പിണറായി സർക്കാരിൻറെ ഏതോ ഏർപ്പാടുകളെ പിന്തുണച്ചതിന്റെ പേരിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നിലപാടുകളെ അംഗീകരിച്ചതിന്റെ പേരിലും ശശി തരൂർ എന്ന കോൺഗ്രസ് നേതാവ് കേരളത്തിലെ നേതാക്കളുടെ ശത്രുവായി മാറിയിരിക്കുകയാണ്. ഇടയ്ക്കൊക്കെ ഉണ്ടാകുന്ന തരൂരിന്റെ ചില വിശകലനങ്ങളും പ്രസ്താവനകളും കേരളത്തിലെ പബ്ലിസിറ്റി മാത്രം മോഹിച്ചു നടക്കുന്ന നേതാക്കന്മാർക്ക് പിടിക്കാറില്ല. തരൂർ വിമർശനവുമായി കേരള നേതാക്കൾ രംഗത്ത് വന്നതിന്റെ പിന്നിലും ഇതുതന്നെയാണ് ഉള്ളത്. എന്നാൽ രണ്ട് ദശാബ്ദകാലത്തെ രാഷ്ട്രീയപരിചയം മാത്രമുള്ള ശശി തരൂർ 18 അടവും പഠിച്ച രാഷ്ട്രീയ നേതാക്കന്മാരെക്കാൾ മിടുക്കോട് കൂടി രാഷ്ട്രീയ കളി തുടരുകയാണ്. വലിയ മഹാപാപം കണക്കെയാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം തരൂരിന് എതിരെ വിമർശനവുമായി ഇറങ്ങിയത്. തരൂരാകട്ടെ തന്റെ നിലപാടിൽ നിന്ന ഇടത്ത് ഉറച്ചു നിൽക്കുന്നയല്ലാതെ ഒരു ചുവടു പോലും പിറകോട്ട് പോകാൻ തയ്യാറായില്ല. വസ്തുതകളെ കാര്യമായി പഠിക്കുകയും അതിന് അനുസരിച്ച് അഭിപ്രായം പറയുകയുമാണ് തൻറെ ശൈലി എന്നും, ഒരു ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർ ആ ലേഖനം വായിച്ചു നോക്കാതെയാണ് ഇതെല്ലാം തട്ടിവിടുന്നതെന്നും ചങ്കൂറ്റത്തോടെ തരൂർ മറുപടി പറഞ്ഞു. ഒരു ഘട്ടത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് കൺവീനർ ആയ മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ തരൂരിന് എതിരെ പാർട്ടി നടപടിയെടുക്കണം എന്നുവരെ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ കേരളത്തിലെ കോൺഗ്രസിന്റെ നേതാക്കൾ മനസ്സിലാക്കിയിട്ടുള്ളതിനെക്കാൾ കൂടുതൽ ആഴത്തിൽ തരൂരിനെ പഠിച്ചിട്ടുള്ള രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും കേരള നേതാക്കളുടെ ആവശ്യങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. മാത്രവുമല്ല കേരളത്തിൽ നിന്നും തരൂരിന് എതിരായിട്ടുള്ള നേതാക്കളുടെ പരാതികളുടെ പ്രവാഹം തന്നെ ഉണ്ടായപ്പോൾ സഹികെട്ട് സോണിയ ഗാന്ധി തന്നെ രാഹുൽഗാന്ധി തരൂരുമായി നേരിട്ട് സംസാരിക്കുന്നതിന് ക്ഷണിക്കുകയും ചെയ്തു. ഇതോടെയാണ് കേരള നേതാക്കൾ പത്തി മടക്കിയത്.
