കോൺഗ്രസിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷനേതാവും വാശിപിടിച്ച് പുരപ്പുറത്ത് കയറിയിരുന്നു വിളിച്ചു കൂവുന്ന സർക്കാരിൻറെ അഴിമതി ഏർപ്പാടാണ്. പാലക്കാട് മദ്യ ഉത്പാദന കമ്പനിക്ക് അനുമതി നൽകിയ ബ്രൂവെറി ഇടപാട്. വലിയ ആദർശക്കാരും തത്വജ്ഞാനികളും ഒക്കെയായ ഇടതുമുന്നണിയിലെ രണ്ടാമത്തെ പാർട്ടിക്കാർ ആയ സിപിഐകാർക്കും ബ്രൂവെറി എന്ന് കേൾക്കുമ്പോൾ വല്ലാത്ത അലർജി ആണ്. സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാളും ചിലമ്പും എടുത്ത് ബ്രൂവറി വിഷയത്തിൽ ഉറഞ്ഞു തുള്ളാൻ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാൽ ഇത്തരത്തിലുള്ള എത്രയോ വിരട്ടലുകളും അഭ്യാസങ്ങളും കണ്ടിട്ടുള്ള മുഖ്യമന്ത്രിയായ പിണറായി വിജയൻ സിപിഐ സഖാവിൻറെ പരാതി വലിച്ചു കീറി ചവറ്റുകുട്ടയിൽ ഇട്ടു.
കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത് ഇടതുപക്ഷ മുന്നണിയുടെ സർക്കാർ ആണ്. സിപിഎം സിപിഐ തുടങ്ങി ഇടതുപക്ഷ ചായ്‌വുള്ള പാർട്ടികളുടെ ഭരണകൂടമാണ് നിലനിൽക്കുന്നത്. പിണറായി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പലതും സാധാരണഗതിയിൽ ഇടതുമുന്നണി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനത്തിൽ എത്തുന്നവയാണ്. ഇതൊക്കെ ഒരു വഴിപാട് ഏർപ്പാടാണ്. സർക്കാർ നടപ്പിലാക്കുന്ന പല കാര്യങ്ങളും സിപിഎം തീരുമാനിക്കുന്നതും മുഖ്യമന്ത്രി നടപ്പിലാക്കുന്നതുമാണ്-എന്നതാണ് വാസ്തവം. ഇടതുമുന്നണിയുടെ യോഗങ്ങൾ സാധാരണഗതിയിൽ മുന്നണിയിലെ വലിയ കക്ഷിയായ സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ തിരുവനന്തപുരം എകെജി സെൻററിലാണ് നടക്കാറുള്ളത്. അടുത്തകാലത്ത് രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ-പുതിയതായി പാർട്ടി ആസ്ഥാനം നിർമ്മിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. അവിടെയാണ് പതിവില്ലാതെ ഇടതുമുന്നണിയുടെ യോഗം ഈ കഴിഞ്ഞ ദിവസം ചേർന്നത്. ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ ആണെങ്കിലും മുന്നണി യോഗത്തിൽ എല്ലാം നിയന്ത്രിക്കുന്നതും വരുതിയിൽ നടത്തുന്നതും മുഖ്യമന്ത്രിയായ പിണറായി വിജയൻ ആണ്. ഈ യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാർ അനുമതി നൽകിയ പാലക്കാടിലെ പുതിയ ബ്രൂവറി വിഷയത്തിൽ പുന പരിശോധന നടത്തണമെന്നും പദ്ധതി തുടങ്ങുന്നതിനുള്ള അനുമതി മരവിപ്പിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇടതുമുന്നണിയിലെ മറ്റു ചില ചെറിയ പാർട്ടിയുടെ നേതാക്കന്മാരും ബിനോയ് വിശ്വത്തിന്റെ നിർദ്ദേശത്തിന് പിന്തുണ പറയുകയുണ്ടായി. എന്നാൽ ഇതെല്ലാം കേട്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിർദ്ദേശങ്ങളെല്ലാം പുച്ഛത്തോടെ തള്ളിക്കളഞ്ഞു-എന്നാണ് പുറത്തുവന്നിട്ടുള്ള വാർത്തകൾ. സർക്കാർ ആവശ്യത്തിലധികം പഠനവും പരിശോധനയും നടത്തിയ ശേഷമാണ് ബ്രൂവറി പദ്ധതിക്ക് അനുമതി നൽകിയത് എന്നും അത് ഉപേക്ഷിക്കാനോ തിരുത്താനോ വേണ്ടിയുള്ള ആവശ്യവുമായി ആരും തുള്ളേണ്ട കാര്യമില്ല എന്നും, പദ്ധതി സർക്കാർ നടപ്പിലാക്കുക തന്നെ ചെയ്യും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ രോഷത്തോടെ പറയുകയാണ് ഉണ്ടായത്. ഇതോടുകൂടി വലിയ കേമനായി മുന്ന.ണി യോഗത്തിന് എത്തിയ സിപിഐ സെക്രട്ടറി ബിനോയ് വിശ്വം മുട്ടുമടക്കി പിണറായിയെ തൊഴുത് മടങ്ങിപ്പോയി എന്നാണ് അറിയുന്നത്.
