ആര് സോഷ്യൽ മീഡിയരക്ഷാകർതൃത്വത്തിന് മണി കെട്ടും?സോഷ്യൽ മീഡിയ രക്ഷകർതൃത്വം

സോഷ്യൽ മീഡിയ മാതൃത്വം: കുട്ടികളുടെ ജീവിതം നിയന്ത്രിക്കുമ്പോൾ

സോഷ്യൽ മീഡിയ രക്ഷകർതൃത്വം : ഒരു പുതിയ തലമുറയെ നയിക്കുമ്പോൾ.
കുട്ടികളുടെ ആവശ്യങ്ങൾ , ചിന്താഗതികൾ , വികാരങ്ങൾ എന്നിവ മനസ്സിലാക്കാൻ പലപ്പോഴും മാതാപിതാക്കൾക്ക് കഴിയുന്നില്ല, ഇത് അവർക്ക് വലിയ ആശയക്കുഴപ്പവും തുടർന്ന് കുടുംബങ്ങളിൽ അസ്വാരസ്യങ്ങളും സൃഷ്ടിക്കപ്പെടുന്നു. കുട്ടികളുടെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള സംസാരശൈലി, പ്രതികരണങ്ങൾ, പെരുമാറ്റങ്ങളുമൊക്കെ പലപ്പോഴും മാതാപിതാക്കളെ വലിയ മാനസിക സമ്മർദത്തിലേക്കും അപ്രതീക്ഷിത പ്രതിസന്ധികളിലേക്കും കൊണ്ടുചെന്നെത്തിക്കുന്നു. തങ്ങൾ പറഞ്ഞാൽ ചെവികൊടുക്കാത്ത, തങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കാത്ത, അനുസരിക്കാത്ത, വിചാരിക്കാത്ത പ്രതികരണങ്ങൾ നടത്തുന്ന,യാതൊരു കാരണവുമില്ലാതെ ഒതുങ്ങിക്കൂടുന്നഅല്ലെങ്കിൽ പൊട്ടിത്തെറിക്കുന്ന കുട്ടികളെക്കുറിച്ചാണ് പല മാതാപിതാക്കളും ആശങ്കപ്പെടുന്നത്. കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം വന്നതിന് കാരണം അധ്യാപകരോ കൂട്ടുകാരോ ആണെന്നു കരുതി അവരെ കുറ്റപ്പെടുത്തി ആശ്വാസമടയുന്ന പ്രവണതയും ഇപ്പോൾ പൊതുവെ കാണപ്പെടുന്നുണ്ട്.

പ്രശ്നത്തിന്റെ അടിസ്ഥാനകാരണം….
ഇന്നത്തെ കുട്ടികൾ അതിവേഗതയിൽ മുന്നേറുന്ന ഒരു സാങ്കേതിക ലോകത്ത് ആണ് വളരുന്നത്. പണ്ടത്തെ തലമുറയെ അപേക്ഷിച്ച്, ഇന്നത്തെ കുട്ടികൾ വീട്ടിലോ സ്കൂളിലോ കളിസ്ഥലങ്ങളിൽ നിന്നോ മാത്രം അറിവ് നേടുന്നവരല്ല; പകരം, അവരുടെ ചിന്തകൾക്കും ശരീരത്തിനും ഉണ്ടാകുന്ന വളർച്ചയ്ക്ക് വേണ്ട വെള്ളവും വെളിച്ചവും വളവും ആയ പ്രധാനമായ അറിവുകളും ഊർജ്ജവും ബന്ധങ്ങളും ഇപ്പോൾ ഡിജിറ്റൽ ലോകത്തുനിന്നാണ് ലഭിക്കുന്നത്.