കോൺഗ്രസ് പാർട്ടിയുടെ പതിവ് രീതികളെല്ലാം മാറ്റിവെച്ചു കൊണ്ടുള്ള ചർച്ചയാണ് തരൂരും രാഹുലും സോണിയയും തമ്മിൽ യഥാർത്ഥത്തിൽ നടന്നത്. മറ്റാരെയും മുറിയിൽ കയറ്റാതെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് തന്നെ തരൂരും മറ്റു രണ്ടുപേരും മനസ്സ് തുറന്നുള്ള ചർച്ചയാണ് നടത്തിയത്. കേരള നേതാക്കൾ ഉന്നയിച്ച പരാതികൾ സംബന്ധിച്ചായിരുന്നു രാഹുലിന്റെ ആദ്യ ചോദ്യം. എന്നാൽ താൻ എഴുതിയ ലേഖനം രാഹുലിനെ കാണിച്ചുകൊണ്ട് എന്ത് അപരാധമാണ് ഈ ലേഖനത്തിൽ പാർട്ടിക്ക് വിരുദ്ധമായി താൻ എഴുതിയിരിക്കുന്നത് എന്നായിരുന്നു തരൂരിന്റെ ചോദ്യം. ആ ലേഖനം വായിച്ചിരുന്ന രാഹുൽ ഗാന്ധി പിന്നെ അതിന് ചർച്ച തുടരേണ്ട എന്ന നിലപാട് എടുത്തു. ഇതൊക്കെയാണെങ്കിലും പാർട്ടിയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നേതാക്കന്മാരുടെ ഐക്യമാണ് പരമപ്രധാനം എന്നും കേരളത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ അന്തരീക്ഷമാണ് ഉള്ളത് എന്നും രാഹുൽ പറയുകയുണ്ടായി. ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്നുകൊണ്ട് ഇന്ത്യ മുന്നണിയിൽ പ്രവർത്തിക്കുന്ന പാർട്ടികളാണ് സി പി എമ്മും സിപിഐയും. എന്നാൽ കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ മുഖ്യ ശത്രു ഈ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ആണ്. ഈ പാർട്ടികളെ പരാജയപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഉണ്ടായാൽ മാത്രമേ കേരളത്തിൽ കോൺഗ്രസിന് നിലനിൽക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ നിലവിൽ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിനെ ന്യായീകരിക്കുന്ന ചെറിയ പരാമർശം പോലും അവർ മുതലെടുക്കുന്നു എന്ന് രാഹുൽ ഗാന്ധി തുറന്നു പറഞ്ഞപ്പോൾ അതിനെ ഉൾക്കൊള്ളുവാൻ ശശി തരൂർ തയ്യാറായി.
യഥാർത്ഥത്തിൽ സോണിയാഗാന്ധിയുടെ വസതിയിൽ നടന്ന തരൂരുമായുള്ള ചർച്ചയിൽ-ഒരുകേരള നേതാവിനെയും പങ്കെടുപ്പിക്കേണ്ട എന്നത് രാഹുലിന്റെ തീരുമാനമായിരുന്നു. കേരള നേതാക്കന്മാരിൽ ആരെങ്കിലും ചർച്ചയിൽ പങ്കെടുത്താൽ അതെല്ലാം പുറത്തിറങ്ങി വിളിച്ച് പറഞ്ഞ് അലമ്പ് ഉണ്ടാക്കും എന്ന് രാഹുൽ ഗാന്ധിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.
തരൂരുമായി സൗഹാർദ്ദപരവും ഗൗരവപരമായ ചർച്ചയാണ് രാഹുൽ ഗാന്ധി നടത്തിയത് എന്നുള്ള വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. ഏത് വിഷയത്തിലും ആഴത്തിലുള്ള പഠനം നടത്തുകയും വസ്തുനിഷ്ഠമായ അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന തരൂർ എന്ന നേതാവിനെ പാർലമെൻറിനകത്ത് കൂടുതൽ ഉപയോഗിക്കണം എന്ന തീരുമാനം രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെക്കും ഉണ്ട്. ഇത് ഭാവിയിൽ കൂടുതലായി ഉപയോഗപ്പെടുത്താൻ ശ്രമിക്കും എന്ന് രാഹുൽഗാന്ധി തരൂരിന് വാക്ക് നൽകിയത് ആയിട്ടാണ് അറിയുന്നത്.
