ക്ഷേത്ര ആചാരങ്ങളുടെ ഭാഗം എന്ന രീതിയിൽ വ്യാപകമായി നിലനിന്നു വരുന്ന ഒന്നാണ് പുരുഷന്മാർ മേൽ വസ്ത്രം ധരിക്കാതെ ക്ഷേത്രദർശനത്തിന് കയറണം എന്നുള്ളത്. അടുത്തകാലത്തായി ഈ സംഭവത്തിൽ ഒരു പുതിയ ആലോചനയും ചിന്തയും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഷർട്ട് ധരിച്ച് പുരുഷന്മാർ ക്ഷേത്രദർശനത്തിന് ശ്രീകോവിലിനു മുന്നിൽ എത്തുവാൻ പാടില്ല-എന്നും അത് ആചാര വിരുദ്ധമാണ് എന്നും ഒക്കെയുള്ള പഴയകാല ശീലങ്ങൾ മാറ്റണമെന്ന ആവശ്യം പല ഇടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ക്ഷേത്രദർശനത്തിന് ഭക്തർ വരുമ്പോൾ ഷർട്ട് ധരിക്കാൻ പാടില്ല-എന്നത് വെറും അനാചാരം ആണെന്നും, ഇതെല്ലാം മാറ്റേണ്ട കാലം അതിക്രമിച്ചു-എന്നും ആയിരുന്നു സ്വാമിയുടെ അഭിപ്രായ പ്രകടനം. എന്നാൽ സ്വാമി ഈ പറഞ്ഞതിന്റെ പേരിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ക്ഷുഭിതനായി എൻ. എസ് എസ് വാർഷിക സമ്മേളനത്തിൽ പ്രതികരിക്കുകയുണ്ടായി. ഇതെല്ലാം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും, ഇത് മാറ്റണം എന്ന് പറയുന്നത് വിവരക്കേടാണെന്നും ഒക്കെ ആയിരുന്നു സുകുമാരൻ നായർ പരസ്യമായി പ്രസ്താവിച്ചത്. ഇതിൻറെ പേരിലുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണ് ശിവഗിരിയിൽ നടന്ന ഒരു വലിയ പരിപാടിയിൽ പങ്കെടുത്ത സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, ഷർട്ട് ധരിക്കുന്നതിനുള്ള നിഷേധം ഒഴിവാക്കണം എന്ന സച്ചിദാനന്ദ സ്വാമിയുടെ അഭിപ്രായത്തെ ശരിവെച്ചുകൊണ്ട് പ്രസംഗിച്ചതോടുകൂടി വലിയ തോതിലുള്ള തർക്കത്തിലേക്ക് വിഷയം മാറുകയുണ്ടായി.
യഥാർത്ഥത്തിൽ വസ്തുതാപരമായി ചിന്തിക്കുമ്പോൾ പുരുഷന്മാർ ഷർട്ട് ധരിച്ച് ദർശനത്തിന് എത്തുന്നതിൽ എന്ത് താത്വികമായ തകരാറാണ് ഉള്ളതെ ന്നത് മനസ്സിലാകുന്നില്ല. നൂറ്റാണ്ട് മുൻപ് വരെ നിലനിന്നിരുന്ന ചില തൽപരകക്ഷികളുടെ നിബന്ധനകളിലൂടെയാണ് ഇത്തരം ആചാരങ്ങളെല്ലാം ഹിന്ദുക്കൾക്കു മുകളിൽ വന്നു പതിച്ചത്. ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകൾ ഉണ്ട്. കേരളത്തിൽ ജാതിപരമായി അയിത്തം നിലനിന്നിരുന്നു-എന്നും ഈ അയിത്തം പ്രഖ്യാപിച്ചതും, പ്രാബല്യത്തിൽ വരുത്തിയതും സവർണ്ണ ഹിന്ദുക്കൾ ആയിരുന്നു എന്നതും ചരിത്രം പറയുന്ന സത്യമാണ്. ബ്രാഹ്മണർ അടക്കമുള്ള സവർണ്ണ മേധാവികൾക്ക് യഥേഷ്ടം വിഹരിക്കുവാൻ വേണ്ടി ഉണ്ടാക്കിയ ഒരു സമ്പ്രദായമായിരുന്നു ഇത്. പിന്നോക്ക ജനവിഭാഗത്തെ അങ്ങനെ തന്നെ തളച്ചിട്ടു കൊണ്ട് അവരെക്കൊണ്ട് പാടത്തും പറമ്പിലും പണിയെടുപ്പിച്ച് അതിൻറെ ആദായം സ്വന്തമാക്കി എല്ലാകാലവും സുഖിച്ചു ജീവിക്കാനുള്ള തന്ത്രമായിരുന്നു സവർണ്ണ സമുദായമേധാവികൾ അന്ന് നടപ്പിൽ വരുത്തിയത്. അതിനെതിരെ ആയിരുന്നു ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഒക്കെ സമര രംഗത്ത് ഇറങ്ങിയത്.
