ആൽക്കഹോളിക് മനോരോഗങ്ങള്‍
അനിയന്ത്രിതമായ മദ്യാസക്തിയെയും അതുമൂലമുള്ള അമിതമദ്യപാനത്തെയും പൊതുവായി പറയുന്ന പേരാണ് “ആൽക്കഹോളിസം’. മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരിക-മാനസിക-സാമൂഹിക ജീവിതത്തിൽ തകരാറുകള്‍ ഉണ്ടാക്കുമ്പോഴാണ് ആൽക്കഹോളിസം ഒരു രോഗാവസ്ഥയായി മാറുന്നത്. ലോകാരോഗ്യ സംഘടന ഈ അവസ്ഥയെ ആൽക്കഹോള്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രാം (Alcohol Dependence Syndrome) എന്നാണ് നിർവചിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായ ഉത്തേജനം ലഭിക്കുന്നതിനു വേണ്ടിയോ, മദ്യത്തിന്റെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കുന്നതിനു വേണ്ടിയോ, സ്വയം നിർബന്ധിതനായി, ഇടവിട്ടോ തുടർച്ചയായോ മദ്യം ഉപയോഗിക്കുന്ന അവസ്ഥ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള തകരാറുകളാണ് ഇത് മൂലമുണ്ടാകുന്നത്.
അക്യൂട്ട് ഇന്റോക്‌സിക്കേഷന്‍ (Acute Intoxication).
അമിത മദ്യപാനത്തിലൂടെയുള്ള ചുരുങ്ങിയ സമയത്തെ ഉത്തേജിതാവസ്ഥയ്‌ക്കു ശേഷം, ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളിലുണ്ടാകുന്ന മന്ദതയാണ് ഇവിടെ കാണുന്നത്. വ്യക്തി സ്വയം നിയന്ത്രണം നഷ്‌ടപ്പെട്ട രീതിയിൽ പ്രവർത്തിക്കും. അപൂർവമായി ഗുരുതരമായ ഓർമ്മതകരാറുകളും കണ്ടുവരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവും രോഗാവസ്ഥയുടെ തീവ്രതയും ബന്ധപ്പെട്ടിരിക്കുന്നു.
വിത്‌ഡ്രാവൽ സിന്‍ഡ്രാം (Withdrawal syndrome).
മദ്യത്തിന്റെ തുടർച്ചയായ ഉപയോഗത്തിനുശേഷം പൊടുന്നനെ നിർത്തുമ്പോഴുണ്ടാകുന്ന ശാരീരിക ലക്ഷണങ്ങളാണിവ. കൈകാൽ വിറയൽ, ബലക്കുറവ്, ഛർദ്ദി, ഓക്കാനം, ഉറക്കക്കുറവ്, ആകാംഷ എന്നിവയാണ് പൊതുവേ കാണുന്നത്. ചുരുക്കം ചില അവസരങ്ങളിൽ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഇവയെ നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
(1) ഡെലീറിയം ട്രമന്‍സ് (Delirium Tremens)
(2) ആൽക്കഹോളിക് ഹാലൂസിനോസിസ് (Alcholic Hallusinosis)
(3) കോർസാക്കോഫ്‌സ് ഉന്മാദം (Korsakoff’s Psychosis)
(4) ആൽക്കഹോളിക് പാരനോയിയ (Alcoholic Paranoia)
അമിതമദ്യപാനികളായ 10 ശ.മാ. രോഗികളിൽ മദ്യോപയോഗത്തിനുശേഷം 12 മുതൽ 48 വരെ മണിക്കൂറിനകമുണ്ടാകുന്ന സന്നി രോഗാവസ്ഥയാണ് ആൽക്കഹോളിക് സീഷർ (Alcholic seezure).
മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ മനോരോഗാവസ്ഥയാണ് ആൽക്കഹോള്‍ ഇന്‍ഡ്യൂസ്‌ഡ് സൈക്കോട്ടിക്ക് ഡിസ്‌ഓർഡർ. അസാധാരണമായ ശബ്‌ദങ്ങളോ, കാഴ്‌ചകളോ അനുഭവിക്കുന്ന രീതിയിൽ രോഗി പ്രതികരിച്ചേക്കാം. ദീർഘനാളായി മദ്യം ഉപയോഗിക്കുന്നവരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. മദ്യപാനിയായ രോഗിയുടെ മാനസികാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ആൽക്കഹോള്‍ ഇന്‍ഡ്യൂസ്‌ഡ് മൂഡ് ഡിസ് ഓർഡർ. വളരെയധികം സന്തോഷവാനായോ തീരെ ദുഃഖിതനായോ, രണ്ടും ചേർന്ന അവസ്ഥയിലോ വ്യക്തി പ്രതികരിക്കാം. ആങ്ങഹത്യ ഉള്‍പ്പെടെയുള്ള അപകടങ്ങളിലേക്ക് രോഗി ഈ അവസ്ഥയിൽ നീങ്ങാന്‍ സാധ്യതയുണ്ട്. അസുഖം കൃത്യമായി നിർണയിച്ചശേഷം പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ചികിത്സ നടപ്പിലാക്കുന്നത്. ഇന്റർവെന്‍ഷന്‍, ഡീറ്റോക്‌സിഫിക്കേഷന്‍, പുനരധിവാസം (റീഹാബിലിറ്റേഷന്‍) എന്നിവയാണവ. വ്യക്തിയുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തിയതിനുശേഷം മാത്രം മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് കടക്കൂ എന്ന രീതിയിലാണ് ചികിത്സ അനുവർത്തിക്കുന്നത്. വ്യക്തിയുടെ കുടുംബാംഗങ്ങളുടെ സഹകരണം ചികിത്സയുടെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്