സോഷ്യൽ മീഡിയ വഴി-അവർ മാതാപിതാക്കൾ അറിയാത്ത, പരിശോധിക്കാൻ കഴിയാത്ത, ശരിയോ തെറ്റോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും, അവരെ ആകർഷിക്കുന്നതുപോലെ അവതരിപ്പിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ, കുട്ടികൾക്ക് അതിന്റെ സത്യസന്ധതയും ഭാവിയും മനസ്സിലാക്കാതെ അവിശ്വസനീയമായി സ്വീകരിക്കാൻ ഇടയാകുന്നു. ഇതിലൂടെ വീട്ടിലെയും സ്കൂളിലെയും മാതൃകകളിൽ നിന്ന് വ്യത്യസ്തമായി അവർ മറ്റൊരു ലോകത്തിലേക്ക് നയിക്കപ്പെടുന്നു.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അകലത്തെക്കുറിച്ചും ചിന്തിക്കേണ്ടതാണ്….
മാതാപിതാക്കൾ, അധ്യാപകർ, മുതിർന്നവർ, സമൂഹം എന്നിവരിലൂടെയാണ് അടിസ്ഥാനപരമായ സ്വഭാവരൂപീകരണം നടന്നിരുന്നതും തദ്ദേശീയമായ പെരുമാറ്റ ശൈലികളും ജീവിത ശീലങ്ങളും കുട്ടികൾക്ക് കൈമാറിയിരുന്നത്. എന്നാൽ ഡിജിറ്റൽ യുഗത്തിൽ, മാതാപിതാക്കൾ അല്ലെങ്കിൽ മുതിർന്നവർ മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത, ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. കുട്ടികൾ അവരുടേതായ രീതിയിൽ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിത്വം രൂപപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയ വിനിമയം ഇന്ന് വളരെ സ്വാഭാവികമാണ്, എന്നാൽ മാനസികവും വികാരാത്മകവുമായ അകലം ഇന്നത്തേ കാലത്ത് ഏറെ കൂടുതലാണ്. കുടുംബത്തിൽ അടുത്ത തലമുറയെ ചേർത്ത് വളർത്തിയിരുന്ന തലമുറയുടെ അവസാന കണ്ണിയായിരിക്കും ഒരുപക്ഷെ ഇന്നത്തെ മാതാപിതാക്കൾ.

സോഷ്യൽ മീഡിയ മാതൃത്വം: കുട്ടികളുടെ ജീവിതം നിയന്ത്രിക്കുമ്പോൾ

ഇന്ന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഒരു യാഥാർത്ഥ്യം നേരിടുന്നു—സോഷ്യൽ മീഡിയ കുട്ടികളുടെ മനോഭാവം, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ, പ്രതികരണ ശേഷി എന്നിവയെ എല്ലാം രൂപപ്പെടുത്തുന്നതിൽ ഘടകകങ്ങളാകുന്നു.
കുടുംബത്തിൽ നിന്നും ഒരു പരിമിതികളെ മുന്നിൽ വയ്ക്കുമ്പോൾ, മാതാപിതാക്കൾ “ഇല്ല, അരുത് “എന്നു പറയുമ്പോൾ, കുട്ടികൾ സോഷ്യൽ മീഡിയയെ ആകർഷണീയമായ ഒരു രക്ഷിതാവായും തങ്ങളോട് ഇപ്പോഴും ഇഷ്ടാനുസരണം പ്രതികരിക്കുന്ന ഏറ്റവും നല്ല സുഹൃത്തായി കാണുന്നു. മുൻകാലത്ത്, മാതാപിതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതായിരുന്നു കേട്ടിരുന്നത്. എന്നാൽ ഇന്ന്, കുട്ടികൾ സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന മായിക ലോകത്തിലെ ബന്ധങ്ങൾ തേടി പോകുമ്പോൾ പലപ്പോഴും കാത്തിരിക്കുന്ന ചതിക്കുഴികൾ അവരെ മാനസികമായി തകർത്തുകളയും.
“പാരന്റിങ്” എന്നത് കൂടുതലും മനുഷ്യബന്ധങ്ങൾ, പരിചരണം, പിന്തുണ എന്നിവയാൽ നയിക്കപ്പെടുന്ന ഒരു പ്രക്രിയ ആയിരുന്നു. പക്ഷേ ഇന്ന്, സോഷ്യൽ മീഡിയ ആൾഗോരിതങ്ങൾക്കും മാർക്കറ്റിംഗ് സ്വാധീനമാർഗ്ഗങ്ങൾക്കും സ്വാധീനപ്പെട്ടുകൊണ്ട് തലമുറയുടെ ചിന്താശക്തിയെ അവർക്കനുസൃതമായ രീതിയിൽ വലിച്ചു കൊണ്ടുപോകും. കുട്ടികളെ മാതാപിതാക്കൾക്ക് പകരം സോഷ്യൽ മീഡിയ മായികമായ ഡിജിറ്റൽ ലോകത്തിൻറെ താല്പര്യങ്ങൾക്ക് അനുസൃതമായി വളർത്തുകയാണ്.

