ധനകാര്യ മന്ത്രിക്ക് എന്താ കൊമ്പുണ്ടോ ?

രാഷ്ട്രീയക്കാർ മന്ത്രികസേരയിൽ കയറിയാൽ എല്ലാം മറക്കുന്നു

കോടതി വിലക്കുകളെ പോലും മറന്നുകൊണ്ട് ജീവിക്കാൻ വേണ്ടി ഒരു കൂട്ടർ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ കഴിഞ്ഞ പത്ത് ദിവസത്തിലധികമായി സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ജനസേവനത്തിൻ്റെ ഭാഗമായി ജോലി ചെയ്തുവരുന്ന ആശ വർക്കർമാർ ആണ് ശമ്പളം പോലും കിട്ടാതെ വന്നതിന്റെ പേരിൽ സമര രംഗത്തുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിൽ ഉണ്ടാക്കിയ ഒരു ജനകീയ സ്വഭാവമുള്ള വിഭാഗമായ ആശാവർക്കർ .സാധാരണക്കാരായി കഴിയുന്ന ആൾക്കാരുടെ രോഗ ചികിത്സകൾ അടക്കം നടത്തിക്കൊണ്ടിരിക്കുന്ന ആശ വർക്കർമാർക്ക് കഴിഞ്ഞ മൂന്നുമാസമായി സർക്കാർ ഒന്നും കൊടുത്തിട്ടില്ല. യഥാർത്ഥത്തിൽ ഇവർ ഒരു താൽക്കാലിക സ്വഭാവത്തിൽ ജോലി ചെയ്യുന്ന കൂട്ടരാണ്. ശമ്പളം അല്ല ഇവർക്ക് ഉള്ളത് പകരം ഓണറേറിയം എന്ന നിലയിൽ മാസത്തിൽ ഏഴായിരം രൂപയാണ് നൽകിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനം മുഴുവനായി 26000 ത്തോളം ആശാവർക്കർമാരായ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. പ്രതിമാസം 18 കോടിയോളം രൂപയാണ് ഇവർക്ക് ഓണറേറിയമായി നൽകേണ്ട തുക. ഈ തുകയാണ് കഴിഞ്ഞ മൂന്നുമാസത്തെ കുടിശ്ശികയായി കിടക്കുന്നത്. ഇവരുടെ ആനുകൂല്യം വർധിപ്പിക്കണം എന്നും കുടിശ്ശിക നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ്, പാവപ്പെട്ട സ്തരീകൾ വീടും നാടും വിട്ട് തലസ്ഥാനത്തെ തെരുവിൽ രാപകൽ കഴിയുന്നത്. വാരിക്കോരി എന്തിനും ചിലവാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടം ഈ പാവങ്ങളുടെ ഓണറേറിയം നൽകാതെ അവരെ വിഷമിപ്പിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്ന കാര്യമല്ല.

കഴിഞ്ഞ 12 ദിവസമായി തെരുവിൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ നേതാക്കന്മാർ-കഴിഞ്ഞദിവസം ചാനലുകളിലൂടെ അവരുടെ ഒരു ദുഃഖപരമായ അനുഭവകാര്യം വെളിപ്പെടുത്തി. സമരാ രംഗത്ത് തുടരുമ്പോഴും അവരുടെ ന്യായമായ പരാതികൾ കേൾക്കാൻ മന്ത്രി കസേരകളിൽ സുഖിച്ചു കഴിയുന്ന രാഷ്ട്രീയ നേതാക്കൾ തയ്യാറാവുന്നില്ല-എന്ന ദുഃഖകരമായ അവസ്ഥയാണ് അവർ പറഞ്ഞത്. ആരോഗ്യ വകുപ്പിന് കീഴിലാണ് ആശാവർക്കർമാർ പ്രവർത്തിക്കുന്നത്. ഇവരുടെ സമര പ്രഖ്യാപനം വന്നപ്പോൾ ഇവരുടെ നേതാക്കന്മാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വഴിപാട് കണക്ക് ഒരു ചർച്ച നടത്തി. ആശാവർക്കർമാർ മുന്നോട്ടുവെച്ച കാര്യങ്ങളും അവകാശങ്ങളും പരാതികളും കേട്ട് ആരോഗ്യ മന്ത്രി നോക്കട്ടെ …വരട്ടെ… ആലോചിക്കാം എന്നൊക്കെയുള്ള അഴകൊഴമ്പൻ മറുപടി നൽകിയപ്പോഴാണ് ഗതികെട്ട ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിന് തയ്യാറായത്.

