പ്രസംഗകലയിൽ അവതരണത്തിലെ വൈകല്യങ്ങൾ
പ്രഗൽഭരായവർ പോലും അറിഞ്ഞോ അറിയാതെയോ ആവർത്തിക്കുന്ന ചില ശൈലികളും പ്രയോഗങ്ങളും പ്രസംഗ കലയുടെ ഗുണമേന്മയെ സാരമായി ബാധിക്കാറുണ്ട് .അവയൊക്കെ ഉന്നതരായവർ ചെയ്യുന്നത് കൊണ്ട് അതെല്ലാം ശരിയെന്ന് ധരിച്ച് മറ്റുള്ളവരും ആവർത്തിക്കുന്നു. അവതരണത്തിലെ വൈകല്യങ്ങൾ കേൾവിക്കാരനിൽ പ്രത്യക്ഷത്തിൽ തന്നെ മോശമായ അഭിപ്രായം രൂപീകരിക്കാൻ ഇട നൽകും. ഇവ ഒഴിവാക്കിയാലേ ലക്ഷണമൊത്ത പ്രസംഗകനാകുവാൻ സാധിക്കു.
“എൻ്റെ ഓർമ്മ ശരിയാണെങ്കിൽ”എന്നത് രാഷ്ട്രീയ രംഗത്തുള്ളവരുടെ സ്ഥിരം പല്ലവിയാണ്. ‘ ഒരുക്കമില്ലാതെ പറയുന്ന പ്രസംഗത്തിലാണ് ഇപ്രകാരം പറയേണ്ടി വരുന്നത്. നിരായുധനായി യുദ്ധക്കളത്തിലേക്ക് പോകുന്ന പടയാളിയെ പോലെയാണ് ഒരുങ്ങാതെ പോകുന്ന പ്രസംഗകൻ. ഒരുങ്ങാതെ പ്രസംഗത്തിന് പോകരുത്. വിഷയത്തെ ആസ്പദമാക്കി എന്ത് ,എന്തിന് , എങ്ങനെ, എപ്പോൾ ,എത്രത്തോളം എന്നിങ്ങനെ ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തണം. സംബോധന, ആമുഖം, വിഷയാപഗ്രഥനം, ഉപസംഹാരം എന്നീ ക്രമത്തിൽ പ്രസംഗത്തിന്റെ ഒരു സ്ഥൂലരൂപം തയ്യാറാക്കണം. അതനുസരിച്ച് സമഗ്രമായ തയ്യാറെടുപ്പ് നടത്തണം. പറയാനുള്ളതിനെക്കുറിച്ച് ബോധ്യമുണ്ടാവുക ,ബോധ്യം വരാതെ ഒന്നും പറയാതിരിക്കുക എന്ന ചിന്ത പ്രസംഗകന് ഉണ്ടായിരിക്കണം.
നന്നായി ഒരുങ്ങിയാൽ ആത്മവിശ്വാസം വർദ്ധിക്കും. പറയാൻ ഉദ്ദേശിക്കുന്നവ വസ്തുതാപരമായി ശരിയാണോ എന്ന് അറിയാൻ രേഖകൾ പരിശോധിച്ചും മറ്റുള്ളവരോട് തിരക്കിയും കൃത്യത വരുത്തിയാൽ ‘ഓർമ്മ ശരിയാണെങ്കിൽ’ എന്ന് പറയേണ്ടി വരില്ല.
പൊതുവേ പ്രസംഗത്തിന്റെ അവസാനം പറഞ്ഞു ശീലിച്ച വാചകമാണ് ‘ഞാൻ ദീർഘിപ്പിക്കുന്നില്ല…’ എന്നത്. ‘ഞാൻ നീട്ടുന്നില്ല’, ‘ഞാൻ അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല’, ‘ഞാൻ സുദീർഘമായി പറഞ്ഞു പോകുന്നില്ല’, എന്നിങ്ങനെ പലരീതിയിൽ പറയുന്നവരുണ്ട്. ചിലർ പ്രസംഗം ആരംഭിക്കുമ്പോൾ തന്നെ ‘ഞാൻ ദീർഘമായി പറയാനാഗ്രഹിക്കുന്നില്ല’ എന്ന് സൂചിപ്പിക്കുകയും എന്നാൽ പ്രസംഗം നീട്ടുകയും ദീർഘമായി പറയുകയും ചെയ്യും.’മതി, നിർത്തൂ’ എന്ന് പറയിച്ചിട്ടേ ഇക്കൂട്ടർ അടങ്ങൂ. പ്രസംഗം നീണ്ടു പോകുമ്പോൾ കൈയ്യടിച്ച് ചിലർ പ്രതിഷേധം സൂചിപ്പിക്കാറുമുണ്ട്.
