യാത്രക്കാര്‍ ഇടിച്ചുകയറി ബസ് ഒരു വശം ചരിഞ്ഞു ; എം.വി.ഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് അഞ്ചോടെ കിഴക്കേകോട്ടയ്ക്കു സമീപമായിരുന്നു സംഭവം. തമ്പാനൂരില്‍ നിന്ന് വിഴിഞ്ഞം വഴി പൂവാറിലേക്കു പോവുകയായിരുന്നു ബസ്. തമ്പാനൂരില്‍ നിന്ന് നിറയെ യാത്രക്കാരുമായിട്ടാണ് ബസ് പുറപ്പെട്ടത്. കിഴക്കേകോട്ട എത്തിയപ്പോഴേക്കും കൂടുതല്‍ യാത്രക്കാര്‍ കയറിയതോടെ ബസ് ഒരു വശത്തേക്ക് ചരി‌യുകയായിരുന്നു. യാത്രക്കാര്‍ ഇടിച്ചുകയറിയതു മൂലം ബസ് ഒരു വശം ചരിഞ്ഞ് അപകടകരമായ രീതിയില്‍ ഓടിയത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. എം.വി.‌ഡി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച്‌ ബസ് നിര്‍ത്തി പരിശോധിച്ചു. അടുത്ത ഡിപ്പോയിലെത്തി യാത്രക്കാരെ രണ്ടു ബസുകളിലാക്കി കൊണ്ടു പോകണമെന്നായിരുന്നു നിര്‍ദ്ദേശം. വിഴിഞ്ഞം, പൂവാര്‍ റൂട്ട് ജില്ലയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണിത്. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ ഇവിടേക്ക് ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്താറില്ല. അതാണ് കിട്ടിയ ബസുകളില്‍ യാത്രക്കാര്‍ ഇടിച്ചു കയറുന്നതിന് കാരണം.