സമരം തുടങ്ങിയ ശേഷം ഗതികേടുകൊണ്ട് ആശാവർക്കർമാരുടെ സംഘടനാ നേതാക്കന്മാർ ധനകാര്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പരാതി പറയാൻ ശ്രമിച്ചു.സെക്രട്ടറിയേറ്റിൽ ധനകാര്യ മന്ത്രിയുടെ ഓഫീസ് ഉണ്ട്. അവിടെ ചെന്ന് കാണുന്നതിന് അനുമതി ചോദിച്ചപ്പോൾ അധികൃതർ സമയം അനുവദിച്ചില്ല. അതിനാൽ ധനകാര്യ മന്ത്രിയുടെ മന്ത്രി വസതിയിൽ ചെന്ന് സങ്കടം പറയാം എന്ന് കരുതി നേതാക്കന്മാർ ധനകാര്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തി ഏറെ നേരം കാത്തിരുന്ന ശേഷമാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഒരാളെ കാണുവാൻ കഴിഞ്ഞത് എന്നും നേതാക്കൾ പറയുന്നു. അങ്ങനെ സംസാരിക്കാൻ തയ്യാറായി വന്ന സ്റ്റാഫ് പറഞ്ഞ മറുപടിയാണ് പാവപ്പെട്ട ആശാവർക്കർമാരുടെ സംഘടന നേതാക്കളെ അമ്പരപ്പിച്ചത്  ഇത് മന്ത്രിയുടെ വീടാണ് ഇവിടെ പുറത്തുനിന്നും വരുന്നവരെ മന്ത്രി കാണാറില്ല. അത്തരം ഒരു ഏർപ്പാട് ഇവിടെയില്ല,മന്ത്രിയെ കണ്ട് എന്തെങ്കിലും പറയണമെങ്കിൽ മന്ത്രിഓഫീസിൽ ചെല്ലണമത്രേ..മന്ത്രിയുടെ സ്റ്റാഫ് ആണ് ഈ മറുപടി നൽകിയത്. സെക്രട്ടറിയേറ്റിലെ ഓഫീസിൽ മന്ത്രിയെ കാണുന്നതിന് സമയം ചോദിച്ചു എങ്കിലും അത് അനുവദിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് മന്ത്രിയുടെ വീട്ടിലേക്ക് വന്നത് എന്നും സംഘടനാ നേതാക്കൾ പറഞ്ഞപ്പോൾ, മന്ത്രിയുടെ സ്റ്റാഫ് ദേഷ്യത്തോട് കൂടി ഇവിടെ അത്തരം ഏർപ്പാട് ഇല്ല എന്ന് പറഞ്ഞ് ഇറക്കി വിടുകയാണ് ചെയ്തത്-എന്നും നേതാക്കൾ ദുഃഖത്തോടെ പറയുന്നത് ചാനലുകളിലൂടെ കേൾക്കുകയുണ്ടായി.

