സിനിമയെ കുളം തോണ്ടിയ സിനിമ കളക്ടീവ്

വീരവാദം മുഴക്കിയ സ്ത്രീ സിനിമ പ്രവർത്തകരുടെ സംഘടന തമ്മിലടിയിലായി

ലയാള സിനിമാലോകത്തു മുഴുവൻ പുരുഷന്മാരുടെ അഴിഞ്ഞാട്ടവും ആധിപത്യവും ആണെന്നും സ്ത്രീ പുരുഷ സമത്വം ഞങ്ങളുടെ അവകാശമാണെന്നും അതിനു വേണ്ടി ഏത് വിപ്ലവ സമരത്തിനും ഞങ്ങൾ മുന്നോട്ടു വരും എന്നൊക്കെ വീരവാദം മുഴക്കിക്കൊണ്ട് മലയാള സിനിമ വേദിയിലേക്ക് കടന്നുവന്ന സ്ത്രീ പ്രവർത്തകരുടെ സംഘടനയായിരുന്നു ഡബ്ലിയു സി സി എന്ന വിമൻ ഇൻ സിനിമ കളക്ടീവ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ എല്ലാം സ്വാതന്ത്ര്യവും തൊഴിലവകാശവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പറയുന്ന സംഘടന കുറച്ചുകാലം മുമ്പ് പ്രവർത്തനം തുടങ്ങിയത്. ഈ സംഘടന രംഗത്ത് വരാൻ ഒരു കാരണവും ഉണ്ടായിരുന്നു. മലയാളത്തിലെ പ്രശസ്തയായ ഒരു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാൻ ശ്രമം ഉണ്ടാകുകയും, അത് വലിയ വാർത്ത ആവുകയും, ഈ തട്ടിക്കൊണ്ടുപോകൽ നാടകത്തിന് നേതൃത്വം കൊടുത്തത് ഒരു പുരുഷ സൂപ്പർതാരം ആണ്-എന്ന് പറയപ്പെടുകയും, ഈ സംഭവത്തിന്റെ പേരിൽ പോലീസ് കേസുകൾ അടക്കം ഉണ്ടാവുകയും ചെയ്തപ്പോൾ ആണ് ഡബ്ലിയു സി സി എന്ന സംഘടന രംഗത്ത് വന്നത്. ഏതായാലും ചുരുങ്ങിയ വർഷം കൊണ്ട് തന്നെ സ്ത്രീ സുരക്ഷയ്ക്കായി കടന്നുവന്ന ഈ സംഘടന ഏതാണ്ട് ചരമം പ്രാപിച്ച സ്ഥിതിയിലായിരിക്കുന്നു എന്നതാണ് വാസ്തവം.

നടികളിൽ സൂപ്പർ ധാരപദവിയിൽ എത്തിയിരുന്ന മഞ്ജു വാര്യരും പാർവതി തിരുവോത്തും റിമ കല്ലിങ്കലും സുരഭി ലക്ഷ്മിയും വിധുവിൻസൻ്റും രേവതിയും എല്ലാം ആദ്യഘട്ടത്തിൽ ഈ സംഘടനയെ മുന്നോട്ട് നയിക്കാൻ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇവരൊന്നും ഈ സംഘടനയുടെ മുന്നിൽ ഇല്ല എന്നാണ് അറിയുന്നത്.

ഡബ്ലിയു സി സി എന്ന സിനിമ മേഖലയിലെ നടികളുടെയും സാങ്കേതിക വിദഗ്ധരുടെയും പങ്കാളിത്തമുള്ള സംഘടനയിലെ പ്രമുഖ പ്രവർത്തകയായിരുന്ന പാർവതി തിരുവോത്ത് ആണ് സംഘടനയിലൂടെ തൻറെ ഭാവി തന്നെ തകർന്നിരിക്കുന്നു എന്ന പരിഭവവുമായി ഇപ്പോൾ പരസ്യമായി പ്രസ്താവന നടത്തിയിരിക്കുന്നത്. തികച്ചും നല്ല ഉദ്ദേശങ്ങളോടുകൂടിയാണ് സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയ്ക്ക് സംഘടന ഉണ്ടാക്കിയതെന്നും എന്നാൽ ഈ സംഘടനയുടെ മുന്നിൽ നിന്നതിന്റെ പേരിൽ സിനിമ ലോകത്ത് താൻ ഒറ്റപ്പെട്ടിരിക്കുന്നു എന്നുമാണ് ഇപ്പോൾ പാർവതി പറയുന്നത്. തൻറെ കൂടെ കൂടിയാൽ ശത്രു ആയി മാറും എന്ന ഭയത്താൽ സിനിമ മേഖലയിലെ പലരും തന്നെ ഫോണിൽ പോലും ബന്ധപ്പെടുന്നില്ല എന്നും പാർവതി തുറന്നു പറയുന്നുണ്ട്.

മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങളെ വിദഗ്ധമായി അവതരിപ്പിക്കാൻ അവസരം കിട്ടിയതിന്റെ പേരിൽ മുൻനിരയിലേക്ക് എത്തിയ നടിയാണ് പാർവ്വതി. എവിടെ ചെന്നാലും തന്നെ സ്വീകരിക്കാനും തന്നോടൊപ്പം നിന്ന് സെൽഫി എടുക്കാനും ആവേശം കാണിച്ചിരുന്ന ആരാധകർ പോലും ഇപ്പോൾ തന്നെ അകറ്റിയിരിക്കുകയാണ്-എന്നും പർവതി പറയുന്നു. ചലച്ചിത്ര പ്രവർത്തകരുടെ ഒപ്പം സിനിമാ മേഖലയിലെ വിമത ശബ്ദമായി മാറും എന്ന ഒരു പ്രചരണം തന്നെ നടക്കുന്നതായി പാർവതി തുറന്നുപറയുന്നുണ്ട്. എന്തായാലും ഡബ്ലിയു സി സി എന്ന സംഘടന രൂപീകരിക്കുകയും കുറേക്കാലം അതിൻറെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തതിൻ്റെ പേരിൽ താൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നാണ് പാർവതി പറയുന്നത്. നല്ല വേഷങ്ങൾ നന്നായി കൈകാര്യം ചെയ്തതിൻറെ പേരിൽ നിരവധി അവസരങ്ങൾ ലഭിച്ചിരുന്ന തനിക്ക് സിനിമയിൽ സമ്പൂർണ്ണമായ അവഗണനയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് എന്നും അവർ പറയുന്നുണ്ട്. നടികളുടെ സംഘടന രൂപപ്പെടുത്തിയ ശേഷം സർക്കാരിന് മുന്നിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാർ രൂപീകരിച്ചത്. ഈ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന്റെ പേരിൽ സിനിമാ മേഖലയിലെ നിരവധി സ്ത്രീ പ്രവർത്തകർ പോലീസിൽ പരാതികൾ സമർപ്പിക്കുന്ന സ്ഥിതി വന്നു. തൊഴിലാളികളും നടികളും നൽകിയ പരാതികളുടെ പേരിൽ പ്രമുഖ നടന്മാരും മറ്റും അറസ്റ്റ് ചെയ്യപ്പെട്ട സ്ഥിതിയും ഉണ്ടായി. ഇതിൻറെ എല്ലാം ഭാഗമായിട്ടാണ് താരസംഘടനയായ അമ്മ പോലും അനാഥമായത്. അമ്മയുടെ ഭാരവാഹികൾ സ്ഥാനമാനങ്ങളെല്ലാം രാജിവെക്കേണ്ട സ്ഥിതിയും ഉണ്ടായി.

മലയാള സിനിമയെ സമ്പൂർണ്ണമായി ബാധിക്കുകയും തകർച്ചയിലേക്ക് തള്ളിയിടുകയും ചെയ്തത് ഡബ്ലിയു സി സി എന്ന സംഘടനയുടെ പ്രവർത്തനം തുടങ്ങിയ ശേഷമാണ് എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഡബ്ലിയു സി സി യുടെ പരാതികളും മറ്റും അനുസരിച്ചാണ് കോടതി കേസുകളും പോലീസ് കേസുകളും ഒക്കെ ഉണ്ടായത്. ഇതെല്ലാം പ്രത്യക്ഷത്തിൽ ബാധിച്ചത് മലയാള സിനിമയെ ആയിരുന്നു എന്നും ആ ദുരിതമാണ് ഇപ്പോൾ നടന്മാർ അടക്കമുള്ള മുഴുവൻ സിനിമ പ്രവർത്തകരും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നടങ്കം ഡബ്ലിയു സി സി യുടെ ഈ നീക്കങ്ങളെയെല്ലാം വിമർശിക്കുന്നു എന്നതാണ് വാസ്തവം. ഇത്തരത്തിൽ പല കോണുകളിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ പാർവതി തിരുവോത്തിനെ നേരിട്ട് ബാധിക്കുന്നു-എന്നതും ഇപ്പോൾ നടത്തിയ തുറന്നു പറച്ചിലിന് കാരണമായിട്ടുണ്ട്.