യാഥാർത്ഥ്യത്തിൽ നിന്ന് കുട്ടികളെ വലിച്ച് എവിടേക്കോ കൊണ്ടുപോകുന്ന ഒരു പുതിയ പൈഡ് പൈപ്പർ.
ഡിജിറ്റൽ കാലഘട്ടത്തിൽ, സമൂഹമാധ്യമങ്ങൾ കുട്ടികളുടെ മനസ്സിനെ രൂപപ്പെടുത്തുകയും അവരുടെ ഭാവിയെ എവിടേക്കോ വലിച്ചുകൊണ്ടുപോകുന്ന ശക്തിയാകുന്നു. പഴങ്കഥകളിലെ കുഴലൂത്തുകാരനെ( പൈഡ് പൈപ്പർ) പോലെ, ഇത് ആകർഷകമായ ഒരു താളം വായിച്ച്, കുട്ടികളെ മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും മൂല്യങ്ങളിലും നിന്നും അകറ്റുന്നു. യാഥാർത്ഥ്യജീവിതത്തിന്റെയും ഉറപ്പുള്ള ഭാവിയുടെയും ദിശയിലേക്ക് നയിക്കാതെ, അടിസ്ഥാനമില്ലത്ത സുഖലോലുപതയിൽ ഊന്നിയുള്ള ലക്ഷ്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. സോഷ്യൽ മീഡിയ രക്ഷകർതൃത്വം എന്നാൽ, ഇത് ഒരു പൈഡ് പൈപ്പർ പോലെ ഒരു കഥയല്ല; മാതാപിതാക്കളും അധ്യാപകരും സമൂഹവും സർക്കാരും കുട്ടികളുടെ കാര്യത്തിൽ കൃത്യമായ ഒരു സാമൂഹ്യമാധ്യമ ഉപയോഗ സംസ്കാരം രൂപപെടുത്തിയില്ലയെങ്കിൽ നിർമിത ബുദ്ധിയുടെയും സാമൂഹ്യമാധ്യമ കാഴ്ചകളുടെയും വെളിച്ചത്തിൽ അവരറിയാതെ അവർ തന്നെ എടുക്കുന്ന അവബോധമില്ലാത്ത തീരുമാനങ്ങൾ ഗൗരവമേറിയ പ്രത്യാഘാതങ്ങളുണ്ടാക്കും. അത് ആൽഫ-ബീറ്റ തലമുറകളെയും നമ്മുടെ സമൂഹത്തിൻറെ നിലനില്പിനെയും ബാധിക്കുന്നത് എങ്ങിനെയാണ് എന്ന് പ്രവചിക്കാൻ സാധിക്കില്ല.

“NO” ഇല്ലാത്ത ലോകം അഥവാ അരുതുകൾ ഇല്ലാത്ത ജീവിതം : സമൂഹമാധ്യമങ്ങളുടെ കപട രക്ഷാകവചം