തെരഞ്ഞെടുപ്പ് വരുമ്പോൾ കെട്ടിച്ചമയ്ക്കുന്ന വലിയ ചിരിയും കപട സ്നേഹവും കെട്ടിപ്പിടുത്തവും കേരളത്തിലെ ജനങ്ങൾ സ്ഥിരമായി അനുഭവിക്കുന്നതാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചു പോയി കഴിഞ്ഞാൽ പിന്നെ ജനം എന്നത് അയിത്തമുള്ള ആൾക്കാരായി മാറും. ഇത് മിക്കവാറും ഇന്നത്തെ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും സ്വഭാവമായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ ജയിച്ചു പോകുന്നവർ മന്ത്രിമാർ ആവുക കൂടി ചെയ്താൽ പിന്നെ കാര്യങ്ങൾ എല്ലാം തകിടംമറിയും. കൊടിവെച്ച കാറും ചുറ്റും പോലീസും എല്ലാ അകമ്പടിയും ഒക്കെ കൂടി എത്തുന്ന മന്ത്രിക്ക് പിന്നെ പൊതുജനം വെറും കഴുത മാത്രമായി മാറും ഇതാണ് ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥ.

ഏതെങ്കിലും ഒരു പാർട്ടിയിലെ നേതാക്കന്മാരുടെ മാത്രം സ്വഭാവമല്ല ഇവിടെ പറയുന്നത്. ജനാധിപത്യത്തിൽ അധികാരത്തിലേക്ക് കയറുന്നവർ മാറിമാറി വരികയാണ് പതിവ്. ജനങ്ങൾ ഒരു നേതാവിനെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചു വിടുന്നത് ജനങ്ങളെ സേവിക്കുവാൻ വേണ്ടിയാണ്.അതല്ല ജയിച്ചു കഴിഞ്ഞാൽ സുഖിച്ചു ജീവിക്കാനുള്ള അവസരമാണെന്ന് വിശ്വസിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് പാവപ്പെട്ട ജനങ്ങളുടെ പട്ടികയിൽപെടുന്ന ആശാവർക്കർമാർ അവരുടെ സങ്കടം പറയുവാൻ മന്ത്രിയുടെ ഓഫീസിലും വീട്ടിലും ചെന്നപ്പോൾ ആട്ടിയിറക്കപ്പെട്ടത് എന്ന കാര്യം ഇതിന് തെളിവാണ്.

ഇതെല്ലാം കാണിച്ചു കൂട്ടുമ്പോൾ താനാണ് എല്ലാറ്റിന്റെയും പരമാധികാരി എന്നും തനിക്ക് മുന്നിൽ അനുസരിക്കപ്പെടേണ്ടവർ മാത്രമാണ് പൊതുജനമെന്നും, എന്നും ഭരിക്കപ്പെടേണ്ട വർഗ്ഗമാണ് എന്നുമൊക്കെ തെറ്റായി ധരിച്ചിട്ടുള്ള പുതിയ രാഷ്ട്രീയ നേതൃത്വത്തിന് യഥാർത്ഥത്തിൽ ജനാധിപത്യത്തിൻറെ കാമ്പും കരുത്തും അറിയില്ല എന്നതാണ് വാസ്തവം. ജനാധിപത്യത്തിൽ അധികാര സ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ കിരീടം വച്ച രാജാക്കന്മാരായി മാറുന്ന രാഷ്ട്രീയ നേതാക്കൾ ഒരു കാര്യം സൗകര്യപൂർവ്വം മറക്കുകയാണ്. ഏത് അധികാര സ്ഥാനത്തിനും ജനാധിപത്യത്തിൽ ഒരു കാലാവധിയുണ്ട്. ആ കാലാവധി കഴിയുമ്പോൾ ചാഞ്ഞും ചരിഞ്ഞും കിടന്ന കസേരയിൽ നിന്ന് ഇറങ്ങി പോകേണ്ടിവരും. അങ്ങനെ വരുമ്പോൾ തിരികെ ചെല്ലേണ്ടത് സ്വന്തം നാട്ടുകാരുടെ മുന്നിലേക്കാണ് എന്ന കാര്യം മറക്കരുത്. എത്ര തന്നെ പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും ജനാധിപത്യം മഹത്തരമാണ് എന്ന കാര്യത്തിൽ തർക്കമില്ല. കാരണം ഏത് അധികാര-ധിക്കാരിക്കും പരമാവധി പിടിച്ചു തൂങ്ങി കിടക്കുവാൻ കഴിയുക വെറും അഞ്ചുവർഷക്കാലമാണ്. അത് കഴിഞ്ഞാൽ പിന്നെ-ഇറങ്ങിവന്നു നാട്ടുകാർക്കിടയിൽ വോട്ടിനായി തെണ്ടേണ്ട സ്ഥിതിയുണ്ടാകും. ആ അവസരത്തിലാണ് ഏത് ദരിദ്രനായ പൗരനും മഹാരാജാവിന്റെ അധികാരത്തിലേക്ക് എത്തുന്നത്. ആ രാജാവിൻറെ സ്വന്തമായ അധികാരമാണ് വോട്ടവകാശം എന്നും ആ വോട്ടവകാശം ആർക്കായി നൽകണം എന്നത് പൗരന്റെ മാത്രം പരമാധികാരത്തിൽ മാത്രം ഉള്ളതുമാണ്. അതുകൊണ്ടുതന്നെ പൗരന്റെ വോട്ടവകാശം ലഭിച്ചില്ലെങ്കിൽ ഏത് ഉന്നതിയിൽ വാണ ആളും തകിടം മറിഞ്ഞ് താഴെ കിടക്കുന്ന സ്ഥിതിയുണ്ടാകും. അത്തരം അവസരങ്ങളിൽ ആണ് ഒരു പൗരൻ തൻറെ പരമാധികാരത്തിന്റെ യഥാർത്ഥ ഗുണം അനുഭവിച്ചറിയുന്നത്.

