കേരളം മുഴുവൻ ഭയങ്കര ഇ.ഡി. റെയ്ഡ്

ബിജെപി നേതാവിന്റെ വീട് ഇ.ഡി. കണ്ടിട്ടേയില്ല

വിവരമുള്ള മണ്ടൻമാർക്ക് ഒരു ക്ഷാമവും ഇല്ലാത്ത നാടാണ് നമ്മുടെ കേരളം. ഏത് തട്ടിപ്പുമായി ആര് കടന്നുവന്നാലും അവൻറെ പിറകെ ഓടിക്കൂടും.ഒന്ന് വെച്ചാൽ 10 എന്നും 10 വച്ചാൽ 100 എന്നും ഒക്കെ തട്ടിപ്പ് വീരന്മാർ വിളിച്ചു പറയുമ്പോൾ അത് കേട്ട് ചോദിക്കുന്ന തുക അപ്പോൾ തന്നെ എടുത്തു കൊടുക്കാൻ മലയാളിക്ക് ഒരു മടിയും ഇല്ല. ഒറ്റ ലക്ഷ്യമേ ഉള്ളൂ. 100 കൊടുക്കുമ്പോൾ ആയിരം തിരികെ കിട്ടണം. പണത്തോടുള്ള ഈ മലയാളിയുടെ ആർത്തി ഇപ്പോഴൊന്നും തുടങ്ങിയതല്ല, ഇതിൻറെ ഏറ്റവും ഒടുവിലത്തെ തെളിവാണ് പകുതി വില ഏർപ്പാട്. അനന്തു കൃഷ്ണൻ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ അതിവിദഗ്ധമായ പരിപാടിയുമായി വേഷം കെട്ടി ഇറങ്ങിയപ്പോൾ കേരളത്തിൻറെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ആയിരം കോടിയോളം രൂപ അവൻറെ അക്കൗണ്ടിലേക്ക് ഒഴുക്കി വിടാൻ ആൾക്കാർക്ക് ഒരു മടിയും ഉണ്ടായില്ല. ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള സ്കൂട്ടർ പകുതി വിലയായ അറുപതിനായിരം രൂപയ്ക്ക് നൽകും എന്ന് പറഞ്ഞപ്പോൾ ഇതിൽപരം ബംബർ ലോട്ടറി വേറെയില്ല എന്ന് കരുതികൊണ്ടാണ് എല്ലാരും അനന്ദു കൃഷ്ണന് കാശ് കൊടുത്തത്. ഇപ്പോൾ അയാളുടെ പരിപാടി ഒന്നാന്തരം പകൽ കൊള്ളയും തട്ടിപ്പും ആണെന്ന് പുറത്തുവന്നപ്പോൾ,പരാതികളും ആയി പോലീസ് സ്റ്റേഷനുകളിലേക്ക് കയറുവാൻ ക്യൂ നിൽക്കുകയാണ് നാട്ടുകാരെല്ലാം. ഏതായാലും സംഭവം ദിവസങ്ങളായി വാർത്തയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇത്രയധികം കോടിക്കണക്കിന് രൂപ നേടിയെടുക്കുകയും, അതിൻറെ പങ്കുപറ്റി കൊഴുത്തു തടിക്കാൻ രാഷ്ട്രീയക്കാരടക്കമുള്ള പലരും രംഗത്ത് വന്നു-എന്നുള്ള വാർത്തകളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട പലരുടെയും ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നത്.

