴയ എൻ സി പി നേതാക്കളും ,പുതിയതായി കടന്നുവന്നവരും എന്ന രണ്ട് ഗ്രൂപ്പുകൾ പാർട്ടിക്കുള്ളിൽ തമ്മിലടിക്കുന്ന സ്ഥിതിയുണ്ടായി. ചാക്കോയുടെ പാർട്ടിയുടെ ഏക മന്ത്രിയാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഈ മന്ത്രിയുമായി ചേർന്നുകൊണ്ട് കുട്ടനാട് എം എൽ എ തോമസ് കെ തോമസിനെ ഒതുക്കാൻ ചാക്കോ നടത്തിയ ശ്രമങ്ങൾ പരസ്യമായിരുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ തോമസിനെ തള്ളിപ്പറഞ്ഞ ചാക്കോ ശശീന്ദ്രന് ഒപ്പം നിന്നു. പിന്നീടാണ് ശശീന്ദ്രനെതിരെ തിരിഞ്ഞു കൊണ്ട് തോമസിനെ മന്ത്രിയാക്കണം എന്ന രീതിയിലുള്ള കളികൾ ചാക്കോ നടത്തിയത്. ഇതെല്ലാം സൂക്ഷ്മമായി നോക്കിയിരുന്ന മന്ത്രി ശശീന്ദ്രൻ ഇതിനിടയിൽ തോമസിനെ അടുപ്പിച്ചു നിർത്തി ചാക്കോയെ ഒറ്റപ്പെടുത്തുന്ന സ്ഥിതി ഉണ്ടാക്കിയെടുത്തു. ഈ കളികളുടെ അവസാന ഫലമായി വന്നത് എൻസിപി എന്ന പാർട്ടിയിൽ ചാക്കോയുടെ ഒപ്പം ആരുമില്ല എന്ന ഗതികെട്ട സ്ഥിതിയിലേക്കായിരുന്നു.
പഴയകാല രാഷ്ട്രീയ ബന്ധം വച്ചുകൊണ്ട് ചാക്കോ എന്ന നേതാവിൻറെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പം നിന്നിരുന്ന ശരത്ത് പവാർ ഇപ്പോൾ നിലപാട് മാറ്റി ചാക്കോ പാർട്ടിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത് എന്ന് പവാറിനും ഏകദേശം മനസ്സിലാവുന്ന സ്ഥിതി വന്നു അതോടുകൂടി കേരളത്തിൽ പാർട്ടിയുടെ ശക്തി നിലനിൽക്കുന്നത് ചാക്കോ വിരുദ്ധ നേതാക്കളുടെ ഒപ്പമാണ് എന്ന് പവാറും തിരിച്ചറിഞ്ഞു അതുകൊണ്ടുതന്നെ പൂർണമായും ചാക്കോ ഒറ്റപ്പെടുന്ന സ്ഥിതിയും ഉണ്ടായി. 6 പതിറ്റാണ്ടിലധികം പല രാഷ്ട്രീയപ്പാർട്ടികളുടെയും കൂടാരങ്ങളിൽ അന്തിയുറങ്ങി സ്വന്തം കാര്യങ്ങൾ യഥേഷ്ടം നേടിയെടുത്ത ചാക്കോ എന്ന അവസരവാദ രാഷ്ട്രീയക്കാരൻ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായ സ്ഥിതിയിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇടതുമുന്നണിയിൽ ഇനി ചാക്കോയ്ക്ക് ഒരു പരിഗണനയും ലഭിക്കാൻ സാധ്യതയില്ല. മാത്രവുമല്ല ചാക്കോയെ വിശ്വസിച്ചുകൊണ്ട് കോൺഗ്രസ് വിട്ട് ഒപ്പം കൂടിയ നേതാക്കൾ പോലും ഇപ്പോൾ ചാക്കോയെ തള്ളിപ്പറയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഏതു കാലത്തും പദവികളോടും പദവികളിലൂടെ വാരിക്കൂട്ടാൻ കഴിയുന്ന പണത്തോടും ആർത്തി കാണിക്കുന്ന ഒരു നേതാവായി പി സി ചാക്കോ തരംതാഴ്ന്നിരിക്കുന്നു എന്നതും ഒരു പുതിയ സംഭവമായി മാറിയിരിക്കുന്നു. ഇടതുമുന്നണിയെ നയിക്കുന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ വരെ വെല്ലുവിളിക്കാൻ നാക്ക് ഉയർത്തിയ ചാക്കോയെ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ നേതാക്കളും ഒരുമിച്ച് നിന്നുകൊണ്ട് രാഷ്ട്രീയത്തിൽ ഒരു മൂലയിലേക്ക് ഒതുക്കിയ അനുഭവങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഏതായാലും ചാക്കോ എന്ന കുതന്ത്രക്കാരനായ രാഷ്ട്രീയക്കാരന്റെ അന്ത്യം ഉണ്ടായിരിക്കുന്നു എന്നാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.