രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ തൃശൂരും ഉള്‍പ്പെട്ടുവെന്ന് പഠന റിപ്പോര്‍ട്ട്.

According to the study report, Thrissur is among the ten most prone to landslides in the country.

രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ തൃശൂരും ഉള്‍പ്പെട്ടുവെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തൃശൂര്‍ ജില്ലയടക്കം കേരളത്തിലെ നാല് ജില്ലകളെ പരാമര്‍ശിക്കുന്നത്. 19 പേരുടെ ജീവനെടുത്ത കുറാഞ്ചേരി മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലും ഇത് വ്യക്തമായിരുന്നു. 2000 മുതല്‍ 2017 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അതിനുശേഷമാണ് പ്രളയകാലം അനുഭവിച്ചത്. രാജ്യത്ത് ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പ്രദേശങ്ങളില്‍ മൂന്നാം സ്ഥാനമാണ് തൃശൂരിന്. ഏതുനിമിഷവും സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണിത്. ജില്ലയുടെ ഒരുമേഖല മുഴുവന്‍ മലയോരമാണ്. കുറാഞ്ചേരി, പള്ളം, കൊറ്റമ്ബത്തൂര്‍, ദേശമംഗലം, കൊടകര വെള്ളിക്കുളങ്ങര, അതിരപ്പിള്ളി എന്നിവിടങ്ങളിലെല്ലാം മുൻപ് ഉരുള്‍പൊട്ടല്‍ സംഭവിച്ചതാണ്.

2018ല്‍ കുറാഞ്ചേരി ദുരന്തത്തിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഗവേഷക വിഭാഗത്തിലെ പരിശോധന നടത്തിയത്. കപില്‍ദേവ്, ഹേനകുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ മേഖലകൾ ദുര്‍ബലാവസ്ഥയിലാണ്. ഉരുള്‍പൊട്ടലിന് കൂടുതല്‍ സാധ്യതയുണ്ടെന്നും 10 വര്‍ഷത്തിനുള്ളില്‍ മല പിറകോട്ട് ഇടിഞ്ഞുതാഴുമെന്നുമാണ് കണ്ടെത്തിയത്. പ്രളയസാധ്യത മുന്നറിയിപ്പാണ് നേരത്തേ നല്‍കിയ വിദഗ്ദ സംഘവും ഇപ്പോള്‍ പുറത്തുവന്ന ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടും നല്‍കുന്നത്. ചാലക്കുടി കോടശ്ശേരി പഞ്ചായത്തില്‍ മലയിടിച്ചില്‍ സാധ്യത നേരത്തേ വിദഗ്ദസംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജില്ലയില്‍ 20ഓളം കേന്ദ്രങ്ങളാണ് ദുരന്ത സാധ്യത മേഖലകളായി കണ്ടെത്തിയത്.

പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ ഒല്ലൂര്‍ പുത്തൂരില്‍ പുത്തന്‍കാട് ചിറ്റക്കുന്നില്‍ വനംവകുപ്പ് അക്കേഷ്യ മരങ്ങള്‍ മുറിച്ചുനീക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഉയര്‍ത്തിയ ആശങ്കക്ക് ഇപ്പോഴത്തെ മുന്നറിയിപ്പ് റിപ്പോര്‍ട്ടുമായി ചേര്‍ത്തുവെക്കുമ്ബോള്‍ അടിസ്ഥാനമുണ്ട്. വനം വികസന കോര്‍പറേഷന് കീഴിലുള്ള ചിറ്റക്കുന്നിലെ ഏക്കര്‍ കണക്കിന് അക്കേഷ്യ മരങ്ങളാണ് മുറിക്കാന്‍ നടപടിയായത്. മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളിലും അനുബന്ധ ഇടങ്ങളിലും നിര്‍മാണപ്രവൃത്തികള്‍ക്കും മണ്ണെടുപ്പിനും നിയന്ത്രണവും ജാഗ്രതയുമുണ്ടായില്ലെങ്കില്‍ ആശങ്കപ്പെട്ടത് സംഭവിക്കാന്‍ അധികകാലം വേണ്ടിവരില്ല.

2015ല്‍ കൊടകരയുടെ പടിഞ്ഞാറ് വെള്ളിക്കുളങ്ങരയില്‍ ഒമ്പതു വയസ്സുകാരിയടക്കം ഒലിച്ചുപോയ ഉരുള്‍പൊട്ടലുണ്ടായിരുന്നു. 2018ല്‍ കുറാഞ്ചേരിയിലും മുള്ളൂര്‍ക്കര പഞ്ചായത്തിലെ കാഞ്ഞിരശേരിയിലും ദേശമംഗലം കൊറ്റമ്ബത്തൂരിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ 24 പേരാണ് മരിച്ചത്. ഹൈദരാബാദിലെ നാഷനല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്ററാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍ കണ്ടെത്തയത്. 17 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 147 പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഈ പട്ടികയിലെ ആദ്യ പത്തിലാണ് ജില്ലയുള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നാല് ജില്ലകള്‍ ഉള്‍പ്പെട്ടത്.