ജനാധിപത്യത്തിലെ ഈ യാഥാർത്ഥ്യങ്ങൾ മറന്നുകൊണ്ടാണ് പല നേതാക്കളും അധികാരത്തിലെത്തിയാൽ പ്രവർത്തിക്കുന്നത്. ഇന്നലെ വരെ താൻ ആരായിരുന്നു എന്നും എന്തായിരുന്നു എന്നും മറന്നുകൊണ്ട് സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ് അധികാര പദവികളുടെ അർത്ഥം എന്നും തെറ്റായി ഭരിയ്ക്കുന്ന ആൾക്കാർ ഇപ്പോഴും ഉണ്ട് എന്ന് തെളിയിക്കുന്നതാണ് സമര രംഗത്തുള്ള ആശാവർക്കർമാരുടെ കാര്യത്തിൽ ധനകാര്യ മന്ത്രിയുടെ ഓഫീസും ഉദ്യോഗസ്ഥരും കാണിച്ച ഇടപെടലിലൂടെ ബോധ്യമാകുന്നത്. വെറുതെ അധികാരത്തിന്റെ തണലിൽ കിട്ടുന്ന സൗകര്യങ്ങളിൽ മയങ്ങിക്കിടക്കുന്ന രാഷ്ട്രീയ നേതാക്കൾ ഇനിയെങ്കിലും ജനങ്ങൾക്ക് മുന്നിലേക്കും സമൂഹത്തിൻറെ മുഖത്തേക്ക് നോക്കുവാനും അവരെ അനുസരിക്കാനും-അവരാണ് പരമ അധികാരികൾ എന്ന സത്യം തിരിച്ചറിയാനും തയ്യാറാകണം. അതല്ലായെങ്കിൽ ഇപ്പോൾ ഇരിക്കുന്ന അത്യുന്നത പദവികളിൽ നിന്നും അഗാധമായ കുഴിയിലേക്ക് വീഴുന്ന സ്ഥിതിയുണ്ടാകും-എന്നുകൂടി വിനയപൂർവ്വം ഓർമ്മപ്പെടുത്തുകയാണ്.