അനന്തു കൃഷ്ണൻ നടത്തിയ ഭൂലോക തട്ടിപ്പിന്റെ സംഘാടകരായി മുന്നിൽ നിന്നവരിൽ സന്നദ്ധ സേവന പ്രമാണിയായ ഒരു ആനന്ദകുമാറും ഉണ്ട്. ഇയാളെ കൂടാതെ കേസ് വാർത്തയായപ്പോൾ പുറത്തുവന്ന പേരുകളിൽ രണ്ട് രാഷ്ട്രീയ പ്രമുഖന്മാരും ഉണ്ടായിരുന്നു. അതിൽ ഒന്ന് കോൺഗ്രസ് നേതാവായ ലാലി വിൻസൻറ് ആണ്. മറ്റൊരാൾ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് എ എൻ രാധാകൃഷ്ണൻ. മന്ത്രിമാരും എം എൽ എ മാരും സാദനേതാക്കന്മാരും അടക്കം മറ്റു പലരും അനന്ദു കൃഷ്ണന്റെ തട്ടിപ്പ് പരിപാടികളിൽ സ്റ്റേജിൽ നെളിഞ്ഞിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോൾ ഇ.ഡി. റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നത് തട്ടിപ്പ് വിദഗ്ധനായ അനന്ദു കൃഷ്ണന്റെ താമസസ്ഥലത്തും ഓഫീസുകളിലും ഒക്കെയാണ്. അതുകൂടാതെ ഒരു എൻജിഒയുടെ നടത്തിപ്പുകാരനായ ആനന്ദകുമാറിന്റെ വീട്ടിലും റൈഡ് നടക്കുന്നുണ്ട്. മറ്റൊരു റൈഡ് കേന്ദ്രം ലാലി വിൻസന്റിന്റെ വീടാണ്. ഇവിടെ ഒരു സംശയം ഉണ്ടാകുന്നത് അനന്ദു കൃഷ്ണൻറെ പകുതി വില തട്ടിപ്പ് വാർത്തകൾ വന്ന അവസരത്തിൽ തന്നെ ആദ്യം പറഞ്ഞ പേരുകളിൽ ഒന്ന് ബിജെപി നേതാവായ എ എൻ രാധാകൃഷ്ണന്റെ പേര് ആയിരുന്നു. എന്തുകൊണ്ടാണ് എന്ന് അറിയില്ല, ഇത്രയും വ്യാപകമായിട്ടും വിപുലമായിട്ടും ഈ റൈഡ് നടത്തുമ്പോൾ ബിജെപി നേതാവായ രാധാകൃഷ്ണന്റെ വീട്ടിലേക്കുള്ള വഴി ഇവരാരും കണ്ടെത്തിയിട്ടില്ല. ആരെങ്കിലും രാധാകൃഷ്ണന്റെ വീട് അറിയാവുന്നവർ ഉണ്ടെങ്കിൽ ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടിയെങ്കിലും ഇ ഡി മേധാവികൾക്ക് രാധാകൃഷ്ണന്റെ വീട്ടിലേക്കുള്ള വഴി ഒന്ന് പറഞ്ഞു കൊടുക്കണം.

