ബിഎസ്‌എന്‍എല്‍ സഹകരണ സംഘം തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്‍റെ മെല്ലെപ്പോക്ക്; അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: 216 കോടികളുടെ ക്രമക്കേട് നടത്തിയ ബിഎസ്‌എൻഎല്‍ സഹകരണ സംഘം തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക്. തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ കണ്ടെത്താൻ ബഡ്സ് നിയമപ്രകാരം ഉത്തരവിറങ്ങിയിട്ടും മുഖ്യപ്രതികളുടെ ബിനാമി സമ്പാദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ മാത്രമായി ഒതുങ്ങിയെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.  കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുന്നു. തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടും. തട്ടിപ്പ് കേസില്‍ ഇതേവരെ അറസ്റ്റ് ചെയ്യപ്പെട്ടത് സഹകരണ സംഘം ഭാരവാഹികളായ അ‍ഞ്ച് പേര്‍ മാത്രമാണ്. മുഖ്യപ്രതികളായ സംഘം പ്രസിഡൻറ് ഗോപിനാഥ്, സെക്രട്ടറി പ്രദീപ്കുമാര്‍, ക്ലര്‍ക്ക് രാജീവ് എന്നിവരുടെ പേരിലുള്ള സ്വത്തുകളില്‍ ചിലത് കണ്ടെത്തി. നിക്ഷേപകര്‍ മുന്നിട്ടിറങ്ങിയാണ് പല സ്വത്തുക്കളെ കുറിച്ചും വിവരം ശേഖരിച്ചത്. 250 കോടിയുടെ സ്വത്തുക്കളെ വിവരം ശേഖരിച്ചിട്ടുണ്ട്. പക്ഷെ തട്ടിപ്പ് നടത്തിയ പണം മുഖ്യപ്രതികള്‍ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിലാണ് നിക്ഷേപിച്ചത്. സംഘം തകര്‍ച്ചയിലാപ്പോള്‍ ചില സ്വത്തുക്കള്‍ വിറ്റു. ഗോപിനാഥിന്‍റെ പേരുള്ള സ്വത്തുക്കള്‍ ബന്ധുക്കളുടെ പേരിലേക്ക് മാറ്റി. ബഡ്സ് നിയമപ്രകാരം എല്ലാ സ്വത്തുക്കളും കണ്ടെത്തണം. പക്ഷെ ബിനാമി ഇടപാടികളിലേക്കോ ഇവരുടെ അറസ്റ്റിലേക്കോ ക്രൈംബ്രാഞ്ച് നീങ്ങുന്നില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.