സാമൂഹിക പരിഷ്കർത്താക്കൾ നടത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്, കേരളത്തിൽ അന്നത്തെ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്. അതുവരെ ക്ഷേത്രത്തിൻറെ അകത്തെന്നല്ല പരിസരത്തുപോലും പ്രവേശിക്കാൻ അവകാശമില്ലാതിരുന്ന താഴ്ന്ന ജാതിക്കാർക്കെല്ലാം അവകാശം പ്രഖ്യാപിക്കുന്നത് ആയിരുന്നു ആ വിളംബരം. അന്ന് ഈ വിളംബരം നടത്തുവാൻ മഹാരാജാവ് ക്ഷേത്രങ്ങളിലെ ഭരണകർത്താക്കളുടെയോ തന്ത്രിമാരുടെയോ ഒരു അനുവാദവും ചോദിച്ചിരുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
എൻ എസ് എസ് ജനറൽ സെക്രട്ടറി ക്ഷേത്രപ്രവേശന കാര്യത്തിൽ ഷർട്ട് ധരിക്കാൻ പാടില്ല എന്ന് പറയുന്നത് അപരിഷ്കൃതമായ ചിന്തയുടെ ഫലമാണ്. കാലം ഇത്രയും പുരോഗമിക്കുകയും പല ആചാര അനുഷ്ഠാനങ്ങളും തള്ളപ്പെടുകയും ചെയ്തതെല്ലാം നമുക്കു മുന്നിൽ തെളിവുകൾ ആയി ഉണ്ട്. സുകുമാരൻ നായർ പറയുന്നത് ഓരോ ക്ഷേത്രത്തിലും ഓരോ തരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട് എന്നാണ്. ഇത് ശരിയായിരിക്കാം. ഇതൊക്കെ പറയുമ്പോൾ ഇത്തരം ക്ഷേത്രങ്ങളെല്ലാം നടത്തിപ്പോകുന്നതിന് ക്ഷേത്ര മുറ്റത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള കാണിക്കപെട്ടികളിൽ വീഴുന്ന പണത്തിന്റെ കാര്യത്തിൽ ഒരു നിബന്ധനയും സുകുമാരൻ നായർ പറയുന്ന ആചാരക്കാർ പറഞ്ഞു വെച്ചിട്ടില്ല. ഏത് കാശുള്ളവൻ കാണിക്ക ഇട്ടാലും അതെല്ലാം വാരിയെടുത്ത് യഥേഷ്ടം ചെലവാക്കാൻ തന്ത്രിമുഖ്യന്മാർ ഒരു മടിയും കാണിച്ചിട്ടില്ല.
വലിയ ഉയരങ്ങളിലെത്തിയ പരിഷ്കൃത വിദ്യാഭ്യാസ മേൽക്കോയ്മ അവകാശപ്പെടുന്ന മലയാളി-ഇപ്പോഴും കുഗ്രാമങ്ങളിൽ കഴിയുന്ന അധസ്ഥിതന്റെ മാനസികാവസ്ഥയിൽ ആണ്. മലയാളത്തിൻറെ ഗാനഗന്ധർവ്വനായ ക്രിസ്തു മതത്തിൽ ജനിച്ച യേശുദാസ് പാടുന്ന പാട്ടുകേട്ടാണ് ഗുരുവായൂരപ്പൻ കണ്ണടച്ച് ഉറങ്ങുന്നത്. ലക്ഷക്കണക്കിന് ഭക്തന്മാർ ഒഴുകിയെത്തുന്ന ശബരിമല ധർമ്മശാസ്താവിനെ തുറക്കുന്നത് യേശുദാസ് പാടിവച്ച പാട്ടിലൂടെ ആണ്. ആ യേശുദാസിനെ ഇത്രയും കാലം കഴിഞ്ഞിട്ടും പടിക്കകത്തുകയറ്റാതെ ഗുരുവായൂരമ്പല പ്രമാണിമാർ മുന്നോട്ടുപോവുകയാണ്. എന്ത് ആചാരവും അനുഷ്ഠാനവും ആണ് ഇതിൽ ഉള്ളത് എന്ന് ഈ പറയുന്ന തന്ത്രിമുഖ്യന്മാർ ഒന്നു പറഞ്ഞു തന്നാൽ കൊള്ളാം.
എൻഎസ്എസ് സെക്രട്ടറി പറയുന്നത്, ഭക്തന്മാർ ശ്രീകോവിലിനു മുന്നിൽ തൊഴുതു നിൽക്കുമ്പോൾ ഈശ്വരാ കൃപ ഭക്തന്റെ നെഞ്ചിനകത്ത് കടന്നുചെല്ലണമെങ്കിൽ നെഞ്ചുമറയ്ക്കുന്ന ഷർട്ട് ധരിക്കാൻ പാടില്ല എന്നാണ്. ഇതേ നെഞ്ചുമായിട്ടാണ് ശ്രീകോവിലിന് മുന്നിൽഭക്തകൾ ആയ സ്ത്രീകളും തൊഴുതു നിൽക്കുന്നത്. അവർ മാറുമറച്ചും നല്ല രീതിയിൽ വസ്ത്രങ്ങൾ ധരിച്ചും നിൽക്കുകയല്ലേ? അവർക്ക് ഈശ്വര കടാക്ഷം കിട്ടാതെ വരുമോ എന്നു കൂടി ആചാരക്കാർ വ്യക്തമാക്കണം. അപ്പോൾ ഇതൊന്നുമല്ല യഥാർത്ഥത്തിൽ ഉള്ള കാരണങ്ങൾ.