സോഷ്യൽ മീഡിയ കുട്ടികളെ നിയന്ത്രിക്കുകയോ, നിയന്ത്രണങ്ങൾ നിർദേശിക്കുകയോ, ആവശ്യമായ ശരിയായ ഉപദേശം നൽകുകയോ ചെയ്യുന്നില്ല. അതിനാൽ, ഒരു അസാധാരണ സുരക്ഷിതമായ അനുഭവം കുട്ടികൾക്ക് ലഭിക്കുന്നു. ഇത് Social Media Parenting ആണ്. തങ്ങളുടെ യഥാർത്ഥ രക്ഷകർതൃത്വം എന്ന തെറ്റായ ധാരണ കുട്ടികളിൽ വളർത്തുന്നു. ഇത്തരത്തിൽ,”NO” ഇല്ലാത്ത ഒരു ലോകമാണ് ശ്രേഷ്ഠമായതെന്ന് അവരിൽ വിശ്വാസം വളർത്തുന്നു.
പക്ഷേ, മാതാപിതാക്കൾ, അധ്യാപകർ നിയന്ത്രണങ്ങൾ അല്ലെങ്കിൽ ‘അരുത്’ എന്ന് പറയുമ്പോൾ അല്ലെങ്കിൽ സുഹൃത്തുക്കളുടെ ഭാഗത്തുനിന്നും നിഷേധമോ കളിയാക്കലുകളോ വരുമ്പോൾ-അവരോടൊപ്പം ചേർന്ന് നിൽക്കുന്നു എന്ന് അവർക്ക് തോന്നുന്ന സോഷ്യൽ മീഡിയയാണ് യഥാർത്ഥ രക്ഷിതാവും ഏറ്റവും നല്ല സുഹൃത്തും എന്ന തോന്നൽ അവരിൽ വളരുന്നു. ഈ തെറ്റായ വിശ്വാസം അവരെ യാഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നിന്നും അകറ്റുന്നു. ഇത്തരം അനുഭവങ്ങൾ അവരെ വലിയ നിരാശയിലേക്കും പ്രതിസന്ധിയിലേക്കും മാനസിക സമ്മർദ്ദങ്ങളിലേക്കും തള്ളിയിടും, കാരണം അവർ ജീവിതത്തിന്റെ സങ്കീർണതകളും തിരിച്ചടികളും നേരിടാൻ ഉള്ള അനുഭവങ്ങളിലൂടെ ആയിരിക്കില്ല വളർന്നു വന്നിട്ടുണ്ടാവുക.
സോഷ്യൽ മീഡിയ പാരൻറ്റിങ് കുട്ടികളെ ഭ്രമിപ്പിക്കുന്ന സുഖജീവിതകാഴ്ചകൾ മാത്രം കാണിച്ചുകൊടുത്തുകൊണ്ട് ആകർഷിക്കുന്നു. യാത്ഥാർത്യ ജീവിതത്തെയോ, വിജയത്തിലേക്കുള്ള ശ്രമങ്ങളെയോ, പരാജയത്തിൻറെ പാഠങ്ങളെയോ, അനുഭവങ്ങളുടെ ഉറപ്പുകളെയോ മനസിലാക്കി കൊടുക്കാതെ വേഗത്തിലുള്ള വിജയം, ആഡംബര ജീവിതം എന്നിവയുടെ തിളങ്ങുന്ന വശങ്ങൾ സാങ്കേതിക വിദ്യയിലൂടെ പുകൾപ്പിച്ചു കാണിച്ചു കയ്യിലേക്കെടുത്തിരിക്കുന്നു. ഇതു കാണുന്ന കുട്ടികൾ സ്വന്തം കുടുംബജീവിതത്തോടും മാതാപിതാക്കളോടും സമൂഹത്തോടും സാമൂഹ്യ സാഹചര്യങ്ങളോടും അസന്തുഷ്ടരാവുന്നു. ഇതിന് മറ്റൊരു വശം ഉണ്ട്, പക്ഷെ ജീവിതത്തിൽ സത്യസന്ധമായ പരിശ്രമത്തിന് പകരം എളുപ്പം കിട്ടുന്ന ഒരു സുഖ ജീവിതം പ്രതീക്ഷിക്കാനാരംഭിക്കുന്നു.