കേരളത്തിൽ കുറച്ചുകാലമായി കേസുകൾക്കും അന്വേഷണങ്ങൾക്കും നടപടികൾക്കും ഒരു ക്ഷാമവും ഇല്ല. പല മേഖലകളിലും സാമ്പത്തിക തട്ടിപ്പുകൾ തിരിമറികൾ. ഇതിൻറെ എല്ലാം പേരിൽ വിവിധ ഏജൻസികൾ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. നിർഭാഗ്യവശാൽ അന്വേഷണക്കാർ റെയ്ഡിന് എത്തുന്നതും വരുന്നതും പോകുന്നതും എല്ലാം വലിയ വാർത്തയായി വരാറുണ്ട്. ഇതിൻറെ ഒന്നിനെയും പേരിൽ പിന്നീടുള്ള ഒരു കാര്യവും പുറത്തു വരാറില്ല എന്നതാണ് വാസ്തവം.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനതല നേതാവായിരുന്നു ലാലി വിൻസെൻറ്. ഹൈക്കോടതിയിലെ ഒരു പ്രമുഖ അഭിഭാഷക കൂടിയാണ് അവർ. അങ്ങനെ ഒരാൾ ഇത്രയും വലിയ തട്ടിപ്പ് സംഘത്തിൻറെ കൂടെ ചേർന്നു എന്നതും അരക്കോടിയോളം രൂപ അവരിൽ നിന്നും കൈപ്പറ്റി എന്നതും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. എത്ര വലിയ നേതാവ് ആണെങ്കിലും നടത്തിയിട്ടുള്ളത് തട്ടിപ്പ് ആണെങ്കിൽ ലാലി വിൻസെന്റിനെയും നിയമത്തിന്റെ മുന്നിൽ എത്തിച്ചു ശിക്ഷിക്കാൻ നടപടികൾ ഉണ്ടാകണം. എന്നാൽ ഇതേ തരത്തിലുള്ള തട്ടിപ്പ് സംഘത്തിൻറെ ഒപ്പം ചേരുകയും ജനങ്ങളിൽ നിന്നും തട്ടിയെടുത്ത തുകയുടെ പങ്ക് പറ്റുകയും ചെയ്തു എന്ന് പറയുന്ന രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതാവായ എ എൻ രാധാകൃഷ്ണനെ അന്വേഷണ ഏജൻസികൾ കണ്ടില്ല എന്നു വരുന്നത് എന്തുകൊണ്ടാണ്? ഇവിടെയാണ് ഒരുപക്ഷേ പ്രതിപക്ഷ പാർട്ടികൾ എപ്പോഴും പറയുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങൾ ശരിയാണെന്ന് തോന്നി പോവുക. ഇ.ഡിയും ആദായനികുതി വകുപ്പുമെല്ലാം കേന്ദ്രസർക്കാരിൻറെ അധീനതയിൽ ആണ്. പലപ്പോഴും രാഷ്ട്രീയമായി എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുണ്ടെന്ന് പരാതികൾ ഉയർന്നിട്ടുള്ളതാണ്. ഇപ്പോൾ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇ.ഡി. മേധാവികൾ റൈഡ് നടത്തുമ്പോൾ ബിജെപിയുടെ നേതാവിന്റെ കാര്യത്തിൽ മാത്രം മൗനം പാലിക്കുന്നത് കേന്ദ്രസർക്കാരിൻറെ പക്ഷപാത പ്രവർത്തനത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയില്ല.

അനന്തു കൃഷ്ണൻ എന്ന ഭൂലോക തട്ടിപ്പ് വീരൻ നൂറുകണക്കിന് കോടി രൂപ പാവങ്ങളിൽ നിന്നും കള്ളം പറഞ്ഞ് തട്ടിയെടുത്തിരിക്കുകയാണ്. ഇത് സംബന്ധിച്ചുണ്ടായ കേസിലാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും കുടുങ്ങിയിരിക്കുന്നത്. അനന്തു കൃഷ്ണൻ തട്ടിപ്പിന്റെ ഭാഗമായി നടത്തിയ സ്കൂട്ടർ വിതരണ പരിപാടികളിൽ രാധാകൃഷ്ണൻ നടത്തിയിരുന്ന സന്നദ്ധ സംഘടനയുടെ ചാരിറ്റി പ്രവർത്തനം എന്ന പേരിൽ-വലിയ ഇടപാടുകൾ നടത്തിയിട്ടുണ്ട്. കൊച്ചിയിൽ മാത്രമല്ല പലയിടത്തും ഒരാധാകൃഷ്ണന്റെ ചാരിറ്റി സംഘടന നടത്തിയ പരിപാടികളുടെ പബ്ലിസിറ്റി ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്. ഇത്രയും ഒക്കെ തട്ടിപ്പുകാരുമായി അടുപ്പം ഉണ്ടായിട്ടും ബിജെപിയുടെ നേതാവ് ആയതുകൊണ്ട് മാത്രം, രാധാകൃഷ്ണൻ രക്ഷപ്പെട്ടുനിൽക്കുന്നു എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാഷ്ട്രീയ ശത്രുക്കളെ നേരിടുവാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഇ.ഡി റെയിഡുകൾ.