‘മിതം ച സാരം ച വചോഹി വാഗ്മിതാ’ എന്നാണ് പ്രസംഗത്തെക്കുറിച്ചുള്ള ചൊല്ല്. മിതവും സാരവത്തുമായ രീതിയിൽ പറയുന്നതാണ് വാഗ്മിത്വം. വാക്കുകൾ ചുരുക്കിയും അർത്ഥം സംഗ്രഹിച്ചും പറയുന്നവനാണ് വാഗ്മി. പരത്തിപ്പറയുന്നതും ദീർഘമായി പറയുന്നതും ശ്രോതാക്കളെ ബോറടിപ്പിക്കും. ദീർഘിപ്പിക്കുന്നില്ല എന്ന പരാമർശവും ഒഴിവാക്കേണ്ടതാണ്. ഇടിവെട്ടിപെയ്യുന്ന മഴ പെട്ടെന്ന് അവസാനിക്കും പോലെ ഉപസംഹാരം കടന്നുവരണം. കഷ്ടം, പെട്ടെന്ന് നിറുത്തികളഞ്ഞല്ലോ, ഇനിയും തുടർന്നിരുന്നെങ്കിൽ എന്ന് ശ്രോതാക്കൾക്ക് തോന്നണം. വികാരത്തിന്റെ പരമകാഷ്ഠയിൽ ശ്രോതാക്കളെ എത്തിച്ചശേഷം അമ്പെന്ന പോലെ അവസാനവാക്കുകൾ എയ്തുവിടാം. അവ ലക്ഷ്യത്തിൽ തറയ്ക്കുന്നതും ആവേശകരവും ഹൃദയസ്പർശിയുമായാൽ നന്ന്. ‘The last impression is the lasting impression’ എന്ന ചൊല്ല് അന്വർത്ഥമാ ക്കുക. ശ്രോതാക്കളെ അഭിനന്ദിച്ച് പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് പ്രസംഗത്തിന് വിരാമമിടാൻ കഴിഞ്ഞാൽ തകർപ്പനായിരിക്കും.
‘എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല’ എന്ന് ചിലർ പ്രസംഗത്തിന്റെ തുടക്കത്തിലേ പറയും. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിൽ പ്രസംഗിക്കാൻ മുതിരരുത്. എന്തെങ്കിലും പറയാനുണ്ടെന്ന് ബോധ്യം വരാതെ പ്രസംഗിക്കരുതെന്നാണ് പ്രമാണം. എനിക്ക് സവിശേഷമായി ചിലകാര്യങ്ങൾ നിങ്ങളെ അറിയിക്കാനുണ്ട് എന്ന ഭാവത്തിലാകണം പ്രസംഗത്തിന് മുതിരേണ്ടത്.
‘എനിക്ക് കൂടുതലായി ഒന്നും പറയാനില്ല’, ‘വിഷയസംബന്ധമായി ഇത്രയേ പറയാനുള്ളൂ, തത്കാലം നിറുത്തട്ടെ’ ഈ പ്രയോഗങ്ങൾ പ്രസംഗകന്റെ സ്റ്റോക്ക് തീർന്നു എന്ന ധ്വനിയാണ് സൃഷ്ടിക്കുന്നത്.
‘നിങ്ങളുടെ വിലയേറിയ സമയം പാഴാക്കിയതിൽ ഖേദിക്കുന്നു’. ”ഞാൻ നിങ്ങളെ മുഷിപ്പിക്കുകയില്ലെന്ന് കരുതട്ടെ.’ ”എന്റെ പ്രസംഗം അധിക പ്രസംഗമായില്ലെന്ന് കരുതട്ടെ.’ ‘നിങ്ങളുടെ ക്ഷമ ഞാൻ പരീക്ഷിക്കുന്നില്ല’, ‘ഞാൻ നിറുത്തുകയാണ് നല്ലതെന്ന് തോന്നുന്നു’. ‘ഏതോ മഹാൻ എവിടേയോ പറഞ്ഞപോലെ’, ‘വെറുതെ പറഞ്ഞു എന്നേയുള്ളൂ, ശരിയാണോ എന്നെനിക്കറിയില്ല’. ‘എന്താ പറയുക, എന്നെനിക്കറിയില്ല.’ തുടങ്ങിയ പ്രയോഗങ്ങളും പ്രസംഗത്തിന്റെ മാറ്റ് കുറയ്ക്കും. കൂടാതെ ചില തഴക്ക ദോഷങ്ങളും വികൃത ചേഷ്ഠകളും കാട്ടുന്നവരുണ്ട്.അവയും ഒഴിവാക്കണം. അംഗവിക്ഷേപങ്ങൾ വാക്കിൻ്റെ ദൃശ്യരൂപമാണ്. അവ ചിന്തക്ക് മൂർച്ച കൂട്ടും. ശബ്ദത്തിന് ശക്തിയും വൈവിധ്യവും നൽകും. അർത്ഥം കൂടുതൽ വ്യക്തമാകും. ഭാവങ്ങൾക്ക് പൊലിമ നല്കും. എന്നാൽ അവ ഗോഷ്ടികളായി മാറരുത്. അതിര് കടക്കുകയുമരുത്. അംഗവിക്ഷേപങ്ങൾ സ്വാഭാവികമായി വന്നുകൊള്ളും.
അപശബ്ദങ്ങൾ വാക്കുകൾക്കും വാചകങ്ങൾക്കും ഇടയിൽ വരാതെയും ശ്രദ്ധിക്കണം. പ്രസംഗം ഒരു കലയാണ്.
( ട്രെയ്നറും മെൻ്ററും പ്രസംഗ പരിശീലകനുമാണ് ലേഖകൻ)