ബസിൽ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന യുവതിയുടെ പരാതി കള്ളമെന്ന് ; ജയിലിലായ സവാദിന് സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
എറണാകുളം : ബസില്‍ ദുരനുഭവം നേരിട്ട നന്ദിതയുടേത് കള്ളപ്പരാതിയാണെന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആരോപിക്കുന്നത്. യുവതി പ്രചരിപ്പിച്ച വീഡിയോയില്‍ യുവാവ് മോശം കാര്യങ്ങള്‍ ചെയ്തതായി തെളിവില്ല. നന്ദിതയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത് എറണാകുളം റൂറല്‍ എസ്പിക്ക് അന്വേഷണച്ചുമതല നല്‍കിയിരിക്കുകയാണെന്നും സവാദിന് വേണ്ടി അഡ്വക്കേറ്റ് ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്നും അജിത് കുമാര്‍ അറിയിച്ചു.
കഴിഞ്ഞ മാസമായിരുന്നു കെഎസ്‌ആര്‍ടിസി ബസില്‍ നടിയും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഇടയ്ക്കുനിന്ന് കയറിയ സവാദ് യുവതിക്ക് സമീപം ഇരിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. ബസിലുണ്ടായിരുന്ന കണ്ടക്ടറും ഡ്രൈവറും വിഷയത്തില്‍ ഇടപെടുകയും പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി കള്ളപ്പരാതി നല്‍കിയതാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത് കുമാര്‍ പറയുന്നു. സവാദ് നിലവില്‍ ജയിലിലാണുള്ളത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ സ്വീകരണം നല്‍കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. സവാദിന്റെ കുടുംബമൊക്കെ വീട് പൂട്ടിപ്പോയെന്നും ആത്മഹത്യ മുന്നില്‍ കണ്ടാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്നും അജിത് കുമാര്‍ പറയുന്നു.