നിപ; കോഴിക്കോട് ജില്ലക്ക് ആശ്വാസദിനം, പുതിയ കേസുകൾ ഇല്ല

കോഴിക്കോട്: നിപ ബാധയിൽ ജില്ലക്ക് ആശ്വാസദിനമെന്നും നിലവിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിപ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള ഒൻപത് വയസ്സുള്ള കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയിലെ പുരോഗതി പ്രതീക്ഷാനിർഭരമാണെന്ന് മന്ത്രി അറിയിച്ചു. നിപക്കെതിരെ ജനങ്ങളെ ചേർത്തുപിടിച്ച് ഒറ്റക്കെട്ടായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചിൽ 4 പേരാണ് ഉള്ളത്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 34,167 വീടുകളിൽ ഗൃഹ സന്ദർശനം പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല.നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉള്ളത് 352 പേരാണ്. ജനങ്ങൾ നല്ല രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.