മാതാപിതാക്കളുടെയും സമൂഹത്തിന്റെയും വിലമതിക്കേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും അപഹസിക്കപെടുന്നു. പകരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാൽ കുട്ടികൾ വളരെയധികം സ്വാധീനിക്കപ്പെടുന്നു. ഇന്നത്തെ കുട്ടികൾ സമൂഹമാധ്യമങ്ങളിലെ YouTuberമാരെയും TikTok താരങ്ങളെയും സെലിബ്രിറ്റികളെയും മാതാപിതാക്കളേക്കാൾ കൂടുതൽ വിശ്വസിക്കുന്നു; പിന്തുടരുന്നു. പലപ്പോഴും ഇത്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർ സാധാരണ ജീവിതത്തോടുള്ള ഉത്തരവാദിത്വത്തെ ഇകഴ്ത്തികാണിക്കുന്നു. അതിനോടുള്ള പ്രതികരണം എന്നത് ഏതു തരത്തിലായാലും അത് ന്യായീകരിക്കാനുള്ള കാരണങ്ങൾ നിരത്തി-തെറ്റുകളെയും, ജീവിതരീതികളിൽ പുലർത്തേണ്ട മാന്യത, സത്യസന്ധത, പ്രതികരണ രീതി എന്നിവയെയും ‘അനാവശ്യമായത്’ എന്ന നിലയിൽ ഒരു കാഴ്ചപ്പാടിനെ സൃഷ്ടിക്കുന്നു; വളർത്തിയെടുക്കുന്നു; ഇതെല്ലം ഒരു കുഴപ്പവുമില്ലാത്ത സംസ്കാരമാണ് എന്ന തോന്നലിലേക്ക് കൊണ്ടുചെന്നു പ്രതിഷ്ഠിക്കുന്നു.

ക്ഷണികസന്തോഷം അഥവാ ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ സംസ്‌കാരത്തിന്റെ പ്രഘോഷണം.
യഥാർത്ഥ ജീവിതത്തിൽ വിജയം നേടാൻ സഹനശീലവും കഠിനാധ്വാനവും ആവശ്യമാണെങ്കിലും, സമൂഹമാധ്യമങ്ങൾ വൈറൽ പ്രശസ്തി, വേഗത്തിലുള്ള ധനം, ഒരു നിമിഷാർദ്ദം കൊണ്ട് നേടിയെടുക്കുന്ന വലിയ വിജയങ്ങൾ എന്ന തരത്തിൽ വൈറൽ ആശയങ്ങൾക്ക് വലിയ ധാരണ പ്രചരിപ്പിക്കുന്നു. ഇതുമൂലം, ഏത് വിധേനയും വൈറൽ ആകുക എന്ന ഒരു മോട്ടിവേഷൻ ഇപ്പോൾ തന്നെ വ്യാപാരിച്ചിട്ടുണ്ട്.കുട്ടികൾ-യുവാക്കൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുവാനായി യാഥാർത്ഥ്യത്തിൽ ഊന്നിയ ശ്രമങ്ങൾക്ക് പകരം ഏതുവിധേനയും സാമ്പത്തിക ഉന്നതി കൈവരിക്കുക എന്ന ഒരു കാഴ്ചപ്പാടിന്റെ അടിമ ചിന്താഗതിയിലേക്ക് ദിശ കാണാതെ സഞ്ചരിക്കുന്നവരാകുന്നു.