ലോകത്തിലുള്ള ഏത് മതത്തിന്റെയും ചരിത്രത്തിന് അപ്പുറമുള്ള ഒന്നാണ് ഹിന്ദുമത വിശ്വാസങ്ങളും ആചാരങ്ങളും. ഹിന്ദുമതത്തിന്റെ അടിത്തറയായി കാണാവുന്നതാണ് മഹാഭാരതവും രാമായണവും ഭഗവത് ഗീതയും എല്ലാം. ഇത്തരത്തിലുള്ള അടിസ്ഥാന പുരാണങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഒരു കലാകാരനും ദൈവങ്ങൾ ആരും മേൽ വസ്ത്രം ധരിക്കാതെ നിൽക്കുന്നു എന്ന് വരച്ചിട്ടില്ല. ഒരു പുരാണ ഇതിഹാസ ഗ്രന്ഥത്തിലും ഭക്തൻ മേൽ വസ്ത്രം ധരിക്കരുത് എന്ന് പറഞ്ഞിട്ടില്ല. വിശ്വ ശ്രേഷ്ടനായ സ്വാമി വിവേകാനന്ദനടക്കമുള്ള ജ്ഞാനികളായ എല്ലാ സന്യാസിമാരും ശരീരമാസകലം വസ്ത്രം ധരിച്ച് നടക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ഇതെല്ലാം നമുക്കു മുന്നിൽ വ്യക്തമായ കാഴ്ചകളാണ്. എന്നിട്ടും ഇത്രയധികം പുരോഗമിച്ച ഒരു സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ നിന്നുകൊണ്ട്, ഒരഅടിസ്ഥാനവും ഇല്ലാത്ത അപരിഷ്കൃതമായ ദുരാചാരം തുടരണം എന്ന് പറയുന്നതിൽ-ഒരു ന്യായവും ഇല്ല. ഇവിടെ ഇപ്പോഴും കെട്ടടങ്ങാതെ കിടക്കുന്നത്, ചുരുക്കം ചില സമുദായ പ്രമാണിമാരുടെ മനസ്സിലെ ദുഷിച്ച സവർണ്ണ ആധിപത്യ ചിന്ത മാത്രമാണ്. അതല്ലെങ്കിൽ ആര്-ഒരു നല്ല കാര്യം പറഞ്ഞാലും അത് അംഗീകരിക്കുകയാണ് വേണ്ടത്.
ശ്രീനാരായണ പ്രസ്ഥാനത്തിൻറെ തലപ്പത്ത് ഇരിക്കുന്ന ഒരു സന്യാസി പറഞ്ഞ നല്ല കാര്യത്തെ പിന്തുണച്ചതിന്റെ പേരിൽ-മുഖ്യമന്ത്രി പിണറായി വിജയനെ വരെ ആക്ഷേപിക്കുവാൻ ചില സമുദായ നേതാക്കൾ രംഗത്തുവന്നു. ഇത് വിവേകബുദ്ധി ഇല്ലാത്ത ഒരാളുടെ പ്രസ്താവന മാത്രമാണ്. മുഖ്യമന്ത്രി എന്നത് ഏതെങ്കിലും തരത്തിൽ ഒപ്പിച്ചെടുക്കുന്ന പദവി അല്ല. ഒരു സമുദായത്തിന്റെ ശക്തികേന്ദ്രവും അല്ല. കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത് ഭരിക്കാനുള്ള അവകാശം കൊടുത്ത മുഖ്യമന്ത്രിയാണ്. അങ്ങനെ ഒരാൾ നല്ല ഒരു കാര്യത്തെ പിന്താങ്ങുമ്പോൾ ആ ആളിന് ഇങ്ങനെ പറയാൻ എവിടെ നിന്നാണ് അധികാരം കിട്ടിയത് എന്നൊക്കെ ചോദിച്ചാൽ അതിന് പച്ച മലയാളത്തിൽ വിവരക്കേട് എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല.
ഏതായാലും ശരി, സാമാന്യ ബുദ്ധിയുള്ള മലയാളിയും കേരളീയരും വലിയ മഹാപണ്ഡിതന്മാരും ജ്ഞാനികളും അല്ലെങ്കിലും, ദൈവങ്ങളെ ആരാധിക്കാനും ആദരിക്കാനും വണങ്ങാനും ഒക്കെ അറിവുള്ളവരാണ്. ഭഗവാനു മുന്നിൽ ഷർട്ട് ധരിച്ച് ഒരു ഭക്തൻ കടന്നുചെന്നാൽ ആ ദൈവം ശ്രീകോവിലിൽ നിന്നും ഇറങ്ങി ഓടുമെങ്കിൽ അങ്ങനെയുള്ള ദൈവത്തെ ഒരു ഭക്തനും ആവശ്യമില്ല-എന്നുകൂടി ഷർട്ട് വിരോധികൾ മനസ്സിലാക്കിയാൽ നല്ലതായിരുന്നു.