ആധുനിക സൗകര്യങ്ങളുള്ള ഭക്ഷ്യധാന്യ ഗോഡൗണുകള്‍ വ്യാപകമാക്കും

പത്തനംതിട്ട : വിശപ്പുരഹിത കേരളം ലക്ഷ്യമിടുന്ന സർക്കാർ സംസ്ഥാനത്തു ഭക്ഷ്യ ധാന്യ സംഭരണത്തിനായി ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകൾ സ്ഥാപിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ താലൂക്കുകളുടെ എൻ എഫ് എസ് എ ഗോഡൗൺ ശിലാസ്ഥാപനത്തിന്റെ ഉത്ഘടനകർമ്മത്തിൽ പറയുകയുണ്ടായി.

സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാണ് ആധുനികസൗകര്യങ്ങളുള്ള ഗോഡൗണുകൾ ആരംഭിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ചോർച്ച സംബന്ധിച്ച പരാതികൾ, സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളിലെ അസൗകര്യങ്ങൾ എന്നിങ്ങനെ നിരവധി പ്രതിബന്ധങ്ങൾ നേരിടുന്ന മേഖലയാണ് ഭക്ഷ്യപൊതുവിതരണരംഗം.

ശാസ്ത്രീയമായ ഗോഡൗണുകളുടെ നിർമാണത്തിലൂടെ എല്ലാ വെല്ലുവിളികളേയും അതിജീവിക്കാൻ സാധിക്കുമെന്നും ഗോഡൗണുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സിസിടിവി സംവിധാനം, വാഹനങ്ങളിൽ ജിപിഎസ് ട്രാക്കിങ് എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതോടെ ഭക്ഷ്യപൊതുവിതരണരംഗം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സാധിക്കുമെന്നും റേഷൻ വ്യാപരികളുടെ വരുമാനം വർധിപ്പിക്കുന്ന നടപടികൾക്കും ഇത് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ 100 ദിനകർമ പരിപാടിയിൽ ഉൾപ്പെടുത്തി എല്ലാ താലൂക്കുകളിലും നിർമിക്കുന്ന ആധുനിക രീതിയിലുള്ള ഗോഡൗണുകൾ ഇതിന്റെ ഭാഗമാണ്. അർഹതയുള്ളവർക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനൊപ്പം ഭക്ഷ്യപൊതുവിതരണരംഗത്തെ പരാതികൾ പരിഹരിക്കുന്നതിനും വകുപ്പിനെ ജനകീയമാക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു.

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആർ.ദേവകുമാർ, കോന്നി ഗ്രാമപഞ്ചായത്തംഗം ജിഷാ ജയകുമാർ, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, ജില്ലാ സപ്ലൈ ഓഫിസർ എം. അനിൽ, എ. ദീപകുമാർ തുടങ്ങിയവർ പങ്കെടുത്തു.