പ്രമുഖ ചലച്ചിത്ര നടൻ സിദ്ധിക്കും ഒടുവിൽ ജയിലിൽ ആകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ഒരു യുവ നടി നൽകിയ പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി- റിപ്പോർട്ട് കോടതിയിൽ ഉടൻ സമർപ്പിക്കും. യുവ നടിയെ സിദ്ദിഖ് പീഡിപ്പിച്ചതിനുള്ള എല്ലാ തെളിവുകളും പോലീസിന് ലഭിച്ചതായിട്ടാണ് വാർത്തകൾ.2016 ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ പരാതി. സിനിമയിൽ അവസരം തയ്യാറാക്കി കൊടുക്കാം എന്ന് പറഞ്ഞുകൊണ്ട് നടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വെച്ച് ബലാൽക്കാരമായി പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു യുവനടിയുടെ പരാതി.
മലയാള സിനിമാ മേഖലയിൽ നടികൾ അടക്കമുള്ള സ്ത്രീ പ്രവർത്തകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകൾ സംബന്ധിച്ച് അന്വേഷണം നടത്തി- റിപ്പോർട്ട് സമർപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമാണ് സിദ്ദിഖ് അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം പലതരത്തിലുള്ള സ്ത്രീപീഡന കേസുകളിൽ പ്രതികളായ സ്ഥിതി ഉണ്ടായത്. സിദ്ദിഖ് മാത്രമല്ല താരങ്ങളായ മുകേഷ് ഇടവേളബാബു തുടങ്ങിയവരും കേസുകളിൽപെടുകയുണ്ടായി. പലർക്കും മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. സിദ്ദിഖിനെതിരായ പരാതിയിൽ അറസ്റ്റ് ഉറപ്പായപ്പോൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയെങ്കിലും ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളുകയാണ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയിൽ എത്തിയാണ് അദ്ദേഹം മുൻകൂർ ജാമ്യം നേടിയെടുത്തത്. എന്നാൽ ഇപ്പോൾ സിദ്ദിഖിന്റെ കേസിൽ അന്വേഷണം പൂർത്തിയാക്കി- കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ കുറ്റക്കാരൻ എന്ന നിലയിൽ സിദ്ദിഖ് വീണ്ടും അറസ്റ്റിൽ ആകുന്നതിന് സാധ്യതയുണ്ട്. ഈ അറസ്റ്റിന് സുപ്രീംകോടതിയുടെ മുൻകൂർ ജാമ്യം തടസ്സമാകാനും സാധ്യതയില്ല.
മലയാളത്തിലെ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരികയും നടികൾ അടക്കം പലരും പരാതികൾ സമർപ്പിക്കുകയും- ഈ പരാതികളിൽ സിദ്ദിഖ് അടക്കമുള്ള പ്രമുഖ താരങ്ങൾ പ്രതികൾ ആവുകയും ചെയ്തതോട് കൂടിയാണ് അമ്മ സംഘടനയിലും കലാപം ഉണ്ടായത്. പ്രമുഖ താരങ്ങൾ അമ്മ സംഘടനയുടെ ഭാരവാഹികൾ ആയിരുന്നു. ഭാരവാഹികളുടെ പേരിൽ തന്നെ സ്ത്രീപീഡന കേസുകൾ ഉയർന്നപ്പോൾ ഗത്യന്തരമില്ലാതെ സിദ്ദിഖ് അടക്കമുള്ള എല്ലാ ഭാരവാഹികളും സ്ഥാനമാനങ്ങൾ രാജി വെക്കേണ്ട ഗതികേടും ഉണ്ടായി. സൂപ്പർതാരമായ മോഹൻലാൽ ആയിരുന്നു അമ്മ സംഘടനയുടെ പ്രസിഡൻറ്. മോഹൻലാൽ അടക്കം എല്ലാ താരങ്ങളും സംഘടനയിലെ പദവികൾ രാജിവെക്കുകയാണ് ഉണ്ടായത്. ഇതോടുകൂടി മലയാളത്തിലെ താര സംഘടനയും ഏതാണ്ട് പ്രവർത്തനം നിലച്ച സ്ഥിതിയിലേക്ക് എത്തിച്ചേർന്നു. മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളുടെ സാമൂഹിക ക്ഷേമവും സംരക്ഷണവും ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു താര സംഘടന പ്രവർത്തിച്ചിരുന്നത്. ഭാരവാഹികൾ ഒന്നടങ്കം രാജിവച്ച സ്ഥിതി ഉണ്ടായതോടെ സംഘടനയുടെ പ്രവർത്തനവും നിർജീവമായി. അവശരായ താരങ്ങൾക്ക് സംഘടന വഴി നൽകിയിരുന്ന മാസംതോറും ഉള്ള ആനുകൂല്യ വിതരണവും ഇപ്പോൾ നിലച്ചതായിട്ടാണ് അറിയുന്നത്.
