ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കൊല്ലം : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ കുട്ടികളുടെ എച്ച്‌ ഡി യു (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്) ഓക്‌സിജന്‍ വാര്‍ഡ്, ജില്ലാ ആശുപത്രിയില്‍ ഹബ് ആന്‍ഡ് സ്‌പോക്ക്, ജില്ലാതല മൈക്രോബയോളജി ലാബ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമങ്ങള്‍ അനുവദിക്കില്ല. പരമാവധി പിഴ, തടവുശിക്ഷ ഉള്‍പ്പെടെയുള്ള നിയമപരിരക്ഷ ഉറപ്പാക്കും. അക്രമം ഉണ്ടാകാതിരിക്കാനും അഥവാ ഉണ്ടായാല്‍ പാലിക്കപ്പെടേണ്ട വിപുലമായ നടപടിക്രമങ്ങളാണ് പ്രോട്ടോകോളില്‍ ഉള്ളത്. അടിയന്തര ഘട്ടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കും. ഇതിന്റെ ഭാഗമായുള്ള സേഫ്റ്റി ഓഡിറ്റുകള്‍ ആശുപത്രികളില്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു.