വാർത്ത ഭ്രാന്തന്മാരായ നേതാക്കളെ വേണ്ട

പാർട്ടിക്കായി പണിയെടുക്കുന്ന നേതാക്കൾ മതി

ണിഞ്ഞൊരുങ്ങി കുട്ടപ്പന്മാരായി ചാനലുകളുടെയും പത്രക്കാരുടെയും പിറകെ നടക്കുന്ന നേതാക്കന്മാരെ ഇനി പാർട്ടിയിൽ വേണ്ട എന്നും, അവരവരുടെ പ്രവർത്തന മേഖലകളിൽ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കുന്ന നേതാക്കളെ മതി എന്നും രൂക്ഷമായ ഭാഷയിൽ പറഞ്ഞുകൊണ്ട് മുതിർന്ന നേതാക്കളെ പോലും താക്കീത് ചെയ്യാൻ കോൺഗ്രസ് ദേശീയ പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ തയ്യാറായിരിക്കുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന പുതിയതായി നിയോഗിക്കപ്പെട്ട ഭാരവാഹികളുടെയും നേതാക്കളുടെയും യോഗത്തിലാണ് പാർട്ടി പ്രസിഡൻറ് അതിശക്തമായ ഭാഷയിൽ നേതാക്കളെ താക്കീത് ചെയ്തത്.

എല്ലാ സംസ്ഥാനങ്ങളിലും നേതൃനിരയിലുള്ള മുതിർന്ന നേതാക്കൾ ദിവസേന മാധ്യമങ്ങൾക്ക് പിറകെ നടന്നുകൊണ്ട് ഓരോന്ന് വിളിച്ചു പറയുകയാണ്. പലപ്പോഴും അനാവശ്യമായ മാധ്യമബന്ധങ്ങളാണ് പാർട്ടിക്ക് ദോഷം ഉണ്ടാക്കുന്ന വിവാദങ്ങളിലേക്ക് കടന്നു ചെല്ലുന്നതെന്നാണ് കോൺഗ്രസ് പ്രസിഡൻറ് ഖാർഗെ വ്യക്തമാക്കിയത്. കേരളത്തിലെ കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ് സതീശൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറ്റ് മുതിർന്ന നേതാക്കളായ എല്ലാ ആൾക്കാരെയും കൂടി കണക്കിലെടുത്തുകൊണ്ടാണ് കോൺഗ്രസ് പ്രസിഡൻറ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയത്. കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂർ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തുന്ന ലേഖനം ഒരു പത്രത്തിൽ എഴുതി എന്നതിൻറെ പേരിൽ അനാവശ്യ വിവാദങ്ങളും ചർച്ചകളും ഉണ്ടായത് പാർട്ടി പ്രസിഡന്റിന് മാത്രമല്ല രാഹുൽഗാന്ധിക്കും സോണിയാഗാന്ധിക്കും വരെ വലിയ അമർഷം ഉണ്ടായിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ശശി തരൂരിനെ നേരിട്ട് വിളിച്ചു വരുത്തി അദ്ദേഹവുമായി വിവാദ വിഷയങ്ങൾ സംസാരിച്ചത്. എന്നാൽ ഈ ചർച്ചയ്ക്കിടയിൽ സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ശശി തരൂരിന്റെ ലേഖന കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചത് എന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്.

കോൺഗ്രസ് പാർട്ടിയിൽ പല സംസ്ഥാനങ്ങളിലും ദുർബലമായി നിൽക്കുന്ന സാഹചര്യത്തിലാണ് പാർട്ടി പ്രസിഡൻറ് നേതാക്കന്മാരോട് കർശനമായ ഭാഷയിൽ സംസാരിച്ചത്. പല സംസ്ഥാനങ്ങളിലും പാർട്ടി ഘടകം നിർജീവമാണെന്ന് ഖാർഗെ തെളിവുകൾ നിരത്തിക്കൊണ്ട് പറയുകയുണ്ടായി. അടുത്തകാലത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും ഡൽഹിയിലും കോൺഗ്രസ് തോൽക്കാൻ ഉണ്ടായ സാഹചര്യവും പാർട്ടി പ്രസിഡൻറ് ചൂണ്ടിക്കാണിക്കുകയും ഉണ്ടായി.

കേരളത്തിൽ ഉൾപ്പെടെ പാർട്ടിയുടെ ബൂത്ത് മണ്ഡലം ബ്ലോക്ക് ജില്ലാ കമ്മിറ്റികൾ പലതും പ്രവർത്തനരഹിതമായി കിടക്കുകയാണ്. പുനഃസംഘടന പൂർണമായും നടപ്പിലാക്കി പാർട്ടിയുടെ താഴെ തട്ടുമുതൽ ഊർജിതമാക്കണം എന്ന് പലവട്ടം നിർദ്ദേശിച്ചു-എങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ലായെന്നും ഖാർഗെ നേതാക്കളുടെ യോഗത്തിൽ പറയുകയുണ്ടായി.