കുഞ്ഞുങ്ങൾക്ക്- അടങ്ങിയിരിക്കാനായി മാതാപിതാക്കൾ നൽകി ശീലമാക്കുന്ന ഗാഡ്‌ജെറ്റുകൾ കുടുംബബന്ധങ്ങളിൽ ഉണ്ടാകേണ്ട വിശ്വാസത്തെയും കെട്ടുറപ്പിനെയും ഇല്ലാതാക്കുന്നു; ജനിക്കുന്നതുമുതൽ ‘കുട്ടികളുടെ പ്രശ്നങ്ങൾ’ ഒഴിവാക്കാൻ ഭക്ഷണം നല്കുന്നതുൾപ്പെടെയുള്ള എളുപ്പവഴികൾക്കായി തിരക്കുള്ള മാതാപിതാക്കൾ സമൂഹ മാധ്യമങ്ങളെ കൂട്ടു നൽകി ശീലിപ്പിക്കുന്നു . ഭക്ഷണത്തോടൊപ്പവും വെറുതെ ഇരിക്കുന്ന സമയങ്ങളിലും ഉറങ്ങാൻ വേണ്ടിയും യാത്രകളിലും കുടുംബ ആഘോഷങ്ങളിലും അടങ്ങിയിരിക്കാൻ നൽകി ശീലമാക്കുന്ന ഗാഡ്‌ജെറ്റുകളെ കുട്ടികൾ തങ്ങളുടെ വഴികാട്ടിയായി കാണുന്നു. ദിവസത്തിൽ കൂടുതൽ സമയവും സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്നതോടെ, വ്യക്തിപരമായും- കുടുംബപരമായും- സമൂഹപരമായും സ്വാഭാവികമായി ഉണ്ടാകേണ്ട മാനസികവും വികാരപരവുമായും അടുപ്പം ഉണ്ടാകുന്നില്ല. അവരുടെ വിർച്വൽ കമ്മ്യൂണിറ്റികൾക്ക് യാഥാർഥ്യ കുടുംബത്തേക്കാൾ പ്രാധാന്യമുള്ളതായി ഉപബോധമനസ്സിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. യാഥാർത്ഥ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ അതൊരു അന്യഗ്രഹ ജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു അവസ്ഥയെപോലെയാണ് അവർക്ക് അത് അനുഭവവേദ്യമാകുക. അത്തരം സന്ദർഭങ്ങളിൽ വികാര-വിചാരങ്ങളെ പങ്കു വയ്ക്കാനുള്ള ഒരു വൈകാരിക ബന്ധം ഇല്ലാത്ത ഇടങ്ങളായിരിക്കും അവരുടെ കുടുംബ ബന്ധങ്ങൾ അല്ലെങ്കിൽ സാമൂഹ്യ ബന്ധങ്ങൾ എന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ദിശയില്ലാത്ത ഒരു ഭാവിയിലേക്കുള്ള യാത്രയാണോ സമൂഹമാധ്യമങ്ങൾ പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുക്കുന്നത്? സോഷ്യൽ മീഡിയ കുട്ടികൾക്ക് വലിയ കാഴ്ചകൾ നൽകുന്നു, എന്നാൽ അവയൊക്കെ യാഥാർത്ഥ്യത്തിൽ എത്തിച്ചേരാൻ എടുത്ത ശ്രമങ്ങളെയോ, പരാജയങ്ങളെയോ അതിലൂടെ നേടിയെടുത്ത അനുഭവകരുത്തിൽ വീണ്ടും കരുത്താർജ്ജിച്ചുകൊണ്ട് സ്വയം കണ്ടെത്തിയ പുതിയ മാർഗ്ഗങ്ങളെയോ കാണിക്കുന്നില്ല.
ഡിജിറ്റൽ തലമുറയെ വഴികാട്ടുക എന്നത് യഥാർത്ഥത്തിൽ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അതിനായി ആദ്യം ഇത്തരം സാങ്കേതിക വിദ്യകളുടെ ശരിയായ ഉപയോഗം എന്നത് എങ്ങിനെ വേണം എന്നത് മാതാപിതാക്കൾ ശീലിക്കണം. വീടിൻറെ ഓരോ കോണിലും മാതാപിതാക്കളും കുടുംബാംഗങ്ങളും ഓരോ ഗാഡ്‌ജെറ്റുകൾക്ക് മുൻപിൽ അടിമയെപ്പോലെ കുമ്പിട്ടിരുന്നുകൊണ്ട് എഴുന്നേൽക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പ്രാഥമിക കാര്യങ്ങൾക്കായി പോകുമ്പോഴും കിടക്കുമ്പോഴും വെറുതെ ഇരിക്കുമ്പോഴും കൂടെ കൊണ്ട് നടക്കുന്നത് കാണുന്ന നമ്മുടെ തലമുറയെ കുറ്റപ്പെടുത്താൻ നമുക്ക് അവകാശമില്ല എന്നതാണ് സത്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും സോഷ്യൽ മീഡിയയും സാങ്കേതിക വിദ്യയുടെ ഒരു ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്. എന്നാൽ നമ്മൾ, മുതിർന്നവർ ശരിയായ ഒരു ഉപയോഗ സംസ്കാരം വരുന്ന തലമുറയിലേക്ക് പാകർന്നു നൽകിയില്ലെങ്കിൽ വരും തലമുറകൾ സാമൂഹ്യ മാധ്യമ രക്ഷാകർതൃത്വത്തിന്റെ സന്തതികൾ ആയി മാറും. അതിന്റെ നിയന്ത്രണമില്ലാത്ത ഉപയോഗം-കുട്ടികളെ അറിയാത്ത ഏതോ ദിശയിലേക്ക് ഒരു പൈഡ് പൈപ്പറിനെ പോലെ ആനയിക്കും. അതിനാൽ, മാതാപിതാക്കൾ അവരവരുടെ കുട്ടികൾക്ക്-യാഥാർത്ഥ്യവും ഉത്തരവാദിത്വവും മനസ്സിലാക്കാൻ കൂടെ നിൽക്കണം, ശീലിപ്പിക്കണം. മുഖാമുഖമുള്ള വർത്തമാനങ്ങൾ ചർച്ചകൾ കുടുംബസംവാദങ്ങൾ എന്നത് ഇന്ന് പലപ്പോഴും നമ്മൾ ഒഴിവാക്കിയിരിക്കുന്നു. ഓരോ കുടുംബത്തിലും സമൂഹ മാധ്യമ സമയ നിയന്ത്രണങ്ങൾ ബോധപൂർവം കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ മാത്രമല്ല ഓരോ കുടുംബങ്ങളുടെയും ഉത്തരവാദിത്തമാണ്.