മലയാള സിനിമ പലകാരണങ്ങൾ കൊണ്ടും വലിയ പ്രതിസന്ധിയിൽ തുടരുകയാണ്. ഇതിനിടയിലാണ് താരങ്ങളുടെ പേരിൽ ഉയർന്നിട്ടുള്ള സ്ത്രീ പീഡന കേസുകളുടെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുന്ന സ്ഥിതി വന്നുചേർന്നിരിക്കുന്നത്.കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും കോടതിവിധികൾ ഉണ്ടാവുകയും ചെയ്താൽ വർഷങ്ങളോളം നീളുന്ന തടവു ശിക്ഷയ്ക്ക് സാധ്യതയുള്ള അന്വേഷണ റിപ്പോർട്ടുകൾ ആണ് താരങ്ങളുടെ പേരിൽ ക്രൈംബ്രാഞ്ച് അടക്കം തയ്യാറാക്കിയിരിക്കുന്നത്.
നടനായ സിദ്ദിഖിന്റെ കാര്യത്തിൽ യുവ നടി നൽകിയ പരാതികൾ എല്ലാം തെളിഞ്ഞതായിട്ടാണ് അറിയുന്നത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സിനിമയിൽ അവസരം നൽകാം എന്ന് ഉറപ്പ് പറഞ്ഞുകൊണ്ട് ക്ഷണിച്ചുവരുത്തിയ നടിയെ ബലാൽക്കാരമായി പീഡിപ്പിച്ചതിന്റെ എല്ലാ തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്. സംഭവം വർഷങ്ങൾക്ക് മുൻപ് നടന്നതാണ്-എന്നതിൻറെ പേരിൽ കേസിന് പ്രസക്തിയില്ല എന്ന സിദ്ദിഖിന്റെ വാദം അന്വേഷണസംഘം തള്ളിക്കളഞ്ഞിരിക്കുകയാണ്. സംഭവദിവസം സിദ്ദിഖ് ഹോട്ടലിൽ ഉണ്ടായിരുന്നതിനും അവിടെ പരാതിക്കാരിയായ യുവ നടി എത്തിയതിനും എല്ലാ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാ തെളിവുകളും അടക്കം ക്രൈംബ്രാഞ്ച് രണ്ടുദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും എന്നാണ് അറിയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമാണ് പല നടികളും മറ്റു ചില വനിതാ സിനിമ പ്രവർത്തകരും-താരങ്ങൾ അടക്കമുള്ള പുരുഷന്മാരുടെ പീഡന സംഭവങ്ങൾ പുറത്തു പറയുകയും പോലീസിൽ പരാതി സമർപ്പിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ഇത്തരത്തിൽ ഒരു കേസ് ആണ് നടൻ സിദ്ദിഖിന്റെ പേരിലും അന്വേഷണത്തിലേക്ക് കടന്നത്. ഇനി വരുന്ന നാളുകളിൽ ഇടവേളബാബു, മുകേഷ് തുടങ്ങിയവരുടെ പേരിലുള്ള പരാതികളിൽ അന്വേഷണം നടത്തിയ റിപ്പോർട്ടുകളും കോടതികളിൽ എത്തും. ഈ കേസുകളിലും കുറ്റം തെളിയിക്കപ്പെട്ടാൽ പ്രമുഖരായ പല നടന്മാരും ജയിൽ ശിക്ഷയ്ക്ക് വിധേയരാകുന്ന സാഹചര്യവും ഉണ്ടാകും. ഇതോടുകൂടി മലയാള സിനിമ കൂടുതൽ പ്രതിസന്ധിയിൽ ആകും. ഇപ്പോൾ തന്നെ സിനിമകളുടെ പരാജയങ്ങൾ മൂലം ഈ മേഖലയിലുള്ള സംഘടനകൾ തമ്മിൽ ശക്തമായ പോര് തുടരുകയാണ്. നിർമ്മാതാക്കളുടെയും അഭിനേതാക്കളുടെയും വിതരണക്കാരുടെയും ഒക്കെ സംഘടനകൾ തമ്മിൽ സിനിമ നിർമാണം സംബന്ധിച്ചുള്ള വലിയ തർക്കങ്ങളാണ് നിലനിൽക്കുന്നത്. സംഘടനകളുടെ കാര്യം ആണെന്ന് പറഞ്ഞുകൊണ്ട് സർക്കാരും ഇതിൽ ഇടപെടാതെ മുന്നോട്ടു പോവുകയാണ്. ഏതായാലും സിനിമ രംഗത്ത് താരങ്ങളുടെയും മറ്റും പേരിൽ ഉയർന്നിട്ടുള്ള പീഡനക്കേസുകൾ കൂടി ശിക്ഷകളിലേക്ക് നീങ്ങിയാൽ- മലയാള സിനിമ പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത വലിയ പ്രതിസന്ധിയിലേക്ക് വീഴും എന്നതാണ് വാസ്തവം.