സ്വര്‍ഗീയഫലം എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് വിളയിച്ച്‌ വിഴിഞ്ഞം തെരുവ് ശ്രീലക്ഷ്മി ഭവനില്‍ സുനില്‍കുമാര്‍

വിഴിഞ്ഞം: തെക്കു കിഴക്കന്‍ ഏഷ്യയിലെ സ്വര്‍ഗീയഫലം എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് വിളയിച്ച്‌ വിഴിഞ്ഞം തെരുവ് ശ്രീലക്ഷ്മി ഭവനില്‍ സുനില്‍കുമാര്‍. വീട്ടിലെ ടെറസിന് മുകളിലാണ് ബലൂണുകള്‍ പോലെ ഗാക് ഫ്രൂട്ട് കായ്ച്ചിരിക്കുന്നത്. പോഷക സമ്ബുഷ്ടമായ ഈ പഴത്തെ പച്ചയ്ക്കും പഴമായും കഴിക്കാം. പാവല്‍ വര്‍ഗത്തില്‍പ്പെട്ട പഴമാണിത്. ആദ്യം പച്ചയും പിന്നെ മഞ്ഞയുമാകുന്ന പഴം മൂത്ത് കഴിയുമ്പോള്‍ കടുത്ത ഓറഞ്ച് നിറമാകും. ജ്യൂസടിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. വിയറ്റ്നാമിലാണ് ഈ പഴം ധാരാളമായി കണ്ടുവരുന്നത്. ഔഷധ മൂല്യമുള്ള ഇതിന് കിലോയ്ക്ക് 1500 രൂപയിലേറെ വിലയുണ്ട്. ഇതിന്റെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20000ത്തോളം രൂപ വിലവരുമെന്നും പറയപ്പെടുന്നു.

ഗാക് ഫ്രൂട്ടിന് പുറമേ കുടംപുളി, മുന്തിരി, ചെറി, അമ്പഴം, ഇലന്തപ്പഴം എന്നിവയും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. 56കാരനായ സുനിലിനെ സഹായിക്കാന്‍ ഭാര്യ ശോഭയും മക്കളായ അര്‍ജുനും പൂജയും ഒപ്പമുണ്ട്. 3 സെന്റ് സ്ഥലത്തെ വാടക വീട്ടില്‍ ടെറസിന് മുകളില്‍ പ്ലാസ്റ്റിക് ബക്കറ്റുകളിലാണ് ഇവ കൃഷി ചെയ്തിരിക്കുന്നത്.