സിപിഐ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പഴയ കാലങ്ങളിൽ ചങ്കൂറ്റമുള്ള നേതാക്കന്മാർ നയിച്ച പാർട്ടിയാണ്. അതുകൊണ്ടുതന്നെ ആ നേതാക്കന്മാരുടെ കാലത്ത് കമ്മ്യൂണിസ്റ്റ് ശൈലിക്ക് വിരുദ്ധമായ ഏതു കാര്യത്തെയും എതിർക്കുവാനും എതിർത്താൽ അത് നടപ്പിലാക്കി എടുക്കുവാനും കഴിഞ്ഞിരുന്നു. മദ്യ നിർമ്മാണശാല പുതിയതായി തുടങ്ങുക എന്നത് ഇടതുപക്ഷ ശൈലി അല്ല എന്നും അത്തരം നീക്കം കമ്മ്യൂണിസത്തെ ദുർബലപ്പെടുത്തും എന്നൊക്കെയുള്ള ഗിരി പ്രസംഗങ്ങൾ ബിനോയ് വിശ്വം പലതവണ നടത്തിയിരുന്നു. സർക്കാരിൻറെ ഈ പദ്ധതിക്കായുള്ള നീക്കങ്ങളെ തടയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. സംസ്ഥാന നേതൃയോഗത്തിലും ബ്രൂവെറി വിഷയം ഗൗരവമുള്ള ചർച്ചയായി വന്നിരുന്നു. ബ്രൂവെറി വിഷയത്തിൽ പാർട്ടിയുടെ നേതൃയോഗം ഏകകണ്ഡമായി അഭിപ്രായം രേഖപ്പെടുത്തി എന്നും ബ്രൂവെറി പദ്ധതിക്കായുള്ള ഇടതു സർക്കാരിൻറെ അനുമതി പിൻവലിക്കുക തന്നെ വേണമെന്ന് തീരുമാനിച്ചതായും വാർത്തകൾ വന്നിരുന്നു. നേതൃയോഗത്തിലെ ഈ തീരുമാനത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടാണ് ഇടതുമുന്നണി യോഗത്തിൽ വലിയ ഗൗരവത്തോടെ ബിനോയ് വിശ്വം അഭിപ്രായങ്ങൾ തട്ടിവിട്ടത്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയിൽ സിപിഐയുടെ അഭിപ്രായത്തിന് മുന്നണിയോഗത്തിൽ വലിയ വില ഉണ്ടാകും എന്നൊക്കെ ബിനോയ് വിശ്വം കരുതിയിരുന്നു എങ്കിലും യോഗത്തിൽ അതൊന്നുമല്ല ഉണ്ടായത്.
പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവെറി പദ്ധതി തുടങ്ങുന്നതിനുള്ള അനുമതി നൽകിയതിന് പിന്നിൽ സിപിഎം വലിയ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് തെളിയിക്കാനുള്ള ബാധ്യത ഈ വിഷയവുമായി ചുറ്റിക്കറങ്ങുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനും മുൻ പ്രതിപക്ഷ നേതാവിനും ഉള്ളതാണ്. എന്നാൽ എന്ത് തെളിവ് ഇക്കാര്യത്തിൽ പ്രതിപക്ഷം കൊണ്ടുവന്നാലും മുഖ്യമന്ത്രിയായ പിണറായി വിജയൻ അറിഞ്ഞു കൊണ്ടാണ് ഒരു തീരുമാനം എടുത്തിരിക്കുന്നതെങ്കിൽ അത് അതേപടി നടപ്പിലാക്കുക തന്നെ ചെയ്യുക എന്നതാണ് പിണറായി വിജയൻറെ രണ്ട് സർക്കാരിലും കണ്ടിട്ടുള്ള രീതി. ഒരു കാര്യം സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. പാലക്കാട് വലിയതോതിൽ വേനൽ അനുഭവപ്പെടുന്ന പ്രദേശമാണ്. വേനൽക്കാലമായാൽ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതി ഉണ്ടാകും. ഇത്തരം ഒരു പ്രദേശത്താണ് മദ്യ ഉൽപാദനത്തിനായി ദിവസം അഞ്ചുലക്ഷം ലിറ്റർ വെള്ളം ഊറ്റിയെടുക്കുന്ന പദ്ധതിയുമായി സർക്കാർ വന്നിരിക്കുന്നത്. ഈ പദ്ധതിയെ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി ഇപ്പോൾ എതിർത്തിട്ടുണ്ട്. എന്നാൽ ആരുടെയും എതിർപ്പുകൾ പരിഗണിക്കാതെ സ്വന്തം തീരുമാനവുമായി എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മുന്നോട്ട് പോവുകയാണ്.
ഒരു പിടിവാശി പോലെ ബ്രൂറിക്കായി നടത്തുന്ന സർക്കാർ നീക്കങ്ങൾ എന്തായാലും പൊതുജനങ്ങളിൽ വലിയ സംശയങ്ങൾ ഉയർത്തുന്നുണ്ട്. പദ്ധതി അനുവദിച്ച് കൊടുത്തത് ഒരു സ്വകാര്യ കമ്പനിക്കാണ്. ആ കമ്പനിയ്ക്ക് അനുമതി നൽകുന്ന ഇടപാടിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട് എന്നാണ് ജനങ്ങളും സംശയിക്കുന്നത്. ഇത്തരത്തിലുള്ള സാമ്പത്തികമായ നേട്ടം സർക്കാരിനെ നയിക്കുന്ന സിപിഎമ്മിന് ഉണ്ടായിട്ടുള്ളത് കൊണ്ടു തന്നെയാണ് എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് മുഖ്യമന്ത്രി പദ്ധതിക്ക് അനുമതിയുമായി ഉറച്ചു നിൽക്കുന്നത്.
ഇപ്പോൾ വലിയ ഉച്ചത്തിൽ പ്രതിഷേധശബ്ദമുയർത്തുന്ന സിപിഐ എന്ന പാർട്ടിക്ക് ബ്രൂവെറി ഇടപാടിൽ കിട്ടിയിട്ടുള്ള തുകയുടെ ഒരു പങ്ക് കൈമാറുന്നതോടുകൂടി സിപിഐയും വാലുമടക്കി മാളത്തിൽ ഒളിക്കുന്ന സ്ഥിതിയാകും വരാൻ പോകുന്നത്. പാർട്ടിയെ കൊണ്ടുനടക്കണമെങ്കിൽ കയ്യിൽ പണം വേണം. മാത്രവുമല്ല ഇടതുമുന്നണിയുടെ മുഖ്യ കക്ഷികളായ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സമ്മേളനങ്ങളുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് വലിയ പണച്ചെലവ് ഉണ്ടാകും എന്ന കാര്യത്തിലും തർക്കമില്ല. ഇത്തരത്തിൽ സമ്മേളനത്തിന് വേണ്ടി തുക കണ്ടെത്തുക എന്നത് രണ്ടു പാർട്ടികളുടെയും മുന്നിൽ നിൽക്കുന്ന വിഷയമാണ്. ബ്രൂവെറി ഇടപാട് വഴി-സമ്മേളന കാര്യങ്ങൾക്കുള്ള ചെലവ് തുക സൂത്രത്തിൽ കിട്ടുവാനുള്ള അവസരം ഉണ്ടായാൽ സിപിഐയും അതിന് വഴങ്ങുക തന്നെ ചെയ്യും.