സോണിയാഗാന്ധിയുടെ വീട്ടിൽ നടന്ന ചർച്ചകളുടെ വെളിച്ചത്തിൽ, തൻറെ നിലപാടുകളിൽ അയവ് വരുത്താതെ മുന്നോട്ടുപോവുക എന്ന തീരുമാനത്തിലാണ് ഇപ്പോൾ ശശി തരൂർ എത്തിനിൽക്കുന്നത്. കേരളത്തിലെ വെറും പബ്ലിസിറ്റി മോഹികൾ മാത്രമായ മുതിർന്ന നേതാക്കളെ വരെ അവഗണിക്കുക എന്ന നിലപാടാണ് തരൂർ സ്വീകരിച്ചിരിക്കുന്നത്. മാത്രവുമല്ല ഒരുതരത്തിലും കോൺഗ്രസ് പാർട്ടിയുമായി അകലുകയോ മറ്റ് ഏതെങ്കിലും പാർട്ടിയിലേക്ക് പോവുകയോ ചെയ്യുക എന്നത് ഉണ്ടാവുകയില്ല എന്ന് ഉറച്ച തീരുമാനവും തരൂരിനുണ്ട്. പല അവസരങ്ങളിലായി ബിജെപിയും അമിത് ഷായും ശശി തരൂരിനെ ബിജെപിയിൽ എത്തിക്കുന്നതിനുള്ള രഹസ്യ നീക്കങ്ങൾ നടത്തിയിരുന്നതാണ്. ഇത്തരത്തിലുള്ള നീക്കങ്ങളെയെല്ലാം തരൂർ തള്ളിക്കളഞ്ഞു. ഇപ്പോൾ തൻറെ ഓരോ നീക്കങ്ങളെയും നിരീക്ഷിച്ച് അതിനെയെല്ലാം വിമർശന വിധേയമാക്കാനുള്ള കേരള നേതാക്കളുടെ പരിശ്രമങ്ങളെ നിർജീവമാക്കുന്നതിനും തരൂർ ശ്രമിക്കും. കേരളത്തിൽ നേതൃനിരയിൽ നിൽക്കുകയും ദേശീയതലത്തിൽ കോൺഗ്രസ് പാർട്ടിയുടെ മുഖ്യ വക്താവായി നിലകൊള്ളുകയും ചെയ്തുകൊണ്ട്, രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷന്റെയും സോണിയാ ഗാന്ധിയുടെയും പിന്തുണയോടെ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുക എന്നതാണ് തരൂർ കണ്ടുപിടിച്ച അടവ്. ഇത്തരത്തിൽ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സ്വീകാര്യമായ പ്രവർത്തനശൈലി തുടർന്നാൽ എതിർപ്പുമായി നിൽക്കുന്ന കേരള നേതാക്കൾ തനിയെ തനിക്കൊപ്പം വരുന്ന സ്ഥിതി ഉണ്ടാകുമെന്നും ശശി തരൂർ വിശ്വസിക്കുന്നുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതാക്കളെ മറ്റ് ആരെക്കാളും നന്നായി പഠിച്ചിട്ടുള്ള ഒരു നേതാവാണ് ശശി തരൂർ. അതുകൊണ്ടുതന്നെ ഏതു കാര്യത്തിലും വിവാദം ഉണ്ടാക്കിയും പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ചും മുന്നേറാൻ എപ്പോഴും ശ്രമിക്കുന്ന കേരള നേതാക്കളെ പാഠം പഠിപ്പിക്കുവാൻ തൻറെ നിലപാടിന് കഴിയും എന്ന് തരൂർ വിശ്വസിക്കുന്നു. കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർ പാർട്ടിയുടെ ശക്തിപ്പെടലും തെരഞ്ഞെടുപ്പ് വിജയവും പ്രതീക്ഷിച്ച നിലയുറപ്പിച്ചിട്ടുള്ളവരാണ്. അവരുടെ വികാരം ഗ്രൂപ്പ് കളികൾക്കും അനാവശ്യ വിവാദങ്ങൾക്കും ഒപ്പം ആയിരിക്കില്ല എന്ന തിരിച്ചറിവും ശശി തരൂരിന് ഉണ്ട്. അതുകൊണ്ട് തന്നെ ആണ് രാഷ്ട്രീയത്തിന്റെ കാര്യത്തിൽ കേരളത്തിൽ തന്നെ ചുവടുറപ്പിച്ചു നിന്നുകൊണ്ട്, ഇവിടെയുള്ള അവസരവാദ സ്വഭാവമുള്ള കോൺഗ്രസ് നേതാക്കളെ ഒരു പാഠം പഠിപ്പിക്കാനും തൻറെ നിലപാടുകൾ ശരിയാണ് എന്ന് വരുത്തിക്കുവാനും കഴിയുന്ന ചില തന്ത്രങ്ങളുമായി ശശി തരൂർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.