യഥാർത്ഥ ജീവിത ലോകത്തിൻറ്റെയും, സാമൂഹ്യമാധ്യമ ജീവിതത്തിൻറ്റെയും അതിരുകൾ എന്താണ് എന്നുള്ളത് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാൻ ഏറ്റവും അടിസ്ഥാനമായി ചെയ്യേണ്ടത് അവരോടൊപ്പം സമായം ചിലവിടുക എന്നതാണ്; സത്യത്തിൽ അതൊരു ചിലവിടൽ അല്ല അതൊരു ഇൻവെസ്റ്റ്മെൻറ്റ് ആണ്. നമ്മുടെ കുട്ടികളെ ഭാവിയിലേക്ക് നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അത് കൃത്യമായി മനസിലാക്കി നടപ്പാക്കിയില്ലയെങ്കിൽ മാതാപിതാക്കൾ എന്ന നിലയിൽ നമ്മുടെ ആരോപണങ്ങൾ ആർക്ക് നേരെ ചൂണ്ടിയാലും ഒന്നിനെതിരെ നാല് വിരലുകൾ നമുക്ക് നേരെ തന്നെയാണ് എന്നത് എപ്പോഴും ഓർക്കുക. സാങ്കേതികവിദ്യയുടെയും , ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും, വിർച്വൽ റിയാലിറ്റിയുടെയും സോഷ്യൽ മീഡിയയുടെയും പൈഡ് പൈപ്പർ താളം തുടർന്നുകൊണ്ടിരിക്കും, കുട്ടികളെ യാഥാർത്ഥ്യത്തെയും ഉത്തരവാദിത്വങ്ങളെയും മറച്ചുപിടിച്ചുകൊണ്ട് വ്യാജഭാവനകളുടെ ലോകത്തേക്ക് വലിച്ചിഴയ്ക്കും:

ആര് സോഷ്യൽ മീഡിയരക്ഷാകർതൃത്വത്തിന് മണി കെട്ടും?എന്നതാണ് ചോദ്യം എങ്കിൽ ഉത്തരം നാളെയുടെ തലമുറയെ നയിക്കേണ്ട, അവർക്ക് മാർഗ്ഗനിർദ്ദേശമാകേണ്ട രക്ഷകർതൃത്വത്തിൻറെ പരിപൂർണ്ണ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്; അല്ലാതെ സമൂഹ മാധ്യമങ്ങൾക്കല്ല എന്നതാണ്. ആ ഉത്തരവാദിത്തം പരിപൂർണ്ണമായും മാതാപിതാക്കൾ ഇടപെട്ട് നടപ്പാക്കിയില്ലയെങ്കിൽ സമൂഹമാധ്യമ സ്വാധീനത്തിലൂടെ ലഭിക്കുന്ന രക്ഷാകർതൃത്വത്തിലൂടെ നമ്മുടെ കുട്ടികൾ നയിക്കപെടും; എവിടേക്ക് എന്നറിയാതെ..