കേരളത്തിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫിന് രാഷ്ട്രീയമായി അനുകൂലമായ കാലാവസ്ഥയാണ്. എങ്കിലും ഒരു തെരഞ്ഞെടുപ്പ് വിജയത്തിന് പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കേണ്ടതുണ്ട്. ഇവിടെ ഏത് വിഷയത്തിലും നേതാക്കന്മാർ തമ്മിൽ കലഹിക്കുന്നത് മൂലം പാർട്ടിയുടെ പ്രവർത്തകർ വലിയ തോതിൽ ആശങ്കയിലും നിരാശയിലും ആണെന്നും കേന്ദ്ര പാർട്ടി നേതാക്കൾ വിലയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും വലിയ നേട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞത്, കേരളത്തിൽ തുടർഭരണം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പിണറായി സർക്കാരിനെതിരെയുള്ള ജനവികാരം ഒന്നുകൊണ്ടുമാത്രം ആണെന്ന് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ട് അടക്കം ദേശീയ നേതൃത്വത്തിന് ധാരണയുണ്ട്. എന്നാൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും പിന്നീട് നിയമസഭയിലേക്കും ജയിച്ചു കയറാൻ കഴിയണമെങ്കിൽ പാർട്ടിയുടെ ചാലക ശക്തികളായ മണ്ഡലം കമ്മിറ്റികൾ പ്രവർത്തനസജ്ജം ആകണമെന്ന കാര്യത്തിൽ ദേശീയ നേതൃത്വം പലവട്ടം നിർദ്ദേശങ്ങൾ നൽകിയതാണ്. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും പരസ്പരം അകൽച്ചയിൽ ആയതോടുകൂടി കേരളത്തിൽ വീണ്ടും കോൺഗ്രസ് പാർട്ടിക്ക് ഗ്രൂപ്പുകൾ ശക്തിപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടായി എന്ന വിലയിരുത്തലും പാർട്ടി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെക്ക് ഉണ്ട്. അതുകൊണ്ടുതന്നെയാണ് എല്ലാ ദിവസവും നേതാക്കന്മാർ അണിഞ്ഞൊരുങ്ങി മാധ്യമങ്ങളുടെ പിറകെ പോകുന്ന പ്രവർത്തനശൈലി അവസാനിപ്പിക്കണമെന്നും, സംസ്ഥാന നേതാക്കന്മാർ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനു മുൻപ് നേതാക്കന്മാർ പരസ്പരം ചർച്ച ചെയ്ത്, ഏക രൂപത്തിൽ വിഷയം അവതരിപ്പിക്കണമെന്നും പാർട്ടി നേതൃത്വം ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാത്തരത്തിലും ഭരണവിരുദ്ധ വികാരം കേരളത്തിൽ ശക്തമായി നിലനിൽക്കുമ്പോഴും ആ രാഷ്ട്രീയ സാഹചര്യം മുതലെടുക്കുന്നതിനുള്ള ഒരു പരിശ്രമവും കേരളത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കന്മാർ പോലും നടത്തുന്നില്ല എന്നതാണ് വാസ്തവം. സർക്കാരിനെതിരായി പ്രയോഗിക്കാൻ കഴിയുന്ന ആയുധങ്ങൾ പല നേതാക്കൾ പല കോണുകളിൽ നിന്നുകൊണ്ട് പ്രയോഗിക്കുമ്പോൾ, അത് പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാക്കാതെ പോവുകയാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഐക്യം ഇല്ല എന്ന ധാരണ ജനങ്ങളിൽ വളർത്തുവാനും ഇത്തരത്തിലുള്ള നേതാക്കന്മാരുടെ പ്രവർത്തന ശൈലി കാരണമാകുന്നുണ്ടെന്നും കോൺഗ്രസ് ഹൈക്കമാന്റിന് അഭിപ്രായമുണ്ട്. ഏതായാലും ഇനിമുതൽ എങ്കിലും ഗ്രൂപ്പുകളികൾ അവസാനിപ്പിക്കുകയും പാർട്ടി ശക്തിപ്പെടുത്താൻ, പ്രവർത്തകരോടൊപ്പം നിന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നേതാക്കൾ തയ്യാറാവണം എന്നും കോൺഗ്രസ് പ്രസിഡണ്ട് കർക്കശമായ ഭാഷയിൽ നിർദ്ദേശിച്ചിരിക്കുകയാണ്.