ലിവിംഗ് ടുഗദറിനെ വിവാഹമായി കാണാനാകില്ലെന്ന് ഹൈക്കോടതി.

കൊച്ചി : ഈ അടുത്ത കാലത്ത് കേരള സമൂഹത്തില്‍ പരക്കെ ചര്‍ച്ചപ്പെടുന്ന വിഷയമാണ് ലിവിംഗ് ടുഗതര്‍. ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ ഇംഗ്ലീഷ് പദത്തിന്റെ സാങ്കേതിക അര്‍ത്ഥമെങ്കിലും ഈ വാക്ക് വിവാദമാകുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ്. അല്‍പം കൂടി വിശാലമായി പറഞ്ഞാല്‍ നിയമപരമായി വിവാഹിതരാകാത്ത പ്രായപൂര്‍ത്തിയായ സ്ത്രീയും-പുരുഷനും മനസും ശരീരവും ഭൗതിക സാഹചര്യങ്ങളുമെല്ലാം പങ്കുവച്ച് ഒരു കൂരയുടെ കീഴില്‍ കാലങ്ങളോളം ഒരുമിച്ചു താമസിക്കുന്നതിനെയാണ് ലിവിംഗ് ടുഗതര്‍ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. സംസ്‌കാര സമ്പന്നര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളി ലിവിംഗ് ടുഗതര്‍ എന്ന ആധുനിക ആശയത്തോട് പൊരുത്തപ്പെടാന്‍ ഇനിയും കാലങ്ങള്‍ വേണ്ടിവരും. പാശ്ചാത്യ സംസ്‌കാരം ഒരു പരിധിവരെ സ്വാധീച്ചിട്ടുള്ള നമ്മുടെ ജീവിതത്തില്‍ ലിവിംഗ് ടുഗതര്‍ എന്ന ആശയം മെല്ലെ മെല്ലെ വ്യാപകമാകുകയാണ്. ഭരണകൂടവും കോടതികളും പ്രായപൂര്‍ത്തിയായവര്‍ക്ക് ലൈംഗിക ബന്ധങ്ങളില്‍ പരമസ്വാതന്ത്ര്യം നല്‍കിയതോടെ ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ അവസ്ഥ ഗുരുതരമായ സാമൂഹിക, ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി മുമ്പ് മധ്യപ്രദേശ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പ് നല്‍കുന്ന ഭരണഘടനയിലെ 21-ാം വകുപ്പിലാണ് ലിവിംഗ് ടുഗതര്‍ ബന്ധത്തെ കുറിച്ച് പറയുന്നത്. എന്നാല്‍ ലിവിംഗ് ടുഗതര്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ വെപ്പാട്ടികള്‍ക്കു തുല്യമാണെന്നും മാന്യമായ ജീവിതം നയിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇത്തരം ബന്ധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും നേരത്തേ രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതും ശ്രദ്ധേയമാണ്. പറഞ്ഞു വരുന്നത് ലിവിംഗ് ടുഗതറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഒരു വിധി പ്രസ്താവം നടത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി. ലിവിംഗ് ടുഗദര്‍ പങ്കാളികളുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ടാണ് ആ വിധി. അതായത് ലിവിംഗ് ടുഗദര്‍ പങ്കാളികള്‍ക്ക് കോടതിയിലൂടെ വേര്‍പിരിയല്‍ ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമോ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമസാധുതയുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാകില്ലെന്നും ബെഞ്ച് വിലയിരുത്തി. 2006 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ ഉഭയസമ്മതപ്രകാരം മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ നിമയപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തിയ കുടുംബകോടതി വിവാഹമോചനം അനുവദിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. മുമ്പ് ലിവിംഗ് ടുഗദര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി നിയമങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു. ഹര്‍ജിയെ വിഡ്ഢിത്തം എന്നാണ് അന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചത്.

എന്തായാലും സ്ത്രീ-പുരുഷ ബന്ധങ്ങള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമാണ്. കേവല ലൈംഗിക താത്പര്യങ്ങള്‍ക്കപ്പുറം ഇണയുടെ താത്പര്യങ്ങളെയും സുഖസൗകര്യങ്ങളെയും മാനിക്കുകയും കുഞ്ഞുങ്ങളുടെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള സന്മനസ്സ് കാണിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ബന്ധങ്ങള്‍ക്ക് പവിത്രതയും കെട്ടുറപ്പും ഉണ്ടാകുന്നത്. എന്നാല്‍ നിലവിലെ ലിവിംഗ് ടുഗതര്‍ ബന്ധങ്ങളില്‍ ആ പവിത്രത ഉണ്ടാകുന്നില്ല എന്ന പരിമിതിയുണ്ട്. ജീവിതവിശുദ്ധിയും ധാര്‍മിക ബോധവുമാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ലിവിംഗ് ടുഗതര്‍ ബന്ധങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിചിന്തനം ആവിശ്യമാണ്.